ന്യൂഡല്‍ഹി: ഫ്‌ലോട്ടിങ് റേറ്റ് സേവിങ്‌സ് ബോണ്ടിന്റെ പലിശ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്. നിലവിലെ 8.05 ശതമാനം തന്നെ തുടരും. ജൂലൈ 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള ആറുമാസത്തെ കാലയളവിലേക്കാണ് ഈ പലിശ നിരക്ക്. ഈ അര്‍ധ വാര്‍ഷിക പലിശ നിരക്ക് ജനുവരി ഒന്നിന് നിക്ഷേപകരുടെ അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യും.
ഫ്‌ലോട്ടിങ് റേറ്റ് സേവിങ്‌സ് ബോണ്ടുകള്‍ ഓണ്‍ലൈനായി ആര്‍ബിഐ റീട്ടെയില്‍ ഡയറക്ട് പോര്‍ട്ടല്‍ വഴിയോ, അല്ലെങ്കില്‍ തെരഞ്ഞെടുത്ത പൊതുമേഖലാ ബാങ്കുകള്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യഎന്നിവ വഴി ഓഫ്‌ലൈനായോ വാങ്ങാവുന്നതാണ്. ഇതിനായി ഡീമാറ്റ് അക്കൗണ്ട് ആവശ്യമില്ല. നിക്ഷേപങ്ങള്‍ ആര്‍ബിഐയുടെ സ്വന്തം ബോണ്ട് ലെഡ്ജര്‍ അക്കൗണ്ടിലാണ് സൂക്ഷിക്കുക. വ്യക്തിഗതമായോ സംയുക്തമായോ അല്ലെങ്കില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വേണ്ടിയോ ബോണ്ടില്‍ നിക്ഷേപിക്കാവുന്നതാണ്. കുറഞ്ഞ നിക്ഷേപ തുക 1,000 രൂപയാണ്. പരമാവധി എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം.
പോസ്റ്റ് ഓഫീസ് നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റിന്റെ നിലവിലുള്ള പലിശ നിരക്കിനേക്കാള്‍ 0.35 ശതമാനം അധികമായിരിക്കും ഈ ബോണ്ടിന്റെ പലിശ നിരക്കായി നിശ്ചയിക്കാറുള്ളത്. രണ്ടാം സാമ്പത്തിക പാദത്തിലും എന്‍എസ്‌സി പദ്ധതിയിലെ പലിശ നിരക്ക് 7.70 ശതമാനമായി ധനമന്ത്രാലയം നിലനിര്‍ത്തിയതിനാലാണ് ആര്‍ബിഐയുടെ ഈ ബോണ്ടിന്റെ ആദായ നിരക്ക് 8.05 ശതമാനമായി തുടരുന്നത്.
നിലവിലെ 8.05 ശതമാനം പലിശ നിരക്ക് പ്രമുഖ പൊതുമേഖലാ ബാങ്കുകളുടെ ഫിക്‌സഡ് ഡെപ്പോസിറ്റ് (എഫ്ഡി) പലിശ നിരക്കുകളേക്കാള്‍ വളരെ ആകര്‍ഷകമാണ്. അതേസമയം ആര്‍ബിഐയുടെ ഈ ബോണ്ട് പദ്ധതിക്ക് 7 വര്‍ഷത്തെ ലോക്ക്-ഇന്‍ കാലാവധിയുണ്ട്. 60 വയസ്സിന് മുകളില്‍ പ്രായമായിട്ടുള്ള നിക്ഷേപകര്‍ക്ക് മാത്രമേ നിശ്ചിത പിഴയോടെ നിര്‍ദിഷ്ട കാലാവധിക്ക് മുന്‍പ് ഫ്‌ലോട്ടിങ് റേറ്റ് സേവിങ്‌സ് ബോണ്ടില്‍ നിന്നും പണം പിന്‍വലിക്കാനുള്ള അനുമതിയുള്ളൂ.
ഫ്‌ലോട്ടിങ് റേറ്റ് സേവിങ്‌സ് ബോണ്ടില്‍ നിന്നുള്ള പലിശ വരുമാനത്തിന്, നിക്ഷേപകരുടെ ഇന്‍കം ടാക്‌സ് സ്ലാബ് അനുസരിച്ചുള്ള നികുതി ഈടാക്കുന്നതാണ്. കൂടാതെ ഇതിന് സെക്ഷന്‍ 80-സി പ്രകാരമുള്ള നികുതി ഇളവുകള്‍ ലഭിക്കില്ല. പലിശ തുക ഒന്നിച്ച് ലഭിക്കുന്ന ക്യുമുലേറ്റീവ് ഓപ്ഷന്‍ ഇതിലില്ല. പകരം ജനുവരി 1, ജൂലൈ 1 തീയതികളില്‍ ആറുമാസം കൂടുമ്പോള്‍ പലിശ കൃത്യമായി അക്കൗണ്ടിലെത്തും. അതിനാല്‍ സ്ഥിരവരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് ആര്‍ബിഐയുടെ ഫ്‌ലോട്ടിങ് റേറ്റ് സേവിങ്‌സ് ബോണ്ട് സ്‌കീം ഏറെ അനുയോജ്യമാണ്.
മറ്റു നിക്ഷേപ പദ്ധതികളുമായുള്ള താരതമ്യം:
സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീം- 8.20 ശതമാനം, നിക്ഷേപ പരിധി 30 ലക്ഷം രൂപ വരെ
നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് - 7.70 ശതമാനം, ഉയര്‍ന്ന പരിധിയില്ല
മന്ത്‌ലി ഇന്‍കം അക്കൗണ്ട്- 7.40 ശതമാനം
പബ്ലിക് പ്രോവിഡന്റ് ഫണ്ട്- 7.10 ശതമാനം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates