new EPF rules file
Business

'100' ശതമാനവും പിന്‍വലിക്കാം, ജീവനക്കാര്‍ 'ഹാപ്പി'; ഇപിഎഫ് 2026 വിശദമായി അറിയാം

ജീവനക്കാരുടെ വിരമിക്കല്‍ സമ്പാദ്യത്തെ നിയന്ത്രിച്ചിരുന്ന, ഏഴ് പതിറ്റാണ്ട് പഴക്കമുള്ള 1952-ലെ ചട്ടക്കൂടിന് പകരമായി കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് സ്‌കീം, 2026 വിജ്ഞാപനം ചെയ്തത്.

Author : Dhanoj AM

ന്യൂഡല്‍ഹി: ജീവനക്കാരുടെ വിരമിക്കല്‍ സമ്പാദ്യത്തെ നിയന്ത്രിച്ചിരുന്ന, ഏഴ് പതിറ്റാണ്ട് പഴക്കമുള്ള 1952-ലെ ചട്ടക്കൂടിന് പകരമായി കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് സ്‌കീം, 2026 വിജ്ഞാപനം ചെയ്തത്. ജൂണ്‍ 29 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ ചട്ടം പിന്‍വലിക്കലുകള്‍, നോമിനേഷനുകള്‍, ക്ലെയിം തീര്‍പ്പാക്കലുകള്‍, എന്നിവയില്‍ വലിയ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്.

ഭാഗിക പിന്‍വലിക്കല്‍: ഓപ്ഷനുകളും തുകയും

പുതിയ ചട്ടത്തില്‍ അറിയേണ്ട ഏറ്റവും പുതിയ മാറ്റം നിര്‍ബന്ധിത തുകയാണ്. അക്കൗണ്ടിലുള്ള മൊത്തം തുകയുടെ 25% നിര്‍ബന്ധമായും നിലനിര്‍ത്തേണ്ടതുണ്ട്. ഇത് റിട്ടയര്‍മെന്റ് പെന്‍ഷന്‍ ഉറപ്പാക്കുന്നതിനാണ്. ബാക്കിയുള്ള 75% തുക 'എലിജിബിള്‍ മെമ്പര്‍ ബാലന്‍സ്' (Eligible Member Balance) എന്നറിയപ്പെടുന്നു. ഈ എലിജിബിള്‍ ബാലന്‍സ് പൂര്‍ണ്ണമായും (100%) പിന്‍വലിക്കാന്‍ സാധിക്കും.

12 മാസത്തെ മെമ്പര്‍ഷിപ്പ് പൂര്‍ത്തിയാക്കിയ ശേഷം, വരിക്കാര്‍ക്ക് നിര്‍ദ്ദിഷ്ട ആവശ്യങ്ങള്‍ക്കായി തങ്ങളുടെ എലിജിബിള്‍ മെമ്പര്‍ ബാലന്‍സിന്റെ 100 ശതമാനം വരെ പിന്‍വലിക്കാം. സ്വയം അല്ലെങ്കില്‍ കുടുംബാംഗങ്ങളുടെ ചികില്‍സയ്ക്കായി എത്ര തവണ വേണമെങ്കിലും തുക പിന്‍വലിക്കാവുന്നതാണ്. അതേസമയം വിദ്യാഭ്യാസത്തിന് കരിയറില്‍ ഉടനീളം 10 തവണ വരെയും വിവാഹം, അല്ലെങ്കില്‍ വീട് വാങ്ങല്‍, നിര്‍മ്മാണം, നവീകരണം എന്നിവയ്ക്കായി 5 തവണ വരെയും തുക പിന്‍വലിക്കാന്‍ സാധിക്കും. ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ജോലി വിടുന്ന ജീവനക്കാര്‍ക്കും അവരുടെ എലിജിബിള്‍ ബാലന്‍സ് പിന്‍വലിക്കാം.

ഭവന ആവശ്യങ്ങള്‍: വീട് വാങ്ങല്‍, നിര്‍മ്മാണം, സ്ഥലം വാങ്ങല്‍, ഭവന വായ്പ തിരിച്ചടയ്ക്കല്‍, വീട് അറ്റകുറ്റപ്പണികള്‍ എന്നിവയ്ക്കായി നിബന്ധനകള്‍ക്ക് വിധേയമായി എലിജിബിള്‍ മെമ്പര്‍ ബാലന്‍സിന്റെ 100 ശതമാനം വരെ പിന്‍വലിക്കാം.

ചികിത്സ: സ്വന്തം ആവശ്യത്തിനോ, കുടുംബാംഗങ്ങളുടെ ചികിത്സയ്ക്കോ ആയി എലിജിബിള്‍ മെമ്പര്‍ ബാലന്‍സിന്റെ 100 ശതമാനം വരെ പിന്‍വലിക്കാം.

വിദ്യാഭ്യാസം: സ്വന്തം അല്ലെങ്കില്‍ കുടുംബാംഗങ്ങളുടെ ഉന്നത വിദ്യാഭ്യാസത്തിനായി എലിജിബിള്‍ മെമ്പര്‍ ബാലന്‍സിന്റെ 100 ശതമാനം വരെ പിന്‍വലിക്കാം. അംഗത്വ കാലയളവില്‍ പരമാവധി 10 തവണ വരെ ഇങ്ങനെ പിന്‍വലിക്കാം.

വിവാഹം: സ്വന്തം ആവശ്യത്തിനോ, കുടുംബാംഗങ്ങളുടെ വിവാഹത്തിനോ വേണ്ടി എലിജിബിള്‍ മെമ്പര്‍ ബാലന്‍സിന്റെ 100 ശതമാനം വരെ പിന്‍വലിക്കാം. പരമാവധി 5 തവണ ഈ ഓപ്ഷന്‍ ലഭ്യമാണ്.

പ്രത്യേക സാഹചര്യങ്ങള്‍: സാമ്പത്തിക ബുദ്ധിമുട്ടുകള്‍, അംഗീകരിക്കപ്പെട്ട മറ്റ് അടിയന്തിര സാഹചര്യങ്ങളില്‍ എലിജിബിള്‍ മെമ്പര്‍ ബാലന്‍സിന്റെ 100 ശതമാനം വരെ പിന്‍വലിക്കാം.

വിരമിക്കലും പലിശ നിയമങ്ങളും

അന്തിമ ക്ലെയിം തീര്‍പ്പാക്കലിനുള്ള ചട്ടങ്ങളില്‍ കാര്യമായ മാറ്റമില്ല. 55-ാം വയസ്സില്‍ വിരമിക്കുമ്പോള്‍, സ്ഥിരമായ വൈകല്യം സംഭവിക്കുമ്പോള്‍, ജോലിക്കായോ സ്ഥിരതാമസത്തിനായോ വിദേശത്തേക്ക് കുടിയേറുമ്പോള്‍ അല്ലെങ്കില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുമ്പോള്‍ മുഴുവന്‍ തുകയും പിന്‍വലിക്കാന്‍ അനുവാദമുണ്ട്. ക്ഷയം, കുഷ്ഠം അല്ലെങ്കില്‍ കാന്‍സര്‍ ബാധിതരായ അംഗങ്ങളെ സ്ഥിരമായ അവശതയുള്ളവരായി കണക്കാക്കുന്നത് തുടരും.

വേഗത്തിലുള്ള ക്ലെയിമുകള്‍

പൂര്‍ണ്ണമായ അപേക്ഷ ലഭിച്ച് 20 ദിവസത്തിനകം പിഎഫ് ക്ലെയിമുകള്‍ തീര്‍പ്പാക്കണമെന്ന് ഈ പദ്ധതി നിര്‍ബന്ധമാക്കുന്നു. മതിയായ കാരണമില്ലാതെ ഇപിഎഫ്ഒ ഈ സമയപരിധി ലംഘിച്ചാല്‍, പ്രതിവര്‍ഷം 12 ശതമാനം നിരക്കില്‍ പിഴപ്പലിശ നല്‍കേണ്ടിവരും. ഈ തുക പ്രോവിഡന്റ് ഫണ്ടില്‍ നിന്നല്ല, മറിച്ച് അതിന് ഉത്തരവാദിയായ കമ്മീഷണറുടെ ശമ്പളത്തില്‍ നിന്നാണ് ഈടാക്കുക. ക്ലെയിമുകളിലെ എന്തെങ്കിലും പോരായ്മകളും ഇതേ 20 ദിവസത്തിനകം തന്നെ അപേക്ഷകനെ അറിയിക്കണം.

പുതിയ നോമിനേഷന്‍ ആവശ്യമാണ്

പുതിയ ചട്ടം നോമിനേഷന്‍ പ്രക്രിയയിലും മാറ്റം വരുത്തുന്നു. 1952-ലെ പദ്ധതി പ്രകാരം നിലവിലുള്ള നോമിനേഷനുകള്‍ പുതിയ വ്യവസ്ഥകളുമായി പൊരുത്തപ്പെടാത്ത പക്ഷം അസാധുവാകും. അതിനാല്‍ അംഗങ്ങള്‍ പുതിയ ഇ-നോമിനേഷനുകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. പ്രധാനമായും, വിവാഹത്തിന് മുമ്പ് നല്‍കിയിട്ടുള്ള ഏതൊരു നോമിനേഷനും വിവാഹശേഷം സ്വയമേവ റദ്ദാകും. അതിനാല്‍ പുതുതായി വിവാഹിതരായ അംഗങ്ങള്‍ പുതിയ നോമിനേഷന്‍ സമര്‍പ്പിക്കേണ്ടത് നിര്‍ബന്ധമാണ്. അംഗത്തിന് കുടുംബമുണ്ടെങ്കില്‍, കുടുംബാംഗങ്ങളുടെ പേരില്‍ മാത്രമേ നോമിനേഷന്‍ നല്‍കാന്‍ സാധിക്കൂ.

What new EPF rules mean for your retirement savings

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

PSC പരീക്ഷാ ക്രമക്കേട്: ആഭ്യന്തര വിജിലന്‍സ് എസ്പി അന്വേഷിക്കും; പരീക്ഷാ കണ്‍ട്രോളറുടെ അന്വേഷണം അവസാനിപ്പിച്ചു

'അദ്ദേഹം മരിച്ചെന്ന് കേട്ടപ്പോള്‍ ബോധം പോകും പോലായി, കാണാന്‍ പോയിട്ട് പാതിവഴിയില്‍ തിരിച്ചു വന്നു'; വിങ്ങലോടെ ഉര്‍വശി

ലങ്കന്‍ ജയിലില്‍ ലഹരിസംഘങ്ങള്‍ ഏറ്റുമുട്ടി; 25 പേര്‍ കൊല്ലപ്പെട്ടു, നൂറിലേറെ പേര്‍ക്ക് പരിക്ക്

പൈൽസ് ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവാവിന്റെ മരണം; ഖബറിൽ നിന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ കോടതി ഉത്തരവ്

'ഞാന്‍ കരയുന്നത് സാറിന് ഇഷ്ടമല്ല'; ആ ചോദ്യങ്ങള്‍ ക്രൂരം; ഭാഗ്യരാജിനെ അവസാനമായി കാണാന്‍ പോകാതിരുന്നത് എന്തുകൊണ്ട്? വിതുമ്പി ഉര്‍വശി