കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ കെഎസ്യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോർജിന് കഴുത്തിന് പരിക്കേറ്റതും ആശുപത്രിയിൽ പ്രവേശിപ്പിച്ചതും വലിയ വിവാദമായിരിക്കുകയാണ്. ഇതൊക്കെ മന്ത്രിയുടെ വെറും പ്രഹസനമാണെന്ന തരത്തിലാണ് സോഷ്യൽമീഡിയയിൽ ട്രോളുകൾ നിറയുന്നത്. അതേസമയം, ഇത് മന്ത്രിയുടെ അഭിനയമായി കണ്ട് തള്ളേണ്ട കാര്യമല്ലെന്ന് ഡോ. മനോജ് വെള്ളനാട് ഫേയ്സ്ബുക്കിൽ കുറിക്കുന്നു.
ദൃശ്യങ്ങളിൽ നിന്ന് വീണാ ജോർജ് ഇല്ലാത്ത കഴുത്ത് വേദന അഭിനയിച്ച് ഒരു അനാവശ്യ സീൻ സൃഷ്ടിച്ചതാണെന്ന് തോന്നുന്നില്ലെന്നും അവർക്ക് വിപ്ലാഷ് ഇഞ്ചുറി സംഭവിച്ചതാകാനാണ് സാധ്യതയെന്നും ഡോക്ടർ ചൂണ്ടിക്കാണിക്കുന്നു. കഴുത്തിന്റെ പെട്ടെന്നുള്ള പിന്നോട്ടും മുന്നോട്ടുമുള്ള ചലനം മൂലമുണ്ടാകുന്ന ഒരു തരം സോഫ്റ്റ് ടിഷ്യൂ ഇഞ്ച്വറിയാണ് വിപ്ലാഷ് ഇഞ്ചുറി. ഇന്നലെ ഉണ്ടായ പോലുള്ള സാഹചര്യങ്ങളിൽ വളരെ റിഫ്ലക്സീവായിട്ട് കഴുത്ത് ചലിപ്പിക്കുമ്പോഴും ഉണ്ടാകാം.
ഇന്നലെത്തന്നെ എഴുതണമെന്ന് കരുതിയ ഒരു കുറിപ്പാണിത്. തിരക്കിൽപ്പെട്ടതിനാൽ സമയം കിട്ടിയില്ല. വീണാ ജോർജിൻ്റെ കഴുത്തിലെ വേദനയെ പറ്റിയാണ്. ഇതിനെ ക്യാപ്സ്യൂളായിട്ടോ ഗുളിക ആയിട്ടോ ഇഞ്ചക്ഷനായിട്ടോ മാത്രം എടുക്കുന്നവർ തുടർന്ന് വായിക്കണമെന്നില്ല.
ആരോഗ്യമന്ത്രി വീണാ ജോർജിന് കഴിഞ്ഞ ദിവസം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിന്റെ ഇടയിൽ ഉണ്ടായ തള്ളിക്കയറ്റത്തിൽ കഴുത്തിനും വലത് കൈയ്ക്കും പരിക്കേറ്റു എന്നും തുടർന്ന് അവർക്ക് കഴുത്ത് അനക്കാൻ ബുദ്ധിമുട്ടും വേദനയും അനുഭവപ്പെട്ടു എന്നും കണ്ണൂർ ജില്ലാ ആശുപത്രിയിൽ അഡ്മിറ്റായി എന്നുമാണ് ഇന്നലെ മുതലേയുള്ള വാർത്തകൾ. ആ വീഡിയോ ദൃശ്യങ്ങൾ കണ്ടപ്പോൾ മുതൽ എന്തായിരിക്കാം കഴുത്തുവേദനയ്ക്ക് കാരണമെന്ന് ചിന്തിക്കുകയും മിക്കവാറും അതൊരു വിപ്ലാഷ് ഇഞ്ചുറി ആവാമെന്ന് തോന്നുകയും ചെയ്തിരുന്നു. അതല്ലാതെ, എതിരാളികൾ പറയുന്നപോലെ അവർ ഇല്ലാത്ത കഴുത്തു വേദന അഭിനയിച്ച് ഒരു അനാവശ്യ സീൻ സൃഷ്ടിക്കാൻ സാധ്യതയില്ലാ എന്നും തോന്നിയിരുന്നു.
വിപ്ലാഷ് ഇഞ്ചുറി എന്നത് കഴുത്തിന്റെ പെട്ടെന്നുള്ള പിന്നോട്ടും മുന്നോട്ടുമുള്ള ചലനം മൂലമുണ്ടാകുന്ന ഒരു തരം soft tissue injury ആണ്. ഇത് സാധാരണയായി കാർ അപകടങ്ങളിൽ (rear-end collision) കാണപ്പെടുന്നതാണെങ്കിലും പെട്ടെന്നുള്ള ശക്തമായ push/pull എന്നിവയിലൂടെയും ഉണ്ടാകാം. ഇന്നലെ ഉണ്ടായ പോലുള്ള സാഹചര്യങ്ങളിൽ വളരെ റിഫ്ലക്സീവായിട്ട് കഴുത്ത് ചലിപ്പിക്കുമ്പോഴും ഉണ്ടാകാം.
ഇതിൻ്റെ പ്രധാന ലക്ഷണങ്ങൾ കഴുത്തിലും തോളിലും ഉണ്ടാവുന്ന കഠിനമായ വേദന, കഴുത്ത് അനക്കുമ്പോഴുള്ള കാഠിന്യം (stiffness), തലവേദന (പലപ്പോഴും തലയുടെ പിൻഭാഗത്ത്), കൈകളിലോ തോളിലോ പെരുപ്പോ മരവിപ്പോ ഒക്കെയാവാം. വിപ്ലാഷ് ഇഞ്ചുറിയുണ്ടായാൽ ഉടനെ അതിൻ്റെ വേദനയോ മറ്റ് ബുദ്ധിമുട്ടുകളോ അനുഭവപ്പെടണമെന്നില്ല. ഏതാനും മിനുട്ടുകൾ മുതൽ മണിക്കൂറുകൾക്ക് ശേഷമോ ചിലപ്പോൾ ദിവസങ്ങൾക്ക് ശേഷമോ ആയിരിക്കാം അതിൻ്റെ ലക്ഷണങ്ങൾ പ്രകടമാകുക.
വീണാ ജോർജിന്റെ കേസിൽ റിപ്പോർട്ട് ചെയ്ത ലക്ഷണങ്ങൾ പ്രകാരം കഴുത്തിലെ വേദന, കൈയിലെ discomfort/numbness, കഴുത്ത് അനക്കാൻ ബുദ്ധിമുട്ട് എന്നിവ whiplash-ന്റെ ലക്ഷണങ്ങളുമായി ഏറെക്കുറെ യോജിക്കുന്നുണ്ട്. പ്രതിഷേധത്തിനിടെ ഉണ്ടായ തള്ളലിൽ കഴുത്തിൽ പെട്ടെന്നുള്ള ചലനം ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. MRI സ്കാനിൽ ഗുരുതരമായ പ്രശ്നങ്ങൾ കണ്ടെത്തിയില്ലെന്നും പിന്നീടുള്ള അപ്ഡേറ്റുകളിൽ പറയുന്നുണ്ട്. ഇത് പ്രകാരം Grade 1 അല്ലെങ്കിൽ Grade 2 whiplash ആയിരിക്കാൻ സാധ്യതയുണ്ട്. Grade 0 മുതൽ Grade 4 വരെ 5 ഗ്രേഡാണുള്ളത്.
Grade 1 അല്ലെങ്കിൽ 2 വിപ്ലാഷ് വളരെ സാധാരണമാണ്. പൊതുവെ കുറച്ച് ആഴ്ചകൾക്കുള്ളിൽ സെർവൈക്കൽ കോളറും മരുന്നുകളും കൊണ്ട് മാറുന്നതുമാണ്. എങ്കിലും ചിലരിൽ ദീർഘകാലം നീണ്ടുനിൽക്കുന്ന കഴുത്ത് വേദനയായി അത് മാറാറുമുണ്ട്. മന്ത്രിയുടെ പരിക്ക് ഗുരുതരമല്ലാ എന്നത് ആശ്വാസകരമാണ്. വേഗം ആശുപത്രി വിടാൻ അവർക്കാവട്ടെ എന്നാശംസിക്കുന്നു.
പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യത്തിൻ്റെ കാതലാണ്. പക്ഷെ ആ പ്രതിഷേധം ഒരാളുടെ, പ്രത്യേകിച്ചും ഒരു സ്ത്രീയുടെ ശരീരത്തോട് അടുക്കുമ്പോൾ അത് ജനാധിപത്യപരമല്ലാതാവുന്നു എന്ന് പ്രതിഷേധക്കാർ ഓർക്കണം എന്നു കൂടി പറയാൻ ആഗ്രഹിക്കുകയാണ്.
ഒപ്പം, ഇന്നലെ എഴുതിയ ഒരു കാര്യം ഒന്നുകൂടി ആവർത്തിക്കുന്നു. എന്തുകൊണ്ട് ആരോഗ്യമന്ത്രി ഇത്രയധികം മാധ്യമ-നവമാധ്യമ ആക്രമണങ്ങൾക്കും പൊതു ഇടങ്ങളിലെ പ്രതിഷേധങ്ങൾക്കും ഇരയാകുന്നു എന്നതിന് ഉത്തരം ഇന്ന് KSU ക്കാർ പോസ്റ്റ് ചെയ്ത ചിത്രം തന്നെ പറയും. അന്താരാഷ്ട്ര എയർപോർട്ടിനോട് ഉപമിക്കാവുന്ന ഒരു ഗവൺമെൻ്റ് ആശുപത്രിയിലെ കാഷ്വാലിറ്റി വാർഡിൻ്റെ ചിത്രം. തങ്ങൾക്ക് ചെയ്യാൻ കഴിയാത്തത്, ചിന്തിക്കാൻ കൂടി കഴിയാത്തത് ചെയ്ത, ചെയ്തു കൊണ്ടിരിക്കുന്ന ഒരാളെ അഴിമതിയോ കഴിവില്ലായ്മയോ മറ്റെന്തെങ്കിലുമോ ആരോപിക്കാൻ കഴിയാതെ വരുമ്പോൾ ഉള്ള ഒരു ഫ്രസ്ട്രേഷൻ.
ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യ സേവനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട്, ഏറ്റവും വൃത്തിയുള്ള ആശുപത്രിയുടെ വരാന്തയിൽ ചിരിച്ചു കൊണ്ട് നിന്ന് ആരോഗ്യകേരളം വെൻ്റിലേറ്ററിൽ എന്ന് എഴുതുന്നത്, ഫേസ്ബുക്കിലൂടെ മാർക്ക് സക്കർബർഗിൻ്റെ പിതാവിന് വിളിക്കുന്നത് പോലൊരു പരിപാടിയാണ് എന്ന് ആരെങ്കിലും അവരോടൊന്ന് പറഞ്ഞു കൊടുത്തെങ്കിൽ..
മനോജ് വെള്ളനാട്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates