വിദേശത്ത് നിന്നും മെഡിക്കൽ ബിരുദം നേടിയ പൗരന്മാർക്ക് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാനുള്ള ലൈസൻസിംഗ് പരീക്ഷയായ എഫ് എം ജി ഇ (Foreign Medical Graduate Examination) അപേക്ഷ ക്ഷണിച്ചു. നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് (NBEMS) നടത്തുന്ന ഈ പരീക്ഷയ്ക്ക് ഡിസംബർ 4 വരെ രജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്.
ഇന്ത്യയിലെ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ അല്ലെങ്കിൽ ഏതെങ്കിലും സംസ്ഥാന മെഡിക്കൽ കൗൺസിലിൽ രജിസ്ട്രേഷൻ നേടാൻ ആഗ്രഹിക്കുന്നെങ്കിൽ സ്ക്രീനിംഗ് ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കണം.
കമ്പ്യൂട്ടർ ബേസ്ഡ് മോഡിൽ ആണ് വിവിധ കേന്ദ്രങ്ങളിൽ പരീക്ഷ നടത്തുന്നത്. ഡിസംബർ 2025 സെഷന്റെ സ്ക്രീനിംഗ് ടെസ്റ്റ് അടുത്ത വർഷം ജനുവരി 17 ന് നടത്തും. എം ബി ബി എസ് സിലബസിനനുസരിച്ച് 300 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ ആകും പരീക്ഷയ്ക്ക് ഉണ്ടാകുക.
രാവിലെ ഒൻപതുമുതൽ 11.30 വരെയും ഉച്ചയ്ക്ക് രണ്ടുമുതൽ 4.30 വരെയുമുള്ള രണ്ടരമണിക്കൂർ വീതം ദൈർഘ്യമുള്ള രണ്ടു സെഷനുകളായാണ് പരീക്ഷ നടത്തുന്നത്. ഇംഗ്ലീഷിലായിരിക്കും ചോദ്യങ്ങൾ. നെഗറ്റീവ് മാർക്ക് ഇല്ല. പരീക്ഷ വിജയിക്കാൻ 50% മാർക്ക് നേടണം.
കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്. അപേക്ഷിക്കുമ്പോൾ നാലു കേന്ദ്രങ്ങൾ വരെ തിരഞ്ഞെടുക്കാം.
ഡിസംബർ നാലിന് രാത്രി 11.55 വരെ natboard.edu.in വഴി അപേക്ഷകൾ സമർപ്പിക്കാം.
സിലബസ് അടക്കമുള്ള മറ്റ് വിവരങ്ങളും വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. അപേക്ഷാ ഫീസ് 6195 രൂപയാണ്. അപേക്ഷയ്ക്ക് ഒപ്പം അപ്‌ലോഡ് ചെയ്ത രേഖകളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ജനുവരി രണ്ടിന് രാത്രി 11.55 വരെ അവസരമുണ്ട്.
പരീക്ഷ വിജയകരമായി പൂർത്തിയാക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ബയോമെട്രിക്/ഫേസ് ഐഡി, നിർദ്ദിഷ്ട രേഖകൾ എന്നിവ നേരിട്ട് പരിശോധിച്ചതിന് ശേഷം എൻ ബി ഇ എം എസ് സ്ക്രീനിംഗ് ടെസ്റ്റ് പാസ് സർട്ടിഫിക്കറ്റ് നൽകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates