'ഇവിടെയും വന്നോ ഈ കൊതുകുകള്‍? '
കൊതുക് ഒന്നുമില്ലാത്ത ഒഴിഞ്ഞ ഇടത്തേക്കു മാറിയിരുന്ന്, അല്‍പ്പനേരം കഴിയുമ്പോഴേക്കും കൊതുകു ശല്യം കൊണ്ടു പൊറുതിമുട്ടി ഇങ്ങനെ പറയേണ്ടി വന്നിട്ടുണ്ടോ? മറ്റുള്ളവരെ കടിക്കുന്നതിനേക്കാള്‍ കൂടുതലായി കൊതുകുകള്‍ നിങ്ങളെ കടിക്കുന്നുണ്ടല്ലോ എന്നു തോന്നിയിട്ടുണ്ടോ? ഈ കൊതുകു വിശേഷങ്ങള്‍ വായിച്ചുനോക്കൂ!
ഉഛ്വാസ വായുവിലെ കാര്‍ബണ്‍ ഡയോക്‌സൈഡില്‍നിന്നാണ് കൊതുക് നമ്മളെ കണ്ടെത്തുന്നത്. പത്തോ ഇരുപതോ മീറ്റര്‍ ദൂരത്താണെങ്കിലും നമ്മുടെ ഉഛ്വാസവായുവിനെ സെന്‍സ് ചെയ്യാനുള്ള ശേഷി കൊതുകിനുണ്ട്. കൊതുക് ഇല്ലാത്ത ഇടത്തേക്കു മാറിയിരുന്നാലും കുറച്ചു നേരം കഴിയുമ്പോഴേക്കും കൊതുകു കടി കൊണ്ടു പൊറുതി മുട്ടുന്നതിനു കാരണം ഇതാണ്. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് സെന്‍സ് ചെയ്തു കഴിഞ്ഞാല്‍ കൊതുകിനു നമ്മുടെ അടുത്തേക്കെത്താന്‍ സെക്കന്‍ഡുകള്‍ മതി.
എല്ലാവരെയും ഒരേപോലെയല്ല, കൊതുക് ആക്രമിക്കുന്നത്. പലരും പറയാറുള്ള പോലെ അത് രക്തത്തിന്റെ പ്രത്യേകത കൊണ്ടൊന്നുമല്ല. തൊലിപ്പുറത്തെ രാസ സംയുക്തങ്ങളുടെ വ്യത്യാസം കൊണ്ടാവണം ഇതെന്നാണ് ഗവേഷകരുടെ നിഗമനം. ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാക്കാന്‍ ഇനിയും ഗവേഷകര്‍ക്കായിട്ടില്ല.
എല്ലാ കൊതുകും നമ്മെ ഉപദ്രവിക്കുന്നത് രക്തം കുടിക്കാനല്ല. പെണ്‍ കൊതുകുകള്‍ മാത്രമാണ് മനുഷ്യ രക്തം കുടിക്കുന്നത് എന്നു നേരത്തെ തന്നെ നമുക്കറിയാം. എന്നാല്‍ ചെവിയെ വട്ടമിട്ടു പറഞ്ഞ് ശല്യം ചെയ്യുന്നത് പെണ്‍കൊതുകുകള്‍ മാത്രമല്ല, അതില്‍ ആണുങ്ങളുമുണ്ട്. രക്തം വേണ്ടെങ്കില്‍ അവര്‍ എന്തിനാണ് ഇങ്ങനെ ശല്യം ചെയ്യുന്നത്?
ആണ്‍കൊതുകുകള്‍ പെണ്‍കൊതുകുകളെപ്പോലെ തന്നെ മനുഷ്യശരീരത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇക്കാര്യം പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതിനു കാരണം എന്തെന്നു തീര്‍ച്ചയാക്കാനായിട്ടില്ല. പെണ്‍കൊതുകുകള്‍ വന്ന് നേരെ ശരീരത്തില്‍ സൂചിയിറക്കുമ്പോള്‍ ആണ്‍കൊതുകുകള്‍ ശരീരത്തിനു ചുറ്റും വട്ടമിട്ടു പറക്കുന്നേയുള്ളൂ. പെണ്‍കൊതുകുകള്‍ വരുമ്പോള്‍ അവയ്ക്കു പിന്നാലെ വരുന്നതാവണം ആണുങ്ങളെന്നാണ് ഗവേഷകരുടെ പ്രാഥമിക നിഗമനം.
രോഗം പരത്തുന്നതില്‍ വലിയ പങ്കു വഹിക്കുന്നതിനാല്‍ പെണ്‍ കൊതുകുകളെക്കുറിച്ചാണ് കൂടുതല്‍ പഠനങ്ങള്‍ നടന്നിട്ടുള്ളത്. ആണ്‍കൊതുകുകളെക്കുറിച്ചും പഠനങ്ങള്‍ വന്നാലേ ഈ രഹസ്യമെല്ലാം ചുരുളഴിയൂ എന്നാണ് ഗവേഷകരുടെ പക്ഷം.
(ദി കണ്‍വര്‍സേഷന്‍ പ്രസിദ്ധീകരിച്ച ലേഖനത്തെ ആസ്പദമാക്കി തയാറാക്കിയത്)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates