പുറമെ മുള്ളുകളോട് കൂടിയ ചക്കക്കുള്ളിൽ നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. അന്താരാഷ്ട്ര മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പച്ച ചക്ക രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും ഉയർന്നരക്തസമ്മർദം കുറയ്ക്കാനും കൊളസ്ട്രോളും ട്രൈഗ്ലിസറൈഡ് നില മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് കണ്ടെത്തി. ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരം കേരളത്തിൽ ജീവിതശൈലി രോഗങ്ങളുടെ കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഈ കണ്ടെത്തലിൻ്റെ പ്രാധാന്യം വളരെ വലുതാണ്.
ആലപ്പുഴ മെഡിക്കൽ കോളജിൽ മൂന്ന് മാസം നീണ്ട പഠനത്തിൽ നൂറു പ്രമേഹരോഗികളാണ് പങ്കെടുത്തത്. പതിവ് പ്രഭാതഭക്ഷണവുമായി താരതമ്യപ്പെടുത്തുമ്പോൾ പച്ച ചക്കപ്പൊടി കൊണ്ടുള്ള വിഭവങ്ങൾ കഴിച്ചവരിൽ ഗ്ലൈസെമിക് സൂചികകളിലും ഹൃദയസംബന്ധമായ അപകടസാധ്യതയും ഗണ്യമായി കുറഞ്ഞതായി പഠനത്തിൽ പറയുന്നു. 'കറന്റ് ന്യൂട്രീഷൻ ആൻഡ് ഫുഡ് സയൻസ്' എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആലപ്പുഴ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. ബി പത്മകുമാറാണ് പഠനത്തിന് നേതൃത്വം വഹിച്ചത്.
പച്ച ചക്ക ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ഫാസ്റ്റിങ് പ്ലാസ്മ ഗ്ലൂക്കോസ് (FPG), പോസ്റ്റ്പ്രാൻഡിയൽ പ്ലാസ്മ ഗ്ലൂക്കോസ് (PPPG), ഗ്ലൈക്കേറ്റഡ് ഹീമോഗ്ലോബിൻ (HbA1c) എന്നിവ കുറയുകയും അതിനെ തുടർന്ന് ഗ്ലൈസെമിക് നിയന്ത്രണം മെച്ചപ്പെടുത്തുമെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു. എൻഎഫ്എച്ച്എസ്-6 പ്രകാരം കേരളത്തിൽ ജീവിതശൈലി രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരുടെ എണ്ണം ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്.
NFHS-6 റിപ്പോർട്ട് പ്രകാരം, കേരളത്തിലെ സ്ത്രീകളിൽ 28.9 ശതമാനം പേർക്കും പുരുഷന്മാരിൽ 31.9 ശതമാനം പേർക്കും രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടുതലാണ് അല്ലെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാൻ മരുന്നു കഴിക്കുന്നു. ഇത് ദേശീയ ശരാശരിയായ 17.8 ശതമാനം, 20.9 ശതമാനം എന്നിവയെക്കാൾ വളരെ കൂടുതലാണ്. അതുപോലെ, കേരളത്തിലെ സ്ത്രീകളിൽ 31.9 ശതമാനം പേർക്കും പുരുഷന്മാരിൽ 36.6 ശതമാനം പേർക്കും ഉയർന്ന രക്തസമ്മർദ്ദമുണ്ടെന്നാണ് NFHS-6 വെളിപ്പെടുത്തുന്നത്.
കേരളത്തിലാണ് ഏറ്റവും കൂടുതൽ പ്രായമായവരും പ്രമേഹ രോഗികളും ഉള്ളത്. ചക്ക ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ മുൻകൈയെടുക്കണമെന്ന് കേരളം ആസ്ഥാനമായുള്ള 'ജാക്ക്ഫ്രൂട്ട് 365' സ്റ്റാർട്ടപ്പിന്റെ സ്ഥാപകൻ ജെയിംസ് ജോസഫ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറയുന്നു. 2021-ൽ നടത്തിയ മറ്റൊരു പഠനത്തിൽ: (‘Efficacy of green jackfruit flour as a medical nutrition therapy replacing rice or wheat in patients with type 2 diabetes mellitus: A randomised, double-blind, placebo-controlled study') ടൈപ്പ് 2 പ്രമേഹ രോഗികളിൽ അരിയോ ഗോതമ്പോ മാറ്റിസ്ഥാപിക്കുന്ന ഭക്ഷണത്തിൽ പച്ച ചക്ക മാവ് ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് കണ്ടെത്തിയിരുന്നു.
2018 ലും 2020 ലുമാണ് കേരളം ഏറ്റവും കൂടുതൽ ചക്ക ഉപഭോഗം രേഖപ്പെടുത്തിയത്. ആ വർഷങ്ങളിൽ, രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാനുള്ള മരുന്നുകളുടെ ഉപഭോഗം സംസ്ഥാനത്ത് ഗണ്യമായി കുറഞ്ഞതായി കേരള മെഡിക്കൽ സർവീസസ് കോർപ്പെറേഷൻ സൂചിപ്പിക്കുന്നുണ്ടെന്ന് 2021-ലെ പഠനത്തിലെ സഹ-രചയിതാവായ ജെയിംസ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറയുന്നു. പ്രമേഹരോഗികളുടെ ഭക്ഷണക്രമത്തിൽ അരിക്ക് പകരമായി പച്ച ചക്ക ഉൽപ്പന്നങ്ങൾ ഉപയോഗിക്കണമെന്ന വാദത്തെ ഏറ്റവും പുതിയ കണ്ടെത്തൽ ശക്തപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates