food parcel health concerns. Pinterest
Health

ഹോട്ടൽ ഭക്ഷണം പാർസൽ വാങ്ങാറുണ്ടോ? ശ്രദ്ധിക്കണം, ഇങ്ങനെയല്ലെങ്കിൽ 'പണി' കിട്ടും

ചൂടുള്ള ഭക്ഷണം നോൺ-ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക്കുമായി സമ്പർക്കത്തിൽ വരുമ്പോൾ ഹാനികരമായ രാസവസ്തുക്കൾ ഭക്ഷണത്തിലേക്ക് കലരാൻ സാധ്യതയുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ഫുഡ് ഡെലിവറി ആപ്പുകൾ വ്യപാകമായതോടെ പുറത്തു പോകാതെ തന്നെ റെസ്റ്റോറൻ്റ് ഭക്ഷണം വീട്ടുമുറ്റത്തെത്തും. ബിരിയാണിയും പൊറോട്ടയും ബീഫും ചിക്കനും പൊതിച്ചോറു വരെ പാർസൽ വാങ്ങുന്ന ശീലം മലയാളികൾക്കിടയിൽ ഇപ്പോൾ സാധാരണമായിരിക്കുകയാണ്. ചൂടോടെ ഭക്ഷണം കഴിക്കുന്നതിന് മുൻപ് അവ പാർസൽ ചെയ്തുവരുന്ന പ്ലാസ്റ്റിക്കിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

ചൂടുള്ള ഭക്ഷണം നോൺ-ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക്കുമായി സമ്പർക്കത്തിൽ വരുമ്പോൾ ഹാനികരമായ രാസവസ്തുക്കൾ ഭക്ഷണത്തിലേക്ക് കലരാൻ സാധ്യതയുണ്ട്. ഇത് ദീർഘകാല അടിസ്ഥനത്തിൽ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് ആരോഗ്യവിഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

എന്താണ് ഫുഡ് ഗ്രേഡ് പാക്കേജിങ്?

ഭക്ഷണവുമായി നേരിട്ട് സമ്പർക്കത്തിൽ വരുന്നതിനായി നിശ്ചിത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നിർമ്മിച്ച പാക്കേജിങ് വസ്തുക്കളെയാണ് ഫുഡ് ഗ്രേഡ് പാക്കേജിങ് എന്ന് പറയുന്നത്. ഭക്ഷണത്തിന്റെ തരം, താപനില, ഉപയോഗസമയം തുടങ്ങിയ സാഹചര്യങ്ങളിൽ സുരക്ഷിതമായി ഉപയോഗിക്കാനാണ് ഇത്തരം വസ്തുക്കൾ രൂപകൽപ്പന ചെയ്യുന്നത്.

ഇന്ത്യയിലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം ഭക്ഷണത്തിനായി സുരക്ഷിതവും അനുയോജ്യവുമായ പാക്കേജിങ് ഉപയോഗിക്കേണ്ടതുണ്ട്. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കാറ്ററിങ് സ്ഥാപനങ്ങൾ, സ്ട്രീറ്റ് ഫുഡ് വ്യാപാരികൾ എന്നിവർ ചൂടുള്ള ഭക്ഷണത്തിന് നോൺ ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ഫുഡ് സേഫ്റ്റി മാർഗനിർദേശങ്ങളും വ്യക്തമാക്കുന്നു. പ്ലാസ്റ്റിക് പാക്കേജിങ് വസ്തുക്കളിൽ നിന്ന് ചെറിയ അളവിൽ ചില രാസവ്തുകൾ ഭക്ഷണത്തിലേക്ക് മാറുന്നതിനെ മൈഗ്രേഷൻ എന്നാണ് പറയുന്നത്.

ഭക്ഷണം പാർസൽ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ചൂടുള്ള കറി നേർത്ത പ്ലാസ്റ്റിക് കവറിൽ നൽകരുത്

ചൂടുള്ള സാമ്പാർ, കറി, ഗ്രേവി തുടങ്ങിയവ വളരെ നേർത്തതോ ഫുഡ് ഗ്രേഡ് അല്ലാത്തതോ ആയ പ്ലാസ്റ്റിക് കവറുകളിൽ കെട്ടി നൽകുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ചൂടുള്ള ദ്രാവകഭക്ഷണം പാക്കറ്റിനുള്ളിൽ ദീർഘനേരം കിടക്കുന്നത് കൂടുതൽ അപകടമാണ്.

എണ്ണയും കൊഴുപ്പും കൂടുതലുള്ള ഭക്ഷണം

ബിരിയാണി, ഫ്രൈഡ് റൈസ്, ഫ്രൈഡ് ചിക്കൻ, പൊരിച്ച വിഭവങ്ങൾ, എണ്ണയുള്ള കറികൾ എന്നിവ ചൂടോടെ അനുയോജ്യമല്ലാത്ത പ്ലാസ്റ്റിക്കിൽ പൊതിയുമ്പോൾ കൂടുതൽ ജാഗ്രത വേണം. ചൂട്, കൊഴുപ്പ്, പാക്കേജിങ് വസ്തുവിന്റെ സ്വഭാവം എന്നിവ ചേർന്നാണ് ഭക്ഷ്യസുരക്ഷാ സാഹചര്യം നിർണയിക്കപ്പെടുന്നത്.

രാസഗന്ധമോ പ്ലാസ്റ്റിക് മണമോ

ഭക്ഷണം തുറക്കുമ്പോൾ അസാധാരണമായ പ്ലാസ്റ്റിക് മണമോ രാസഗന്ധമോ അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ഒഴിവാക്കുന്നതാണ് നല്ലത്.

നിറം വിടുന്ന പ്ലാസ്റ്റിക് കവറുകൾ

ചില നിറമുള്ളതോ പ്രിന്റ് ചെയ്തതോ ആയ പ്ലാസ്റ്റിക് ഷീറ്റുകളിലും കവറുകളിലും ഭക്ഷണം നേരിട്ട് പൊതിയുന്നത് ഒഴിവാക്കണം. പ്രിന്റിങ് മഷി ഉൾപ്പെടെയുള്ള വസ്തുക്കൾ ഭക്ഷണവുമായി നേരിട്ട് സമ്പർക്കത്തിൽ വരാൻ പാടില്ല.

നോൺ ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക്കുമായി ഭക്ഷണം സമ്പർക്കത്തിൽ വന്നാൽ എന്തുചെയ്യണം?

ഒരു പ്രാവശ്യം അബദ്ധത്തിൽ അത്തരമൊരു പാക്കറ്റിൽ നിന്നുള്ള ഭക്ഷണം കഴിച്ചാൽ ഉടൻ ഗുരുതരമായ ആരോഗ്യപ്രശ്നമുണ്ടാകണമെന്നില്ല. അതുകൊണ്ട് പരിഭ്രാന്തരാകേണ്ടതില്ല. എന്നാൽ ഇത് പതിവായി തുടരുന്നത് ഒഴിവാക്കുന്നതാണ് പ്രധാന കാര്യം.

ശ്രദ്ധിക്കാവുന്ന കാര്യങ്ങൾ:

  • ഭക്ഷണം വീട്ടിലെത്തിയ ഉടൻ ഗ്ലാസ്, സ്റ്റീൽ അല്ലെങ്കിൽ സെറാമിക് പാത്രത്തിലേക്ക് മാറ്റുക.

  • പ്ലാസ്റ്റിക് കവറിലോ കണ്ടെയ്നറിലോ തന്നെ ഭക്ഷണം വീണ്ടും ചൂടാക്കരുത്, അത് ഹീറ്റ്-സേഫ് അല്ലെങ്കിൽ മൈക്രോവേവ്-സേഫ് എന്ന് വ്യക്തമായി സൂചിപ്പിച്ചിട്ടില്ലെങ്കിൽ.

  • വളരെ ചൂടുള്ള ഭക്ഷണം അടച്ച് മണിക്കൂറുകളോളം അനുയോജ്യമല്ലാത്ത പ്ലാസ്റ്റിക്കിൽ സൂക്ഷിക്കുന്നത് ഒഴിവാക്കുക.

  • കണ്ടെയ്നർ ഉരുകുകയോ പൊട്ടുകയോ രൂപം മാറുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതിലുള്ള ഭക്ഷണം കഴിക്കാതിരിക്കുന്നത് സുരക്ഷിതമായിരിക്കും.

  • പ്ലാസ്റ്റിക് പാക്കറ്റിൽ നിന്നുള്ള ഭക്ഷണം വീണ്ടും അതേ പാക്കറ്റിൽ സൂക്ഷിക്കാതിരിക്കുക.

  • ഒരിക്കൽ ഉപയോഗിക്കാനായി നിർമ്മിച്ച പാക്കേജിങ് ആവർത്തിച്ച് ഉപയോഗിക്കരുത്.

ഹോട്ടലുകൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ:

  • എല്ലാ പാർസൽ ഭക്ഷണങ്ങൾക്കും അനുയോജ്യമായ ഫുഡ് ഗ്രേഡ് പാക്കേജിങ് മാത്രം ഉപയോഗിക്കുക.

  • ചൂടുള്ള ഭക്ഷണത്തിന് ചൂട് സഹിക്കാൻ കഴിയുന്ന പാക്കേജിങ് തിരഞ്ഞെടുക്കുക.

  • കറിയും ഗ്രേവിയും നേർത്ത നിലവാരമില്ലാത്ത പ്ലാസ്റ്റിക് കവറുകളിൽ നിറയ്ക്കുന്നത് ഒഴിവാക്കുക.

  • പ്രിന്റ് ചെയ്ത പ്ലാസ്റ്റിക് ഷീറ്റുകളുടെ ഭാഗം ഭക്ഷണവുമായി നേരിട്ട് സമ്പർക്കത്തിൽ വരാതിരിക്കുക.

  • ഉരുകിയതോ രൂപം മാറിയതോ കേടുപാടുകൾ സംഭവിച്ചതോ ആയ കണ്ടെയ്നറുകൾ ഉപയോഗിക്കരുത്.

  • ഉപയോഗിക്കുന്ന പാക്കേജിങ് വസ്തുക്കൾ വൃത്തിയുള്ളതും ഭക്ഷണസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതുമാണെന്ന് ഉറപ്പാക്കുക.

  • ഭക്ഷണത്തിന്റെ താപനിലയും പാക്കേജിങ് വസ്തുവിന്റെ ഉപയോഗപരിധിയും പരിഗണിക്കുക.

  • സാധ്യമെങ്കിൽ ഗുണമേന്മയുള്ള ഫുഡ് ഗ്രേഡ് കണ്ടെയ്നറുകൾ, സ്റ്റീൽ, ഗ്ലാസ് അല്ലെങ്കിൽ ഭക്ഷ്യസുരക്ഷയ്ക്ക് അനുയോജ്യമായ മറ്റ് വസ്തുക്കൾ ഉപയോഗിക്കുക.

hotel food parcel health concerns with plastic packaging

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലക്കാട് ഡിവിഷൻ വിഭജനം ഏകപക്ഷീയം; കേരളത്തിന്റെ വികസനത്തെ തകർക്കും; ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് മുഖ്യമന്ത്രി

EPFO: ബിരുദമുള്ളവർക്ക് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണറാകാം; ഗ്രൂപ്പ് 'എ' വിഭാഗത്തിൽ നിയമനം, മികച്ച ശമ്പളം!

ഗീതുവിന്റെ വേഷം ചെയ്യാനിരുന്നത് ഞാന്‍; 'തെങ്കാശിപ്പട്ടണം' ഒഴിവാക്കിയത് എന്തിന്? അഭിരാമി പറയുന്നു

തിരുവോണത്തിന് അട ഉണ്ടാക്കാറുണ്ടോ?, ഇതിന്റെ വിശ്വാസപരമായ പ്രാധാന്യം അറിയാം; ശർക്കര എന്തിന്റെ പ്രതീകം?

'പാലക്കാട് ഡിവിഷൻ വിഭജനം കർണാടക ബിജെപിയെ പ്രീണിപ്പിക്കാൻ; രാത്രിയിലെ നീക്കം വാക്കുലംഘനം': വികെ ശ്രീകണ്ഠൻ എംപി