Exercise to reduce back pain Pinterest
Health

നടുവേദന അലട്ടുന്നുണ്ടോ? ശരിയായ ഇരിപ്പു രീതി എങ്ങനെയാണ്? വീട്ടിൽ ചെയ്യാവുന്ന ലളിതമായ 5 വ്യായാമങ്ങൾ

ജീവിതശൈലി മാറ്റങ്ങളിലൂടെയും ലളിതമായ വ്യായാമങ്ങളിലൂടെയും നടുവേദന കുറയ്ക്കാനും ആരോ​ഗ്യം വീണ്ടെടുക്കാനും സഹായിക്കും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ദീർഘനേരം ഒരേ ഇരിപ്പ് തുടരുന്നത് പലരിലും നടുവേദനയ്ക്ക് കാരണമാകാറുണ്ട്. ഇരിക്കുമ്പോഴുള്ള ശരിയായ ശരീരനിലയുടെ അഭാവം, ചലനമില്ലായ്മ, പേശികളിലുണ്ടാകുന്ന സമ്മർദം എന്നിവയെല്ലാം നടുവേദനയ്ക്ക് കാരണമാകാം. തുടക്കത്തിൽ ചെറിയ അസ്വസ്ഥതയായി അനുഭവപ്പെടുന്ന വേദന പിന്നീട് ദൈനംദിന ജോലികളെപ്പോലും ബാധിച്ചേക്കാം.

മുന്നോട്ടാഞ്ഞ് ഇരിക്കുക, കസേരയിൽ ശരിയായ രീതിയിൽ ഇരിക്കാതിരിക്കുക, ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കാതിരിക്കുക തുടങ്ങിയ ശീലങ്ങൾ പ്രശ്നം കൂടുതൽ വഷളാക്കാം. എന്നാൽ ചില ജീവിതശൈലി മാറ്റങ്ങളിലൂടെയും ലളിതമായ വ്യായാമങ്ങളിലൂടെയും നടുവേദന കുറയ്ക്കാനും ആരോ​ഗ്യം വീണ്ടെടുക്കാനും സഹായിക്കും.

നടുവേദന കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട ഇരിപ്പു രീതി

  • ഇരിക്കുമ്പോൾ പുറംഭാഗം നിവർത്തി കസേരയുടെ ബാക്ക് റെസ്റ്റിൽ ചാരിയിരിക്കുക.

  • നടുവിന് ആവശ്യമായ പിന്തുണ ലഭിക്കുന്ന രീതിയിൽ വേണം ഇരിക്കാം. ആവശ്യമെങ്കിൽ ചെറിയ തലയണ ഉപയോഗിക്കാം.

  • കാലുകൾ രണ്ടും നിലത്ത് പൂർണമായി സ്പർശിക്കുന്ന രീതിയിൽ ഇരിക്കുക.

  • കാൽമുട്ടുകൾ ഏകദേശം ഇടുപ്പിന്റെ ഉയരത്തിലോ അതിനേക്കാൾ അൽപം താഴെയോ ആയിരിക്കണം.

  • കമ്പ്യൂട്ടർ സ്ക്രീൻ കണ്ണിന്റെ നിരപ്പിൽ ക്രമീകരിക്കുക.

  • മുന്നോട്ടാഞ്ഞോ വളഞ്ഞോ ഇരിക്കുന്നത് ഒഴിവാക്കുക.

  • ഒരേ ഇരിപ്പിൽ ദീർഘനേരം തുടരാതെ ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കുക.

നടുവേദന കുറയ്ക്കാൻ സഹായിക്കുന്ന 5 വ്യായാമങ്ങൾ

വേദന സഹിക്കാവുന്ന പരിധിയിലാണെങ്കിൽ ലളിതമായ ചലനങ്ങളും വ്യായാമങ്ങളും പരീക്ഷിക്കാം. വേദന വർധിപ്പിക്കുന്ന രീതിയിൽ വ്യായാമം ചെയ്യരുത്.

കാറ്റ് ആൻഡ് കൗ (Cat-Cow Stretch)

  • കൈകളും കാൽമുട്ടുകളും നിലത്ത് കുത്തി നാലുകാലിൽ നിൽക്കുന്ന രീതിയിൽ തുടങ്ങുക.

  • ശ്വാസം ഉള്ളിലേക്ക് എടുക്കുമ്പോൾ വയർ താഴേക്ക് താഴ്ത്തി തലയും നെഞ്ചും അൽപം ഉയർത്തുക.

  • ശ്വാസം പുറത്തുവിടുമ്പോൾ പുറംഭാഗം മുകളിലേക്ക് വളച്ച് തല താഴ്ത്തുക.

  • സാവധാനം 5–10 തവണ ആവർത്തിക്കാം.

Cat-Cow Stretch

നീ ടു ചെസ്റ്റ് (Knee-to-Chest Stretch)

  • മലർന്ന് കിടന്ന് രണ്ട് കാലുകളും മടക്കിവയ്ക്കുക.

  • ഒരു കാൽമുട്ട് കൈകൾകൊണ്ട് പിടിച്ച് നെഞ്ചിലേക്ക് പതുക്കെ അടുപ്പിക്കുക.

  • 10–15 സെക്കൻഡ് ഈ രീതിയിൽ തുടരുക.

  • പിന്നീട് മറ്റേ കാലിലും ആവർത്തിക്കുക.

  • വേദനയില്ലാത്ത പരിധിയിൽ മാത്രം ചെയ്യുക.

പെൽവിക് ടിൽറ്റ് (Pelvic Tilt)

  • മലർന്ന് കിടന്ന് കാൽമുട്ടുകൾ മടക്കി പാദങ്ങൾ നിലത്ത് ഉറപ്പിക്കുക.

  • വയറിലെ പേശികൾ പതുക്കെ മുറുക്കി നടുവിന്റെ താഴ്ഭാഗം തറയിലേക്ക് അമർത്തുക.

  • രണ്ട് സെക്കൻഡ് ഈ രീതിയിൽ തുടരുക.

  • പിന്നീട് പേശികൾ അയച്ച് പഴയ നിലയിലേക്ക് മടങ്ങുക.

  • 5–10 തവണ ആവർത്തിക്കാം.

Pelvic Tilt

നീ റോളിങ് (Knee Rolling)

  • മലർന്ന് കിടന്ന് കാൽമുട്ടുകൾ മടക്കി പാദങ്ങൾ തറയിൽ വയ്ക്കുക.

  • രണ്ട് കാൽമുട്ടുകളും ഒരുമിച്ച് പതുക്കെ ഒരു വശത്തേക്ക് ചരിക്കുക.

  • വീണ്ടും മധ്യഭാഗത്തേക്ക് കൊണ്ടുവന്ന് മറുവശത്തേക്ക് ചരിക്കുക.

  • ഓരോ വശത്തേക്കും 5 തവണ വീതം ചെയ്യാം.

നടത്തം (Walking)

നടുവേദന കുറയ്ക്കാൻ സഹായിക്കുന്ന ലളിതമായ ശാരീരിക പ്രവർത്തനമാണ് നടത്തം. ദിവസവും 10–15 മിനിറ്റ് സാവധാനം നടക്കാം. വേദന കൂടുന്നില്ലെന്ന് ഉറപ്പാക്കി സമയം ക്രമേണ വർധിപ്പിക്കാം. നീന്തൽ, ലളിതമായ യോഗ തുടങ്ങിയവയും ചിലരിൽ നടുവേദന കുറയ്ക്കാൻ സഹായിക്കും.

വീട്ടിൽ തന്നെ നടുവേദന കുറയ്ക്കാൻ ചെയ്യാവുന്ന കാര്യങ്ങൾ

ഹോട്ട് വാട്ടർ ബാഗ്: നടുവിലെ പേശികളിൽ മുറുക്കവും വേദനയും അനുഭവപ്പെടുമ്പോൾ ഹോട്ട് വാട്ടർ ബാഗ് തുണിയിൽ പൊതിഞ്ഞ് 15 മിനിറ്റോളം വയ്ക്കാം. ഇത് പേശികൾക്ക് ആശ്വാസം നൽകാൻ സഹായിക്കും. ചൂട് നേരിട്ട് ചർമത്തിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം.

തണുത്ത കംപ്രസ് പരീക്ഷിക്കാം: ചിലരിൽ വേദനയോ വീക്കമോ ഉള്ളപ്പോൾ തണുത്ത കംപ്രസ് ആശ്വാസം നൽകാം. ഐസ് നേരിട്ട് ചർമത്തിൽ വയ്ക്കരുത്. തുണിയിൽ പൊതിഞ്ഞ് മാത്രം ഉപയോഗിക്കുക.

ചെറിയ തലയണ ഉപയോഗിക്കാം: കസേരയിൽ ഇരിക്കുമ്പോൾ നടുവിന്റെ താഴ്ഭാഗത്തിന് പിന്തുണ നൽകാൻ ചെറിയ തലയണയോ ചുരുട്ടിയ ടവലോ ഉപയോഗിക്കാം.

Pelvic Tilt

ഉറങ്ങുന്ന രീതി ശ്രദ്ധിക്കാം: വശം ചരിഞ്ഞ് കിടക്കുമ്പോൾ രണ്ട് കാൽമുട്ടുകൾക്കിടയിൽ ചെറിയ തലയണ വയ്ക്കുന്നത് ചിലർക്ക് ആശ്വാസം നൽകും. മലർന്ന് കിടക്കുന്നവർക്ക് കാൽമുട്ടുകൾക്കടിയിൽ തലയണ വയ്ക്കാം.

തുടർച്ചയായ വിശ്രമം ഒഴിവാക്കുക: നടുവേദനയുണ്ടെന്ന് കരുതി ദിവസം മുഴുവൻ കിടക്കുന്നത് നല്ലതല്ല. വേദന അനുവദിക്കുന്ന പരിധിയിൽ സാധാരണ ദൈനംദിന പ്രവർത്തനങ്ങൾ തുടരുക.

ഓഫീസ് ജോലിക്കാർ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ഓരോ 30–60 മിനിറ്റിലും ഇരിപ്പിൽ നിന്ന് എഴുന്നേറ്റ് അൽപനേരം നടക്കുക.

  • ഫോണിൽ സംസാരിക്കുമ്പോൾ കഴിയുമെങ്കിൽ എഴുന്നേറ്റ് നടക്കുക.

  • ലിഫ്റ്റിന് പകരം ആരോഗ്യസ്ഥിതി അനുവദിക്കുന്നിടത്ത് പടികൾ ഉപയോഗിക്കാം.

  • ലാപ്ടോപ്പ് ഉപയോഗിക്കുമ്പോൾ സ്ക്രീൻ കണ്ണിന്റെ നിരപ്പിലേക്ക് ഉയർത്തുക.

  • ദീർഘദൂര യാത്രകളിൽ ഇടയ്ക്കിടെ വിശ്രമിച്ച് നടക്കുക.

  • ദിവസവും കുറച്ച് സമയം ശാരീരിക വ്യായാമങ്ങൾക്കായി മാറ്റിവയ്ക്കുക.

Prolonged Sitting Causing Back Pain? 5 Simple Exercises for Relief

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രി മിടുമിടുക്കന്‍; കാണാന്‍ ആരുവന്നാലും സ്വാഗതം; ചങ്ങനാശേരിക്കാരനെ പോലെ നിഷേധിക്കില്ല'

കൽത്തൂണിൽ തെളിയാത്ത ദീപവും മുന്നണി രാഷ്ട്രീയത്തിലെ കനലും; തിരുപ്പറങ്കുൻറം വിവാദത്തിൽ വിജയ് സർക്കാരിന് മുന്നിൽ ഇനി എന്ത്?

'സായ് പല്ലവിയിൽ നിന്ന് ഇതൊട്ടും പ്രതീക്ഷിച്ചില്ല'; ബോയ്‌കട്ട് ലുക്കിൽ നടി, ശ്രദ്ധേയമായി 'ഇഞ്ചി വെല്ല'ത്തിലെ ലിറിക്കൽ ​ഗാനം

ചപ്പാത്തി, ചോറ്, പരിപ്പ് കറി, ചിക്കനോ പച്ചക്കറിയോ...; ഇനി ദീര്‍ഘദൂര ട്രെയിനുകളില്‍ 'ഫ്‌ലൈറ്റ്' ഭക്ഷണം, തയ്യാറാക്കുന്നത് പ്രമുഖ ക്ലൗഡ് കിച്ചണുകള്‍

FACT- ൽ ബാർജ് മാസ്റ്റർ, ഫിറ്റർ കം റിഗ്ഗർ ഒഴിവുകൾ; ITI മുതൽ യോഗ്യത