8 മണിക്കൂർ കൃത്യമായി ഉറങ്ങിയാലും ക്ഷീണം മാറുന്നില്ലേ? ഉറക്കമെഴുന്നേറ്റതിന് ശേഷം ഉടൻ തന്നെ ക്ഷീണം അനുഭവപ്പെടുക, തലച്ചോറിന് ഉന്മേഷം ലഭിക്കാതിരിക്കുക, ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരിക്കുക തുടങ്ങിയ അവസ്ഥകൾ പലരും അനുഭവിക്കാറുണ്ട്.
ഇതിന് കാരണമാകുന്ന ഒന്നാണ് സ്ലീപ് ഇൻർഷ്യ (Sleep Inertia). ഉറക്കത്തിൽ നിന്ന് ഉണർന്നതിന് പിന്നാലെ തലച്ചോർ പൂർണമായും ജാഗ്രതയുള്ള അവസ്ഥയിലേക്ക് മാറാൻ എടുക്കുന്ന സമയത്തെയാണ് സ്ലീപ് ഇൻർഷ്യ എന്ന് പറയുന്നത്.
ഈ സമയത്ത് വീണ്ടും ഉറങ്ങണമെന്ന് തോന്നുക, എന്ത് ചെയ്യണമെന്ന് പെട്ടെന്ന് മനസ്സിലാകാതിരിക്കുക, ജോലികളിൽ ശ്രദ്ധിക്കാൻ കഴിയാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം. ആവശ്യത്തിന് ഉറങ്ങാതിരിക്കുക, ആഴത്തിലുള്ള ഉറക്കത്തിനിടെ ഉണരുക, ദിവസവും വ്യത്യസ്ത സമയങ്ങളിൽ ഉറങ്ങുകയും ഉണരുകയും ചെയ്യുക, രാത്രി ജോലി ചെയ്യുക തുടങ്ങിയവ ഇതിന് കാരണമാകാം.
സാധാരണയായി കുറച്ച് മിനിറ്റുകൾക്കുള്ളിൽ ഈ അവസ്ഥ മാറും. എന്നാൽ ചിലരിൽ അരമണിക്കൂറോ അതിൽ കൂടുതലോ നീണ്ടുനിൽക്കാം. ഉറക്കം കുറവുള്ളവരിൽ ഈ പ്രശ്നം കൂടുതൽ അനുഭവപ്പെടാം.
സ്ലീപ് ഇൻർഷ്യ കുറയ്ക്കാൻ ദിവസവും ഒരേ സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുക. മുതിർന്നവർ ദിവസവും ഏഴ് മുതൽ ഒൻപത് മണിക്കൂർ വരെ ഉറങ്ങാൻ ശ്രദ്ധിക്കണം. രാവിലെ ഉണർന്നാൽ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് കുറച്ചുസമയം ചെലവഴിക്കാം.
വെള്ളം കുടിക്കുകയും ലഘുവായി നടക്കുകയോ ശരീരം ചലിപ്പിക്കുകയോ ചെയ്യുന്നതും സഹായിക്കും. മയക്കം പൂർണമായി മാറുന്നതുവരെ വാഹനമോടിക്കാതിരിക്കുക. ആവശ്യത്തിന് ഉറങ്ങിയിട്ടും പകൽ അമിതമായ മയക്കമോ ക്ഷീണമോ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഡോക്ടറെ കാണണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates