അർബുദത്തിനെതിരായ പോരാട്ടത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ഓസ്ട്രേലിയൻ ബാൻഡ് ബേസ് ഗിറ്റാറിസ്റ്റ് ആയ ജോർദൻ ബ്രുണോലി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ജോർദൻ ബ്രുണോലി ഇക്കാര്യം വെളിപ്പെടുത്തിയത്. ജീവിതത്തിന്റെ അവസാന അധ്യായത്തിലേക്ക് കടന്നുവെന്നും നാലാംഘട്ട ബവൽ കാൻസറിനോടുള്ള പോരാട്ടത്തിലാണെന്നും ജോർദൻ പറഞ്ഞു.
ബ്രിസ്ബെയിനിൽ നിന്നുള്ള ബഗ്സ് എന്ന ബാൻഡിലെ ബേസ് ഗിറ്റാറിസ്റ്റാണ് 29കാരനായ ജോർദൻ. ഒരു വർഷത്തോളമായി കാൻസർ ചികിത്സയിലാണ് അദ്ദേഹം. കാൻസർ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചു. കാൻസറിന് ജനിതകവ്യതിയാനമുണ്ടാവുകയും അതി വേഗത്തിൽ ട്യൂമറുകൾ ഉണ്ടാവുകയും ചെയ്തെന്ന് ജോർദൻ പറയുന്നു. ഒരു ചികിത്സയ്ക്കും കാൻസർ പടരുന്നതിനെ പ്രതിരോധിക്കാനായില്ല. ഇനി വെറും മാസങ്ങൾ മാത്രമേ താൻ ജീവിച്ചിരിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
ജീവിതത്തിന്റെ അവസാന അധ്യായത്തിലേക്ക് കടന്നിരിക്കുകയാണ്. ചികിത്സാകാലത്തും താനൊരു ഗാനത്തിന്റെ ഭാഗമായെന്നും അദ്ദേഹം പറഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞ്, കീമോയുടെ ആരോഗ്യപ്രശ്നങ്ങളിലൂടെ കടന്നുപോകവേയാണ് ഒരു ഗാനം റെക്കോർഡ് ചെയ്തത്. ഗിറ്റാർ സ്പർശിക്കുന്നതു പോലും അന്ന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. എല്ലാവരും തുടർന്നും ബാൻഡിനെ പിന്തുണയ്ക്കണമെന്നും ജോർദൻ കുറിച്ചിട്ടുണ്ട്.
വൻകുടലിലോ (Colon) മലാശയത്തിലോ (Rectum) ഉണ്ടാകുന്ന അർബുദമാണ് ബവൽ കാൻസർ അഥവാ കോളറെക്റ്റൽ കാൻസർ. സാധാരണയായി ഇത് വൻകുടലിന്റെ ഉൾവശത്തുള്ള പോളിപ്പുകളിൽ നിന്നാണ് വളരുന്നത്. ഭൂരിഭാഗം പോളിപ്പുകളും നിരുപദ്രവകാരികളാണ്. എന്നാൽ, ചിലത് കണ്ടെത്തി സമയോചിതമായി നീക്കം ചെയ്തില്ലെങ്കിൽ പത്ത് വർഷത്തിനുള്ളിൽ അത് കാൻസറായി മാറാൻ സാധ്യതയുണ്ട്.
വൻകുടലിന്റെ ഏറ്റവും ഉള്ളിലെ പാളിയിൽ നിന്നാണ് കാൻസർ ആരംഭിക്കുന്നത്. തുടർന്ന് ഇത് രക്തക്കുഴലുകളിലൂടെയോ ലിംഫ് നോഡുകളിലൂടെയോ ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കാം. സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണശീലം അവലംബിച്ചും ചിട്ടയായ വ്യായാമത്തിലൂടെ ശരീരഭാരം നിയന്ത്രിച്ചു നിറുത്തിയും ലഹരിപദാർത്ഥങ്ങൾ ഉപേക്ഷിച്ചും അർബുദത്തിനുള്ള സാധ്യത കുറയ്ക്കാനാവും.
വയറുവേദന
മലത്തിൽ രക്തം കാണപ്പെടുന്നത്
മലദ്വാരത്തിലൂടെയുള്ള രക്തസ്രാവം
മലവിസർജ്ജന ശീലങ്ങളിലെ മാറ്റങ്ങൾ
മലവിസർജ്ജനം പൂർണമായി നടക്കുന്നില്ലെന്ന തോന്നൽ
കാരണമില്ലാതെ ശരീരഭാരം കുറയുന്നത്
ക്ഷീണം
ഏറ്റവും ഫലപ്രദമായ പ്രതിരോധ മാർഗം ഭക്ഷണക്രമത്തിൽ ധാരാളം പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടുത്തുകയാണ്. ഇതിനൊപ്പം ബീഫ്, പന്നിയിറച്ചി തുടങ്ങിയവയും സംസ്‌കരിച്ച മാംസവിഭവങ്ങളും ഒഴിവാക്കുകയും വേണം. ശരീരത്തിന്റെ അരക്കെട്ടു ഭാഗത്ത് കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാൻ ശ്രദ്ധിക്കുന്നത് മലാശയ കാൻസറിനുള്ള സാധ്യത കുറയ്ക്കുന്ന ഘടകങ്ങളിലൊന്നാണ്.
പൊതുവെ അമിതവണ്ണം കുറയ്ക്കാനുള്ള വ്യായാമത്തിനൊപ്പം അടിവയർ ഭാഗത്തെ കൊഴുപ്പ് കുറയ്ക്കാനുള്ള പ്രത്യക വ്യായാമങ്ങളും അവലംബിക്കണമെന്ന് അർത്ഥം. ദീർഘകാലമായി തുടരുന്ന പുകവലിയാണ് മറ്റൊരു അപകട സാധ്യതാ ഘടകം. പുകവലി മലാശയ കാൻസറിനു മാത്രമല്ല, ശ്വാസകോശ അർബുദം ഉൾപ്പെടെ മറ്റ് അർബുദങ്ങൾക്കു കൂടി വഴിവയ്ക്കുമെന്നതും ശ്രദ്ധിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates