കൊതുകിനെ തുരത്താൻ പണ്ടത്തെ പോലെ പുകച്ചിട്ടോ തിരി കത്തിച്ചിട്ടോ കാര്യമില്ലെന്ന് വന്നതോടെ പലരും ഇന്ന് കൊതുകുനിവാരണ ക്രീമുകളാണ് ഉപയോഗിക്കുന്നത്. ഇത്തരം ക്രീമുകളുടെ ഉപയോഗം വ്യാപകമായതോടെ ഇവ ചർമത്തിൽ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമോയെന്നാണ് പലരുടെയും ആശങ്ക.
എന്നാൽ മിതത്വം പാലിച്ച് ശരിയായി ഉപയോഗിക്കുകയാണെങ്കിൽ ആശങ്കയുടെ ആവശ്യമില്ലെന്ന് ഗവേഷകർ പറയുന്നു. കൊതുകുനിവാരണ ക്രീമുകളിലെ പ്രധാന ഘടകങ്ങളായ ഡീറ്റ്, പിക്കാരിഡിൻ തുടങ്ങിയവയെക്കുറിച്ച് നടന്ന പഠനങ്ങൾ ഇവ ആരോഗ്യത്തിന് സുരക്ഷിതമാണെന്ന് തെളിയിച്ചിട്ടുണ്ട്.
എങ്കിലും അമിതമായ ഉപയോഗം ചർമത്തിൽ അസ്വസ്ഥതകൾക്ക് കാരണമായേക്കാം. സെൻസിറ്റീവ് ചർമമുള്ളവരിലും എക്സിമ പോലുള്ള അസുഖങ്ങളുള്ളവരിലും നേരിയ തോതിലുള്ള ചുവന്ന പാടുകളോ ചൊറിച്ചിലോ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
പുറത്തു കാണുന്ന ചർമത്തിൽ മാത്രം മിതമായ അളവിൽ ക്രീം പുരട്ടണമെന്നും മുറിവുകളുള്ള ഭാഗങ്ങളിൽ ഉപയോഗിക്കരുതെന്നും വിദഗ്ധർ വ്യക്തമാക്കി. മുഖത്ത് പുരട്ടുമ്പോൾ കണ്ണിലും വായിലും പോകാതെ ശ്രദ്ധിക്കുകയും വേണം. മാത്രമല്ല, പ്രകൃതിദത്തമെന്ന് അവകാശപ്പെടുന്ന ഹെർബൽ ക്രീമുകൾക്ക് കൊതുകുകളെ ദീർഘനേരം അകറ്റിനിർത്താൻ കഴിയില്ലെന്നും വിദഗ്ധർ പറയുന്നുണ്ട്.
കൊതുകുനിവാരണ ക്രീമുകൾ പുരട്ടുമ്പോൾ ശരീരത്തിന്റെ തുറന്ന ഭാഗങ്ങളിൽ മാത്രമായി പുരട്ടാൻ ശ്രദ്ധിക്കുക. പുറത്തുപോയി തിരിച്ചെത്തിയാൽ ചർമ്മം നന്നായി കഴുകി ക്രീം നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്. ശരിയായ രീതിയിലുള്ള ഉപയോഗം പാർശ്വഫലങ്ങൾ കുറയ്ക്കുന്നതിനൊപ്പം ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ പകർച്ചവ്യാധികളിൽ നിന്ന് മികച്ച സംരക്ഷണം നൽകുകയും ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates