ആരോഗ്യസംരക്ഷണത്തെ കുറിച്ചുള്ള അവബോധം കൂടിയതോടെ അത് നമ്മുടെ ഭക്ഷണ തിരിഞ്ഞെടുപ്പിനെയും ബാധിച്ചിട്ടുണ്ട്. 'ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെ ആരോഗ്യകരമായ ജീവിതം' അതാണ് എല്ലാവരുടെയും ലക്ഷ്യം. അങ്ങനെ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി നമ്മുടെ ഡയറ്റിൽ കയറിക്കൂടിയ ഹെൽത്തി വിഭവമാണ് ഓട്സ്. ആരോഗ്യ ഗുണങ്ങൾ ഉള്ളപ്പോഴും ഓട്സ് കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
ഇൻസ്റ്റന്റ് അല്ലെങ്കിൽ ഫ്ലേവർഡ് ഓട്സിന് പകരം സ്റ്റീൽ-കട്ട് ഓട്സോ റോൾഡ് ഓട്സോ തിരഞ്ഞെടുക്കുക. പാക്കേജ് ചെയ്ത പല ഓട്സുകളിലും പഞ്ചസാര ചേർക്കുന്നതിനാൽ അത് ഹൃദയാരോഗ്യത്തെ ബാധിക്കും. അതുപോലെ എന്തിനൊപ്പമാണ് ഓട്സ് കഴിക്കുന്നതെന്നതും പ്രധാനമാണ്. ശരിയായ രീതിയിൽ സമീകൃതാഹാരത്തിന്റെ ഭാഗമായി ഓട്സ് കഴിക്കുന്നത് എൽഡിഎൽ കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുമെന്ന് ഡോക്ടർമാരും പോഷകാഹാര വിദഗ്ധരും പറയുന്നു.
ഓട്സിൽ ബീറ്റാ-ഗ്ലൂക്കൻ എന്ന ഫൈബർ അടങ്ങിയിട്ടുണ്ട്. ഇവ കുടലിൽ ഒരു ജെൽ പോലുള്ള പദാർഥമായി രൂപപ്പെടുകയും ഈ ജെൽ കൊളസ്‌ട്രോൾ രക്തപ്രവാഹത്തിലേക്ക് പ്രവേശിക്കുന്നത് തടയുകയും ചെയ്യുന്നു.
ഓട്‌സ് പോലെ ബീറ്റാ-ഗ്ലൂക്കൻ അടങ്ങിയ ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കുന്നത് എൽഡിഎൽ (ചീത്ത കൊളസ്ട്രോൾ) അളവ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഉയർന്ന കൊളസ്‌ട്രോൾ ഉള്ളവർക്കും ഹൃദ്രോഗ സാധ്യതയുള്ളവർക്കും ഓട്‌സ് ഒരു നല്ല ഓപ്ഷനാണ്.
കൂടാതെ അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ദഹനം മെച്ചപ്പെടുത്താനും ശരീരത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ, ഓട്സ് കഴിക്കുന്നത് സംതൃപ്തി നൽകുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.
ഓട്സിനൊപ്പം ആപ്പിൾ, ബെറി, അല്ലെങ്കിൽ പിയർ പോലുള്ള പഴങ്ങളും നട്സ് അല്ലെങ്കിൽ സീഡ്സും ചേർക്കാം. ഇത് കൊളസ്ട്രോൾ നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
ഓട്സിൽ പഞ്ചസാര, തേൻ, ക്രീം, അല്ലെങ്കിൽ വെണ്ണ പോലുള്ളവ ചേർക്കുന്നത് ഒഴിവാക്കുക. പകരം, പഴങ്ങളിൽ നിന്നുള്ള സ്വാഭാവിക മധുരം ഉപയോഗിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates