പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡ് വില ബാരലിന് 100 ഡോളറിന് മുകളില്‍ എത്തി നില്‍ക്കുകയാണ്. അമേരിക്ക- ഇറാന്‍ സമാധാന കരാര്‍ യാഥാര്‍ഥ്യമാകുന്നത് അനിശ്ചിതമായി നീളുന്നത് തുടര്‍ന്നാല്‍ ഇന്ത്യന്‍ കുടുംബങ്ങളുടെ പ്രതിമാസ ബജറ്റില്‍ ഇതിന്റെ ആഘാതം വൈകാതെ പ്രതിഫലിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഉയര്‍ന്ന പണപ്പെരുപ്പം, ചെലവേറിയ വായ്പകള്‍, നിത്യജീവിത ചെലവുകളിലെ വര്‍ധന എന്നിവ ഇതിന് കാരണമാകും.
എണ്ണ ആവശ്യകതയുടെ 85-90 ശതമാനവും ഇറക്കുമതിയിലൂടെയാണ് ഇന്ത്യ നിര്‍വഹിക്കുന്നത്. ആഗോള വിപണിയിലെ ക്രൂഡ് വിലയിലുണ്ടാകുന്ന വര്‍ധന പെട്രോള്‍ പമ്പുകള്‍, പലചരക്ക് കടകള്‍, റെസ്റ്റോറന്റുകള്‍, ഗതാഗത ചെലവുകള്‍ എന്നിവിടങ്ങളിലൂടെ ഉപഭോക്താക്കളിലേക്ക് വേഗത്തില്‍ എത്തിച്ചേരും.
പശ്ചിമേഷ്യന്‍ സംഘര്‍ഷം നീണ്ടുനില്‍ക്കുന്നുണ്ടെങ്കിലും ഇന്ത്യയിലെ ഇന്ധനവില കഴിഞ്ഞ രണ്ട് മാസമായി മാറ്റമില്ലാതെ തുടരുകയാണ്. എക്‌സൈസ് ഡ്യൂട്ടി വെട്ടിക്കുറച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ വലിയൊരു സാമ്പത്തിക ബാധ്യത ഏറ്റെടുത്തതും എണ്ണക്കമ്പനികള്‍ പ്രതിദിനം 1,000 കോടി രൂപയോളം നഷ്ടം സഹിക്കുന്നതുമാണ് ഇതിന് പ്രധാന കാരണം.
ഇന്ധനം പരിഭ്രാന്തരായി വാങ്ങിക്കൂട്ടരുതെന്ന് സര്‍ക്കാര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെങ്കിലും, പെട്രോള്‍-ഡീസല്‍ വില ഉടന്‍ വര്‍ധിക്കുമെന്ന അഭ്യൂഹം ശക്തമാണ്. പെട്രോള്‍, ഡീസല്‍ ഉപയോഗം കുറയ്ക്കണമെന്നും വര്‍ക്ക് ഫ്രം ഹോം രീതി അവലംബിക്കണമെന്നും ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തതോടെ ഈ ആശങ്ക വര്‍ധിച്ചിട്ടുണ്ട്.
ഇഎംഐ കുറയുമോ?
ക്രൂഡ് ഓയില്‍ വില വര്‍ധന വായ്പക്കാരെ നേരിട്ട് ബാധിക്കാം. എണ്ണവില കൂടുന്നത് പണപ്പെരുപ്പത്തിന് കാരണമാകും. ഇത് പലിശ നിരക്ക് കുറയ്ക്കുന്നതില്‍ നിന്ന് റിസര്‍വ് ബാങ്കിനെ പിന്നോട്ട് വലിച്ചേക്കാം.
ഭവന, വാഹന, വ്യക്തിഗത വായ്പകള്‍ എന്നിവയുള്ള ശമ്പളക്കാര്‍ക്ക് ഇത് ഉയര്‍ന്ന ഇഎംഐ ദീര്‍ഘകാലം അടയ്‌ക്കേണ്ടി വരുന്ന സാഹചര്യമുണ്ടാക്കും. 50 ലക്ഷം രൂപയുടെ ഭവനവായ്പയില്‍ 0.25% മുതല്‍ 0.50% വരെയുള്ള വര്‍ധന പോലും വലിയ അധിക ബാധ്യതയാണ് ഉണ്ടാക്കുക.
പലചരക്ക് ബില്ലുകള്‍ ഉയരും
എണ്ണക്കമ്പനികള്‍ ഇന്ധനവില വര്‍ധിപ്പിച്ചാല്‍ അത് ഗതാഗത-ലോജിസ്റ്റിക്‌സ് ചെലവുകളെ നേരിട്ട് ബാധിക്കും.ചരക്ക് കൂലി കൂടുന്നതോടെ പച്ചക്കറികള്‍, പാല്‍, മറ്റ് പാക്കറ്റ് സാധനങ്ങള്‍ എന്നിവയുടെ വില ഉയരും. ക്രൂഡ് വില ഇനിയും ഉയര്‍ന്നാല്‍ പച്ചക്കറികള്‍, പഴങ്ങള്‍, അരി, പരിപ്പ് വര്‍ഗ്ഗങ്ങള്‍, പാചക എണ്ണ എന്നിവയുടെ വില വര്‍ദ്ധിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പലചരക്ക് സാധനങ്ങള്‍ക്കായി മാസം 8,000-10,000 രൂപ ചെലവഴിക്കുന്ന ഒരു മധ്യവര്‍ഗ കുടുംബത്തിന്, 5-8% വിലക്കയറ്റം ഉണ്ടായാല്‍ മാസം 500-1,000 രൂപയുടെ അധിക ബാധ്യതയുണ്ടാകും.
ശമ്പളത്തെ ബാധിക്കുമോ?
ഊര്‍ജ്ജ ചെലവുകള്‍ കൂടുന്നത് സാമ്പത്തിക വളര്‍ച്ചയെ മന്ദഗതിയിലാക്കുന്നതിനാല്‍, ഇത് ശമ്പള വര്‍ധനവിനെയും പുതിയ നിയമനങ്ങളെയും ബാധിച്ചേക്കാം. ക്രൂഡ് വില ഉയര്‍ന്ന നിലയില്‍ തുടരുന്നത് ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയെ 0.5-0.8 ശതമാനം വരെ കുറയ്ക്കാന്‍ സാധ്യതയുണ്ട്.
തൊഴിലാളികള്‍ക്ക് പെട്ടെന്നുള്ള ശമ്പളം വെട്ടിക്കുറയ്ക്കല്‍ ഉണ്ടായേക്കില്ലെങ്കിലും ശമ്പള വര്‍ധന കുറയാനും പുതിയ നിയമനങ്ങള്‍ വൈകാനും ഇത് കാരണമാകും. കൂടാതെ, ഗള്‍ഫ് മേഖലയില്‍ അസ്ഥിരതയുണ്ടായാല്‍ അവിടെ നിന്നുള്ള പണമയക്കല്‍ കുറയുന്നത് പ്രവാസി കുടുംബങ്ങളെയും ബാധിച്ചേക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates