മുംബൈ: ഡോളറിനെതിരെ രൂപയ്ക്ക് നഷ്ടം. വ്യാപാരത്തിന്റെ തുടക്കത്തില്‍ 17 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. 95.43ലേക്കാണ് രൂപ ഇടിഞ്ഞത്. മാസവസാനം ആയതോടെ ഡോളര്‍ ആവശ്യകത വര്‍ധിച്ചതും എണ്ണവില ഉയര്‍ന്നതുമാണ് രൂപയ്ക്ക് വിനയായത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് രൂപയെ സ്വാധീനിക്കുന്നത്. രൂപയെ പിടിച്ചുനിര്‍ത്താന്‍ ആര്‍ബിഐ സ്വീകരിക്കുന്ന നടപടികള്‍ താത്കാലികമായി ആശ്വാസമാകുന്നുണ്ട്. തിങ്കളാഴ്ച 34 പൈസയുടെ നേട്ടത്തോടെ 95.26ലാണ് രൂപ ക്ലോസ് ചെയ്തത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ആക്കംകൂട്ടി ഇറാനില്‍ അമേരിക്ക നടത്തിയ മിസൈല്‍ ആക്രമണമാണ് വീണ്ടും ക്രൂഡ് വില ഉയരാന്‍ ഇടയാക്കിയത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ ബാരലിന് 1.99 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. എന്നാല്‍ ഇപ്പോഴും എണ്ണവില നൂറ് ഡോളറില്‍ താഴെയാണ് എന്നത് താത്കാലിക ആശ്വാസമാണ്.
അതിനിടെ ഓഹരി വിപണി ഇന്നും നേട്ടത്തില്‍ തന്നെയാണ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 300ലധികം പോയിന്റ് ആണ് മുന്നേറിയത്. വിദേശ നിക്ഷേപത്തിന്റെ ഒഴുക്കും എണ്ണവില ഇപ്പോഴും നൂറ് ഡോളറില്‍ താഴെയാണ് എന്നതുമാണ് വിപണിക്ക് കരുത്തു പകരുന്നത്. നിലവില്‍ നിഫ്റ്റി 24,000ന് മുകളിലാണ്. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ, അദാനി എന്റര്‍പ്രൈസസ്, ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍ എന്നിവയാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates