

കാസര്‍കോട്: റെയില്‍വേയുടെ പുതിയ പരിഷ്‌കരണത്തിന്റെ ഭാഗമായി മംഗളൂരുവില്‍ നിന്നും പുറപ്പെടുന്ന മാവേലി, മലബാര്‍ ഉള്‍പ്പെടെയുള്ള ജനപ്രിയ ട്രെയിനുകളുടെ നമ്പറുകളും പേരുകളും മാറ്റാന്‍ തീരുമാനം. ഡിവിഷണല്‍ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ 2027 ജനുവരി ഒന്നു മുതല്‍ നടപ്പിലാക്കുന്ന ഈ പരിഷ്‌കാരം യാത്രക്കാരില്‍ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
മൈസൂരു ഡിവിഷനും ദക്ഷിണ റെയില്‍വേയിലെ പാലക്കാട് ഡിവിഷനും തമ്മിലുള്ള അധികാരപരിധി മാറ്റമാണ് നമ്പര്‍ പുനഃക്രമീകരണത്തിന് കാരണം. നിലവില്‍ മംഗളൂരു മൈസൂരു ഡിവിഷന്റെ പരിധിയിലാണ്. റെയില്‍വേ നമ്പറിങ് ശൈലി പ്രകാരം ട്രെയിന്‍ നമ്പറുകളുടെ രണ്ടാം അക്കം ഏത് സോണിലാണെന്ന് സൂചിപ്പിക്കുന്നതാണ് ഈ മാറ്റം.
മാറ്റങ്ങള്‍ ഇങ്ങനെ:
മാവേലി എക്‌സ്പ്രസ് - മംഗളൂരുതിരുവനന്തപുരം (16603 എന്നത് 16233 ആകും), തിരുവനന്തപുരംമംഗളൂരു (16604 എന്നത് 16234 ആകും). പേരിന് മുന്നില്‍ 'ദിബ്രുഗഢ്' എന്ന് ചേര്‍ത്തേക്കും. മലബാര്‍ എക്‌സ്പ്രസ്: മംഗളൂരുതിരുവനന്തപുരം (16630 എന്നത് 16229 ആകും), തിരുവനന്തപുരംമംഗളൂരു (16629 എന്നത് 16230 ആകും). പരശുറാം എക്‌സ്പ്രസ്: മംഗളൂരുകന്യാകുമാരി (16649 എന്നത് 16249 ആകും), കന്യാകുമാരിമംഗളൂരു (16650 എന്നത് 16250 ആകും). ഏറനാട് എക്‌സ്പ്രസ്: മംഗളൂരുതിരുവനന്തപുരം (16605 എന്നത് 16237 ആകും), തിരുവനന്തപുരംമംഗളൂരു (16606 എന്നത് 16238 ആകും). രാമേശ്വരം എക്‌സ്പ്രസ്: മംഗളൂരുരാമേശ്വരം (16622 എന്നത് ജനുവരി 2 മുതല്‍ 16241 ആകും), രാമേശ്വരംമംഗളൂരു (16621 എന്നത് ജനുവരി 3 മുതല്‍ 16242 ആകും).
എന്നാല്‍ മലയാളികളുടെ മനസ്സില്‍ പതിഞ്ഞ പേരുകളും നമ്പറുകളും മാറ്റുന്നത് ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ വലിയ പ്രയാസമുണ്ടാക്കുമെന്ന് റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്‍ കാസര്‍കോട് ജില്ല പ്രസിഡന്റ് ആര്‍ പ്രശാന്ത് കുമാര്‍ പറഞ്ഞു. അതേസമയം, ട്രെയിനുകളുടെ നിലവിലുള്ള സ്റ്റോപ്പുകളിലും അറ്റകുറ്റപ്പണി ക്രമത്തിലും യാതൊരു മാറ്റവുമുണ്ടാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. യാത്രക്കാരുടെ ആശങ്ക ഒഴിവാക്കാന്‍ റിസര്‍വ് ചെയ്തവര്‍ക്ക് ബള്‍ക്ക് എസ്.എം.എസ് അയക്കാനും സ്റ്റേഷനുകളില്‍ തുടര്‍ച്ചയായി അനൗണ്‍സ്‌മെന്റ് നടത്താനും റെയില്‍വേ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വന്ദേഭാരത് ട്രെയിനുകളുടെ പേരില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates