ഒരു മനുഷ്യന്റെ ശരീരത്തിനാവശ്യമായ ഊർജ്ജം ലഭിക്കുന്നത് കാർബോഹൈഡ്രേറ്റുകളിൽ നിന്നാണ്. തലച്ചോർ ഉൾപ്പെടെയുള്ള എല്ലാ അവയവങ്ങളുടെയും ഓരോ കോശത്തിന്റെയും പ്രവർത്തനത്തിനും ഇവ അത്യന്താപേക്ഷിതമാണ്. കാർബോഹൈഡ്രേറ്റുകൾ വിഘടിച്ചുണ്ടാകുന്ന ഗ്ലൂകോസുപയോഗിച്ചാണ് കോശങ്ങൾ ഊർജ്ജ തന്മാത്രകളായ എ.ടി.പി (ഓക്സിഡേറ്റീവ് ഫോസ്ഫോറിലേഷൻ) ഉൽപാദിപ്പിക്കുന്നത്. ബാക്കിവരുന്ന കാർബോഹൈഡ്രേറ്റ് കരളിലും പേശികളിലും ഗ്ലൈക്കോജൻ രൂപത്തിൽ ഭാവിയിലെ ആവശ്യങ്ങൾക്ക് ശേഖരിച്ചുവെക്കും. പൂർണമായും കാർബോഹൈഡ്രേറ്റുകളെ ഒഴിവാക്കിക്കൊണ്ടുള്ള ഭക്ഷണരീതി സാധ്യമല്ല, ഏതാണ്ട് എല്ലാ ഭക്ഷണത്തിലും ഇവയുടെ സാന്നിധ്യമുണ്ട് എന്നതുതന്നെ കാരണം.
എന്നാൽ, കാർബോഹൈഡ്രേറ്റിന്റെ അളവ് കുറഞ്ഞ ഭക്ഷണ രീതി പിന്തുടർന്നാൽ കോശങ്ങൾ ശരീരത്തിലെ കൊഴുപ്പിൽ നിന്ന് എ.ടി.പി തന്മാത്രകൾ ഉൽപാദിപ്പിക്കാൻ തുടങ്ങും. കീറ്റോസിസ് എന്നറിയപ്പെടുന്ന പ്രക്രിയയാണിത്. തലച്ചോറിന്റെ പ്രധാന ഇന്ധനമാണ് ഗ്ലൂകോസ് . ഗ്ലൂകോസ് ലഭ്യത കുറയുമ്പോൾ പേശികളിൽ സംഭരിച്ചിട്ടുള്ള മാംസ്യത്തെ ഇതിനായി ഉപയോഗിക്കും. ഇത് പേശികൾ ചുരുങ്ങാൻ കാരണമാകും. കാർബോഹൈഡ്രേറ്റ് പൂർണമായും ഒഴിവാക്കുന്നതിലൂടെ ശരീരത്തിനാവശ്യമായ നാരുകളുടെ അപര്യാപ്തയ്ക്ക് കാരണമാകുന്നു.
ശരീരത്തിനാവശ്യമായ നാരുകളുടെ അപര്യാപ്തത കുടലിന്റെ ആരോഗ്യത്തെയും ദഹനത്തെയും ബാധിക്കും. മലവിസർജനത്തിന് സഹായിക്കുന്ന നാരുകൾ ശരീരത്തിലെ അവശ്യ സൂക്ഷ്മജീവികളുടെ ആഹാരംകൂടിയാണ്. അതിനാൽ, ഇവ ആരോഗ്യത്തിനും അത്യാവശ്യമാണ്. കൊളസ്ട്രോൾ, ഹൃദയാരോഗ്യം,എന്നിവ കൈകാര്യം ചെയ്യുന്നതിലും നാരുകൾ ആവശ്യമാണ്.
ഏതുതരം കാർബോഹൈഡ്രേറ്റാണ് നമ്മൾ കഴിക്കുന്നത് എന്നതും വളരെ പ്രധാനമാണ്. പോഷകഘടകങ്ങൾ കുറവുള്ള അൾട്രാ പ്രോസസ് ചെയ്ത കാർബോഹൈഡ്രേറ്റുകൾ കുറഞ്ഞ അളവിൽ കഴിക്കുന്നതാണ് എപ്പോഴും നല്ലത്. കാർബോഹൈഡ്രേറ്റുകൾ ഒഴിവാക്കുന്നതിനു പകരം, സങ്കീർണമായ കാർബോഹൈഡ്രേറ്റുകൾ, പ്രോട്ടീൻ (മാംസ്യം), കൊഴുപ്പ് എന്നിവയടങ്ങിയ പഴങ്ങളും പച്ചക്കറികളും ഉൾപ്പെട്ട സമീകൃതാഹാരം കഴിക്കുക എന്നതാണ് ഉത്തമം. കാർബോഹൈഡ്രേറ്റ് വളരെ കുറഞ്ഞ അളവിൽ കഴിക്കുന്നത് ചിലർക്ക് അപസ്മാരം, പ്രമേഹം എന്നിവ നിയന്ത്രിക്കാൻ ഗുണം ചെയ്തേക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates