Washing Mashine tips Pinterest
Health

വസ്ത്രം അലക്കി ഉണക്കി 'നീറ്റ്' ആക്കും, പക്ഷെ ആരോ​ഗ്യത്തിന് കാര്യത്തിൽ 'നോ ​ഗ്യാരണ്ടി', വാഷിങ് മെഷീനിൽ ഒളിഞ്ഞിരിക്കുന്ന അപകടം

'ഫ്രോണ്ടിയേഴ്സ് ഇൻ മൈക്രോബയോളജി' നടത്തിയ പഠനത്തിൽ, സാധാരണ അലക്കൽ രീതികളിൽ പല ബാക്ടീരിയകളും ഫംഗസുകളും നശിക്കുന്നില്ല.

Author : സമകാലിക മലയാളം ഡെസ്ക്

സ്ത്രങ്ങൾ അലക്കി ഉണക്കിെടുക്കുക എന്നത് ഇന്ന് വളരെ ഈസി ആയി മാറിയിരിക്കുകയാണ്. അതിന്റെ കാരണം, വാഷിങ് മെഷീൻ മിക്ക വീടുകളിലും എത്തിയെന്നതാണ്. എന്നാൽ വസ്ത്രങ്ങൾ കഴുകി ഉണക്കി തരുന്ന ഈ മെഷീൻ ശ്രദ്ധിച്ചില്ലെങ്കിൽ ബാക്ടീരിയകളുടെ ഹബ്ബായി മാറാൻ അധിക സമയം വേണ്ടിവരില്ല.

മാസങ്ങളോളം വൃത്തിയാക്കാത്ത മെഷീന്റെ റബ്ബർ സീലിനടിയിലോ ഡിറ്റർജന്റ് ഡ്രോയറിലോ അടിഞ്ഞുകൂടുന്ന അഴുക്കും ചെളിയും മെഷീനിനുള്ളിൽ ബാക്ടീരിയയുടെ പ്രജനനത്തെ പ്രോത്സാഹിപ്പിക്കും. പുറമെ നിന്ന് നോക്കിയാൽ വൃത്തിയും വസ്ത്രങ്ങൾക്ക് മണവുമുണ്ടായിരിക്കും. അതുകൊണ്ട് തന്നെ അതിനുള്ളിലെ അപകടത്തെ നമ്മൾ തിരിച്ചറിയാൻ വൈകും. മെഷീന്റെ ഉൾഭാഗം കൃത്യമായി പരിപാലിച്ചില്ലെങ്കിൽ അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

'ഫ്രോണ്ടിയേഴ്സ് ഇൻ മൈക്രോബയോളജി' നടത്തിയ പഠനത്തിൽ, സാധാരണ അലക്കൽ രീതികളിൽ പല ബാക്ടീരിയകളും ഫംഗസുകളും നശിക്കുന്നില്ല. നമ്മൾ അധികവും തണുത്ത വെള്ളത്തിൽ അലക്കുന്നതും, അലക്കി കഴിഞ്ഞാലുടൻ മെഷീന്റെ വാതിൽ അടച്ചിടുന്നതും ഈ സൂക്ഷ്മാണുക്കൾക്ക് വളരാൻ അനുകൂല സാഹചര്യമൊരുക്കുന്നു. ഡ്രമ്മിനുള്ളിലെ ഈർപ്പമുള്ള വായുവിൽ ഇവ സുഖമായി വളരുകയും, അടുത്ത തവണ അലക്കുമ്പോൾ വസ്ത്രങ്ങളിൽ പറ്റിപ്പിടിക്കുകയും ചെയ്യുന്നു.

വാഷിങ് മെഷീനിൽ വസ്ത്രം അലക്കുമ്പോൾ വസ്ത്രങ്ങളിലെ വിയർപ്പ്, മൃതകോശങ്ങൾ, അഴുക്ക്, സോപ്പുപൊടിയുടെ അവശിഷ്ടങ്ങൾ എന്നിവയെല്ലാം ആ വെള്ളത്തിൽ കലരുന്നു. അലക്കൽ കഴിയുമ്പോൾ, ഈ അഴുക്കു കലർന്ന വെള്ളത്തിന്റെ അംശങ്ങൾ മെഷീന്റെ ഉൾഭാഗങ്ങളിൽ അവശേഷിക്കും, പ്രത്യേകിച്ചും മെഷീന്റെ റബ്ബർ സീലുകളിലും ഡ്രമ്മിലും. ഇത് പൂർണ്ണമായും ഉണങ്ങുന്നുമില്ല.

അടുത്ത തവണ അലക്കുമ്പോൾ വീണ്ടും കുറച്ചുകൂടി അഴുക്ക് ഇതിലേക്ക് വന്നു ചേരുന്നു. ആഴ്ചകളോ മാസങ്ങളോ കഴിയുമ്പോൾ, മെഷീനുള്ളിൽ അഴുക്കിന്റെ ഒരു പാളി തന്നെ രൂപപ്പെടുകയും അവിടെ ബാക്ടീരിയകളും മറ്റും വളരുകയും ചെയ്യും. ഈർപ്പമുള്ള അന്തരീക്ഷത്തിൽ ഇവ വേഗത്തിൽ വളരുകയും വസ്ത്രങ്ങളിലേക്ക് പകരുകയും ചെയ്യുന്നു. സാധാരണ​ഗതിയിൽ ഇത് വലിയ ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കില്ലെങ്കിലും എക്സിമ പോലുള്ള ചർമരോഗങ്ങളോ, ചെറിയ മുറിവുകളോ, സെൻസിറ്റീവ് ചർമമോ ഉണ്ടെങ്കിൽ ഇത് അസ്വസ്ഥതകൾ വർധിപ്പിക്കാൻ കാരണമാകും.

കൂടാതെ, വസ്ത്രങ്ങൾ ഉണങ്ങിക്കഴിഞ്ഞാലും അവയിൽ നിന്ന് മാറാത്ത ഒരുതരം വല്ലാത്ത മണം വരാനും ഇത് കാരണമാകും. എന്നുകരുതി ഭയപ്പെടേണ്ടതില്ല. വാഷിങ് മെഷീന്‍ ഉപയോഗിക്കുന്ന സമയത്ത് ഈ ചെറിയ കാര്യങ്ങള്‍ ചെയ്താല്‍ മാത്രം മതി.

മെഷീൻ വൃത്തിയായി സൂക്ഷിക്കാൻ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

റബ്ബർ സീലും ഡ്രമ്മും വൃത്തിയാക്കുക

വാഷിങ് മെഷീന്റെ വാതിലിനോട് ചേർന്നുള്ള റബ്ബർ സീലിനടിയിലാണ് ഏറ്റവും കൂടുതൽ അഴുക്കും പൂപ്പലും ഉണ്ടാവുക. ഇടയ്ക്കിടെ നേർപ്പിച്ച വിനാഗിരിയോ ക്ലീനറോ ഉപയോഗിച്ച് ഈ ഭാഗം തുടച്ചു വൃത്തിയാക്കാൻ ശ്രദ്ധിക്കണം.

കൂടാതെ, അലക്കൽ കഴിഞ്ഞാലുടൻ മെഷീന്റെ വാതിൽ അടയ്ക്കാതെ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും തുറന്നിടുക. കുറച്ചുനേരം തുറന്നിടുന്നത് ഉള്ളിലെ ഈർപ്പം ഉണങ്ങാനും പൂപ്പൽ വളരുന്നത് തടയാനും സഹായിക്കും.

മാസത്തിലൊരിക്കൽ 'ഹോട്ട് വാഷ്'

മിക്കവാറും ആളുകൾ വസ്ത്രങ്ങൾ അലക്കുന്നതിന് കോൾഡ് വാഷാണ് തിരഞ്ഞെടുക്കാറ്. എന്നാൽ ഇത് സൂക്ഷ്മാണുക്കൾക്ക് പെറ്റുപെരുകാനുള്ള സാഹചര്യമുണ്ടാക്കും. മാസത്തിൽ ഒരിക്കലെങ്കിലും വസ്ത്രങ്ങളില്ലാതെ മെഷീൻ 'ഹോട്ട് സൈക്കിളിൽ' പ്രവർത്തിപ്പിക്കുക.

ഉയർന്ന താപനിലയിലുള്ള വെള്ളം ഉള്ളിലെ അദൃശ്യമായ ബാക്ടീരിയകളെയും അടിഞ്ഞുകൂടിയ അഴുക്കിനെയും ഇല്ലാതാക്കാൻ സഹായിക്കും. ടവലുകളും ബെഡ്ഷീറ്റുകളും ഇടയ്ക്കിടെ ഹോട്ട് വാഷ് ചെയ്യാവുന്നതാണ്. ധരിക്കുന്ന വസ്ത്രങ്ങളേക്കാള്‍ കൂടുതൽ വിയർപ്പും എണ്ണയും അഴുക്കുമെല്ലാം ഇതിലായിരിക്കും അടങ്ങിയിട്ടുണ്ടാകുക.

ഡിറ്റർജന്റ് ഡ്രോയറും ഫിൽട്ടറും മറക്കരുത്

മെഷീനില്‍ നിന്ന് ദുർഗന്ധം വമിക്കുകയോ ശരിയായി വെള്ളം പുറത്തേക്ക് ഒഴുകുന്നില്ലെങ്കിലോ മാത്രമാണ് ഈ രണ്ട് ഭാഗങ്ങളും നാം ശ്രദ്ധിക്കുന്നത്. നാം ഡിറ്റർജന്റ് ഒഴിക്കുന്ന ഡ്രോയറിനുള്ളിൽ കട്ടിപിടിച്ചിരിക്കുന്ന സോപ്പ് അവശിഷ്ടങ്ങൾ പൂപ്പലുകൾക്ക് വളരാൻ നല്ലൊരു ഇടമാണ്. ഇത് ഇടയ്ക്കിടെ പുറത്തെടുത്ത് ചൂടുവെള്ളത്തിൽ കഴുകുക. ഡ്രോയർ ഇരിക്കുന്ന സ്ലോട്ടിനുള്ളിലും തുടയ്ക്കുക.

അതുപോലെ മെഷീന്റെ താഴെയുള്ള ഫിൽട്ടറും മാസത്തിലൊരിക്കൽ വൃത്തിയാക്കണം. കൃത്യസമയത്ത് വൃത്തിയാക്കിയില്ലെങ്കിൽ വെള്ളം കെട്ടിക്കിടന്ന് ദുർഗന്ധമുണ്ടാകാനും സൂക്ഷ്മാണുക്കൾ വളരാനും കാരണമാകും. കൂടാതെ വസ്ത്രങ്ങളുടെ പോക്കറ്റിനുള്ളില്‍ നിന്ന് വീഴുന്ന ചെറിയ സാധനങ്ങള്‍, ടിഷ്യു തുടങ്ങിയവയെല്ലാം വീണ് ഈ ഭാഗം അടഞ്ഞുപോകാനും ഇടയുണ്ട്. ഇതുവഴി അധിക വെള്ളം മെഷീനിൽ തങ്ങിനിൽക്കുകയും സൂക്ഷ്മാണുക്കള്‍ വളരുകയും ചെയ്യും.

How to use Washing Mashine Healthy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എനിക്ക് എംഎൽഎമാരുടെ പിന്തുണയുണ്ട്, ഹൈക്കമാന്‍ഡ് നീതിപൂര്‍വകമായ തീരുമാനമെടുക്കും'

'വിജയ് നിന്നപ്പോ ഇങ്ങനെ, ലാലേട്ടന്‍ കേരളത്തില്‍ മത്സരിച്ചാലോ?'; കമന്‍റിട്ടയാള്‍ക്ക് തലങ്ങും വിലങ്ങും ട്രോള്‍

2.12 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്; വിവിധ കാറുകള്‍ക്ക് ഓഫര്‍ പ്രഖ്യാപിച്ച് ഹോണ്ട

'ഒരു സീനിൽ പോലും ചിരി വന്നില്ല, പിന്നെ ഇതെങ്ങനെ 100 കോടി നേടി'; ഒടിടി റിലീസിന് പിന്നാലെ 'ആട് 3'യ്ക്ക് വിമർശനം

സഞ്ജു സെഞ്ച്വറി തൂക്കുമോ! പോയിന്റ് നില തുല്യം; പ്ലേ ഓഫ് പ്രതീക്ഷ കാക്കാൻ ചെന്നൈ- ഡൽഹി ടീമുകൾ

SCROLL FOR NEXT