Nafisa Ali Instagram
Health

കീമോയും ശസ്ത്രക്രിയയ്ക്കും ശേഷം 11,000 അടി മുകളിലൂടെ ട്രെക്കിങ്; ബി​ഗ് ബിയിലെ മേരി ടീച്ചർ പറയുന്നു

കാൻസർ ശസ്ത്രക്രിയയും കീമോകൾക്കും ശേഷം കുടുംബത്തോടൊപ്പമുള്ള ട്രെക്കിങ് പുതിയൊരു അനുഭവമായിരുന്നുവെന്ന് നഫീസ കുറിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

മ്മൂട്ടി നായകനായ ബിഗ് ബിയിലെ മേരി ടീച്ചറിനെ മലയാളികൾ അത്ര പെട്ടെന്നൊന്നും മറക്കാനിടയില്ല. ബോളിവുഡ് നടിയായ നഫീസ അലിയാണ് മേരി ടീച്ചർ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയത്. 2018-ൽ തനിക്ക് ഒവേറിയൻ കാൻസർ മൂന്നാം സ്റ്റേജിലാണെന്ന് നഫീസ അലി തുറന്നു പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം വീണ്ടും കാൻസർ സ്ഥിരീകരിക്കുകയും അത് അതിജീവിക്കുകയും ചെയ്തു. ഇപ്പോഴിതാ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ട്രെക്കിങ് ചെയ്യുന്ന നഫീസയും വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

കാൻസർ ശസ്ത്രക്രിയയും കീമോകൾക്കും ശേഷം കുടുംബത്തോടൊപ്പമുള്ള ട്രെക്കിങ്ങും 11,000 അടി മുകളിലുള്ള സിസു എന്ന പ്രദേശത്ത് വച്ച് ഉച്ചഭക്ഷണം കഴിച്ചതും ഗംഭീര അനുഭവമായിരുന്നുവെന്ന് നഫീസ കുറിച്ചു. സുഹൃത്തുക്കൾക്കും കുടുംബാം​ഗങ്ങൾക്കുമൊപ്പം 11,000 അടി ഉയരത്തിലൂടെയുള്ള സിസു എന്ന പ്രദേശത്തായിരുന്നു ട്രെക്കിങ്. മരുമകനും പേരക്കുട്ടിയും തന്നെ താഴെയിറങ്ങാൻ സഹായിച്ചുവെന്നും നടി കുറിച്ചു. കാൻസർ നിർണ്ണയത്തെക്കുറിച്ചുള്ള തൻ്റെ പോരാട്ടങ്ങളെക്കുറിച്ച് നഫീസ അലി നേരത്തേ പങ്കുവെച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളേക്കുറിച്ച് തുടർച്ചയായി പറഞ്ഞിട്ടും ഡോക്ടർമാർ ആദ്യ ഘട്ടത്തിൽ നിസ്സാരമാക്കുകയായിരുന്നു. അതാണ് രോ​ഗസ്ഥിരീകരണം വൈകിയത്.

തനിക്ക് ​ഗുരുതരമായ എന്തോ പ്രശ്നമുണ്ടെന്ന് ആദ്യം മുതലേ തോന്നിയിരുന്നു. എന്നാൽ ഡോക്ടർമാർ അത് നിരാകരിച്ചു. അത് രോ​ഗനിർണയം വൈകിച്ചു. കാൻസർ സ്റ്റേജ് നാലിലേക്ക് കടക്കാനിരിക്കെയാണ് രോ​ഗാവസ്ഥ കണ്ടെത്തിയത്. കഠിനമായ വേദന അനുഭവപ്പെടുന്നതുവരെ മെഡിക്കൽ ടീം തന്നെ കാര്യമായി എടുത്തിരുന്നില്ലെന്നും പിന്നീടുള്ള പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്നും നഫീസ പറഞ്ഞിട്ടുണ്ട്.

മമ്മൂട്ടി നായകനായ ബിഗ് ബി എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് നഫീസ അലി. 1976-ലെ ഫെമിന മിസ് ഇന്ത്യ, മിസ് ഇന്റർനാഷനൽ സെക്കൻഡ് റണ്ണറപ്പായ നഫീസ അലി സിനിമാതാരം എന്നതിലുപരി രാഷ്ട്രീയ പ്രവർത്തക, ദേശീയ നീന്തൽ താരം എന്നീ നിലകളിലും പ്രശസ്തയാണ്.

എന്താണ് ഒവേറിയൻ കാൻസർ

സ്ത്രീകളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കാൻസറുകളിൽ ഒന്നാണ് ഒവേറിയൻ കാൻസർ അഥവാ അണ്ഡാശയ അർബുദം. ഓവറികളെ ബാധിക്കുന്ന അർബുദമാണിത്. തുടക്കത്തിൽ ലക്ഷണങ്ങളൊന്നും പ്രകടമാകണമെന്നില്ല. ലക്ഷണങ്ങൾ കാണിച്ചുതുടങ്ങുമ്പോഴേക്കും മറ്റുഭാഗങ്ങളെ ബാധിക്കാനുമിടയുണ്ട്.

അടിവയർ വീർത്തതുപോലെ അനുഭവപ്പെടുക, വീക്കം, ഭക്ഷണം കഴിച്ചുതുടങ്ങുമ്പോഴേക്കും വയറു നിറഞ്ഞതായി തോന്നുക, ഭാരക്കുറവ്, അമിതക്ഷീണം, പുറംവേദന, മലബന്ധം, ഇടയ്ക്കിടെ മൂത്രമൊഴിക്കണമെന്ന തോന്നൽ തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ. മൂന്നുതരത്തിലാണ് ഒവേറിയൻ കാൻസറുകളുള്ളത്. എപിതെലിയൽ ഒവേറിയൻ കാൻസർ, സ്ട്രോമൽ ട്യൂമേഴ്സ്, ജെം സെൽ ട്യൂമേഴ്സ് എന്നിങ്ങനെയാണത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • പ്രായം കൂടുംതോറും ഒവേറിയൻ കാൻസർ സംബന്ധിച്ചുള്ള അപകട സാധ്യതകളും കൂടും.

  • ചെറിയൊരു ശതമാനം ഒവേറിയൻ കാൻസറുകൾക്കു പിന്നിൽ ജനിതകഘടകങ്ങളാണ് കാരണം. BRCA1, BRCA2 എന്നീ ജീനുകളാണ് സാധ്യത വർധിപ്പിക്കുന്നത്.

  • അമിതവണ്ണവും എൻഡോമെട്രിയോസിസ് എന്ന അവസ്ഥയും ഒവേറിയൻ കാൻസർ സാധ്യത വർധിപ്പിക്കാം.

  • ആർത്തവം നേരത്തേ ആരംഭിക്കുക, ആർത്തവ വിരാമം വൈകുക തുടങ്ങിയവയും ഗർഭിണിയാകാത്തതും രോഗസാധ്യത കൂട്ടാം.

nafisa ali ovarian cancer recovery

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കുരങ്ങന് ഏണി വച്ചതുപോലെയാകും; മദ്യ നികതി ഇളവില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണം; പൂര്‍ണ മദ്യ നിരോധനം നടപ്പാക്കണം'

'പണ്ട് ബാ​ഗ് പാക്ക് ചെയ്ത് എപ്പോൾ വേണമെങ്കിലും പോകാമായിരുന്നു, ഇപ്പോൾ അതുപോലെ യാത്ര ചെയ്യാറില്ല; അമ്മയായതിന് ശേഷം മുൻ​ഗണനകൾ മാറി'

ചേട്ടന്‍മാര്‍ക്കൊപ്പം ഡ്രസ്സിങ് റും പങ്കിടാനാകില്ല; ഇംഗ്ലണ്ടില്‍ വൈഭവ് സൂര്യവംശിക്ക് സ്‌പെഷ്യല്‍ റൂം

SBI Careers: ഡോക്ടർമാർക്ക് ജോലി നേടാം,തിരുവനന്തപുരത്ത് ഉൾപ്പെടെ 35 ഒഴിവുകൾ

മകനെ ‘പിച്ച് ഇൻവേഡർ’ എന്ന് തെറ്റിദ്ധരിച്ച് സുരക്ഷാ ജീവനക്കാർ തടഞ്ഞു; കണ്ണീരോടെ ഇടപെട്ട് ബ്രസീൽ താരം നെയ്മർ