പ്രമേഹമുള്ളവർ ഭക്ഷണക്രമത്തിലും വ്യായാമത്തിലും ഉറക്കത്തിലും പ്രത്യേക ശ്രദ്ധനൽകാറുണ്ട്. അതിനൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സ്വാധീനിക്കാൻ കഴിയുന്ന മറ്റൊരു ഘടകമാണ് സൂര്യപ്രകാശം. ദിവസവും ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്നത് ശരീരത്തിൻ്റെ ജൈവഘടികാരത്തെയും മെറ്റബോളിക് പ്രവര്ർത്തനങ്ങളെയും സ്വാധീനിക്കാം. ഇതിലൂടെ രക്തത്തിലെ ഗ്ലൂക്കോസിൻ്റെ നിയന്ത്രണത്തിലും പങ്ക് വഹിക്കുന്നുണ്ടെന്ന് ചില പഠനങ്ങൾ പറയുന്നു.
ശരീരത്തിന്റെ ജൈവഘടികാരത്തെ ക്രമീകരിക്കുന്നു
നമ്മുടെ ശരീരത്തിൽ ഉറക്കം, ഉണർവ്, ഹോർമോൺ ഉത്പാദനം, ദഹനം, ഉപാപചയ പ്രവർത്തനങ്ങൾ എന്നിവ നിയന്ത്രിക്കുന്ന ഒരു ജൈവഘടികാരമുണ്ട്. ഇതിനെ ക്രമീകരിക്കുന്നതിൽ പകൽ ലഭിക്കുന്ന സ്വാഭാവിക വെളിച്ചത്തിന് പ്രധാന പങ്കുണ്ട്. രാവിലെ സൂര്യപ്രകാശം ലഭിക്കുന്നത് ശരീരത്തിന്റെ ഉറക്ക-ഉണർവ് ചക്രം ക്രമീകരിക്കാൻ സഹായിക്കുന്നു. ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നതും ശരീരത്തിന്റെ ജൈവഘടികാരം കൃത്യമായി പ്രവർത്തിക്കുന്നതും ഇൻസുലിൻ സംവേദനക്ഷമതയെയും ഗ്ലൂക്കോസ് നിയന്ത്രണത്തെയും അനുകൂലമായി സ്വാധീനിക്കാം.
ഇൻസുലിൻ പ്രവർത്തനത്തെ സ്വാധീനിക്കാം
രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് നിയന്ത്രിക്കുന്നതിൽ ഇൻസുലിന് നിർണായക പങ്കുണ്ട്. ശരീരകോശങ്ങൾ ഇൻസുലിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിനെയാണ് ഇൻസുലിൻ സംവേദനക്ഷമത എന്ന് പറയുന്നത്. ശരീരത്തിന്റെ സ്വാഭാവിക ഉറക്ക-ഉണർവ് താളം തെറ്റുന്നത് ഗ്ലൂക്കോസ് നിയന്ത്രണത്തെ ബാധിക്കാം.
അതുകൊണ്ട് പകൽ സമയത്ത് സ്വാഭാവിക വെളിച്ചം ലഭിക്കുകയും രാത്രിയിൽ ആവശ്യത്തിന് ഉറങ്ങുകയും ചെയ്യുന്നത് ഉപാപചയ ആരോഗ്യത്തിന് ഗുണകരമാണ്. എന്നാൽ സൂര്യപ്രകാശം നേരിട്ട് ഇൻസുലിൻ ഉത്പാദനം വർധിപ്പിക്കുമെന്നോ പ്രമേഹം നിയന്ത്രിക്കുമെന്നോ ഉറപ്പിച്ചു പറയാനാവില്ല.
മാത്രമല്ല, ദിവസത്തിന്റെ ഭൂരിഭാഗവും കൃത്രിമ വെളിച്ചമുള്ള മുറികളിൽ ചെലവഴിക്കുന്നവരാണ് പലരും. പകൽ ആവശ്യത്തിന് സ്വാഭാവിക വെളിച്ചം ലഭിക്കാതിരിക്കുന്നതും രാത്രിയിൽ അമിതമായ വെളിച്ചം ലഭിക്കുന്നതും ശരീരത്തിന്റെ ജൈവഘടികാരത്തെ ബാധിക്കാം. 2024-ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ 84,790 പേരുടെ വെളിച്ചം ലഭിക്കുന്ന രീതിയും ആരോഗ്യവിവരങ്ങളും വിശകലനം ചെയ്തു.
രാത്രിയിൽ കൂടുതൽ വെളിച്ചം ലഭിച്ചവരിൽ ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകർ കണ്ടെത്തി. അതേസമയം, പകൽ കൂടുതൽ വെളിച്ചം ലഭിക്കുന്നത് പ്രമേഹസാധ്യത കുറയുന്നതുമായി ബന്ധപ്പെട്ടതായും പഠനം സൂചിപ്പിച്ചു. എന്നാൽ ജീവിതശൈലി ഘടകങ്ങൾ കൂടി പരിഗണിച്ചപ്പോൾ പകൽ വെളിച്ചവുമായുള്ള ഈ ബന്ധം അത്ര ശക്തമായിരുന്നില്ല.
2026-ൽ സെൽ മെറ്റബോളിസം ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം സൂര്യപ്രകാശവും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണവും തമ്മിലുള്ള ബന്ധത്തിലേക്ക് കൂടുതൽ വെളിച്ചം വീശുന്നു. ടൈപ്പ് 2 പ്രമേഹമുള്ള 13 പേരിലാണ് ഗവേഷകർ പഠനം നടത്തിയത്. തുടർച്ചയായി 4.5 ദിവസം ഓഫീസിൽ ജനാലകളിലൂടെ ലഭിക്കുന്ന സ്വാഭാവിക പകൽവെളിച്ചത്തിലും മറ്റൊരു ഘട്ടത്തിൽ കൃത്രിമ വെളിച്ചത്തിലുമാണ് ഇവരെ നിരീക്ഷിച്ചത്.
സ്വാഭാവിക പകൽവെളിച്ചം ലഭിച്ചപ്പോൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സാധാരണ പരിധിയിലായിരുന്ന സമയം കൂടുതലായിരുന്നുവെന്ന് ഗവേഷകർ കണ്ടെത്തി. ശരീരം ഊർജത്തിനായി കൊഴുപ്പ് ഉപയോഗിക്കുന്ന രീതിയിലും മാറ്റങ്ങളുണ്ടായി. എന്നാൽ വളരെ ചെറിയൊരു വിഭാഗത്തിൽ, കുറച്ചു ദിവസം മാത്രം നടത്തിയ പഠനമാണിത്. അതുകൊണ്ട് സൂര്യപ്രകാശം പ്രമേഹത്തിനുള്ള ചികിത്സയാണെന്നോ എല്ലാവരിലും ഒരേ ഫലം ഉണ്ടാക്കുമെന്നോ ഇതിന്റെ അടിസ്ഥാനത്തിൽ പറയാനാവില്ല.
സൂര്യപ്രകാശം ലഭിക്കുമ്പോൾ ചർമത്തിൽ വിറ്റാമിൻ ഡി ഉത്പാദിപ്പിക്കപ്പെടുന്നു. എല്ലുകളുടെ ആരോഗ്യത്തിനും പേശികളുടെ പ്രവർത്തനത്തിനും രോഗപ്രതിരോധ സംവിധാനത്തിനും ഈ വിറ്റാമിൻ ആവശ്യമാണ്. വിറ്റാമിൻ ഡി കുറവും ഇൻസുലിൻ പ്രതിരോധവും പ്രമേഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠനങ്ങൾ നടക്കുന്നുണ്ട്. വിറ്റാമിൻ ഡി ശരീരത്തിലെ ഇൻസുലിൻ പ്രവർത്തനത്തെയും ഗ്ലൂക്കോസ് നിയന്ത്രണത്തെയും സ്വാധീനിച്ചേക്കാമെന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്.
എന്നാൽ സൂര്യപ്രകാശം ലഭിക്കുന്നതിലൂടെ മാത്രം രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനാകുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. വിറ്റാമിൻ ഡി സപ്ലിമെന്റുകൾ കഴിക്കുന്നതും പ്രമേഹത്തിനുള്ള ഉറപ്പായ പ്രതിരോധമാർഗമല്ല.
സൂര്യപ്രകാശത്തിൻ്റെ ഗുണങ്ങൾ ലഭിക്കാൻ അമിതമായി വെയിൽ കൊള്ളേണ്ടതില്ല. ദൈനംദിന ജീവിതത്തിൽ ചില ശീലങ്ങൾ പിന്തുടരാം.
രാവിലെ കുറച്ചുസമയം പുറത്തുള്ള സ്വാഭാവിക വെളിച്ചത്തിൽ ചെലവഴിക്കാം.
വീട്ടിലും ഓഫീസിലും പകൽ സമയത്ത് ജനാലകൾ തുറന്ന് സ്വാഭാവിക വെളിച്ചം ലഭ്യമാക്കാം.
ദിവസവും രാവിലെ നടത്തം പോലുള്ള വ്യായാമങ്ങൾ ശീലമാക്കാം.
രാത്രി ഉറങ്ങുന്നതിന് മുമ്പ് മൊബൈൽ, ടിവി തുടങ്ങിയവയിൽ നിന്നുള്ള അമിതമായ വെളിച്ചം കുറയ്ക്കാം.
കൃത്യമായ ഉറക്കസമയം പാലിക്കാം.
കടുത്ത ചൂടുള്ള സമയങ്ങളിൽ ദീർഘനേരം വെയിലത്ത് നിൽക്കുന്നത് ഒഴിവാക്കാം. പ്രത്യേകിച്ച് പ്രമേഹമുള്ളവർ നിർജലീകരണം സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates