അമിതവണ്ണം അല്ലെങ്കിൽ പൊണ്ണത്തടി എന്നത് അത്ര ആരോഗ്യകരമല്ലെന്ന് നമ്മൾക്ക് അറിയാം. അതുകൊണ്ട് തന്നെ ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുന്നതിന് ആളുകൾ ഡയറ്റിലും വ്യയാമത്തിലും ശ്രദ്ധിച്ചു തുടങ്ങി. ചോറ് ഉപേക്ഷിച്ച് പലരും ചപ്പാത്തിയിലേക്ക് ചുവടുമാറിയത് ഇതിനൊരു ചെറിയ ഉദാഹരണമാണ്. അതെ ചപ്പാത്തി.., ചപ്പാത്തിയാണല്ലോ ഇപ്പോൾ സോഷ്യൽമീഡിയയിൽ താരം.
സൗമ്യ വധക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെട്രൽ ജയിലിൽ കഴിഞ്ഞിരുന്ന ഗോവിന്ദച്ചാമിയെ ജയിൽ ചാടാൻ സഹായിച്ചതിൽ 'ചപ്പാത്തി' ഒരു നിർണായക ഘടകമായിരുന്നുവത്രേ. ചപ്പാത്തി കഴിച്ചാൽ മെലിയുമെന്നും മെലിഞ്ഞാൽ അഴികളിലൂടെ പുറത്തിറങ്ങാൻ എളുപ്പമാണെന്നും അയാൾ കണക്കുകൂട്ടി. ജയിൽ ചാടാനായി ഏതാണ്ട് ഒരു വർഷത്തോളമാണ് ഗോവിന്ദച്ചാമി ചപ്പാത്തി മാത്രം കഴിച്ചത്.
ചോറു കഴിക്കുന്നതു ശരീരഭാരം കൂടുമെന്ന ചിന്തയിലാണ് ആളുകൾ ചപ്പാത്തി തിരഞ്ഞെടുക്കുന്നത്. എന്നാൽ ചോറിലും ചപ്പാത്തിയിലും ഏകദേശം ഒരുപോലെയാണ് കാർബോഹൈഡ്രേറ്റും കലോറിയും ഊർജ്ജവും വരുന്നത്. ആകെ വ്യത്യാസം അളവാണ്. ചോറ് കഴിക്കുന്ന അളവിൽ ആളുകൾ ചപ്പാത്തി കഴിക്കില്ലെന്നതാണ് ഇതിന്റെ പിന്നാലെ രഹസ്യമെന്ന് കൊച്ചി, ലേക്‌ഷോർ ആശുപത്രി, ഡിപ്പാർട്മെന്റ് ഓഫ് ക്ലിനിക്കൽ ന്യൂട്രീഷൻ, ചീഫ് ഡയറ്റീഷനായ മഞ്ജു പി ജോർജ് പറയുന്നു.
ചപ്പാത്തിയിൽ ചോറിനെക്കാൾ കൂടുതൽ പ്രോട്ടീനും നാരുകളും ഉള്ളതിനാൽ വയറു വേഗം നിറയുകയും കുറേ നേരത്തേക്ക് വിശക്കാതിരിക്കുകയും ചെയ്യും. എന്നാൽ ചോറ് പെട്ടെന്ന് ദഹിക്കുമെന്നതിനാൽ പെട്ടെന്ന് വിശപ്പുണ്ടാകുകയും ഭക്ഷണം കൂടുതൽ കഴിക്കുകയും ചെയ്യുന്നു.
എന്നുകരുതി രണ്ട് തവി ചോറിന് പകരം ദിവസവും അഞ്ച് ചപ്പാത്തി കഴിക്കാമെന്ന് കരുതിയാൽ ശരീരഭാരം നമ്മൾ കരുതുന്ന പോലെ കുറയണമെന്നില്ല. രണ്ട് മീഡിയം ചപ്പാത്തിയെന്നാൽ ഒരു തവി ചോറിന് സമമാണ്. ഇത് പോർഷൻ കൺട്രോളിങ്ങിന് സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates