തിരക്കിനിടെ പലർക്കും വ്യായാമം ചെയ്യാൻ പോലുമുള്ള സമയം കിട്ടാറില്ല. എന്നാൽ ദിവസവും ഒരു 30 മിനിറ്റ് മിതമായ രീതിയിലെങ്കിലും വ്യായാമം ചെയ്യുന്നത് ഗുരുതരമായ രോഗസാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
ഹൃദയോരോഗ്യം
30 മിനിറ്റോ അല്ലെങ്കിൽ ആഴ്ചയിൽ 150 മിനിറ്റോ നടക്കുന്നതും സൈക്ലിങ് പോലുള്ള മിതമായ വ്യായാമങ്ങളിൽ ഏർപ്പെടുന്നത് കൊറോണറി ഹൃദ്രോഗ സാധ്യത ഏകദേശം 30-50 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കും. വ്യായാമം ചെയ്യുന്നത് ഹൃദയത്തിന്റെയും രക്തക്കുഴലുന്റെയും ആരോഗ്യത്തെ മെച്ചപ്പെടുത്തും. ഇത് രക്തസമ്മദവും കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കും. മാത്രമല്ല, ശരീരം വീക്കം കുറയ്ക്കുന്നതിലൂടെ പക്ഷാഘാത സാധ്യതയും കുറയ്ക്കും.
ടൈപ്പ് 2 പ്രമേഹം
കൃത്യമായ വ്യായാമം ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുകയും ചെയ്യുന്നു. ഇതിന് പുറമെ, ടൈപ്പ് 2 പ്രമേഹസാധ്യതയും കുറയ്ക്കുന്നു.
ഉയർന്ന രക്തസമ്മർദം
വ്യായാമം ആരോഗ്യകരമായ രക്തസമ്മർദം നിലനിർത്താനും രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും. ഇത് ഉയർന്ന രക്തസമ്മർദത്തിന്റെയും രക്തക്കുഴലുമായി ബന്ധപ്പെട്ട രോഗാവസ്ഥകളുടേയും അപകടസാധ്യത കുറയ്ക്കുന്നു.
മാനസികാരോഗ്യം
സ്ഥിരമായ വ്യായാമം മാനസികനില മെച്ചപ്പെടുത്താനും സമ്മർദവും ഉത്കണ്ഠയും കുറയ്ക്കാനും സഹായിക്കും. കൂടാതെ, ഉറക്കം മെച്ചപ്പെടാനും മസ്തിഷ്കാരോഗ്യം വർധിക്കുന്നതിനും ഈ ശീലം നല്ലതാണ്. ദീർഘകാലാടിസ്ഥാനത്തിൽ, ഇത് വിഷാദത്തിന്റെ അപകടസാധ്യത കുറയ്ക്കും.
അർബുദം
പതിവായി വ്യായാമം ചെയ്യുന്നത് വൻകുടൽ കാൻസർ, ആർത്തവവിരാമത്തിന് ശേഷമുള്ള സ്തനാർബുദം പോലുള്ള ചില രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
വ്യായാമം വിട്ടുമാറാത്ത വീക്കം കുറയ്ക്കുകയും ഹോർമോണുകളെ നിയന്ത്രിക്കുകയും ചെയ്യുന്നു. കൂടാതെ, പ്രതിരോധ സംവിധാനം മെച്ചപ്പെടുകയും ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ സഹായിക്കുകയും ചെയ്യും ഇവയെല്ലാം കാൻസർ അപകടസാധ്യതയെ ബാധിക്കുന്ന ഘടകങ്ങളാണ്.
എന്നാൽ വ്യായാമം മാത്രം ചെയ്തിട്ടു കാര്യമില്ല. വ്യായാമത്തിന് പുറമെ സമീകൃതാഹാരം, മതിയായ ഉറക്കം, പുകവലി, മദ്യപാനം പോലുള്ള ശീലങ്ങൾ ഒഴിവാക്കുക എന്നിവയും പ്രധാനമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates