കഴക്കൂട്ടം ഗവ. ഐ ടി ഐ (വനിത) യിൽ ഇൻസ്ട്രക്ടർ,ധനുവച്ചപുരം ഗവ. ഐ.ടി.ഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവുണ്ട്.
കേരളാ മാരിടൈം ബോർഡിൽ പോർട്ട് സെക്യൂരിറ്റി കോഓർഡിനേറ്റർ, ഇൻലാൻഡ് വെസ്സൽ സർവേയർ, നേവൽ ആർക്കിടെക്ട് തസ്തികകളിലേക്കും സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷന്റെ എറണാകുളം കോഴിക്കോട് റീജിയണൽ ഓഫീസുകളിൽ റീജിയണൽ എസ് ആർ സി കോ-ഓഡിനേറ്റർമാരുടെയും തസ്തികകളിലേക്കും ഇപ്പോൾ അപേക്ഷിക്കാം.
കൊല്ലം ജില്ലയിൽ തദ്ദേശസ്വയംഭരണ വകുപ്പിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 തസ്തകയിലേക്കുള്ള അഭിമുഖത്തിനുള്ള തീയതികൾ പി എസ് സി പ്രഖ്യാപിച്ചു.
കേരളാ മാരിടൈം ബോർഡിൽ പോർട്ട് സെക്യൂരിറ്റി കോഓർഡിനേറ്റർ, ഇൻലാൻഡ് വെസ്സൽ സർവേയർ, നേവൽ ആർക്കിടെക്ട് എന്നീ തസ്തികകളിൽ ഒഴിവുണ്ട്. അനുയോജ്യമായ യോഗ്യതയുള്ളവരുടെ അപേക്ഷകൾ ക്ഷണിച്ചു.
ഇന്ത്യൻ നേവി, കോസ്റ്റ് ഗാർഡ് എന്നിവിടങ്ങളിൽ നിന്നും ക്യാപ്റ്റൻ, കമാഡന്റ് തസ്തികയിൽ വിരമിച്ചവർക്ക് പോർട്ട് സെക്യൂരിറ്റി കോഓർഡിനേറ്ററായും ഇൻലാൻഡ് വെസ്സൽ ആക്ടിൽ പരാമർശിച്ചിട്ടുള്ള യോഗ്യതയുള്ളവർക്ക് ഇൻലാൻഡ് വെസ്സൽ സർവേയർ ആയും കേരളാ മാരിടൈം ബോർഡ് (കെ എം ബി) വിജ്ഞാപനം അനുസരിച്ച് നേവൽ ആർകിടെക്ട് ജോലിക്കും അപേക്ഷിക്കാം.
അപേക്ഷ സമർപ്പിക്കുവാനുമുള്ള അവസാന ദിവസം 2025 ഒക്ടോബർ 20 ആണ്. 65 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം. കരാറടിസ്ഥാനത്തിലാണ് നിയമനം.
സെക്യൂരിറ്റി കോഓർഡിനേറ്റർ ഒരൊഴിവാണുള്ളത്. 90,000 രൂപ സമാഹൃത വേതനമായി പ്രതിമാനം ലഭിക്കും. ഇൻലാൻഡ് വെസ്സൽ സർവേയർ,നേവൽ ആർക്കിടെക്ട് തസ്തികയിൽ രണ്ട് വീതം ഒഴിവുകളാണുള്ളത്. പ്രതിമാസം 60,000 രൂപ സമാഹൃതവേതനമായി ലഭിക്കും.
യോഗ്യത, പ്രവൃത്തിപരിചയം അടക്കമുള്ള വിശദ വിവരങ്ങൾക്ക്: www. kmb.gov.in ൽ ലഭ്യമാണ്.
സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷന്റെ എറണാകുളം കോഴിക്കോട് റീജിയണൽ ഓഫീസുകളിൽ റീജിയണൽ എസ് ആർ സി കോ-ഓഡിനേറ്റർമാരുടെ ഒഴിവുണ്ട്. ഒരു വർഷത്തേക്ക് കരാറിലായിരിക്കും നിയമനം. നിലവിൽ രണ്ട് ഒഴിവുണ്ട്.
അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും എംഎസ്ഡബ്ല്യുവിൽ ബിരുദമോ സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ബിഎസ്ഡബ്ല്യു ബിരുദവും ആണ് യോഗ്യത. ഏതെങ്കിലും സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഭിന്നശേഷി മേഖലയിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവർത്തന പരിചയം വേണം. പ്രതിമാസം 28,100 രൂപയാണ് ശമ്പളം.
ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ, യോഗ്യത, പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം 15 ന് വൈകിട്ട് അഞ്ച് മണിക്കകം മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ, പൂജപ്പുര (പി.ഒ) തിരുവനന്തപുരം – 12 എന്ന വിലാസത്തിൽ ലഭിക്കത്തക്കവിധം അപേക്ഷ നൽകണം.
പി എസ് സി ഇന്റർവ്യൂ 9, 10 തീയതികളിൽ
കൊല്ലം ജില്ലയിൽ തദ്ദേശസ്വയംഭരണ വകുപ്പിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 (Cat. No. 611/24) തസ്തികയുടെ തെരെഞ്ഞെടുപ്പിന് ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള യോഗ്യരായ ഉദ്യോഗാർഥികളുടെ അഭിമുഖം തീയതി പ്രഖ്യാപിച്ചു. ഒക്ടോബർ ഒമ്പത്, 10 തീയതികളിൽ അഭിമുഖം നടത്തും.
കൊല്ലം ജില്ലാ പി.എസ്.സി ഓഫീസിലായിരിക്കും ഇന്റർവ്യൂ. ഉദ്യോഗാർഥികൾക്ക് എസ് എം എസ്, പ്രൊഫൈൽ മെസേജ് മുഖേന അറിയിപ്പ് നൽകിയിട്ടുണ്ട്.
അറിയിപ്പ് ലഭിച്ചിട്ടില്ലാത്ത ഉദ്യോഗാർഥികൾ കൊല്ലം ജില്ലാ പിഎസ് സി ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0474 2743624.
കഴക്കൂട്ടം ഗവ. ഐ ടി ഐ (വനിത) യിൽ ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡിൽ ഒബിസി വിഭാഗത്തിനും സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് ഇംഗ്ലീഷ് ട്രേഡിൽ പൊതുവിഭാഗത്തിനും സംവരണം ചെയ്തിട്ടുള്ള ഇൻസ്ട്രക്ടർമാരുടെ ഒഴിവുണ്ട്.
താൽക്കാലിക അടിസ്ഥാനത്തിലാണ് നിയമനം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ 14ന് രാവിലെ 11ന് യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകണം. വിശദവിവരങ്ങൾക്ക് ഫോൺ: 0471 2418317.
ധനുവച്ചപുരം ഗവ. ഐ.ടി.ഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഒഴിവുണ്ട്. താൽക്കാലിക അടിസ്ഥാനത്തിലാണ് നിയമനം. താൽപ്പര്യമുള്ളവർ ഒമ്പതിന് രാവിലെ 10 മണിക്ക് നടത്തുന്ന ഇന്റർവ്യുവിന് ഹാജരാകണം.
ടൂൾ ആൻഡ് ഡൈ മേക്കർ, മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക്സ് അപ്ലയൻസസ്, വെൽഡർ, മെഷിനിസ്റ്റ് ട്രേഡുകളിലാണ് ഒഴിവ്. ബന്ധപ്പെട്ട ട്രേഡിൽ എൻടിസിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും/ ബന്ധപ്പെട്ട ട്രേഡിൽ എൻഎസിയും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും/ ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ എന്നിവയാണ് യോഗ്യത.
ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates