ചെറുപ്പക്കാരും പ്രായമായവരും ഉള്‍പ്പെടെ എല്ലാവര്‍ക്കും അനുയോജ്യമായ നിരവധി സര്‍ക്കാര്‍ ചെറുകിട സമ്പാദ്യ പദ്ധതികള്‍ പോസ്റ്റ് ഓഫീസില്‍ ലഭ്യമാണ്. അതില്‍ ഒന്നാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്‌കീം. ബാങ്ക് എഫ്ഡിയുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ നേട്ടം ഉണ്ടാക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
സര്‍ക്കാര്‍ പദ്ധതികള്‍ ആയതു കൊണ്ട് തന്നെ ഇത് 100 ശതമാനവും സുരക്ഷിതമാണ്. ഒറ്റത്തവണ നിക്ഷേപത്തിലൂടെ മികച്ച പലിശ വരുമാനം നേടാന്‍ കഴിയും എന്നതാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്‌കീമിന്റെ മറ്റൊരു പ്രത്യേകത.നിക്ഷേപത്തിന് സുരക്ഷയും മെച്ചപ്പെട്ട റിട്ടേണും ലഭിക്കാന്‍ പോസ്റ്റ് ഓഫീസിന്റെ ടൈം ഡെപ്പോസിറ്റ് സ്‌കീം തെരഞ്ഞെടുക്കുന്നത് അഭികാമ്യമാണ്. ബാങ്ക് എഫ്ഡി പോലെ പോസ്റ്റ് ഓഫീസ് എഫ്ഡി എന്നാണ് ടൈം ഡെപ്പോസിറ്റ് സ്‌കീമിനെ വിശേഷിപ്പിക്കുന്നത്. വിവിധ കാലയളവിലേക്കായി നിക്ഷേപിക്കാന്‍ കഴിയുന്ന തരത്തിലാണ് സ്‌കീം. 6.9 ശതമാനം മുതല്‍ 7.5 ശതമാനം വരെയാണ് പലിശ.
നിക്ഷേപകന്റെ ആവശ്യം അനുസരിച്ച് ദീര്‍ഘകാലത്തേയ്ക്കും ഹ്രസ്വകാലത്തേയ്ക്കും ഇതില്‍ നിക്ഷേപിക്കാനാവും. ഒരു വര്‍ഷം, രണ്ടുവര്‍ഷം, മൂന്ന് വര്‍ഷം, അഞ്ചുവര്‍ഷം എന്നിങ്ങനെ നിക്ഷേപിക്കാനുള്ള ഓപ്ഷന്‍ ആണ് ഉള്ളത്. ജോയിന്റ് അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ ആകും എന്നതാണ് മറ്റൊരു പ്രത്യേകത. കുട്ടികളുടെ പേരില്‍ മാതാപിതാക്കള്‍ക്കും ഈ സ്‌കീം തെരഞ്ഞെടുക്കാവുന്നതാണ്. എന്നാല്‍ കുട്ടികള്‍ക്ക് പത്തുവയസില്‍ കൂടുതല്‍ പ്രായം ഉണ്ടായിരിക്കണം.
കുറഞ്ഞത് ആയിരം രൂപയാണ് നിക്ഷേപിക്കേണ്ടത്. ഒരു വര്‍ഷത്തേയ്ക്കാണ് നിക്ഷേപിക്കുന്നതെങ്കില്‍ 6.9 ശതമാനം പലിശയാണ് ലഭിക്കുക. രണ്ടുവര്‍ഷം കാലാവധി ഉദ്ദേശിച്ചാണ് നിക്ഷേപിക്കുന്നതെങ്കില്‍ ഏഴുശതമാനം പലിശ ലഭിക്കും. അഞ്ചുവര്‍ഷത്തേയ്ക്കാണ് നിക്ഷേപിക്കുന്നതെങ്കില്‍ 7.5 ശതമാനം പലിശയാണ് പോസ്റ്റ് ഓഫീസ് നല്‍കുന്നത്.
അഞ്ചുവര്‍ഷത്തേയ്ക്കാണ് നിക്ഷേപിക്കുന്നതെങ്കില്‍ നികുതി ഇളവിന് അര്‍ഹതയുണ്ട്. 1961ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80C പ്രകാരമാണ് നികുതി ഇളവ്. 5 വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് നികുതി ആനുകൂല്യം ലഭ്യമല്ല. ഡെപ്പോസിറ്റ് കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പുതന്നെ പണം പിന്‍വലിക്കാം. എന്നാല്‍ പിഴ ഈടാക്കും.
പലിശ വരുമാനമായി അഞ്ചു ലക്ഷം രൂപ കിട്ടാന്‍ എത്ര നിക്ഷേപിക്കണം?
പലിശ വരുമാനമായി അഞ്ചു ലക്ഷം രൂപ കിട്ടാന്‍ ഒരു നിക്ഷേപകന്‍ അഞ്ച് വര്‍ഷത്തേയ്ക്ക് ഒറ്റത്തവണയായി 11.5 ലക്ഷം രൂപ നിക്ഷേപിക്കണം. അങ്ങനെ വരുമ്പോള്‍ കാലാവധി കഴിയുമ്പോള്‍ 16,67,440 രൂപയാണ് ആകെ ലഭിക്കുക. പലിശ വരുമാനമായി മാത്രം 5,17,440 രൂപയാണ് ലഭിക്കുക.
പലിശ വരുമാനമായി രണ്ടു ലക്ഷം രൂപ കിട്ടാന്‍ എത്ര നിക്ഷേപിക്കണം?
പലിശ വരുമാനമായി രണ്ടു ലക്ഷം രൂപ കിട്ടാന്‍ അഞ്ചുവര്‍ഷത്തെ കാലാവധിയുള്ള സ്‌കീം തെരഞ്ഞെടുത്ത് 4.5 ലക്ഷം രൂപ നിക്ഷേപിക്കണം. ഇവിടെ 7.5 ശതമാനം പലിശയാണ് ലഭിക്കുക. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ അക്കൗണ്ടില്‍ ആകെ 6,52,477 രൂപ ഉണ്ടാകും. അതായത് പലിശ വരുമാനമായി 2,02,477 രൂപയാണ് ഉണ്ടാവുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates