ഭക്ഷണ ശേഷം വയറ്റിലുണ്ടാകുന്ന അസ്വസ്ഥതകൾ മാറാൻ ജീരകമോ പെരുംജീരകമോ അയമോദകമോ വായിൽ ചവയ്ക്കുന്ന ശീലം നമ്മളിൽ പലർക്കുമുണ്ട്. ഇത് ബ്ലോട്ടിങ് ഒഴിവാക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുമെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ ഇത് ആരോഗ്യത്തിന് സുരക്ഷിതമാണോ?
കൊഴുപ്പുള്ളതോ അല്ലെങ്കിൽ അത്യാവശ്യം വലിയൊരു മീൽസ് കഴിക്കുകയോ ചെയ്താൽ വയറ്റിൽ അസിഡിറ്റി, വയറു വീർക്കൽ, ഗ്യാസ്, വയറുവേദന പോലുള്ള പ്രശ്നങ്ങൾക്കുള്ള സാധ്യതയുണ്ട്. ഇവ ഒഴിവാക്കാൻ അൽപം പെരുജീരകമോ അയമോദകമോ പച്ചയ്ക്കോ വറുത്തോ ചവച്ചരച്ച് കഴിക്കുകയാണ് ചെയ്യാറ്. അവയുടെ സ്വാഭാവിക സംയുക്തങ്ങൾ ഉമിനീർ വഴി ആഗിരണം ചെയ്യപ്പെടുന്നു.
ധാരാളം കൊഴുപ്പുള്ള അല്ലെങ്കിൽ സംസ്‌കരിച്ച കാർബോഹൈഡ്രേറ്റ് അടങ്ങിയ വലിയ ഭക്ഷണം കഴിക്കുമ്പോൾ ദഹനം സ്വാഭാവികമായും സാവധാനത്തിലാകുന്നു. പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനായി കുടലുകൾക്ക് ഭക്ഷണം ചലിപ്പിക്കാൻ ബുദ്ധിമുട്ട് നേരിടുന്നതുകൊണ്ടാണിത്. കൂടാതെ മാനസിക സമ്മർദവും ശരീരം അധികം ചലിപ്പിക്കാതെയുള്ള ജീവിതശൈലിയും ദഹനം സാവധാനത്തിലാക്കാനും കുടലിന്റെ പ്രവർത്തനത്തെ ബാധിക്കാനും ഇടയാക്കും.
പെരുംജീരകം, അയമോദകം, ജീരകം എന്നിവയിൽ ഏതെങ്കിലും ഒന്ന് ആവശ്യമനുസരിച്ച് ചവച്ചരച്ച് കഴിക്കുന്നത് നല്ലതാണ്. ഇവയ്ക്ക് ദഹനം സ്വാഭാവികമായി പുനരാരംഭിക്കാനും കുടൽ പ്രശ്‌നങ്ങൾ അകറ്റാനും കഴിയും. ഏകദേശം 30 സെക്കൻഡ് മുതൽ 1 മിനിറ്റ് വരെ അടുപ്പിൽ ബ്രൗൺ ചെയ്‌തെടുക്കുന്ന കരിഞ്ചീരകത്തിന് ദഹനത്തിന് സഹായിക്കുന്ന ഗുണകരമായ സംയുക്തങ്ങൾ സജീവമാക്കാൻ കഴിയുമെന്ന് ന്യൂട്രിയന്റ്‌സ് ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ സൂചിപ്പിക്കുന്നുണ്ട്.
ഫുഡ് സയൻസ് ആൻഡ് ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, പെരുംജീരകത്തിൽ ദഹന പ്രക്രിയയെ ബാധിക്കുന്ന ഓക്‌സിഡേറ്റീവ് സ്‌ട്രെസ് ശമിപ്പിക്കുന്ന ആന്റി ഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. കറന്റ് ഫങ്ഷണൽ ഫുഡ്‌സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, അയമോദകത്തിന്റെ മിതമായ അളവ് ദഹന ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് സൂചിപ്പിക്കുന്നു.
പെരുംജീരകത്തിന് കാർമിനേറ്റീവ് ഗുണങ്ങളുണ്ട്. അവ ഗ്യാസും ബ്ലോട്ടിങ്ങും കുറയ്ക്കാൻ സഹായിക്കുന്നു. അവയിലെ അനത്തോൾ പോലുള്ള സംയുക്തങ്ങൾ ദഹനനാളത്തെ അയവുവരുത്തുകയും ദഹനം സുഗമമാക്കുകയും ചെയ്യുന്നു. ക്ഷണശേഷം പെരുംജീരകം ചവയ്ക്കുന്നത് ഉമിനീർ ഉത്പാദനത്തെയും ഉത്തേജിപ്പിക്കും.
പെരുംജീരകം എളുപ്പത്തിൽ ലഭ്യമാണെങ്കിലും, ശരിയായ സമയവും അളവും പാലിക്കണം. ഭക്ഷണം കഴിച്ച് ഉടൻ അവ കഴിക്കുന്നത് നല്ലതല്ല. ഭക്ഷണം കുടലിലേക്ക് നീങ്ങാൻ സമയം നൽകിയ ശേഷം കഴിക്കണം. അയമോദകം ദഹനക്കേട് അല്ലെങ്കിൽ ഭക്ഷണം കഴിച്ചതിന് ശേഷം ഭാരം അനുഭവിക്കുന്ന വ്യക്തികൾക്ക് വളരെ ഫലപ്രദമാണ്. അവയിൽ തൈമോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്, ഇത് ഗ്യാസ്ട്രിക് എൻസൈമുകൾ വർധിപ്പിക്കുന്നു.
ഭക്ഷണം കാര്യക്ഷമമായി വിഘടിപ്പിക്കാൻ സഹായിക്കുകയും അസിഡിറ്റി, ഗ്യാസ്, വയറുവേദന പോലുള്ള പ്രശ്‌നങ്ങൾ തടയുകയും ചെയ്യുന്നു. കൊഴുപ്പ് നിറഞ്ഞതോ കഠിനമായതോ ആയ ഭക്ഷണങ്ങൾക്ക് ശേഷം കഴിക്കുന്നത് പ്രത്യേകിച്ച് സഹായകമാണ്. ജീരകം മൊത്തത്തിലുള്ള ദഹനക്ഷമത മെച്ചപ്പെടുത്തുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അവ പാൻക്രിയാസുകളെ ദഹന എൻസൈമുകൾ പുറത്തുവിടാൻ ഉത്തേജിപ്പിക്കുന്നു, ഇത് മികച്ച പോഷക ലഭ്യതയ്ക്ക് സഹായിക്കുന്നു. ജീരകം കുടലിലെ വീക്കം കുറയ്ക്കുകയും മലവിസർജനം നിയന്ത്രിക്കുകയും ചെയ്യുന്നു.
എന്നാൽ അമിതമായാൽ ഇനയെല്ലാം ആപത്താണ്. ഈ മൂന്ന് വിത്തുകളുടെയും ഏകദേശ അളവ് അര ടീസ്പൂൺ ആണ്. അവ കഴിക്കുമ്പോൾ പതുക്കെ ചവയ്‌ക്കേണ്ടതുണ്ട്. കാരണം പരമാവധി ഫലത്തിനായി വിത്തുകൾ അവയുടെ സംയുക്തങ്ങൾ വായിൽ വെച്ചുതന്നെ പുറത്തുവിടണം. ഭക്ഷണം കഴിച്ച് അഞ്ച് മുതൽ 10 മിനിറ്റിനു ശേഷം കഴിക്കുന്നതാണ് ഏറ്റവും നല്ല സമയം. വേണമെങ്കിൽ, അവ വറുത്തെടുക്കാം, അങ്ങനെ ചെയ്യുമ്പോൾ അവയുടെ ഗുണങ്ങൾ വർധിക്കുന്നതാണ് അതിന് കാരണം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates