തലയ്ക്കേൽക്കുന്ന പരിക്ക് പിന്നീട് മസ്തിഷ്ക അർബുദമാകാനുള്ള സാധ്യത ചൂണ്ടിക്കാട്ടി പുതിയ പഠനം. യൂണിവേഴ്സിറ്റി കോളജ് ലണ്ടനിലെ ഗവേഷകർ നടത്തിയ പഠനത്തിൽ തലയ്ക്ക് സാധാരണ മുതൽ ഗുരുതര പരിക്കുകളുള്ളവർക്ക് പരിക്കേൽക്കാത്ത വ്യക്തികളെ അപേക്ഷിച്ച് മാരകമായ ബ്രെയിൻ ട്യൂമറുകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് വ്യക്തമാക്കുന്നു.
ട്രോമാറ്റിക് ബ്രെയിൻ ഇഞ്ച്വറി (TBI) ബാധിതരായ 75,000-ത്തിലധികം ആളുകളുടെ 2000നും 2024നും ഇടയിലുള്ളവരുടെ ആരോഗ്യ ഡാറ്റയാണ് ഗവേഷകർ വിശകലനം ചെയ്തത്. പഠനത്തിൽ നേരിയതോ, മിതമായതോ, കഠിനമോ ആയ ട്രോമാറ്റിക് ബ്രെയിൻ ഇഞ്ച്വറി നേരിട്ട വ്യക്തികളെ ഗവേഷകർ ട്രാക്ക് ചെയ്തു. ഇതിൽ മിതമായതോ, കഠിനമായതോ ആയ ട്രോമാറ്റിക് ബ്രെയിൻ ഇഞ്ച്വറി നേരിട്ട വ്യക്തികളിൽ 0.6 ശതമാനം പേർക്ക് പരിക്കേറ്റ്, മൂന്ന് മുതൽ അഞ്ച് വർഷത്തിനുള്ളിൽ മാരകമായ ബ്രെയിൻ ട്യൂമറുകൾ വികസിച്ചതായി കണ്ടെത്തി.
തലയിലെ പരിക്ക് എങ്ങനെ അർബുദമാകുന്നു
തലയ്ക്ക് പരിക്കേറ്റതിനു ശേഷം, വീക്കം സംഭവിക്കുന്നതും കോശ സ്വഭാവത്തിൽ മാറ്റം വരുത്തുന്നതും ആസ്ട്രോസൈറ്റുകൾ പോലുള്ള ചില മസ്തിഷ്ക കോശങ്ങളെ കൂടുതൽ സ്റ്റെം സെൽ പോലുള്ള അവസ്ഥകളിലേക്ക് കൊണ്ട് പോകാൻ പ്രേരിപ്പിച്ചേക്കും. ജനിതക മ്യൂട്ടേഷനുകൾ ഇതിനകം നിലവിലുണ്ടെങ്കിൽ, കാലക്രമേണ ഈ കോശങ്ങൾ കാൻസർ രൂപങ്ങളിലേക്ക് പരിവർത്തനം ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണ്.
എലികളിൽ നടത്തിയ പരീക്ഷണത്തിൽ, ട്രോമാറ്റിക് ബ്രെയിൻ ഇഞ്ച്വറിയും ട്യൂമർ-സപ്രസ്സർ ജീൻ p53 ഇല്ലാതാകുന്നതും സാധാരണ ബ്രെയിൻ സപ്പോർട്ട് സെല്ലുകളെ (ആസ്ട്രോസൈറ്റുകൾ) സ്റ്റെം സെൽ പോലുള്ള കോശങ്ങളാക്കി മാറ്റുകയും അവ പെരുകുകയും അർബുദമായി മാറുകയും ചെയ്യുമെന്ന് ലണ്ടൻ യൂണിവേഴ്സിറ്റി കോളജ് ഗവേഷകർ കണ്ടെത്തി. പഠനത്തിൽ തലയ്ക്കുണ്ടാകുന്ന പരിക്കുകളും ബ്രെയിൻ കാൻസർ വരാനുള്ള സാധ്യതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വ്യക്തമാക്കുന്നുണ്ടെങ്കിലും, എല്ലാത്തരം ബ്രെയിൻ ട്യൂമറുകളും തലയ്ക്കുണ്ടാകുന്ന പരിക്കുകൾ മൂലമല്ലെന്നും ഗവേഷകര്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates