Power cut tips Pinterest
Health

കറന്റ് പോയാൽ ഫ്രിഡ്ജ് തുറക്കരുത്, കുറച്ച് പവർകട്ട് സുരക്ഷാ ടിപ്സ്

വൈദ്യുതി മുടങ്ങിയാൽ ഫാൻ പ്രവർത്തിക്കാത്തതിനാൽ വീടിനുള്ളിലെ വായുസഞ്ചാരം പ്രധാനമാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ചൂടു കൂടുന്നതിനൊപ്പം ഇടയ്ക്കിടെയുള്ള പവർകട്ട് കൂടിയാകുമ്പോൾ വീടുകളിലെ താളം തെറ്റും. പ്രത്യേകിച്ച് കുട്ടികൾ, പ്രായമായവർ, ​ഗർഭിണികൾ, ഏതെങ്കിലും തരത്തിൽ ആരോ​ഗ്യപ്രശ്നങ്ങളുള്ളവർ എന്നിവർക്ക് അമിതചൂട് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കാം.

വൈദ്യുതി ഇല്ലാത്ത സമയത്ത് വീടിനുള്ളിൽ ചൂട് കുറയ്ക്കാനും ഭക്ഷണം കേടാകാതെ സൂക്ഷിക്കാനും വൈദ്യുതി തിരിച്ചെത്തുമ്പോൾ ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാനും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

ജനലുകളും വാതിലുകളും

വൈദ്യുതി മുടങ്ങിയാൽ ഫാൻ പ്രവർത്തിക്കാത്തതിനാൽ വീടിനുള്ളിലെ വായുസഞ്ചാരം പ്രധാനമാണ്. രാവിലെ നേരത്തെയും വൈകുന്നേരവും പുറത്തുള്ള അന്തരീക്ഷം താരതമ്യേന തണുത്തിരിക്കുമ്പോൾ ജനലുകളും വാതിലുകളും തുറന്ന് വായുസഞ്ചാരം ഉറപ്പാക്കാം. എന്നാൽ ഉച്ച സമയത്ത് നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന ജനലുകൾ കർട്ടൻ, ബ്ലൈൻഡ് തുടങ്ങിയവ ഉപയോഗിച്ച് അടച്ചിടുന്നത് വീടിനുള്ളിലേക്ക് ചൂട് കയറുന്നത് കുറയ്ക്കാൻ സഹായിക്കും.

ഫ്രിഡ്ജ് ആവർത്തിച്ച് തുറക്കരുത്

വൈദ്യുതി മുടങ്ങുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് ഫ്രിഡ്ജിലാണ്. ഫ്രിഡ്ജിന്റെ വാതിൽ ഇടയ്ക്കിടെ തുറക്കുന്നത് അകത്തെ തണുപ്പ് വേഗത്തിൽ നഷ്ടപ്പെടാൻ കാരണമാകും. അതുകൊണ്ട് വൈദ്യുതി ഇല്ലാത്തപ്പോൾ ഫ്രിഡ്ജ് തുറന്ന് നോക്കുന്നത് ഒഴിവാക്കുക. പെട്ടെന്ന് കേടാകാൻ സാധ്യതയുള്ള പാൽ, മാംസം, മീൻ തുടങ്ങിയ ഭക്ഷണങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം.

വൈദ്യുതി പോയപ്പോൾ ഫ്രിഡ്ജിലെ ഭക്ഷണം എങ്ങനെ കൈകാര്യം ചെയ്യണം?

വൈദ്യുതി ദീർഘനേരം ഇല്ലെങ്കിൽ ഫ്രിഡ്ജിനുള്ളിലെ ഭക്ഷണം സുരക്ഷിതമാണോ എന്ന് പരിശോധിക്കണം. മണം മാറിയതോ നിറത്തിലും ഘടനയിലും മാറ്റം വന്നതോ സംശയം തോന്നുന്നതോ ആയ ഭക്ഷണം കഴിക്കാതിരിക്കുക. ചൂടുള്ള ഭക്ഷണം ഫ്രിഡ്ജിലേക്ക് ഉടൻ വയ്ക്കുന്നതും ഒഴിവാക്കണം.

ഇൻവെർട്ടർ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കണം

വൈദ്യുതി മുടക്കം പതിവുള്ള വീടുകളിൽ ഇൻവെർട്ടർ ഉപയോഗിക്കുന്നത് സഹായകരമാണ്. എന്നാൽ ഇൻവെർട്ടർ സ്ഥാപിക്കുന്നതും പരിപാലിക്കുന്നതും വിദഗ്ധരുടെ സഹായത്തോടെ ചെയ്യുന്നതാണ് സുരക്ഷിതം. ഇൻവെർട്ടറിന് സമീപം അനാവശ്യ വസ്തുക്കൾ കൂട്ടിവയ്ക്കരുത്. വയറുകൾ ചൂടാകുന്നുണ്ടോ, കണക്ഷനുകളിൽ തകരാർ ഉണ്ടോ എന്നിവ പരിശോധിക്കണം. സ്വയം വയറിങ് മാറ്റുകയോ തകരാർ പരിഹരിക്കാൻ ശ്രമിക്കുകയോ ചെയ്യരുത്.

വൈദ്യുതി വന്ന ഉടൻ എല്ലാ ഉപകരണങ്ങളും ഒരുമിച്ച് ഓൺ ചെയ്യരുത്

മുടങ്ങിയതിന് ശേഷം വൈദ്യുതി തിരിച്ചെത്തുമ്പോൾ വീട്ടിലെ എല്ലാ ഉപകരണങ്ങളും ഒരുമിച്ച് പ്രവർത്തിപ്പിക്കുന്നത് ഒഴിവാക്കുക. ടിവി, കമ്പ്യൂട്ടർ, മൈക്രോവേവ്, വാഷിങ് മെഷീൻ, എസി തുടങ്ങിയ ഉപകരണങ്ങൾ ആവശ്യമനുസരിച്ച് ക്രമേണ ഓൺ ചെയ്യാം. വൈദ്യുതി തിരിച്ചെത്തുമ്പോൾ വോൾട്ടേജ് വ്യതിയാനം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വിലകൂടിയ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ആവശ്യമായ സംരക്ഷണ സംവിധാനം ഉപയോഗിക്കുന്നത് നല്ലതാണ്.

മൾട്ടി പ്ലഗിൽ ഒരുപാട് ഉപകരണങ്ങൾ കുത്തിവയ്ക്കരുത്

വൈദ്യുതി പോയ സമയത്ത് ചാർജർ, ഫാൻ, ലൈറ്റ്, ടെലിവിഷൻ തുടങ്ങിയവയ്ക്കായി ഒരേ സോക്കറ്റിൽ നിരവധി കണക്ഷനുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഇത് ഓവർലോഡിനും സോക്കറ്റ് ചൂടാകുന്നതിനും തീപിടിത്തത്തിനും കാരണമാകാമെന്ന് മുന്നറിയിപ്പ് നൽകുന്നു.

പവർ ബാങ്ക് മുൻകൂട്ടി ചാർജ് ചെയ്ത് വയ്ക്കാം

വൈദ്യുതി മുടക്കം ഉണ്ടാകാൻ സാധ്യതയുള്ള ദിവസങ്ങളിൽ മൊബൈൽ ഫോൺ, പവർ ബാങ്ക്, എമർജൻസി ലൈറ്റ് എന്നിവ മുൻകൂട്ടി ചാർജ് ചെയ്ത് വയ്ക്കാം. വൈദ്യുതി ഇല്ലാത്ത സമയത്ത് മൊബൈൽ ഫോൺ അനാവശ്യമായി ഉപയോഗിക്കുന്നത് ബാറ്ററി വേഗത്തിൽ തീരാൻ കാരണമാകും.

വീട്ടിൽ വെള്ളം എപ്പോഴും കരുതിവയ്ക്കുക

വൈദ്യുതി മുടങ്ങുമ്പോൾ വാട്ടർ പമ്പ് പ്രവർത്തിക്കാതാകാനും സാധ്യതയുണ്ട്. അതുകൊണ്ട് കുടിക്കാനുള്ള വെള്ളവും മറ്റ് ആവശ്യങ്ങൾക്കുള്ള വെള്ളവും മുൻകൂട്ടി കരുതിവയ്ക്കുന്നത് നല്ലതാണ്.

വീടിനുള്ളിൽ ചെറിയ 'പവർ കട്ട് കിറ്റ്'

വൈദ്യുതി മുടക്കം പതിവായി അനുഭവപ്പെടുന്ന വീടുകളിൽ ഒരു ചെറിയ എമർജൻസി കിറ്റ് തയ്യാറാക്കി വയ്ക്കുന്നത് നല്ലതാണ്.

ഇതിൽ എമർജൻസി ലൈറ്റ്, പവർ ബാങ്ക്, കുടിവെള്ളം, ചെറിയ ഫസ്റ്റ് എയ്ഡ് കിറ്റ്, മെഴുകുതിരി ഉപയോഗിക്കുന്നുണ്ടെങ്കിൽ സുരക്ഷിതമായ ഹോൾഡർ, പ്രധാനപ്പെട്ട ഫോൺ നമ്പറുകൾ എന്നിവ കരുതിവയ്ക്കാം.

Precautions during electricity failure

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മകളെ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി മൊഴി ഒപ്പിടിപ്പിച്ചു'; ഇഡിക്കെതിരെ മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസ്

PGIMER: കേന്ദ്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 243 നഴ്സ് ഒഴിവുകൾ !

47ാം വയസിലും 'കറക്കി വീഴ്ത്തും' അദ്ഭുത ബൗളിങ്! സ്വന്തം റെക്കോർഡ് തിരുത്തി ഇമ്രാൻ താഹിർ

കാസർകോടിന്റെ പ്രകൃതിഭംഗി തൊട്ടറിയാൻ 'പൊസഡി ഗുംപെ'; വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാൻ ഡിടിപിസി

മലയാളത്തിലേക്ക് തിരിച്ചെത്തി മേനക; ഒപ്പം കൊറിയൻ താരം അമി ജങും, 'ഒരു കൊറിയൻ കൺഫ്യൂഷൻ' തുടങ്ങി