Women Hormone health pexel
Health

'ആ സ്വിച്ച് ഓൺ ആക്കണോ വേണ്ടയോ! ഹോർമോൺ മാത്രം നിയന്ത്രിക്കുന്ന ഒന്നല്ല ലൈംഗികാസക്തി, യഥാർത്ഥ ലൈംഗികാവയവം രണ്ട് ചെവികൾക്കിടയിൽ'

സ്ത്രീകളിൽ ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ, കൂടാതെ ചെറിയ അളവിലുള്ള ടെസ്റ്റോസ്റ്റിറോൺ എന്നീ ഹോർമോണുകളാണ് ലൈംഗികാസക്തിയെ നിയന്ത്രിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

സ്ത്രീകളുടെ ലൈം​ഗിക ചിന്തകളെ കുറിച്ച് ശ്രീലക്ഷ്മി അറയ്ക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സ്ത്രീകൾ ഓവുലേഷൻ സമയത്ത് ആരെ കിട്ടിയാലും സെക്സ് ചെയ്യുമെന്നായിരുന്നു അവരുടെ പ്രസ്താവന. എന്നാൽ ലിബിഡോ അഥവാ ലൈംഗികാസക്തി എന്നത് ഹോർമോണുകൾ മാത്രം നിയന്ത്രിക്കുന്ന ഒരു കാര്യമല്ലെന്നും ലൈംഗിക ചോദനകൾ മനുഷ്യൻ മനഃപൂർവം ചിന്തിച്ചു തീരുമാനിക്കുന്നതാണെന്നും ഡോ. മനോജ് വെള്ളനാട് പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

ഡോ. മനോജ് വെള്ളനാടിൻ്റെ ഫേയ്സ്ബുക്ക് കുറിപ്പ്

ലിബിഡോ അഥവാ ലൈംഗികാസക്തി എന്നത് ഹോർമോണുകൾ മാത്രം നിയന്ത്രിക്കുന്ന ഒരു കാര്യമല്ല. ഹോർമോണുകൾ ഇതിൽ വളരെ വലിയൊരു പങ്ക് വഹിക്കുന്നുണ്ടെന്നത് ശരിയാണ്. ലൈംഗിക ചോദനകളുടെ സ്വിച്ചാണ് ഹോർമോണുകൾ എന്ന് പറയാം. പക്ഷെ ആ സ്വിച്ച് ഓണാക്കണോ വേണ്ടേ എന്നും എപ്പോൾ ഓണാക്കണമെന്നും ‘ചിന്തിച്ച്’ തീരുമാനിക്കാൻ കഴിവുള്ള അപൂർവ്വം ജീവികളിൽ ഒന്നാണ് മനുഷ്യൻ. എന്നുവച്ചാൽ മനുഷ്യൻ്റെ ലൈംഗിക വിചാരങ്ങൾ ഹോർമോണുകൾക്ക് പുറമെ മാനസികം, സാമൂഹികം, ശാരീരികം, പങ്കാളിയുമായുള്ള ബന്ധം എന്നിങ്ങനെ പല ഘടകങ്ങൾ കൂടിച്ചേർന്നുണ്ടാകുന്ന ഒന്നാണ്.

സ്ത്രീകൾ ഓവുലേഷൻ സമയത്ത് ആരെയെങ്കിലും കിട്ടിയാൽ മതിയെന്ന് കരുതുന്നവരാണെന്ന് ഒരാൾ ഇൻ്റർവ്യൂവിൽ പറയുകയും നൂറായിരം ചർച്ചകൾ ആ സ്‌റ്റേറ്റ്മെൻ്റിൻ്റെ പുറത്ത് നടക്കുകയും ചെയ്യുന്നുണ്ട്. അതവിടെ നടക്കട്ടെ. അതൊരു തെറ്റായ പ്രസ്താവന ആണെന്നത് മാത്രമല്ല അതിനെതിരെ പറയുന്ന സ്ത്രീകളെ കുലസ്ത്രീകൾ എന്നും യഥാർത്ഥ ലൈംഗികത അറിഞ്ഞിട്ടില്ലാത്തവർ ആണെന്നും ഉള്ള തികച്ചും ജഡ്ജുമെൻ്റെലായിട്ടുള്ള ചർച്ചകളും ഉണ്ടാവുന്നുണ്ട്. അതുകൊണ്ടാണിത് എഴുതുന്നത്.

സ്ത്രീകളിലെ ലൈംഗിക വിചാരങ്ങളെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ ഇവയൊക്കെയാണ്

ഹോർമോണുകൾ (ബയോളജിക്കൽ)

സ്ത്രീകളിൽ ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ, കൂടാതെ ചെറിയ അളവിലുള്ള ടെസ്റ്റോസ്റ്റിറോൺ എന്നീ ഹോർമോണുകളാണ് ലൈംഗികാസക്തിയെ നിയന്ത്രിക്കുന്നത്. ആർത്തവ ചക്രത്തിന്റെ പല ഘട്ടങ്ങളിൽ ഈ ഹോർമോണുകളുടെ അളവ് മാറിക്കൊണ്ടിരിക്കും. സാധാരണയായി ഓവുലേഷൻ നടക്കുന്ന സമയത്ത് ഈസ്ട്രജനും ടെസ്റ്റോസ്റ്റിറോണും കൂടുമ്പോൾ ലൈംഗിക വിചാരങ്ങൾ കൂടാം. കൂടാം എന്നാണ് കൂടിയേ തീരൂ എന്നല്ല. ഗർഭാവസ്ഥ, പ്രസവശേഷമുള്ള സമയം, മുലയൂട്ടൽ, ആർത്തവവിരാമം തുടങ്ങിയ ഘട്ടങ്ങളിൽ ഹോർമോൺ വ്യതിയാനങ്ങൾ കാരണം ലൈംഗിക വിചാരങ്ങളിൽ കാര്യമായ കുറവോ മാറ്റങ്ങളോ ഉണ്ടാകാം.

മാനസികമായ ഘടകങ്ങൾ

സ്ത്രീകളെ സംബന്ധിച്ച് ലൈംഗിക വിചാരങ്ങളിൽ മനസ്സിന് വളരെ വലിയ പങ്കുണ്ട്. ജോലിസ്ഥലത്തെയും കുടുംബത്തിലെയും സമ്മർദ്ദങ്ങൾ, ഉത്കണ്ഠ, വിഷാദം എന്നിവ ലൈംഗിക വിചാരങ്ങളെ പെട്ടെന്ന് ഇല്ലാതാക്കും. സ്വന്തം ശരീരത്തെക്കുറിച്ചുള്ള ആത്മവിശ്വാസവും അപകർഷതാബോധവും ലൈംഗിക വിചാരങ്ങളെയും താല്പര്യങ്ങളെയും പോസിറ്റീവായും നെഗറ്റീവായും സ്വാധീനിക്കാം. അതുപോലെ മുൻപുണ്ടായിട്ടുള്ള മോശം അനുഭവങ്ങളോ ട്രോമകളോ (കുഞ്ഞുന്നാളിൽ ഉണ്ടായ അബ്യൂസ് പോലെ) ലൈംഗിക വിമുഖതയ്ക്ക് കാരണമാകാം.

പങ്കാളിയുമായുള്ള ബന്ധം

പുരുഷന്മാരെ അപേക്ഷിച്ച് ഭൂരിഭാഗം സ്ത്രീകളിലും ലൈംഗികത എന്നത് പങ്കാളിയുമായുള്ള വൈകാരിക ബന്ധവുമായി ആഴത്തിൽ ചേർന്ന് കിടക്കുന്ന ഒന്നാണ്. പങ്കാളിയോട് ദേഷ്യമോ പിണക്കമോ വിശ്വാസക്കുറവോ ഉണ്ടെങ്കിൽ ലൈംഗിക താല്പര്യം കുറയും. അതുപോലെ പങ്കാളിയിൽ നിന്ന് ലഭിക്കുന്ന വൈകാരികമായ പിന്തുണയും സ്നേഹവും സ്ത്രീകളിൽ ലൈംഗിക വിചാരങ്ങളെയും താല്പര്യങ്ങളെയും ഉണർത്താനും സഹായിക്കും. ലൈംഗികാസക്തി കൂടുമ്പോഴും, സ്ത്രീകൾ തങ്ങൾക്ക് വൈകാരികമായോ ശാരീരികമായോ താല്പര്യമുള്ള, വിശ്വാസമുള്ള ഒരു പങ്കാളിയെ മാത്രമേ ആഗ്രഹിക്കാറുള്ളൂ.

സാമൂഹികവും സംസ്കാരികവുമായ ഘടകങ്ങൾ

നാം വളരുന്ന സാഹചര്യം, ലൈംഗികതയെക്കുറിച്ച് ചെറുപ്പം മുതൽ കേൾക്കുന്ന കാര്യങ്ങൾ, മതപരമായ വിശ്വാസങ്ങൾ, ലൈംഗികത ഒരു തെറ്റാണെന്ന രീതിയിലുള്ള ചിന്താഗതികൾ എന്നിവയെല്ലാം ഒരു വ്യക്തിയുടെ ലൈംഗിക വിചാരങ്ങളെയും അതിന്റെ പ്രകടനങ്ങളെയും സ്വാധീനിക്കാറുണ്ട്.

മറ്റ് ശാരീരിക ഘടകങ്ങൾ

പ്രമേഹം, ഹൃദ്രോഗങ്ങൾ, തൈറോയ്ഡ് പ്രശ്നങ്ങൾ പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ ലൈംഗിക താല്പര്യത്തെ ബാധിക്കാം. അതുപോലെ വിഷാദരോഗത്തിനുള്ള ചില മരുന്നുകൾ, പ്രഷറിനുള്ള ചില മരുന്നുകൾ, ഗർഭനിരോധന ഗുളികകൾ എന്നിവയും ലൈംഗിക വിചാരങ്ങൾ കുറയ്ക്കാൻ കാരണമായേക്കാം.

ഓവുലേഷൻ സമയത്ത് സ്ത്രീകളിൽ മുൻപ് സൂചിപ്പിച്ച പോലുള്ള ഹോർമോൺ വ്യതിയാനങ്ങൾ കാരണം ലൈംഗികാസക്തി സ്വാഭാവികമായും കൂടാറുണ്ട് എന്നത് ശരിയാണ്. പരിണാമ സിദ്ധാന്ത പ്രകാരം വംശവർദ്ധനവിനുള്ള ശരീരത്തിന്റെ ഒരു ജൈവിക പ്രേരണയാണിത്. പക്ഷേ, മനുഷ്യൻ വെറുമൊരു ജൈവിക പ്രേരണയാൽ മാത്രം പ്രവർത്തിക്കുന്ന ജീവിയല്ല. സ്വന്തം മൂല്യങ്ങൾ, വ്യക്തിബന്ധങ്ങൾ, സാമൂഹികമായ ബോധം എന്നിവയൊക്കെ ഇത്തരം ജൈവിക പ്രേരണകളെ നിയന്ത്രിക്കാൻ മനുഷ്യന് കരുത്ത് നൽകുന്നുണ്ട്.

മുമ്പും പലപ്രാവശ്യം എഴുതിയിട്ടുള്ള ഒന്നാണ്, യഥാർത്ഥ ലൈംഗികാവയവം രണ്ട് ചെവികൾക്കിടയിലാണ് ഇരിക്കുന്നത് അഥവാ തലച്ചോർ ആണെന്ന കാര്യം. മേൽപ്പറഞ്ഞ ഫാക്റ്ററുകളെല്ലാം വളരെ നോർമലായി നിൽക്കുമ്പോഴും ചില മനുഷ്യർ എസെക്‌ഷ്വൽ (asexual) ആയിരിക്കുന്നതിൻ്റെ കാരണം ഇക്കാര്യത്തിൽ ഫൈനലായ തീരുമാനങ്ങൾ എടുക്കുന്നത് മുകളിലിരിക്കുന്ന ആളായതു കൊണ്ടാണ്.

Manoj Velland Facebook Post on Sreelekshmi Araikkal comment about female Sex thoughs in an interview

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇതാണോ മാപ്പപേക്ഷ ?, കോടതിയോട് മുട്ടിയാല്‍ സര്‍ക്കാരിന് രക്ഷിക്കാനാകില്ല; കെ ബിജുവിന് ഹൈക്കോടതിയുടെ താക്കീത്

നട്ടെല്ല് നിവർന്നിരുന്നാൽ വേദന കൂടും, നടുവൊടിയാതെ ബൈക്ക് യാത്ര, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'മോഹന്‍ലാലും ഞാനും കിരീടം തിയേറ്ററില്‍ കണ്ടിട്ടില്ല; സിബീ, നമ്മുടെ പടം ഭയങ്കര ഹിറ്റാണെന്ന് ആദ്യം പറഞ്ഞത് ലാല്‍'

'സച്ചിനും കോഹ്‌ലിയും പോലും ഇങ്ങനെ കളിക്കില്ല! എന്തൊരു ദുരന്തമാണിത്? സ്പോർട്സ് ജോണറിന് തന്നെ അപമാനം'; എയറിലായി 'പെദ്ദി'

കെഎഫ്ഡിസിയുടെ ടീ, കോഫി പൗഡറുകള്‍ക്ക് പേരുകള്‍ നിര്‍ദേശിക്കാം; സമ്മാനം നേടാം