വീട്ടിൽ ഉണ്ടാക്കാൻ എളുപ്പമാണെങ്കിലും തൈര് മിക്കവാറും ആളുകൾ കടയിൽ നിന്ന് വാങ്ങുകയാണ് പതിവ്. വീട്ടിലുറയൊഴിക്കുന്ന തൈര് ഒന്നുകിൽ പുളിച്ചു പോകും അല്ലെങ്കിൽ കട്ടിയാകില്ലയെന്നതാണ് പ്രധാന കാരണങ്ങൾ. ഫ്രിഡ്ജിൽ സൂക്ഷിച്ചാലും ഈ പ്രശ്നം മാറണമെന്നില്ല. എന്താണ് ഇതിന് പിന്നിലെ യഥാർത്ഥ കാരണമെന്ന് അറിയാമോ? വീട്ടിലെങ്ങനെ കട്ട തൈര് ഉണ്ടാക്കാമെന്നും പരിശോധിക്കാം?
പാലിൻ്റെ ഗുണനിലവാരം, താപനില, പുളിപ്പിക്കാൻ എടുക്കുന്ന സമയം, ഉറയൊഴിക്കാൻ ഉപയോഗിക്കുന്ന തൈരിൻ്റെ അളവ് എന്നിവയാണ് തൈര് ഉണ്ടാക്കിയെടുക്കാൻ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ.
കൊഴുപ്പ് കുറഞ്ഞ പാൽ ഉപയോഗിക്കുന്നതാണ് തൈര് വെള്ളം പോലെയാകാനുള്ള പ്രധാന കാരണം. കൂടാതെ ഉറയൊഴിക്കുന്ന താപനില, ഉറവൊഴിക്കുന്ന പാത്രത്തിന് ഇളക്കം തട്ടുന്നതുമെല്ലാം തൈര് സെറ്റ് ആകുന്നത് തടയും. അതുകൊണ്ട് തൈര് ഉണ്ടാക്കാൻ ഫുൾ-ഫാറ്റ് പാൽ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.
ഉറയൊഴിച്ച ശേഷം പാത്രം ഇളക്കുന്നത് മറ്റൊരു വലിയ അബദ്ധമാണ്. ഇങ്ങനെ പാത്രം അനക്കുമ്പോൾ തൈരിനുള്ളിൽ രൂപപ്പെട്ടുവരുന്ന പ്രോട്ടീൻ ശൃംഖലകൾക്ക് മാറ്റം സംഭവിക്കുകയും, ഇതിലൂടെ തൈരിൽ നിന്ന് വെള്ളം വേർപെട്ട് മുകളിൽ കെട്ടിനിൽക്കുകയും ചെയ്യും.
അമിതമായി ഫെർമെൻ്റ് ചെയ്യപ്പെടുമ്പോൾ തൈര് അധികമായി പുളിച്ചുപോകാനുള്ള സാധ്യത കൂടുതലാണ്. ഉറയൊഴിക്കുന്ന തൈരിലെ ബാക്ടീരിയകൾ പാലിലെ സ്വാഭാവിക പഞ്ചസാരയായ ലാക്ടോസിനെ ലാക്റ്റിക് ആസിഡാക്കി മാറ്റുമ്പോഴാണ് തൈര് ഉണ്ടാകുന്നത്.
ഈ പ്രക്രിയ ആവശ്യത്തിലധികം സമയം തുടർന്നാൽ ആസിഡിൻ്റെ അളവ് കൂടുകയും തൈരിന് കടുത്ത പുളിരുചി വരികയും ചെയ്യും. ചൂടുള്ള കാലാവസ്ഥയിൽ തൈര് പുറത്തുവെക്കുന്നത് ഈ പ്രക്രിയയുടെ വേഗം കൂട്ടും.
അതുപോലെ ഉറയൊഴിക്കാൻ കൂടുതൽ തൈര് ഉപയോഗിക്കുന്നതും പെട്ടെന്ന് സെറ്റാകാനും പുളിക്കാനും കാരണമാകും.
നല്ല കട്ടിയുള്ള തൈര് ഉണ്ടാക്കിയെടുക്കാൻ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ആദ്യം പാൽ നന്നായി തിളപ്പിച്ച ശേഷം ചൂടാറാൻ മാറ്റിവയ്ക്കാം. തൊട്ടുനോക്കുമ്പോൾ കൈപൊള്ളാത്ത ചെറിയ ചൂടാണ് പാൽ ഉറയൊഴിക്കാൻ ഏറ്റവും നല്ലത്.
ഇതിലേക്ക് ഒട്ടും പുളിക്കാത്ത ചെറിയ അളവിലുള്ള കട്ടത്തൈര് ചേർത്ത് പതുക്കെ ഇളക്കിക്കൊടുക്കാം. അതിനുശേഷം അടച്ചുവെച്ച് തൈര് സെറ്റാകുന്നത് വരെ ഒട്ടും അനക്കാതെ സൂക്ഷിക്കണം.
തൈര് പാകമായിക്കഴിഞ്ഞാൽ ഉടൻ തന്നെ ഫ്രിഡ്ജിലേക്ക് മാറ്റിയാൽ ഫെർമെന്റേഷൻ പ്രക്രിയ പതുക്കെയാകുകയും രുചി നഷ്ടപ്പെടാതിരിക്കുകയും ചെയ്യും. നല്ലൊരു തൈര് എന്ന് പറയുന്നത് കാണാൻ നല്ല കട്ടിയുള്ളതും, വളരെ നേരിയ പുളിരുചിയുള്ളതും, ഒട്ടും വെള്ളം ഇറങ്ങാത്തതുമായിരിക്കണം.
തൈര് ഉണ്ടാക്കുന്നതിൽ കാലാവസ്ഥയ്ക്കും പങ്കുണ്ട്. ചൂടുള്ള കാലാവസ്ഥയിൽ വളരെ വേഗത്തിൽ ഫെർമെൻ്റേഷൻ നടക്കുകയും തൈര് സെറ്റാകുകയും ചെയ്യും. അതുകൊണ്ട് ഈ ഉറയൊഴിച്ച് തൈര് വളരെ കുറച്ച് നേരം മാത്രമേ പുറത്തു സൂക്ഷിക്കാവൂ.
അതേസമയം തണുപ്പുകാലത്ത് നേരെ തിരിച്ചാണ്. തൈര് സെറ്റാകാൻ സാധാരണയെക്കാൾ കൂടുതൽ സമയം എടുക്കാം. ഈ കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കിയാൽ വീട്ടിൽ തന്നെ ഏറ്റവും മികച്ച രുചിയിൽ തൈര് ഉണ്ടാക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates