ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വാക്‌സിനേഷന്‍ യുവാക്കളുടെ പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്നില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) നടത്തിയ പഠനം. വാക്‌സിനേഷനെ തുടര്‍ന്ന് പെട്ടെന്നു മരണമുണ്ടായ ഘട്ടങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഇവ അമിതമായ മദ്യപാനവും തീവ്രമായ മറ്റ് അസ്വസ്ഥ്യങ്ങളുമായി ബന്ധപ്പെട്ടതാണെന്നും പഠനം പറയുന്നു.
രണ്ടു ഡോസ് കോവിഡ് വാക്സീൻ സ്വീകരിച്ചവർക്ക് പെട്ടെന്നുള്ള മരണം സംഭവിക്കാനുള്ള സാധ്യത കുറവാണെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. രാജ്യത്തെ 47 ആശുപത്രികൾ കേന്ദ്രീകരിച്ചായിരുന്നു പഠനം. 729 കേസുകൾ സംഘം പഠനത്തിനു വിധേയമാക്കി.
മുന്‍കാലങ്ങളില്‍ കോവിഡിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരും ഇന്ത്യയിലെ 18-45 വയസ് പ്രായമുള്ള മുതിര്‍ന്നവര്‍ക്കിടയിലെ പെട്ടെന്നുള്ള മരണവുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ പഠന വിധേയമാക്കി. 'മള്‍ട്ടിസെന്‍ട്രിക് മാച്ച്ഡ് കേസ്-കണ്‍ട്രോള്‍ സ്റ്റഡി' എന്ന പേരിലുള്ള പഠനം സമപ്രായക്കാരുടെ അവലോകനത്തിലാണ്, റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ പ്രസിദ്ധീകരിക്കാനുണ്ട്. ഈ മാസം ആദ്യം ഇത് പൂര്‍ത്തിയായതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
നേരത്തെ കോവിഡ് ബാധിച്ചവര്‍ ഹൃദയാഘാതവും ഹൃദയസംബന്ധമായ രോഗങ്ങളും ഒഴിവാക്കാന്‍ ഒന്നോ രണ്ടോ വര്‍ഷത്തേക്ക് അമിതമായി കായികാധ്വാനം ചെയ്യരുതെന്ന് ഐസിഎംആര്‍ പഠനത്തെ ഉദ്ധരിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഞായറാഴ്ച ഗുജറാത്തിലെ ഭാവ്നഗറില്‍ പറഞ്ഞിരുന്നു.
ഇന്ത്യയിലെ ആരോഗ്യമുള്ള ചെറുപ്പക്കാര്‍ക്കിടയിലെ പെട്ടെന്നുള്ള മരണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ഗവേഷകരെ പഠനത്തിലേക്ക് നയിച്ചത്. കോവിഡ് മരണങ്ങള്‍ അല്ലെങ്കില്‍ വാക്‌സിനേഷനുമായി ബന്ധപ്പെട്ട ആശങ്കകളും പഠനത്തിന് കാരണമായി. ഇന്ത്യയിലെ ആരോഗ്യമുള്ള യുവാക്കള്‍ക്കിടയിലെ പെട്ടെന്നുള്ള വിശദീകരിക്കാനാകാത്ത മരണങ്ങള്‍ക്ക് കാരണമായ ഘടകങ്ങള്‍ അന്വേഷിക്കുന്നതിനാണ് പഠനം നടത്തിയത്. 2021 ഒക്ടോബര്‍ 1 നും 2023 മാര്‍ച്ച് 31 നും ഇടയില്‍ പ്രത്യേകിച്ച് കാരണങ്ങളില്ലാതെ മരിച്ച 18-45 വയസ് പ്രായമുള്ളവരിലാണ് പഠനം നടത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates