ജോലി, കുടുംബം തുടങ്ങി 24 മണിക്കൂറും തിരക്കോട് തിരക്ക്. അറിഞ്ഞോ അറിയാതെയോ ഈ സമ്മർദം നമ്മുടെ ശരീരത്തെയും സാരമായി ബാധിക്കാം. സമ്മർദം വർധിക്കുന്നത് സ്ട്രെസ് ഹോർമോൺ ആയ കോർട്ടിസോളിന്റെ ഉൽപ്പാദനം വർധിക്കാൻ കാരണമാകും. ശരീരഭാരം കുറയൽ, ഉറക്കമിയ്മ, മാനസികാവസ്ഥ മാറ്റം, മുടി കൊഴിച്ചിൽ, ഓർമക്കുറവ് തുടങ്ങിയവ ശരീരത്തിൽ കോർട്ടിസോളിന്റെ അളവ് വർധിക്കുന്നതിന്റെ ലക്ഷണമാകാം. ശരീരത്തിലെ കോർട്ടിസോൾ ഉൽപ്പാദനം സാധാരണ നിലയിലാക്കാൻ സഹായിക്കുന്ന നാല് സിംപിൾ ടെക്നിക്കുകൾ ഉണ്ട്.
എന്താണ് കോർട്ടിസോൾ?
അഡ്രീനൽ ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന ഒരു സ്റ്റിറോയിഡ് ഹോർമോൺ ആണ് കോർട്ടിസോൾ. ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ്, രക്തസമ്മർദം, വീക്കം എന്നിവ നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു. എന്നാൽ നിരന്തരം സമ്മർദത്തിലാകുന്നത് ശരീരത്തിൽ ഉയർന്ന കോർട്ടിസോൾ ഉൽപാദനത്തിലേക്ക് നയിച്ചേക്കാം. ഇത് അതിൻ്റെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും വിപരീത ഫലം ഉണ്ടാക്കുകയും ചെയ്യുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
എങ്ങനെ കോർട്ടിസോൾ സ്വഭാവികമായും നിയന്ത്രിക്കാം
ഉറക്കം
ഉറക്കത്തെ നമ്മൾ പലരും നിസാരവൽക്കരിക്കാറുണ്ട്. എന്നാൽ ആരോഗ്യകരമായ ജീവിതം നയിക്കേണ്ടതിന് ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ഉറക്കം. മതിയായ ഉറക്കം കിട്ടാത്ത അവസ്ഥ ശരീരത്തിൽ കോർട്ടിസോളിന്റെ അളവു വർധിപ്പിക്കാൻ കാരണമാകുന്നു. ഏഴ് മുതൽ ഒൻപതു മണിക്കൂർ വരെയുള്ള ഉറക്കമാണ് ആരോഗ്യകരമായ ഉറക്കമായി കണക്കാക്കുന്നത്.
ശാരീരിക വ്യായാമം
വ്യായാമം ചെയ്യുന്നത് ശാരീരികമായും മാനസികമായും റിലാക്സ് ആകാൻ സഹായിക്കുന്നു. അതുകൊണ്ട് തന്നെ കോർട്ടിസോളിന്റെ അളവു കുറയ്ക്കാനും ഇതിലൂടെ സാധിക്കും. നടത്തം, യോഗ, സൈക്ലിങ് തുടങ്ങിയ തീവ്രത കുറഞ്ഞ ശാരീരിക പ്രവർത്തനങ്ങൾ ദിനചര്യയിൽ ഉൾപ്പെടുത്തുന്നത് ഫീൽ ഗുഡ് ഹോർമോൺ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നു. ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കും.
ആരോഗ്യകര ഭക്ഷണക്രമം
കഫീൻ അടങ്ങിയ ഭക്ഷണങ്ങൾ, വറുത്തതും പൊരിച്ചതുമായി ഭക്ഷണങ്ങൾ തുടങ്ങിയവ സമ്മർദം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇത്തരം ഭക്ഷണം പരമാവധി ഒഴിവാക്കി പഴങ്ങളും പച്ചക്കറികളും കൂടുതൽ ഉൾപ്പെടുത്തി ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരാൻ ശ്രമിക്കുന്നത് ശരീരത്തിൽ കോർട്ടിസോളിന്റെ അളവു കുറയ്ക്കുന്നതിന് സഹായിക്കുന്നു.
സ്ട്രെസ് മാനേജ്മെൻ്റ്
യോഗ, മെഡിറ്റേഷൻ, ശ്വസന വ്യായാമം തുടങ്ങിയ സ്ട്രെസ് മാനേജ്മെന്റ് പ്രവർത്തനങ്ങൾ കോർട്ടിസോൾ അളവു കുറയ്ക്കാൻ സഹായിക്കും. ജീവിതത്തിൽ സന്തോഷവും സംതൃപ്തിയും നൽകുന്നതിന് സ്വയം പരിചരണ സമയം കണ്ടെത്തുന്നത് മാനസിക സമ്മർദം കുറയ്ക്കാൻ സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates