കോവിഡ് വാക്‌സിന്‍ ഒരിക്കലും ഹൃദ്രോഗസാധ്യത കൂട്ടിയതായി ഇതുവരെ കണ്ടെത്തിയിട്ടില്ല, എന്നാല്‍ കോവിഡിന് ശേഷം ആളുകളില്‍, പ്രത്യേകിച്ച് യുവാക്കളില്‍ ഹൃദയസംബന്ധമായ രോഗങ്ങളും മരണങ്ങളും വര്‍ധിച്ചതായി ഹൃദ്രോഗ വിദഗ്ധനും കോട്ടയം മെഡിക്കല്‍ കോളജ്, മെഡിക്കല്‍ സൂപ്രണ്ടുമായ ഡോ. ടികെ ജയകുമാര്‍. 2018-2022 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാണ്. അതില്‍ ഏതാണ്ട് 40 ശതമാനത്തോളം ആളുകള്‍ 50 വയസിന് താഴെ പ്രായമായവരാണെന്നും ഡോ. ടികെ ജയകുമാര്‍ ദി ന്യൂഇന്ത്യന്‍ എക്‌സ്പ്രസിന്‍റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ പറഞ്ഞു.
ദീര്‍ഘകാല കോവിഡിന്‍റെ ആഘാതം ശരീരത്തില്‍ വീക്കം കൂടുകയും രക്തക്കുഴലുകളുടെ ആരോഗ്യം മോശമാവുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഇത് രക്തക്കുഴലുകള്‍ക്കുള്ളില്‍ എന്‍ഡോതെലിയല്‍ കേടുപാടുകള്‍ക്ക് കാരണമാവുകയും ഹൃദയാഘാതം, ഹൃദയസ്തംഭനം തുടങ്ങിയ ഗുരുതര ഹൃദയസംബന്ധമായ രോഗാവസ്ഥകള്‍ക്ക് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അതേസമയം കോവിഡ് വാക്സിന് അതിന്‍റെതായ സംരക്ഷണഫലം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇത് കൂടാതെ മലയാളികളുടെ മാറിയ ഭക്ഷണരീതിയും ജീവിതശൈലിയും ഹൃദ്രോഗികളുടെ എണ്ണം കൂടാന്‍ കാരണമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് മലയാളികള്‍ക്ക് കൂടുതല്‍ താല്‍പര്യം ഫാസ്റ്റ് ഫുഡുകളോടും ബേക്കറി പലഹാരങ്ങളോടുമാണ്. ഇവയില്‍ ഉയര്‍ന്ന അളവില്‍ ട്രാന്‍സ്ഫാറ്റ് അടങ്ങിയിട്ടുണ്ട്. ഇത്തരം ദുശ്ശീലങ്ങളും അശ്രദ്ധയുമാണ് മലയാളികളെ ഹൃദ്രോഗികളാക്കാനുള്ള മറ്റൊരു പ്രധാന കാരണം. ഭക്ഷണക്രമം, വ്യായാമം, ജീവിതശൈലി ഈ മൂന്ന് കാര്യങ്ങള്‍ നേരെയാക്കിയില്‍ ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറയുന്നു.
പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റ്‌സും കൊഴുപ്പും സന്തുലിതമായി അടങ്ങിയ ഭക്ഷണക്രമമാണ് ഹൃദയാരോഗ്യത്തിന് നല്ലത്. വറുത്ത ഭക്ഷണങ്ങള്‍, പ്രോസസ്ഡ് ഭക്ഷണങ്ങള്‍ പോലുള്ളവ അപകടമാണ്. മുമ്പ് കാലത്ത് വാഴപ്പിണ്ടിയും കൂമ്പുതോരനുമൊക്കെ ഉണ്ടായിരുന്നു. ഇന്ന് ഇത്തരം ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ആര്‍ക്കും താല്‍പര്യമില്ലെന്നും അദ്ദേഹം പറയുന്നു. നല്ല ബ്രേക്ക്ഫാസ്റ്റ്, മിതമായ ഉച്ചഭക്ഷണം, ലളിതമായ അത്താഴം ഇത്തരത്തിലാണ് ഭക്ഷണക്രമം വേണ്ടത്. വൈകുന്നേരം നേരത്തെ ഭക്ഷണം കഴിക്കുന്നത് 10-12 മണിക്കൂര്‍ രാത്രി ഇടവേള കിട്ടും. ഇത് ഏതാണ് ഇന്റര്‍മീഡിയേറ്റ് ഫാസ്റ്റിങ്ങിന് സമാനമാണ്. അതും ആരോഗ്യത്തിന് ഗുണകരമാണ്.
കാർബോഹൈഡ്രേറ്റ്സ് അടങ്ങിയ ചോറ് മലയാളികളുടെ പ്രധാന ഭക്ഷണാണ്, കാബ്‌സ് കൂടുന്നത് വയറുചാടാന്‍ കാരണമാകുന്നു. ഇത് മെറ്റബോളിക് സിന്‍ഡ്രോം, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഉയര്‍ന്ന കോളസ്‌ട്രോള്‍ എന്നിവയൊക്കെയാണ് ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജപ്പാനില്‍ ഉള്ളവര്‍ക്ക് ആയുര്‍ദൈര്‍ഘ്യം വളരെ കൂടുതലാണ്, അവര്‍ മാംസാഹാരികളാണ്. എന്നാല്‍ റെഡ് മീറ്റ് അകറ്റി നിര്‍ത്തുന്നാണ് സുരക്ഷിതം. ഇത് ആരോഗ്യസങ്കീര്‍ണതകള്‍ക്ക് കാരണമാകുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ചിക്കനും മീനിനുമൊന്നും ആ പ്രശ്‌നമില്ല.
ചിക്കനിലും മീനിലുമൊക്കെ ആരോഗ്യകരമായ പ്രോട്ടീന്‍, കാല്‍സ്യം, ഒമേഗ-3 ഫാസിഡ് പോലുള്ളവ അടങ്ങിയിട്ടുണ്ട്. അതുപോലെ മുട്ടയും വളരെ നല്ലതാണ്. ദിവസവും രണ്ട് മുട്ടയില്‍ കൂടുതല്‍ കഴിക്കുന്നുണ്ടെങ്കില്‍ മാത്രം മഞ്ഞക്കരു നീക്കം ചെയ്താല്‍ മതിയാകും. നോണ്‍ ഭക്ഷണങ്ങള്‍ അനാരോഗ്യകരമല്ല. എല്ലാത്തിനും മിതത്വം പാലിക്കുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates