മീശമാധവൻ എന്ന ചിത്രത്തിൽ കഴുത്ത് വേദനയ്ക്ക് സെർവിക്കൽ കോളർ ബെൽറ്റ് ധരിച്ച് ഗമയിൽ ത്രിവിക്രമൻ നടക്കുമ്പോൾ ലൈൻമാൻ ലോനപ്പൻ ചേട്ടൻ്റെ 'പിടലീ...' എന്ന നീട്ടിപ്പിടിച്ചുള്ള വിളിയിൽ നമ്മൾ മലയാളികൾ ആർത്തു ചിരിച്ചിട്ടുണ്ട്. എന്നാൽ കളിയാക്കലുകൾക്കപ്പുറം അത്ര നിസാരമായി കാണേണ്ട ഒന്നല്ല കഴുത്ത് വേദന.
ചെറുപ്പക്കാരുൾപ്പെടെ ഇന്ന് പതിവായി നേരിടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് പിടലി വേദന അല്ലെങ്കിൽ കഴുത്ത് വേദന. കഴുത്ത് അസ്വാഭാവികമായ രീതിയിൽ പെട്ടെന്ന് വളയുകയോ തിരിയുകയോ അല്ലെങ്കിൽ വീഴുകയോ ചെയ്യുന്നത് കഴുത്തിൽ ഉളുക്കോ പേശീവലിവോ ഉണ്ടാക്കാം. തുടർച്ചയായി ഇരുന്നുള്ള ജോലിയും പരിക്കുകളും ദീർഘദൂരം വാഹനം ഓടിക്കുന്നതും, കിടന്നുകൊണ്ട് ഫോൺ ഉപയോഗിക്കുന്നതും ഗുണനിലവാരമില്ലാത്ത തലയിണ ഉപയോഗിക്കുന്നതുമൊക്കെ ഇത് വഷളാക്കുന്നതാണ്.
പരിക്ക് പറ്റിയാലുടൻ കഴുത്തിന് വേദന അനുഭവപ്പെടണമെന്നില്ല. ചിലപ്പോൾ മണിക്കൂറുകൾക്ക് ശേഷമോ അടുത്ത ദിവസമോ ആയിരിക്കും ലക്ഷണങ്ങൾ പ്രകടമാകുക. കഴുത്തിന്റെ പിൻഭാഗത്ത് അനുഭവപ്പെടുന്ന വേദന, കഴുത്ത് തിരിക്കുമ്പോഴുള്ള ബുദ്ധിമുട്ട്, തോൾഭാഗത്തെ പേശികൾ വലിഞ്ഞു മുറുകുന്ന അവസ്ഥ എന്നിവ പ്രധാന ലക്ഷണങ്ങളാണ്.
സാധാരണ വേദനകൾ വിശ്രമത്തിലൂടെ മാറുമെങ്കിലും ചില സാഹചര്യങ്ങളിൽ ഉടനടി വൈദ്യസഹായം തേടേണ്ടതുണ്ട്. കഴുത്തിലെ വേദന വിട്ടുമാറാതെ നിൽക്കുകയോ, വേദന കൈകാലുകളിലേക്ക് പടരുകയോ, കൈകാലുകളിൽ തരിപ്പും ബലക്കുറവും അനുഭവപ്പെടുകയോ ചെയ്താൽ അത് ഗൗരവകരമായ പരിക്കിന്റെ ലക്ഷണമാകാം.
കഴുത്ത് വേദന, ചികിത്സ
കഴുത്ത് ഉളുക്കിയാൽ സമയബന്ധിതമായ ചികിത്സ ആവശ്യമാണ്. പരിക്കേറ്റ ആദ്യത്തെ രണ്ട് മൂന്ന് ദിവസങ്ങളിൽ ഐസ് പാക്ക് ഉപയോഗിക്കുന്നത് വീക്കം കുറയ്ക്കാൻ സഹായിക്കും. പിന്നീട് ഡോക്ടറുടെ നിർദേശപ്രകാരം ചൂട് നൽകുന്നതും പേശികൾ അയയാൻ നല്ലതാണ്. 'സോഫ്റ്റ് കോളറുകൾ' കഴുത്ത് വിശ്രമം നൽകാൻ സഹായിക്കുന്നതാണ്. ചില സാഹചര്യങ്ങളിൽ ഫിസിയോതെറാപ്പി, മസാജ്, പ്രത്യേക വ്യായാമങ്ങൾ എന്നിവയും ആവശ്യമായി വരാം.
എന്നാൽ കഴുത്തു വേദന ഒരുപരിധി വരെ നമ്മൾക്ക് തടയാൻ സാധിക്കും.
വാഹനം ഓടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കുകയും സീറ്റിലെ ഹെഡ്‌റെസ്റ്റ് കൃത്യമായ ഉയരത്തിൽ ക്രമീകരിക്കുകയും ചെയ്യുന്നത് വിപ്ലാഷ് പരിക്കുകൾ കുറയ്ക്കും.
ഉറങ്ങുമ്പോൾ കഴുത്തിന് അനുയോജ്യമായ തലയിണ ഉപയോഗിക്കുക.
കംപ്യൂട്ടറിന് മുന്നിലും മറ്റും ദീർഘനേരം ഇരിക്കുമ്പോൾ കഴുത്തിന്റെ നില കൃത്യമായി പാലിക്കുക.
കഴുത്തിലെ പേശികളെ ബലപ്പെടുത്തുന്ന ലളിതമായ വ്യായാമങ്ങൾ പതിവായി ചെയ്യുന്നത് പരിക്കുകൾ ഏൽക്കാനുള്ള സാധ്യത കുറയ്ക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates