ആമാശയത്തിൽ കാണപ്പെടുന്ന ഒരു സാധാരണ ബാക്ടീരിയയായ എച്ച്. പൈലോറി ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ആളുകൾക്ക് കുടലിലെ കാൻസറിന് കാരണമാകുമെന്ന് വിദഗ്ധർ. കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളിൽ ജനിച്ച ഏകദേശം 12 ദശലക്ഷം ആളുകളിൽ കുടലിലെ കാൻസറിന് ഈ ബാക്ടീരിയ അണുബാധ കാരണമായേക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ ഭാഗമായ ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ (IARC) യിലെ ഗവേഷകർ നടത്തിയ പുതിയ പഠനത്തിൽ പറയുന്നത്.
നിലവിലെ പ്രവണതകൾ തുടർന്നാൽ, 2008നും 2017നും ഇടയിൽ ജനിച്ച ഏതാണ്ട് 15.6 ദശലക്ഷം ആളുകൾക്ക് കുടലിലെ കാൻസർ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അതിൽ 76 ശതമാനം ആളുകളിൽ എച്ച്. പൈലോറി (ഹെലിക്കോബാക്റ്റർ പൈലോറി ബാക്ടീരിയ മൂലാമാകാമെന്നും ഗവേഷകർനേച്ചർ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
എന്താണ് എച്ച്. പൈലോറി?
ഹെലിക്കോബാക്റ്റർ പൈലോറി അഥവാ എച്ച്. പൈലോറി മുൻപ് കാംപിലോബാക്റ്റർ പൈലോറി എന്നാണ് അറിയപ്പെട്ടിരുന്നത്. ഇത് ഗ്രാം-നെഗറ്റീവ്, ഫ്ലാഗെലേറ്റഡ്, ഹെലിക്കൽ ബാക്ടീരിയയാണ്. എളുപ്പത്തിൽ പകരുന്ന ഈ ബാക്ടീരിയ പലപ്പോഴും ലക്ഷണങ്ങൾ പ്രകടിപ്പിക്കണമെന്നില്ല. അതാണ് വെല്ലുവിളിയാകുന്നത്. ആഗോളതലത്തിൽ ജവസംഖ്യയുടെ പകുതിയോളം ആളുകളുടെ ആമാശയ പാളികളിൽ എച്ച്. പൈലോറിയുടെ സാന്നിധ്യം ഉണ്ടെന്നാണ് നിഗമനം. ഐഎആർസിയും യുഎസ് കാർസിനോജൻസ് റിപ്പോർട്ടും എച്ച്. പൈലോറി ബാക്ടീരിയയെ ക്ലാസ് വൺ കാർസിനോജനായാണ് തരംതിരിച്ചിരിക്കുന്നത്.
മലിനമായ ഭക്ഷണം, വെള്ളം, ഉമിനീർ, മലം എന്നിവയിലൂടെയാണ് എച്ച്. പൈലോറി ബാക്ടീരിയകൾ മനുഷ്യശരീരത്തിൽ എത്തുന്നത്. ശുചിത്വം കുറവുള്ളതും തിരക്കേറിയ ജീവിതസാഹചര്യമുള്ളതുമായ പ്രദേശങ്ങളിൽ, പ്രത്യേകിച്ച് ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്കയുടെ ചില ഭാഗങ്ങളിൽ ഈ ബാക്ടീരിയയുടെ വ്യാപനം കൂടുതലാണ്.
എച്ച്. പൈലോറി ബാക്ടീരിയകൾ നിശബ്ദമായി ശരീരത്തിൽ വിട്ടു മാറാത്ത വീക്കം ഉണ്ടാക്കുന്നു. ഇത് അൾസർ, അട്രോഫിക് ഗ്യാസ്ട്രൈറ്റിസ് ഒടുവിൽ കാൻസറിന് വരെ കാരണമാവുകയും ചെയ്യുന്നു. 10-20 ശതമാനം ആളുകളിൽ മാത്രമായിരിക്കാം ദഹനക്കേട് അല്ലെങ്കിൽ വയറു വീർക്കൽ പോലുള്ള ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നത്. കൃത്യമായ സ്ക്രീനിങ്ങിലൂടെ എച്ച്. പൈലോറി ബാക്ടീരികളെ കണ്ടെത്തി ചികിത്സിക്കുന്നത് കുടലിലെ കാൻസർ കേസുകളുടെ എണ്ണം മൊത്തത്തിൽ 75 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കുമെന്നും പഠനത്തിൽ സൂചിപ്പിക്കുന്നു.
2101 ആകുമ്പോഴേക്കും 11.9 ദശലക്ഷം ആളുകൾക്ക് എച്ച്. പൈലോറി അണുബാധ മൂലമുണ്ടാകുന്ന കുടലിലെ കാൻസർ ഉണ്ടാകാമെന്നും ഗവേഷകർ പ്രവചിക്കുന്നു. ഗ്യാസ്ട്രിക് കാൻസർ പ്രതിരോധത്തിന് മുൻഗണന നൽകുകയും എച്ച്. പൈലോറി സ്ക്രീൻ ആന്റ് ട്രീറ്റ് പ്രോഗ്രാമുകൾ ഉൾപ്പെടെയുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതു കൊണ്ടും ഇത് നിയന്ത്രിക്കേണ്ടത് പ്രധാനമാണെന്ന് പഠനത്തിന് നേതൃത്വം നയിച്ച ഡോ. ജിൻ യംഗ് പാർക്ക് പറയുന്നു. എച്ച്. പൈലോറിയും ഗ്യാസ്ട്രിക് അഡിനോകാർസിനോമയും തമ്മിലുള്ള ബന്ധം ശക്തമാണെന്നും ബാക്ടീരിയ ബാധയുള്ളവരിൽ രണ്ട് അല്ലെങ്കിൽ ആറ് മടങ്ങ് കാൻസർ സാധ്യത കൂടുതലാണെന്നും ഗവേഷകർ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates