രൂപയ്ക്ക് 58 പൈസയുടെ നഷ്ടം പ്രതീകാത്മക ചിത്രം
Business

രണ്ടു വര്‍ഷത്തിനിടയിലെ വന്‍ തകര്‍ച്ച, രൂപയ്ക്ക് 58 പൈസയുടെ നഷ്ടം; സെന്‍സെക്‌സ് ആയിരം പോയിന്റ് ഇടിഞ്ഞു

രണ്ടു വര്‍ഷത്തിനിടയില്‍ ഒറ്റദിവസത്തെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ച നേരിട്ട രൂപ താഴ്ചയിലെ റെക്കോര്‍ഡ് വീണ്ടും തിരുത്തി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രണ്ടു വര്‍ഷത്തിനിടയില്‍ ഒറ്റദിവസത്തെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ച നേരിട്ട രൂപ താഴ്ചയിലെ റെക്കോര്‍ഡ് വീണ്ടും തിരുത്തി. ഇന്ന് ഡോളറിനെതിരെ 58 പൈസയുടെ ഇടിവ് നേരിട്ടതോടെയാണ് രൂപ ഇത്രയും വലിയ തിരിച്ചടി നേരിട്ടത്. 86.62ലേക്കാണ് രൂപയുടെ മൂല്യം കൂപ്പുകുത്തിയത്.

അമേരിക്കന്‍ ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും അസംസ്‌കൃത എണ്ണ വിലയുടെ കുതിപ്പുമാണ് രൂപയെ ബാധിച്ചത്. ഇന്ന് 86.12 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം ആരംഭിച്ചത്. 0.67 ശതമാനം ഇടിവാണ് ഇന്ന് രൂപ നേരിട്ടത്. 2023 ഫെബ്രുവരി ആറിലെ 68 പൈസയുടെ ഇടിവാണ് ഇതിന് മുന്‍പത്തെ വലിയ മൂല്യത്തകര്‍ച്ച. രണ്ടാഴ്ചക്കിടെ ഒരു രൂപയുടെ ഇടിവാണ് രൂപയുടെ മൂല്യത്തില്‍ ഉണ്ടായത്.

അമേരിക്കയയില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച തൊഴില്‍ വളര്‍ച്ച ഉണ്ടായതാണ് ഡോളര്‍ ശക്തിയാര്‍ജിക്കാന്‍ ഒരു കാരണം. ഇതിന്റെ ഫലമായി യുഎസ് കടപ്പത്ര വിപണിയില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നതും രൂപയ്ക്ക് തിരിച്ചടിയായി. ഇതിന് പുറമേയാണ് അസംസ്‌കൃത എണ്ണ വില ഉയര്‍ന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 81 ഡോളറിലേക്ക് നീങ്ങുകയാണ്. ഇറക്കുമതിക്കാര്‍ക്ക് ഇടയില്‍ ഡോളര്‍ ആവശ്യകത വര്‍ധിക്കാന്‍ ഇത് ഇടയാക്കി. ഇതും രൂപയുടെ മൂല്യത്തെ ബാധിച്ചതായി വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

അതിനിടെ ഓഹരി വിപണിയും കനത്ത ഇടിവ് നേരിട്ടു. സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റാണ് താഴ്ന്നത്. ആഗോള വിപണിയില്‍ നിന്നുള്ള പ്രതികൂല സൂചനകളും അസംസ്‌കൃത എണ്ണ വില ഉയര്‍ന്നതുമാണ് ഓഹരി വിപണിയെ ബാധിച്ചത്.

സെന്‍സെക്‌സ് 1,048 പോയിന്റ് നഷ്ടത്തോടെ 76,330ല്‍ ക്ലോസ് ചെയ്തു. 345 പോയിന്റ് നഷ്ടത്തോടെ 23,085ലാണ് നിഫ്റ്റിയില്‍ വ്യാപാരം അവസാനിച്ചത്. പവര്‍ഗ്രിഡ്, അദാനി പോര്‍ട്‌സ്, ടാറ്റ സ്റ്റീല്‍, എന്‍ടിപിസി, ടാറ്റ മോട്ടോഴ്‌സ്, സൊമാറ്റോ, ടെക് മഹീന്ദ്ര ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അമേരിക്ക താങ്കളെ സ്നേഹിക്കുന്നു'... മോദിയെ ഫോണിൽ വിളിച്ച് ട്രംപ്

എന്തൊരു 'തോല്‍വി'! ജയിക്കാന്‍ മറന്ന് കൊല്‍ക്കത്ത; ചെപ്പോക്കില്‍ വീണ്ടും സിഎസ്‌കെയുടെ 'വിസില്‍പ്പോട്'

'എല്ലാത്തിനും കാരണം കോവിഡ് വാക്സിൻ'... ഷെയ്ൻ വോണിന്റെ മരണത്തിൽ മകന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

മണ്ഡല പുനര്‍നിര്‍ണയം; 'കേന്ദ്രത്തിനെതിരെ ഒന്നിച്ചുനില്‍ക്കണം', പിണറായി വിജയന്റെ പിന്തുണ തേടി രേവന്ത് റെഡ്ഡി

ദീപികയുടെ വാര്‍ഷിക പരിപാടിയില്‍ പ്രതിനിധിയെ അയക്കാതെ ബിജെപി, വിമര്‍ശനം

SCROLL FOR NEXT