ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രഭാതഭക്ഷണമെന്ന് വിശേഷിപ്പിക്കാറുണ്ട്. അതിന് മതിയായ കാരണങ്ങളുമുണ്ട്. തിരക്കിനിടെ ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നത് സമയം ലാഭിക്കാമെങ്കിലും ആരോഗ്യത്തിന് അത വിപരീതഫലമുണ്ടാക്കും. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഊർജ്ജം കുറയ്ക്കുക മാത്രമല്ല, നമ്മുടെ ശാരീരിക-മാനസിക ആരോഗ്യത്തിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.
രാവിലെ കഴിക്കുന്ന ഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നതിലും, വൈജ്ഞാനിക പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിലും, ദിവസം മുഴുവൻ നമ്മുടെ ഊർജ്ജ നിലകൾക്കും മാനസികാവസ്ഥയും നിലനിർത്തുന്നതിനും നിർണായക പങ്ക് വഹിക്കുന്നു.
സമീകൃത പ്രഭാതഭക്ഷണം നമ്മുടെ ശരീരത്തെയും മനസിനെയും ഉണർത്തുന്നതിൽ നിർണായകമാണ്. പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം കഴിക്കുന്ന ആളുകൾക്ക് മികച്ച മാനസിക ജാഗ്രതയും ശ്രദ്ധയും ഉണ്ടെന്ന് ഗവേഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നു. പ്രത്യേകിച്ച് കുട്ടികളിൽ, പ്രഭാതഭക്ഷണം അവരിൽ മികച്ച അക്കാദമിക് പ്രകടനവുമായും ഓർമശക്തി, ഏകാഗ്രത എന്നിവയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.
മധുരം, കാർബോഹൈഡ്രേറ്റുകള്‍ കൂടുതലായി അടങ്ങിയ ഭക്ഷണങ്ങൾ പെട്ടെന്നുള്ള ഊർജ്ജ വർധനവിന് കാരണമാകുമെങ്കിലും പെട്ടെന്ന് ഊർജ്ജം താഴുന്നതിലേക്കും അത് നയിക്കും. സങ്കീർണമായ കാർബോഹൈഡ്രേറ്റുകൾ, പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പുഷ്ടമായ ഭക്ഷണം മാനസികവും ശാരീരികവുമായ പ്രകടനത്തെ സഹായിക്കുന്നതിന് സുസ്ഥിരമായ ഊർജ്ജം നൽകുന്നു.
രാവിലെ ഒരു കപ്പ് കാപ്പി അല്ലെങ്കിൽ ചായ കുടിച്ചിട്ടാണ് മിക്കപ്പോഴും നമ്മുടെ ദിവസം തുടങ്ങുക. എന്നാൽ അത് അത്ര നല്ല ശീലമല്ല. രാവിലെ എട്ട് മണിക്കും ഒൻപതു മണിക്കും ഇടയിൽ, ശരീരം സ്വാഭാവികമായും ഉയർന്ന അളവിൽ കോർട്ടിസോൾ ഉത്പാദിപ്പിക്കുന്നു. ഇത് നമ്മെ ഉണർത്താൻ സഹായിക്കുന്ന ഒരു ഹോർമോണാണ്.
ഈ സമയത്ത് കഫീൻ കുടിക്കുന്നത് ശരീരത്തെ അമിതമായി ഉത്തേജിപ്പിക്കുകയും പരിഭ്രാന്തിയിലേക്ക് നയിക്കുകയും ചെയ്യും. കോർട്ടിസോളിന്റെ അളവ് കുറയാൻ തുടങ്ങുന്ന, രാവിലെ 9.30 നും 11.30 നും ഇടയിൽ കാപ്പി അല്ലെങ്കിൽ ചായ കുടിക്കുന്നതായിരിക്കും നല്ലതെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
പ്രഭാതഭക്ഷണം കഴിക്കുമ്പോള്‍ ഈ അബദ്ധങ്ങള്‍ ഒഴിവാക്കാം
റോളുകള്‍, പേസ്ട്രി, ബ്രെഡ് പോലുള്ള ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ രുചികരമാണെങ്കിലും അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിപ്പിക്കാന്‍ കാരണമാകും. ഇത് കുറച്ചു സമയത്തിന് ശേഷം വിശപ്പ് കൂട്ടുകയും മാനസികാവസ്ഥയില്‍ മാറ്റം ഉണ്ടാക്കുകയും ചെയ്യുന്നു. ബ്രേക്ക്ഫാസ്റ്റില്‍ ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
സ്മൂത്തി പോലുള്ളവ ആരോഗ്യകരമാണെന്ന് തോന്നുമെങ്കിലും, പഞ്ചസാരയും കലോറിയും അമിതമായി ഇതില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ നാരുകള്‍ കുറവുമായിരിക്കും.
കോണ്‍ഫ്ളക്സ് പോലുള്ള പായ്ക്ക് ധാന്യങ്ങളില്‍ പഞ്ചസാര കൂടുതലും പോഷകങ്ങൾ കുറവുമാണ്. ഇത് പിന്നീട് ഊർജ്ജ നില കുറയാൻ കാരണമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates