ജോലിയും തിരക്കുമായുള്ള ഓട്ടപ്പായിച്ചിലിനിടെ പലർക്കും ഞായറാഴ്ചയാണ് വീടിനെ കുറിച്ച് ചിന്തിക്കാൻ സമയം കിട്ടുക. വീടിന്റെ വൃത്തിയും ക്രമവും ആരോഗ്യത്തിനും മനസമാധാനത്തിനും വളരെ പ്രധാനമാണ്. പൊടിയും അഴുക്കും നീക്കം ചെയ്യുന്നത് മാത്രമല്ല, വീട്ടിൽ ഒരു പോസിറ്റീവ് അന്തരീക്ഷം സൃഷ്ടിക്കാനും സൺഡേ ക്ലീനിങ് സഹായിക്കും. ചെറിയ ചില ശീലങ്ങൾ പിന്തുടർന്നാൽ വീടുവൃത്തിയാക്കൽ ഒരു ബുദ്ധിമുട്ടല്ല, മറിച്ച് ആസ്വദ്യകരമാകും.
ഒരു പ്ലാൻ തയ്യാറാക്കുക
വീട് മുഴുവൻ ഒരുമിച്ച് വൃത്തിയാക്കാൻ ശ്രമിച്ചാൽ ക്ഷീണം തോന്നാം. അതിനാൽ ഓരോ ഭാഗങ്ങളായി വിഭജിച്ച് ചെയ്യാം. ആദ്യം ഹാൾ, പിന്നെ ബെഡ്റൂം, അടുക്കള എന്നിങ്ങനെ ക്രമീകരിക്കുക. പങ്കാളിക്കൊപ്പമാണ് ചെയ്യുന്നതെങ്കിൽ അത് ഉത്തരവാദിത്വങ്ങൾ പങ്കുവെയ്ക്കാനും പരസ്പര ബന്ധം കൂടുതൽ ശക്തമാകാനും സഹായിക്കും.
അനാവശ്യ സാധനങ്ങൾ നീക്കം ചെയ്യുക
വീട്ടിൽ ഉപയോഗമില്ലാത്ത വസ്തുക്കൾ പലപ്പോഴും പൊടി കൂടാൻ കാരണമാകും. പഴയ പേപ്പറുകൾ, തകർന്ന സാധനങ്ങൾ, ഉപയോഗിക്കാത്ത വസ്ത്രങ്ങൾ എന്നിവ വേർതിരിച്ച് മാറ്റി വയ്ക്കുക.
ജനലുകളും കർട്ടനുകളും വൃത്തിയാക്കുക
ജനലുകളിൽ അടിഞ്ഞുകൂടുന്ന പൊടി വീട്ടിലെ വായു ഗുണനിലവാരം കുറയ്ക്കാം. തിരശ്ശീലകൾ ഇടയ്ക്കിടെ കഴുകുന്നത് അലർജി പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കും.
അടുക്കള പ്രത്യേകം ശ്രദ്ധിക്കുക
ഗ്യാസ് സ്റ്റൗവ്, സിങ്ക്, ഫ്രിഡ്ജ്, ഷെൽഫുകൾ എന്നിവ നന്നായി വൃത്തിയാക്കണം. അടുക്കള വൃത്തിയായി സൂക്ഷിക്കുന്നത് ബാക്ടീരിയ വളർച്ച തടയാൻ സഹായിക്കും.
ബാത്ത്റൂം അണുവിമുക്തമാക്കുക
ബാത്ത്റൂമിലെ ടൈലുകളും സിങ്കും ടോയ്ലറ്റും ക്ലീനർ ഉപയോഗിച്ച് വൃത്തിയാക്കണം. ഈർപ്പം കൂടിയ സ്ഥലമായതിനാൽ ഫംഗസ് വളരാൻ സാധ്യത കൂടുതലാണ്.
കിടക്കയും തലയിണ കവറുകളും മാറ്റുക
ആഴ്ചയിൽ ഒരിക്കൽ ബെഡ്ഷീറ്റ്, തലയിണ കവറുകൾ എന്നിവ കഴുകുന്നത് നല്ല ശുചിത്വം നിലനിർത്താൻ സഹായിക്കും.
പ്രകൃതിദത്ത ക്ലീനിങ് വസ്തുക്കൾ ഉപയോഗിക്കുക
വിനാഗിരി, ബേക്കിങ് സോഡ, നാരങ്ങ എന്നിവ ഉപയോഗിച്ച് ചില ഭാഗങ്ങൾ എളുപ്പത്തിൽ വൃത്തിയാക്കാം. ഇത് രാസവസ്തുക്കളുടെ ഉപയോഗം കുറയ്ക്കാനും സഹായിക്കും.
കുടുംബാംഗങ്ങളെ കൂടി ഉൾപ്പെടുത്തുക
വൃത്തിയാക്കൽ ഒരാൾ മാത്രം ചെയ്യേണ്ട ജോലി അല്ല. കുട്ടികളെയും മറ്റ് കുടുംബാംഗങ്ങളെയും ചെറിയ ജോലികളിൽ പങ്കെടുപ്പിച്ചാൽ ജോലി വേഗം തീരും.
ആരോഗ്യം മെച്ചപ്പെടും
പൊടിയും അഴുക്കും നീക്കുന്നതിലൂടെ അലർജി, ചുമ, ശ്വാസകോശ പ്രശ്നങ്ങൾ എന്നിവ കുറയ്ക്കാം.
മാനസിക സമ്മർദ്ദം കുറയും
വൃത്തിയായ വീടുകൾ മനസ്സിന് ശാന്തതയും സന്തോഷവും നൽകും. ക്രമമുള്ള അന്തരീക്ഷം മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
പോസിറ്റീവ് എനർജി വർധിക്കും
വീട് വൃത്തിയായി സൂക്ഷിക്കുമ്പോൾ കൂടുതൽ ഉന്മേഷവും പോസിറ്റീവ് ചിന്തകളും ഉണ്ടാകാം.
രോഗാണുക്കളുടെ വ്യാപനം തടയും
അടുക്കളയും ബാത്ത്റൂമും വൃത്തിയായി സൂക്ഷിക്കുന്നത് രോഗാണുക്കളുടെ വളർച്ച തടയാൻ സഹായിക്കും.
സാധനങ്ങൾ എളുപ്പത്തിൽ കണ്ടെത്താം
ക്രമീകരിച്ച വീടുകളിൽ സാധനങ്ങൾ തിരയാൻ സമയം കളയേണ്ടതില്ല.
കുടുംബബന്ധം കൂടുതൽ ശക്തമാകും
എല്ലാവരും ചേർന്ന് വീടു വൃത്തിയാക്കുമ്പോൾ കുടുംബബന്ധം കൂടുതൽ മെച്ചപ്പെടും.
ചെറിയ രീതിയിൽ പോലും സ്ഥിരമായി വൃത്തിയാക്കൽ നടത്തുന്നത് വീടിനെയും മനസ്സിനെയും പുതുമയോടെ നിലനിർത്തും. ഓരോ ഞായറാഴ്ചയും കുറച്ച് സമയം വീടിനായി മാറ്റിവെക്കുന്നത് ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates