പെദ്ധിക്ക് വേണ്ടി രാം ചരൺ നടത്തിയ ഫിറ്റ്നസ് മേക്കോവർ ആരേയും അതിശയിപ്പിക്കുന്നതാണ്. ഫയർവാന്റെ മെയ്വഴക്കത്തിലേക്കെത്താൻ ഒന്നര വർഷം നീണ്ട കഠിന പരിശീലനത്തിലൂടെയാണ് രാം ചരൺ കടന്നു പോയത്. അമീർ ഖാനെയും സൽമാൻ ഖാനെയും ഉൾപ്പെടെ ബോളിവുഡ് താരങ്ങളുടെ ട്രെയിനറായിരുന്ന രാകേഷ് ആര്‍ ഉദ്ദിയാര്‍ ആയിരുന്നു രാം ചരണിന്റെയും ട്രെയിനർ.
പരിശീലനം ആരംഭിച്ച സമയത്ത് ശബരിമലയ്ക്ക് പോകാൻ വ്രതമെടുത്തിരിക്കുകയായിരുന്നതിനാൽ പൂർണമായും വെജിറ്റേറിയൻ ഡയറ്റ് ആയിരുന്നു പിന്തുടർന്നത്. സസ്യാഹാരത്തിൽ പ്രോട്ടീൻ കുറവായതിനാൽ വലിയ വെല്ലുവിളിയായിരുന്നവെന്ന് രാകേഷ് പറയുന്നു. ശരീരത്തിലേക്ക് എത്തുന്ന കലോറി കുറയാതിരിക്കാനായി നിരവധി സസ്യ പ്രോട്ടീനുകൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തി. ഇടവിട്ടുള്ള ദിവസങ്ങളിൽ കാര്‍ബോഹൈഡ്രേറ്റിൻ്റെ അളവു കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്ന കാർബ് സൈക്ലിങ്ങും രാം ചരൺ പരീക്ഷിച്ചുവെന്ന് രാകേഷ് പറയുന്നു.
സിനിമയുടെ ചില ഭാഗങ്ങളിൽ മെലിഞ്ഞ ശരീരപ്രകൃതിയുള്ള ആളായും രാം ചരൺ പ്രത്യക്ഷപ്പെടേണ്ടതുണ്ടായിരുന്നു. ഗുസ്തി ആരംഭിച്ച ശേഷം ശരീരം വികസിക്കുന്നതും ചിത്രത്തിൽ കാണിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണം ബാലന്‍സ് ചെയ്‌തു കൊണ്ടു പോയി. ടോഫു, നട്‌സ്, സാലഡ്, പച്ച സൊയാബീന്‍ എന്നിവയെല്ലാമായിരുന്നു രാം ചരൺ കഴിച്ച പ്രോട്ടീന്‍ ഭക്ഷണങ്ങൾ.
മെനസ് ടൈം അണ്ടര്‍ ടെന്‍ഷന്‍ അഥവാ എംടിയുടി എന്ന ബോഡിബില്‍ഡിങ് ടെക്‌നിക്കാണ് രാം ചരണ്‍ പ്രധാനമായും പരിശീലനത്തില്‍ പിന്തുടര്‍ന്നത്. വളരെ പതിയെ ഒരു 10-20 സെക്കന്‍ഡ് നേരം കൊണ്ട് ഭാരം ഉയര്‍ത്തുകയും സാധാരണ വേഗത്തില്‍ ഒന്ന് രണ്ട് സെക്കന്‍ഡ് കൊണ്ട് ഭാരം താഴ്‌ത്തുകയും ചെയ്യുന്ന തരം ഭാരോദ്വഹന രീതിയാണ് എംടിയുടി. പേശികള്‍ക്ക് പരുക്കേല്‍ക്കാതെ സംരക്ഷിക്കാന്‍ ഈ ടെക്‌നിക് സഹായകമാണ്.
പുലർച്ചെ നാല് മണിയോടെ പരിശീലനം ആരംഭിക്കും. ഗുസ്‌തിക്കാര്‍ പരിശീലിക്കാറുള്ള പരമ്പരാഗത ദണ്ഡ് ബൈഢക്ക് പോലുള്ള വ്യായാമ മുറകളും കയർ കയറ്റവുമെല്ലാം വര്‍ക്ക് ഔട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഗുസ്‌തിക്കാര്‍ ഉപയോഗിക്കുന്ന വലിയ ഗദ ഉപയോഗിച്ചുള്ള പരിശീലനവും നടത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates