പുറത്തിറങ്ങിയാൽ ചർമത്തിൽ ടാൻ അടിക്കുക സാധാരണമാണ്. സൂര്യന്റെ അൾട്രാവൈലറ്റ് രശ്മികളിൽ നിന്ന് രക്ഷപെടാൻ സൺക്രീൻ പുരട്ടുക എന്നതാണ് ഉടനടിയുള്ള പരിഹാരം. എന്നാൽ യുവി രശ്മികളെ തുടർന്നുണ്ടാകുന്ന ചർമത്തിലെ ടാനിന്റെ തോത് കൂടുന്നതും കുറയുന്നതും നമ്മുടെ ആമാശയത്തിന്റെ ആരോഗ്യവും തമ്മിൽ ബന്ധമുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
കുടലിന്‍റെ ആരോഗ്യം പോലുള്ള ആന്തരിക ഘടകങ്ങൾ യുവി രശ്മികളോടുള്ള നമ്മുടെ ചർമത്തിന്റെ പ്രതികരണത്തിൽ സൂക്ഷ്മമായ പങ്ക് വഹിക്കുന്നുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ഭക്ഷണം ദഹിപ്പിക്കുക മാത്രമല്ല ആമാശയത്തിന്‍റെ പണി!
നമ്മള്‍ കഴിക്കുന്ന ഭക്ഷണം ദഹിപ്പിച്ച് അവയില്‍ നിന്ന് ശരീരത്തിന് ആവശ്യമായ പോഷകങ്ങളെ വലിച്ചെടുക്കുകയാണ് കുടലിന്‍റെ പ്രധാന ജോലിയെങ്കിലും മൊത്തത്തിലുള്ള ആരോഗ്യത്തെ നിലനിര്‍ത്താന്‍ സഹായിക്കുന്ന കോടിക്കണക്കിന് വരുന്ന സൂക്ഷ്മാണുക്കളുടെ ആവാസ കേന്ദ്ര കൂടിയാണ് കുടല്‍.
സന്തുലിതമായ കുടല്‍ മൈക്രോബയോം ശരീരവീക്കം കുറച്ച് പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ചര്‍മത്തിന്റെ ആരോഗ്യത്തിലും ഇത് കാര്യമായ പങ്ക് വഹിക്കുന്നുണ്ട്. ഈ ഒരു ബാലന്‍സ് നഷ്ടപ്പെടുന്നത് ശരീര വീക്കത്തിനും ഓക്‌സിഡേറ്റീവ് സ്‌ട്രെസിലേക്കും നയിക്കാം. ഡിസ്ബയോസിസ് എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്.
കുടലിന്‍റെ ആരോഗ്യവും ടാനിങ്ങും
കുടലിന്റെ ആരോഗ്യം മോശമാകുന്നത് യഥാർത്ഥത്തിൽ ടാനിങ് വർധിപ്പിക്കുന്നതിന് കാരണമാകുമോ? കുടലിന്റെ മോശം ആരോഗ്യം ശരീര വീക്കം, ഓക്സിഡേറ്റീവ് സമ്മർദം എന്നിവയിലേക്ക് നയിച്ചേക്കാം. ഇത് ചര്‍മത്തില്‍ പിഗ്മെന്റേഷൻ ഡിസോർഡേഴ്സ് അല്ലെങ്കിൽ അസമമായ ടാനിങ് എന്നിവ വർധിപ്പിക്കും. കുടലിന്റെ മോശം ആരോഗ്യം സൂര്യതാപത്തിൽ നിന്ന് ചർമത്തെ സംരക്ഷിക്കുന്ന ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങിയ അവശ്യ പോഷകങ്ങളുടെ ആഗിരണം മന്ദഗതിയിലാക്കുന്നു. ഇത് യുവി രശ്മികളെ തുടർന്നുള്ള ചർമത്തിലെ ടാനിങ് വർധിപ്പിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates