Joint pain, arthritis Pinterest
Health

രാവിലെ എഴുന്നേൽക്കുമ്പോൾ കാലുകൾക്ക് വേദന, കുനിയാൻ ബുദ്ധിമുട്ട്, പലതരം ആർത്രൈറ്റിസുകളെ കുറിച്ച് അറിയാം

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് റൂമറ്റോയ്ഡ് ആർത്രൈറ്റിസ് കൂടുതലായി കണ്ടുവരുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

മ്മുടെ ശരീരത്തിൻ്റെ ചലനങ്ങളെയും ദൈനംദിന ജീവിതത്തെയും ഒരുപോലെ ബാധിക്കുന്ന ഒന്നാണ് സന്ധിവാതം അഥവാ ആർത്രൈറ്റിസ്. പലരും ഇതിനെ പ്രായമാകുമ്പോൾ ഉണ്ടാകുന്ന രോഗമായിട്ടാണ് തെറ്റിദ്ധരിക്കാറുള്ളത്. എന്നാൽ സന്ധികളെ ബാധിക്കുന്ന പലതരം രോഗാവസ്ഥകളുടെ പൊതുവായ പേരാണ് സന്ധിവാതം. കൃത്യമായ സമയത്ത് തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലെങ്കിൽ ഇത് സന്ധികളുടെ വൈകല്യത്തിനും മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും.

റൂമറ്റോയ്ഡ് ആർത്രൈറ്റിസ് (Rheumatoid Arthritis)

സന്ധിവാതങ്ങളിൽ ഏറ്റവും സങ്കീർണ്ണമായ ഒന്നാണ് റൂമറ്റോയ്ഡ് ആർത്രൈറ്റിസ്. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം സ്വന്തം സന്ധികളിലെ കോശങ്ങളെത്തന്നെ ആക്രമിക്കുന്ന ഒരു ഓട്ടോഇമ്മ്യൂൺ അവസ്ഥയാണിത്.

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് റൂമറ്റോയ്ഡ് ആർത്രൈറ്റിസ് കൂടുതലായി കണ്ടുവരുന്നത്. കൈകാലുകളിലെ ചെറിയ സന്ധികളെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്. കൈവിരലുകൾ, കാൽവിരലുകൾ, മണിബന്ധം എന്നിവടങ്ങളിൽ കഠിനമായ വേദനയോടെയാണ് ഇത് ആരംഭിക്കുക. ഈ രോഗത്തിന്റെ പ്രത്യേകത എന്തെന്നാൽ ഏകദേശം 80 ശതമാനം രോഗികൾക്ക് ഇരു കൈകളിലെയും കാലുകളിലെയും ഒരേ സന്ധികളിൽ വേദനയും നീർക്കെട്ടും അനുഭവപ്പെടും.

റൂമറ്റോയ്ഡ് ആർത്രൈറ്റിസ് സന്ധികളെ മാത്രമല്ല ബാധിക്കുന്നത് ശരീരത്തിലെ മറ്റു ആന്തരിക അവയവങ്ങളിലേക്ക് പടരാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് ശ്വാസകോശത്തെ ബാധിക്കുന്ന ആർ.ഐ.എൽ.ഡി (RA ILD - Rheumatoid Arthritis Related Interstitial Lung Disease) എന്ന അവസ്ഥയ്ക്കും, രക്തക്കുഴലുകളിൽ വീക്കമുണ്ടാക്കുന്ന റൂമറ്റോയ്ഡ് വാസ്കുലൈറ്റിസ് (Rheumatoid Vasculitis) എന്ന രോഗാവസ്ഥയ്ക്കും കാരണമായേക്കാം.

ആദ്യകാല ലക്ഷണങ്ങൾ

സന്ധിവാതത്തിന്റെ ലക്ഷണങ്ങൾ പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചറിയുന്നത് സന്ധികളുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും. പ്രധാന ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്:

  • രാവിലെ എഴുന്നേൽക്കുമ്പോൾ കൈകാലുകളുടെ സന്ധികൾ ചലിപ്പിക്കാൻ കടുത്ത പ്രയാസം അനുഭവപ്പെടുക. ഇത് കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും നീണ്ടുനിൽക്കും.

  • സന്ധികളിൽ തുടർച്ചയായി ഉണ്ടാകുന്ന വേദനയും അതിനോടൊപ്പമുള്ള വീക്കവും.

  • ബാധിക്കപ്പെട്ട സന്ധികൾക്ക് ചുറ്റും ചുവപ്പ് നിറം കാണുകയും തൊടുമ്പോൾ ചൂട് അനുഭവപ്പെടുകയും ചെയ്യുക.

  • കൈവിരലുകൾ മടക്കാനോ, നടക്കാനോ, വസ്തുക്കൾ മുറുകെ പിടിക്കാനോ ബുദ്ധിമുട്ട് അനുഭവപ്പെടുക.

  • ശരീരവേദനയോടൊപ്പം വിട്ടുമാറാത്ത ക്ഷീണവും നേരിയ പനിയും അനുഭവപ്പെടുക.

സന്ധിവാതത്തിന്റെ മറ്റ് തരങ്ങൾ

ഗൗട്ടി ആർത്രൈറ്റിസ് (Gouty Arthritis)

പുരുഷന്മാരിൽ ഏറ്റവും സാധാരണയായി കണ്ടുവരുന്ന സന്ധിവാതമാണിത്. ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് അമിതമായി കൂടുമ്പോൾ, അത് ക്രിസ്റ്റലുകളായി സന്ധികളിൽ അടിയുന്നതാണ് ഇതിന് കാരണം. സാധാരണയായി സ്ത്രീകളിൽ ഈ രോഗം കുറവാണെങ്കിലും, ആർത്തവവിരാമത്തിന് (Menopause) ശേഷം സ്ത്രീകളിലും ഗൗട്ടി ആർത്രൈറ്റിസ് വരാനുള്ള സാധ്യത വർദ്ധിക്കുന്നു.

ലക്ഷണങ്ങൾ: പ്രധാനമായും കാൽവിരലിലെ (പ്രത്യേകിച്ച് പെരുവിരലിലെ) സന്ധിയെയാണ് ഇത് ബാധിക്കുന്നത്. പെട്ടെന്നുണ്ടാകുന്ന കഠിനമായ വേദന, നീർക്കെട്ട്, ചുവപ്പ് നിറം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രാത്രികാലങ്ങളിലാണ് വേദന അതികഠിനമാകുന്നത്.

ആക്സിയൽ സ്പോണ്ടിലോ ആർത്രൈറ്റിസ് (Axial Spondyloarthritis)

45 വയസ്സിൽ താഴെയുള്ള ചെറുപ്പക്കാരായ പുരുഷന്മാരിലാണ് ഈ സന്ധിവാതം കൂടുതലായി കാണപ്പെടുന്നത്.

ലക്ഷണങ്ങൾ: ഇത് പ്രധാനമായി നട്ടെല്ലിനെയും (Spine) നിതംബ ഭാഗത്തുള്ള സാക്രോഇലിയാക് ജോയിന്റിനെയുമാണ് (Sacroiliac joint) ബാധിക്കുന്നത്. രാവിലെ ഉറക്കമുണരുമ്പോൾ ബാധിക്കപ്പെട്ട ഭാഗങ്ങളിൽ കഠിനമായ വേദനയും സന്ധികൾക്ക് കാഠിന്യവും (അനക്കാൻ പറ്റാത്ത അവസ്ഥ) അനുഭവപ്പെടുന്നു. എന്നാൽ പിന്നീട് എഴുന്നേറ്റ് നടക്കുമ്പോൾ ഈ വേദന പടിപടിയായി കുറയുകയും ശരീരത്തിന് ആശ്വാസം ലഭിക്കുകയും ചെയ്യുന്നു.

സോറിയാറ്റിക് ആർത്രൈറ്റിസ് (Psoriatic Arthritis)

സോറിയാസിസ് (Psoriasis) എന്ന വിട്ടുമാറാത്ത ചർമ്മരോഗമുള്ളവരിലാണ് ഈ സന്ധിവാതം പ്രധാനമായും കാണപ്പെടുന്നത്.

ലക്ഷണങ്ങൾ: ചർമ്മത്തിലെ ചുവന്ന പാടുകൾക്കും ചെതുമ്പലുകൾക്കും പുറമെ, കൈകാലുകളിലെ സന്ധികളിൽ കടുത്ത വേദനയും നീരും ഉണ്ടാകുന്നു. വിരലുകൾ സോസേജ് പോലെ തടിച്ചുവരുന്ന അവസ്ഥ (Dactylitis) നഖങ്ങളിൽ കുഴികളോ നിറവ്യത്യാസമോ ഉണ്ടാകുന്നതും ഇതിന്റെ ലക്ഷണങ്ങളാണ്.

ഓസ്റ്റിയോ ആർത്രൈറ്റിസ് (Osteoarthritis)

പ്രായമായവരിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന സന്ധിവാതമാണിത്. പ്രായക്കൂടുതൽ കൊണ്ട് സന്ധികളിലെ തരുണാസ്ഥികൾക്കുണ്ടാകുന്ന (Cartilage) തേയ്മാനം മൂലമാണ് ഇത് സംഭവിക്കുന്നത്.

ലക്ഷണങ്ങൾ: ശരീരഭാരം താങ്ങുന്ന മുട്ടുകൾ, ഇടുപ്പ്, നട്ടെല്ല് എന്നിവയെയാണ് ഇത് ബാധിക്കുന്നത്. നടക്കുമ്പോഴും പടികൾ കയറുമ്പോഴും സന്ധികളിൽ കഠിനമായ വേദന അനുഭവപ്പെടുകയും ചലിപ്പിക്കുമ്പോൾ ഒരു പ്രത്യേക ശബ്ദം (Crepitus) കേൾക്കുകയും ചെയ്യാം.

രോസന്ധിവാദത്തിനുള്ള ഘടകങ്ങളും കാരണങ്ങളും

സന്ധിവാതം ഉണ്ടാകുന്നതിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങൾ ഇവയാണ്:

  • ജനിതക ഘടകം: കുടുംബത്തിൽ ആർക്കെങ്കിലും സന്ധിവാതത്തിന്റെ പശ്ചാത്തലമുണ്ടെങ്കിൽ രോഗസാധ്യത ഏറുന്നു.

  • അമിതവണ്ണവും വ്യായാമക്കുറവും: അമിതമായ ശരീരഭാരം മുട്ട്, ഇടുപ്പ് തുടങ്ങിയ സന്ധികൾക്ക് ഇരട്ടി സമ്മർദ്ദം നൽകുകയും തേയ്മാനം വേഗത്തിലാക്കുകയും ചെയ്യുന്നു.

  • മോശം ഭക്ഷണശൈലിയും പുകവലിയും: പൂരിത കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണങ്ങളും പുകവലിയും ശരീരത്തിലെ നീർക്കെട്ട് വർദ്ധിപ്പിക്കുന്നു.

നേരത്തെയുള്ള രോഗനിർണ്ണയത്തിന്റെ പ്രാധാന്യം

സന്ധിവാത ലക്ഷണങ്ങൾ കണ്ടാലുടൻ ഒരു റൂമറ്റോളജിസ്റ്റിന്റെ സഹായം തേടേണ്ടത് അത്യന്താപേക്ഷിതമാണ്. രക്തപരിശോധനകൾ, എക്സ്-റേ, സ്കാനിംഗ് എന്നിവയിലൂടെ രോഗം തുടക്കത്തിലേ കണ്ടെത്താനാകും. ആദ്യഘട്ടത്തിൽത്തന്നെ കൃത്യമായ മരുന്നുകൾ (DMARDs പോലുള്ളവ) ആരംഭിച്ചാൽ സന്ധികൾക്ക് സംഭവിക്കുന്ന സ്ഥിരമായ കേടുപാടുകളും വൈകല്യങ്ങളും പൂർണ്ണമായി തടയാൻ സാധിക്കും. കൂടാതെ രോഗം ശ്വാസകോശം, രക്തക്കുഴലുകൾ എന്നിവയെ ബാധിക്കുന്നത് തടയാനും ഇത് സഹായിക്കും.

സന്ധികളുടെ ആരോഗ്യം സംരക്ഷിക്കാൻ ആരോഗ്യകരമായ ജീവിതശൈലി ശീലമാക്കുക:

സന്ധിവാതത്തെ പ്രതിരോധിക്കാനും നിയന്ത്രിക്കാനും കൃത്യമായ ജീവിതശൈലി അത്യാവശ്യമാണ്. ഉയരത്തിനൊത്ത ശരീരഭാരം നിലനിർത്തുന്നത് സന്ധികളുടെ ആയാസം കുറയ്ക്കും. സന്ധികൾക്ക് അമിത ആയാസം നൽകാത്ത നടത്തം, നീന്തൽ, യോഗ തുടങ്ങിയവ സന്ധികളുടെ വഴക്കവും പേശീബലവും കൂട്ടും.

തയ്യാറാക്കിയത്: ഡോ. ആനന്ദ് ശശിധരൻ, സീനിയർ സ്പെഷ്യലിസ്റ് റൂമറ്റോളജി, ആസ്റ്റർ മിംസ് കോട്ടക്കൽ

Arthritis Symptoms and Reasons; life style changes for Arthritis

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മമത ബാനര്‍ജി ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി'; വിശ്വസ്തയും ദീദീയെ കൈയൊഴിഞ്ഞു

ലോകകപ്പില്‍ മെസിയും റൊണാള്‍ഡോയും നേര്‍ക്കുനേര്‍ വരുമോ? സാധ്യതകള്‍ ഇങ്ങനെ

ഉറക്കം പോയാലും ആരോ​ഗ്യം പോകില്ല, ധൈര്യമായി കളി കാണാം, ശ്രദ്ധിക്കേണ്ടത് ഇത്ര മാത്രം

അർജന്റീനയുടെ മൂന്നാം കിരീടം മുതൽ സമുറായി പ്രതാപം വരെ; ജഴ്സികൾ ഒളിപ്പിക്കുന്ന ചരിത്രപാഠങ്ങൾ

'മഴയും കാറ്റും വെയിലും എല്ലാ മനുഷ്യർക്കും ഒരുപോലെയാണ്, അതുപോലെയാണ് കമ്മ്യൂണിസവും'; രോഹിണി

SCROLL FOR NEXT