Menstrual Leave for school students Meta AI Image
Health

'വിദ്യാർഥികൾക്ക് മാത്രമല്ല, തൊഴിൽ മേഖലയിലും സ്ത്രീകൾക്ക് ആർത്തവ അവധി ബാധകമാക്കണം'

കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവ അവധി നല്‍കാനുള്ള തീരുമാനം നല്ലൊരു ചുവടുവെപ്പായാണ് കാണുന്നത്.

Author : അഞ്ജു സി വിനോദ്‌

മുഖ്യമന്ത്രി വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തില്‍ ഏറെ ശ്രദ്ധ നേടുകയാണ് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവ അവധി മൂന്ന് ദിവസം വരെ എന്നുള്ളത്. പെണ്‍കുട്ടികള്‍ ആര്‍ത്തവ സമയത്ത് നേരിടുന്ന ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് സര്‍ക്കാരിന്റെ വിപ്ലവകരമായ നീക്കം. പെൺകുട്ടികൾക്ക് നൽകാവുന്ന പ്രിവിലേജുകളിൽ ഏറ്റവും പ്രധാനമാണ് ആർത്തവ അവധി. പലപ്പോഴും ഹാജർ നഷ്ടമാകാതിരിക്കാൻ കുട്ടികൾ വേദന സഹിച്ചും ക്ലാസിൽ തുടരും. എന്നാല്‍ സ്‌കൂള്‍തലത്തില്‍ മാത്രമായി ആര്‍ത്തവ അവധിയെ ഒതുക്കരുതെന്നാണ് പ്രമുഖ സാമൂഹിക, സ്ത്രീ സംരക്ഷണ പ്രവർത്തകയായ കെ അജിതയുടെ അഭിപ്രായം.

കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവ അവധി നല്‍കാനുള്ള തീരുമാനം നല്ലൊരു ചുവടുവെപ്പായാണ് കാണുന്നത്. ആര്‍ത്തവത്തെപറ്റി തുറന്നു സംസാരിക്കാന്‍ മടിച്ചു നിന്ന സമൂഹത്തില്‍ നിന്ന് ആര്‍ത്തവ അവധി വരെ എത്തിനില്‍ക്കുന്നത് വളരെ സന്തോഷമാണ്. മൂന്ന് ദിവസം നല്‍കിയില്ലെങ്കിലും കുറഞ്ഞത് രണ്ട് ദിവസമെങ്കിലും കുട്ടികള്‍ക്ക് ആര്‍ത്തവ അവധി നല്‍കുന്നത് നല്ലകാര്യമായാണ് കരുതുന്നതെന്നും കെ അജിത സമകാലിക മലയാളത്തോട് പറയുന്നു.

K Ajitha
വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല, വിവിധ തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും ആര്‍ത്തവ അവധി ബാധകമാക്കണമെന്നാണ് എന്റെ അഭിപ്രായം. ക്രമേണ ഇതൊരു നിയമമായി എല്ലാ സ്ഥാപനങ്ങളിലും വരണം
കെ അജിത

'പലപ്പോഴും സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവ ദിവസങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന ആശങ്കയുണ്ടാവും, മാത്രമല്ല പലതരത്തിലുള്ള ശാരീരിക അസ്വസ്ഥതകളും ഉണ്ടാവാം. അതൊക്കെ പരിഹരിക്കാന്‍ മാസത്തില്‍ രണ്ട് ദിവസത്തെ അവധി ഗുണം ചെയ്യും. വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല, വിവിധ തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും ആര്‍ത്തവ അവധി ബാധകമാക്കണമെന്നാണ് എന്റെ അഭിപ്രായം. ക്രമേണ ഇതൊരു നിയമമായി എല്ലാ സ്ഥാപനങ്ങളിലും വരണം'-കെ അജിത വ്യക്തമാക്കി.

'തൊഴിൽ ഇടങ്ങളിലും സ്ത്രീകൾക്ക് ആർത്തവ അവധി പ്രായോഗികമാക്കണം. ആർത്തവ ദിവസങ്ങളിൽ പ്രയാസങ്ങൾ നേരിടുന്ന ഒരുപാട് സ്ത്രീകളുണ്ട്. വിവിധ തൊഴില്‍ മേഖലയില്‍ 50 ശതമാനത്തോളം സ്ത്രീകളാണ് ജോലി ചെയ്യുന്നത്. ആര്‍ത്തവ അവധി നല്‍കേണ്ടതു കൊണ്ട് സ്ത്രീകളെ ജോലിക്കെടുക്കില്ലെന്ന് ഉടമകള്‍ക്ക് ഒരിക്കലും തീരുമാനിക്കാന്‍ കഴിയില്ല. സ്ത്രീകള്‍ ഇല്ലാതെ തൊഴില്‍ മേഖല മുന്നോട്ടു പോകില്ല'.

'ഏത് നിയമം വന്നാലും അതു ദുരുപയോഗപ്പെടുത്താനുള്ള സാധ്യതയുണ്ട്. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ നിയമങ്ങൾ വന്നിട്ട് അതെല്ലാം വെള്ളം ചേര്‍ത്തില്ലേ... സ്ത്രീകള്‍ക്കുള്ള നിയമങ്ങളില്‍ മാത്രമാണ് ഇത്തരം പ്രശ്‌നങ്ങള്‍ ബാധകമാവുക. മറ്റ് തരത്തിലുള്ള ക്രിമിനല്‍ ആക്ടിവിറ്റികള്‍ക്ക് ഇതൊരു പ്രശ്‌നമല്ല. സ്ത്രീകള്‍ക്ക് എന്തെങ്കിലും ആനുകൂല്യം വരുന്നുണ്ടെങ്കിൽ അത് പാരവയ്ക്കാനുള്ള ഒരു പ്രത്യേക മാനസികാവസ്ഥ നമ്മുടെ സമൂഹത്തിനുണ്ട്. അതില്‍ എനിക്ക് വലിയ അത്ഭുതമൊന്നുമില്ല. ഇതെല്ലാം മാറിയെ തീരൂ എന്ന അഭിപ്രായമാണ് എനിക്കുള്ളത്'

'കുട്ടികള്‍ക്കും നിര്‍ബന്ധിത അവധി നല്‍കണമെന്നല്ല, ആർത്തവം എല്ലാവർക്കും എല്ലായ്പ്പോഴും ഒരുപോലെ ആയിരിക്കില്ല. ആവശ്യമുള്ളവര്‍ക്ക് നിര്‍ബന്ധമായും അവധി കിട്ടണം. അവധി ചോദിക്കാന്‍ കുട്ടികള്‍ മടിക്കേണ്ടതില്ല. ഇതൊരു പോസിറ്റീവ് കാര്യമായി കണ്ട് ആവശ്യക്കാര്‍ക്ക് ഉപയോഗപ്പെടുത്താനുള്ള സാഹചര്യം ഒരു ഓപ്ഷനല്‍ എന്ന നിലയില്‍ നല്‍കാം'- കെ അജിത പറയുന്നു.

J Devika
സ്കൂൾ വിദ്യാർഥിനികളെക്കാൾ ആർത്തവ അവധി ആവശ്യം വരിക തൊഴിലിടങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്കാണ്. ആ സമയം അവര്‍ക്ക് വിശ്രമം ആവശ്യമായി വന്നാല്‍ തീര്‍ച്ചയായും അതിനുള്ള സാഹചര്യം ഒരുക്കണം.
ഡോ. ജെ ദേവിക

ആര്‍ത്തവ സമയം ഏറെ പ്രയാസപ്പെടുന്ന നിരവധി സ്ത്രീകളുണ്ട്. സ്കൂൾ വിദ്യാർഥിനികളെക്കാൾ ആർത്തവ അവധി ആവശ്യം വരിക തൊഴിലിടങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്കാണ്. ആ സമയം അവര്‍ക്ക് വിശ്രമം ആവശ്യമായി വന്നാല്‍ തീര്‍ച്ചയായും അതിനുള്ള സാഹചര്യം ഒരുക്കണമെന്ന് ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ ഡോ. ജെ ദേവിക പറയുന്നു. തൊഴിലാളികളുടെ അവകാശത്തില്‍ പെടുന്ന ആവശ്യങ്ങളിലൊന്നാണിത്. നിര്‍ബന്ധിത അവധി എന്ന നിലയില്‍ അല്ലെങ്കിലും ഓപ്ഷനല്‍ എന്ന തരത്തില്‍ തൊഴിലിടങ്ങളിൽ സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി നല്‍കണമെന്നതാണ് തൻ്റെ അഭിപ്രയമെന്ന് ഡോ. ജെ ദേവിക പറയുന്നു. പ്രത്യേകിച്ച്, വീട്ടു ജോലി അല്ലെങ്കിൽ കടകളിൽ മണിക്കൂറുകളോളം നിന്നു ജോലി ചെയ്യുന്ന സ്ത്രീകൾക്ക്.

ദുരുപയോഗം ചെയ്യുമെന്ന വാദത്തിൽ സ്ത്രീകളെ തൊഴിൽ മേഖലയിൽ നിന്ന് മാറ്റിനിർത്താൻ സാധിക്കില്ലെന്നും ഡോ. ജെ ദേവിക പറയുന്നു. ആർത്തവ അവധി നൽകുന്നതിലൂടെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ആര്‍ത്തവത്തെ കുറിച്ച് തുറന്ന് സംസാരിക്കാനും അത് നോര്‍മലൈസ് ചെയ്യാനും ഗുണം ചെയ്യും.

എന്നാല്‍ ആര്‍ത്തവ അവധി ഒരിക്കലും ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണെന്ന് കരുതരുത്. കഠിനമായ വേദനയിലൂടെ കുട്ടികള്‍ കടന്നു പോകേണ്ടതില്ല. ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനി ആര്‍ത്തവ ദിവസങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് മാസം കഠിനമായ വേദനയെ തുടര്‍ന്ന് അവധി എടുക്കുന്നുണ്ടെങ്കില്‍ ആ വേദന തീര്‍ച്ചയായും പരിഹരിക്കപ്പെടേണ്ടതാണെന്നും ഡോ. ജെ ദേവിക കൂട്ടിച്ചേർത്തു.

ഇത് ആദ്യമായല്ല!

ആര്‍ത്തവ അവധിയെ കുറിച്ച് ഇത് ആദ്യമായല്ല ചര്‍ച്ച ഉയരുന്നത്. 2017ല്‍ അരുണാചല്‍ പ്രദേശില്‍ നിന്നുള്ള എംപി നിയോങ് എറിങ് ലോക് സഭയില്‍ ഇത് സംബന്ധിച്ച് ഒരു സ്വകാര്യ ബില്ല് (The Menstruational Benefit Bill) അവതരിപ്പിച്ചിരുന്നു. ഈ ബില്ല് പ്രകാരം കേന്ദ്ര-സംസ്ഥാന സർക്കാരിന് കീഴിലും സ്വകാര്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ശബളത്തോട് കൂടിയ രണ്ട് ദിവസത്തെ ആര്‍ത്തവ അവധി, തൊഴില്‍ ഇടങ്ങള്‍ സ്ത്രീ സൗഹൃദമാക്കണം എന്നതടക്കം നിർദേശിച്ചിരുന്നു. അന്ന് അത് വലിയ രീതിയില്‍ രാജ്യത്ത് ചര്‍ച്ചയായിരുന്നെങ്കിലും തുല്യതയുടെയും ദുരുപയോഗം ചെയ്യുമെന്ന വാദത്തിലും ആ ബില്ല് പാസായില്ല.

പിന്നീട് 2023ല്‍ കുസാറ്റ് സര്‍വകലാശ വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവ അവധി പ്രഖ്യാപിച്ചു കൊണ്ട് ചരിത്രം കുറിച്ചു. പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ നടപടി പിന്നീട് മാതൃകയാക്കുകയും ചെയ്തിരുന്നു. 1992 മുതൽ ബിഹാർ സർക്കാർ തൊഴിൽ മേഖയിൽ സ്ത്രീകൾക്കായി ആർത്തവ അവധി നൽകി വരുന്നുണ്ട്. മാസത്തിൽ രണ്ട് ദിവസമാണ് അവധി നൽകുന്നത്. ഇന്തോനേഷ്യ, ജപ്പാൻ, ദക്ഷിണ കൊറിയ, തായ്വാൻ തുടങ്ങിയ രാജ്യങ്ങളിൽ ആർത്തവ അവധി നിയമമാക്കിയിട്ടുണ്ട്.

Menstrual Leave for School students in Kerala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സതീശന്‍ ആദ്യമായി ഒരു കാര്യം പറയുകയല്ലേ, മോദി ഫോണ്‍ എടുത്ത് കുത്തി'; പരിഹസിച്ച് മുഖ്യമന്ത്രി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK- 54 lottery result

EXPLAINER|വന്ദേമാതരം പാടുമ്പോൾ എഴുന്നേറ്റ് നിൽക്കണോ? നിയമവും പുതിയ പ്രോട്ടോക്കോളും വ്യക്തമാക്കുന്നത് ഇങ്ങനെ

പശ്ചിമേഷ്യയില്‍ സമാധാന സൂചന; തിരിച്ചുകയറി സ്വര്‍ണവില, പവന് 1,160 രൂപ കൂടി

'ഒരു നടന്റെ കരിയറിൽ ബോക്സ് ഓഫീസ് കളക്ഷന് പ്രാധാന്യമുണ്ട്; പക്ഷേ ഇൻഡസ്ട്രിയിൽ വിജയിക്കണമെങ്കിൽ അത് മാത്രം പോര'

SCROLL FOR NEXT