വായ്നാറ്റത്തെ അകറ്റി നിർത്തുന്നതിന് മാത്ത് വാഷ് സ്ഥിരമായി ഉപയോഗിക്കുന്നവരുണ്ട്. ദിവസത്തിൽ രണ്ട് തവണയിൽ കൂടുതൽ ആന്റി-ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിക്കുന്നത് പ്രമേഹ സാധ്യത വർധിപ്പിക്കുമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. സാൻ ജുവാൻ ഓവർവെയ്റ്റ് അഡൽറ്റ്സ് ലോഞ്ചിറ്റ്യൂഡിനൽ സ്റ്റഡിയിൽ 40 മുതൽ 65 വയസുവരെ പ്രായമായ 945 പേരാണ് ഭാഗമായത്.
ദിവസവും രണ്ടു തവണയോ അതിൽ കൂടുതലോ മൗത്ത് വാഷ് ഉപയോഗിക്കുന്നത് പ്രമേഹത്തിനോ പ്രീ-ഡയബറ്റിസ് അവസ്ഥയോ ഉണ്ടാകാനുള്ള സാധ്യത 49 ശതമാനം മുതൽ 55 ശതമാനം വരെ കൂടുതലാണെന്ന് പഠനത്തിൽ കണ്ടെത്തി. പ്രായം, പുകവലി, വ്യായാമം, ഭക്ഷണക്രമം തുടങ്ങിയ മറ്റ് ഘടകങ്ങൾ പരിഗണിച്ച ശേഷവും ഈ അപകടസാധ്യത നിലനിൽക്കുന്നുണ്ടെന്ന് ഗവേഷകർ വിശദീകരിക്കുന്നു.
അതേസമയം, ദിവസത്തിൽ ഒരിക്കൽ മാത്രം ഉപയോഗിക്കുന്നവരിൽ താരതമ്യേന ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയില്ലെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. നമ്മുടെ വായയിൽ നൂറുകണക്കിന് ബാക്ടീരിയകളുണ്ട്. ഇതിൽ നല്ല ബാക്ടീരിയകളും ഉൾപ്പെടുന്നു. ഇത് ഭക്ഷണത്തിലെ നൈട്രേറ്റുകളെ നൈട്രൈറ്റുകളായി മാറ്റുന്നു. ഈ നൈട്രൈറ്റുകൾ പിന്നീട് നൈട്രിക് ഓക്സൈഡ് ആയി മാറുകയും രക്തസമ്മർദം നിയന്ത്രിക്കാനും ശരീരത്തിലെ മെറ്റബോളിസം ശരിയായി നടക്കാനും സഹായിക്കുന്നു.
ആന്റിബാക്ടീരിയൽ മൗത്ത് വാഷുകൾ ഉപയോഗിക്കുമ്പോൾ അവ ദോഷകരമായ ബാക്ടീരിയകൾക്കൊപ്പം ഈ നല്ല ബാക്ടീരിയകളെയും നശിപ്പിക്കുന്നു. ഇത് ഇൻസുലിൻ പ്രതിരോധത്തിനും ടൈപ്പ് 2 പ്രമേഹത്തിനും കാരണമായേക്കാമെന്നും ഗവേഷകർ പറയുന്നു.
വായനാറ്റം, മോണരോഗം എന്നിവയുള്ളവർക്ക് മൗത്ത് വാഷ് ഗുണകരമാണ്. എന്നാൽ ഇത് ഒരു ശീലമായി മാറ്റുന്നതിന് മുമ്പ് ഡോക്ടറുടെ സമീപിക്കണം.
ആൽക്കഹോൾ ഇല്ലാത്ത മൗത്ത് വാഷുകൾ തിരഞ്ഞെടുക്കുക.
പല്ല് തേക്കുന്നതിനും ഫ്ലോസ്സ് ചെയ്യുന്നതിനും പകരമല്ല മൗത്ത് വാഷ്.
രക്തസമ്മർദമോ പ്രമേഹമോ ഉള്ളവർ ആന്റിബാക്ടീരിയൽ മൗത്ത് വാഷുകൾ ഉപയോഗിക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണം. ദിവസവും രണ്ടുനേരം പല്ല് തേക്കുന്നതും കൃത്യമായ ഇടവേളകളിൽ ഡെന്റിസ്റ്റിനെ കാണുന്നതുമാണ് വായുടെ ആരോഗ്യത്തിന് ഏറ്റവും മികച്ച വഴി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates