മഴക്കാലത്ത് കുടിവെള്ളത്തിന്റെ സുരക്ഷ വളരെ പ്രധാനമാണ്. ഇപ്പോഴും കുടിവെള്ളത്തിനായി കിണറുകളെ ആശ്രയിക്കുന്ന നിരവധി ആളുകളുണ്ട്. എന്നാൽ കനത്ത മഴ, വെള്ളക്കെട്ട്, മലിനജലത്തിന്റെ ഒഴുക്ക്, സെപ്റ്റിക് ടാങ്കുകളിൽ നിന്നുള്ള ചോർച്ച എന്നിവ കാരണം കിണർവെള്ളം എളുപ്പത്തിൽ മലിനമാകാൻ സാധ്യതയുണ്ട്.
പുറമെ നോക്കുമ്പോൾ വെള്ളം നല്ലതാണെന്ന് തോന്നാമെങ്കിലും ബാക്ടീരിയ, വൈറസ്, പാരസൈറ്റുകൾ തുടങ്ങിയ രോഗാണുക്കൾ ഉണ്ടാകാം. അതുകൊണ്ട് മഴക്കാലത്ത് കിണർവെള്ളം സുരക്ഷിതമായി ഉപയോഗിക്കാൻ ചില മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്.
കിണറിന് ചുറ്റും വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. ഉണങ്ങിയ ഇലകൾ, മാലിന്യങ്ങൾ, പ്ലാസ്റ്റിക്, മൃഗങ്ങളുടെ വിസർജ്യം എന്നിവ നീക്കം ചെയ്യണം. കിണറിനോട് ചേർന്ന് മാലിന്യം നിക്ഷേപിക്കുന്നത് ഒഴിവാക്കുക.
കിണറിന് ഉറപ്പുള്ള അല്ലെങ്കിൽ അനുയോജ്യമായ മൂടി ഉണ്ടായിരിക്കണം. തുറന്ന അവസ്ഥയിലുള്ള കിണറിലേക്ക് മഴവെള്ളം, പൊടി, ഇലകൾ, കീടങ്ങൾ, ചെറിയ ജീവികൾ എന്നിവ വീഴാൻ സാധ്യത കൂടുതലാണ്.
വെള്ളപ്പൊക്കം അല്ലെങ്കിൽ കനത്ത മഴ കിണറിനെ ബാധിച്ചിട്ടുണ്ടെങ്കിൽ വെള്ളം നേരിട്ട് കുടിക്കരുത്. ആദ്യം കിണർ വൃത്തിയാക്കി ആരോഗ്യവകുപ്പ് നിർദേശിക്കുന്ന രീതിയിൽ ക്ലോറിനേഷൻ നടത്തി അണുവിമുക്തമാക്കണം.
മഴക്കാലത്ത് കിണർവെള്ളം നേരിട്ട് കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. വെള്ളം നന്നായി തിളപ്പിച്ച് തണുപ്പിച്ചശേഷം മാത്രം കുടിക്കുക. തിളപ്പിക്കുന്നത് പല രോഗാണുക്കളെയും നശിപ്പിക്കാൻ സഹായിക്കും.
കിണർവെള്ളത്തിന് അസാധാരണമായ നിറം, ദുർഗന്ധം, എണ്ണപ്പാളി, മങ്ങൽ എന്നിവ അനുഭവപ്പെട്ടാൽ കുടിക്കാനോ പാചകത്തിനോ ഉപയോഗിക്കരുത്. കാരണം കണ്ടെത്തി പ്രശ്നം പരിഹരിച്ചശേഷം മാത്രമേ ഉപയോഗിക്കാവൂ.
കിണറിന്റെ അടിയിൽ അടിഞ്ഞുകൂടുന്ന ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യാൻ ഇടയ്ക്കിടെ ശുചീകരണം നടത്തണം. മഴക്കാലം തുടങ്ങുന്നതിന് മുമ്പ് കിണർ വൃത്തിയാക്കുന്നത് കൂടുതൽ ഗുണകരമാണ്.
ക്ലോറിൻ അമിതമായി ഉപയോഗിക്കുന്നതും കുറച്ച് ഉപയോഗിക്കുന്നതും ഒരുപോലെ പ്രശ്നങ്ങൾ സൃഷ്ടിക്കും. അതിനാൽ ആരോഗ്യവകുപ്പ് അല്ലെങ്കിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിർദേശപ്രകാരമുള്ള അളവിൽ മാത്രം ക്ലോറിനേഷൻ നടത്തണം.
സെപ്റ്റിക് ടാങ്കും കിണറും തമ്മിൽ മതിയായ അകലം ഉണ്ടായിരിക്കണം. പഴകിയതോ ചോർച്ചയുള്ളതോ ആയ സെപ്റ്റിക് ടാങ്കുകൾ മഴക്കാലത്ത് കിണർവെള്ളം മലിനമാക്കാൻ ഇടയാക്കും.
കുടുംബത്തിൽ ഇടയ്ക്കിടെ വയറിളക്കം, ഛർദ്ദി, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ തുടങ്ങിയ ജലജന്യ രോഗങ്ങൾ റിപ്പോർട്ട് ചെയ്യുകയോ വെള്ളത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് സംശയം തോന്നുകയോ ചെയ്താൽ കിണർവെള്ളം അംഗീകൃത ലബോറട്ടറിയിൽ പരിശോധിക്കുന്നത് നല്ലതാണ്.
കിണറിന് ചുറ്റും ഉയർന്ന സംരക്ഷണഭിത്തിയും മഴവെള്ളം ഒഴുകിപ്പോകാൻ ഡ്രെയിനേജ് സംവിധാനവും ഒരുക്കുന്നത് മലിനജലം കിണറിലേക്ക് പ്രവേശിക്കുന്നത് കുറയ്ക്കും.
തുടർച്ചയായ വയറിളക്കം
ഛർദ്ദി
പനി
കടുത്ത വയറുവേദന
നിർജലീകരണത്തിന്റെ ലക്ഷണങ്ങൾ
കണ്ണിനും ചർമത്തിനും മഞ്ഞനിറം (ഹെപ്പറ്റൈറ്റിസിന്റെ സാധ്യത)
തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക.
കുടിവെള്ള പാത്രങ്ങൾ മൂടിവയ്ക്കുക.
വെള്ളം എടുക്കാൻ വൃത്തിയുള്ള പത്രം ഉപയോഗിക്കുക.
കുട്ടികൾക്ക് തിളപ്പിച്ച് മാത്രം വെള്ളം കൊടുക്കുക.
കിണറിന് സമീപം രാസവസ്തുക്കളോ മാലിന്യങ്ങളോ സൂക്ഷിക്കരുത്.
കിണറിന്റെ മൂടി എല്ലായ്പ്പോഴും അടച്ചുവയ്ക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates