പ്രമേഹരോഗികളെ സംബന്ധിച്ചിടത്തോളം പാദസംരക്ഷണം വളരെ പ്രധാനമാണ്. ചെറിയ മുറിവു പോലും ആരോഗ്യ അവസ്ഥ വഷളാക്കാം. പ്രമേഹം ബാധിക്കുന്നതോടെ പാദത്തിലേക്കുള്ള രക്തയോട്ടം കുറയുന്നു. അങ്ങനെ പാദങ്ങളില്‍ മരവിപ്പ് ഉണ്ടാകുന്നു. പ്രാരംഭ ഘട്ടത്തില്‍ വേദന ഉണ്ടാകില്ല, പക്ഷേ അത് ക്രമേണ വര്‍ദ്ധിക്കുകയും നിങ്ങളുടെ കാലുകളിലേക്ക് വ്യാപിക്കുകയും ചെയ്യും. ചികിത്സിച്ചില്ലെങ്കില്‍ അത് കാല് മുറിച്ചുമാറ്റുന്നതിലേക്ക് വരെ നയിച്ചേക്കാം. നല്ല പാദ സംരക്ഷണം നിങ്ങളുടെ വേദനയും കാലിലെ ഗുരുതരമായ പ്രശ്‌നങ്ങളും തടയും.
പ്രമേഹ രോഗികൾ പാദങ്ങളുടെ സ്വയം പരിചരണം ദിവസേന ഉറപ്പുവരുത്തണം. ദിവസവും പാദങ്ങൾ പൂർണ്ണമായി, വിരലുകൾക്കിടയിൽ ഉൾപ്പെടെ ഏതെങ്കിലും തരത്തിലുള്ള മുറിവുകൾ, കുമിളകൾ, ചുവപ്പ് നിറം അല്ലെങ്കിൽ നീർവീക്കം എന്നിവയുണ്ടോ എന്ന് പരിശോധിക്കുക. ഉണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടുക.
ആവശ്യമെങ്കിൽ ഒരു കണ്ണാടി ഉപയോഗിക്കാം. അല്ലെങ്കിൽ ആരുടെയെങ്കിലും സഹായം തേടാവുന്നതാണ്.
ഇളം ചൂടുവെള്ളവും വീര്യം കുറഞ്ഞ സോപ്പും ഉപയോഗിച്ച് പാദങ്ങൾ പൂർണമായും വൃത്തിയായും കഴുകുക.
കോട്ടൺ തുണി ഉപയോഗിച്ച് കാൽപാദങ്ങളിലെ ഈർപ്പം, നനവ് എന്നിവ ഒപ്പിയെടുക്കാം. ഇത് ഫംഗസ് വളർച്ച തടയാൻ സഹായിക്കും. പ്രത്യേകിച്ച് കാൽവിരലുകൾക്കിടയിൽ. ഈർപ്പം നിലനിർത്തുന്നതിന് പാദങ്ങളുടെ മുകളിലും അടിയിലും ലോഷൻ പുരട്ടാം. എന്നാൽ വിരലുകൾക്കിടയിൽ പുരട്ടുന്നത് ഒഴിവാക്കുക.
തഴമ്പുകളോ മറ്റോ സ്വയം മുറിച്ചുമാറ്റാൻ ശ്രമിക്കരുത്.
കാൽവിരലുകളിലെ നഖം വെട്ടുമ്പോൾ സൂക്ഷിച്ചു മുറിക്കുക. ചെറിയ മുറിവുകൾ പോലും അണുബാധ ഉണ്ടാക്കാം.
പാദങ്ങൾക്ക് കൃത്യമായി പാകമാകുന്നതും, സപ്പോർട്ട് നൽകുന്നതും, മുൻഭാഗം അടഞ്ഞതുമായ ഷൂസുകൾ തിരഞ്ഞെടുക്കുക. ഷൂസ് ധരിക്കുന്നതിന് മുമ്പ് അതിനുള്ളിൽ മറ്റു വസ്തുക്കൾ ഇല്ലെന്ന് ഉറപ്പുവരുത്തുക. സോക്സുകൾ ഈർപ്പം വലിച്ചെടുക്കുന്നതും തുന്നലുകൾ ഇല്ലാത്തതുമായിരിക്കണം. വീടിനകത്ത് പോലും നഗ്നപാദരായി നടക്കരുത്.
പ്രമേഹം മൂലമുള്ള പാദത്തിലെ വ്രണങ്ങൾക്ക് വിദഗ്ദ്ധ ചികിത്സ ആവശ്യമാണ്. ഇതിൽ മുറിവിലെ മൃതമായ കോശങ്ങൾ നീക്കം ചെയ്യുക, അനുയോജ്യമായ ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ച് അണുബാധ നിയന്ത്രിക്കുക, മുറിവിലെ സമ്മർദം കുറയ്ക്കുന്നതിന് പ്രത്യേകതരം കാസ്റ്റുകളോ പാദരക്ഷകളോ ഉപയോഗിക്കുക എന്നിവ ഉൾപ്പെടുന്നു. രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനുള്ള പരിശോധനകളും ചികിത്സയും ആവശ്യമായി വന്നേക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates