Fatty liver, world liver day Pinterest
Health

മെലിഞ്ഞിരിക്കുന്നവരിലും ഫാറ്റി ലിവർ, എന്താണ് ലീൻ ഫാറ്റി ലിവർ?

ബിഎംഐ (BMI) സാധാരണ നിലയിലുള്ളവരിലും കരൾ രോഗം നിശബ്ദനായി കടന്നുകൂടുന്നു.

സമകാലിക മലയാളം ഡെസ്ക്

മിതവണ്ണമുള്ളവരിലോ കുടവയറുള്ളവരിലോ മാത്രം കണ്ടുവരുന്ന ഒന്നാണ് ഫാറ്റി ലിവർ എന്നാണ് പൊതുധാരണ. എന്നാൽ, ഈ ധാരണയെ തിരുത്തിക്കൊണ്ട് ഇന്ന് ലീൻ ഫാറ്റി ലിവർ എന്ന അവസ്ഥ വർധിച്ചുവരികയാണ്. പുറമെ നോക്കിയാൽ തികച്ചും ആരോഗ്യവാനാണെന്ന് തോന്നിക്കുന്ന, ബിഎംഐ (BMI) സാധാരണ നിലയിലുള്ളവരിലും കരൾ രോഗം നിശബ്ദനായി കടന്നുകൂടുന്നു.

എന്താണ് ലീൻ ഫാറ്റി ലിവർ?

ശരീരഭാരം കുറവാണെങ്കിലും കരൾ കോശങ്ങളിൽ അമിതമായി കൊഴുപ്പ് അടിയുന്ന അവസ്ഥയാണിത്. ഏഷ്യൻ രാജ്യങ്ങളിൽ, പ്രത്യേകിച്ച് ഇന്ത്യയിൽ ഇത്തരം കേസുകൾ വർദ്ധിച്ചുവരുന്നത് ആശങ്കാജനകമാണ്. ഈ അവസ്ഥയിൽ, അമിതമായ മദ്യപാനമോ പൊണ്ണത്തടിയോ ഇല്ലാതെ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നു.

ശരീരത്തിന് പുറത്ത് കൊഴുപ്പ് അധികമില്ലെങ്കിലും ആന്തരികാവയവങ്ങൾക്ക് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്ന പ്രതിഭാസമാണിതിന് കാരണം. ഡോക്ടർമാർ ഇതിനെ ലീൻ NAFLD (നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്) എന്ന് വിളിക്കുന്നു, ശ്ര​ദ്ധിച്ചില്ലെങ്കിൽ മറ്റ് ​ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.

നിശബ്ദമായ വളർച്ച

ഫാറ്റി ലിവർ രോഗത്തിന്റെ ഏറ്റവും വലിയ അപകടം അതിന് പ്രകടമായ ലക്ഷണങ്ങൾ ഇല്ല എന്നതാണ്. പലപ്പോഴും മറ്റ് ആവശ്യങ്ങൾക്കായി നടത്തുന്ന സ്കാനിങ്ങിലോ രക്തപരിശോധനയിലോ ആണ് ഇത് കണ്ടെത്തുന്നത്. അൾട്രാസൗണ്ട് സ്കാനിങ്, ലിവർ ഫം​ഗ്ഷൻ ടെസ്റ്റ്, ഫൈബ്രോസ്കാൻ തുടങ്ങിയ പരിശോധനകളിലൂടെ രോ​ഗം നി‌ർണ്ണയിക്കാൻ സാധിക്കും.

  • ഘട്ടം 1- ലളിതമായ ഫാറ്റി ലിവർ

  • ഘട്ടം 2- കരൾ വീക്കം (NASH - Non-Alcoholic Steatohepatitis). ഈ ഘട്ടത്തിൽ കരൾ കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നു.

  • ഘട്ടം 3- സിറോസിസ് (Cirrhosis) - കരളിൽ തഴമ്പുകൾ വരികയും പ്രവർത്തനം ഭാഗികമായി തടസ്സപ്പെടുകയും ചെയ്യുന്നു.

വെല്ലുവിളിയാകുന്ന ഘടകങ്ങൾ

  • മെറ്റബോളിക് ഘടകങ്ങൾ: ഇൻസുലിൻ റെസിസ്റ്റൻസ് ആണ് ഇതിൽ പ്രധാനി. രക്തത്തിലെ പഞ്ചസാരയെ ഊർജ്ജമാക്കി മാറ്റാൻ ശരീരത്തിന് കഴിയാതെ വരുമ്പോൾ, ആ പഞ്ചസാര കൊഴുപ്പായി മാറി കരളിൽ അടിയുന്നു.

  • ഭക്ഷണശൈലി: അമിതമായ കാർബോഹൈഡ്രേറ്റ്സ് , പഞ്ചസാര, മൈദ, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ എന്നിവയുടെ ഉപയോഗം ഇതിന് കാരണമാകുന്നു. പ്രത്യേകിച്ച് ഫ്രക്ടോസ് അടങ്ങിയ ശീതളപാനീയങ്ങൾ കരളിലെ കൊഴുപ്പ് വർദ്ധിപ്പിക്കുന്നു.

  • ജനിതക കാരണങ്ങൾ: ചിലരിൽ പാരമ്പര്യമായിത്തന്നെ കരളിൽ കൊഴുപ്പ് അടിയാനുള്ള പ്രവണത കണ്ടുവരാറുണ്ട്.

  • വ്യായാമക്കുറവ്: മെലിഞ്ഞവരാണെന്ന ആത്മവിശ്വാസത്തിൽ വ്യായാമം തീരെ ഒഴിവാക്കുന്നത് ശരീരത്തിലെ മെറ്റബോളിക് പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കുകയും കരളിന്റെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു.

പ്രതിരോധ മാർഗങ്ങൾ

  • സമീകൃതാഹാരം: ചോറിൻ്റെ അളവ് കുറച്ച് പച്ചക്കറികൾ, പ്രോട്ടീൻ, നാരുകൾ അടങ്ങിയ ഭക്ഷണം എന്നിവ ഉൾപ്പെടുത്തുക.

  • മധുരം കുറയ്ക്കുക: മധുരപലഹാരങ്ങളും സോഡകളും പൂർണ്ണമായും ഒഴിവാക്കുന്നത് കരളിലെ വീക്കം കുറയ്ക്കാൻ സഹായിക്കും.

  • വ്യായാമം: ആഴ്ചയിൽ കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും 30 മിനിറ്റ് വീതം വേഗത്തിലുള്ള നടത്തമോ മറ്റ് വ്യായാമങ്ങളോ ശീലിക്കുക.

  • പരിശോധനകൾ: 35 വയസ്സിന് മുകളിലുള്ളവർ വർഷത്തിലൊരിക്കലെങ്കിലും ലിവർ ഫം​ഗ്ഷൻ ടെസ്റ്റ് (LFT), അൾട്രാസൗണ്ട് സ്കാനിംഗ് എന്നിവ ചെയ്യുന്നത് രോഗം നേരത്തെ തിരിച്ചറിയാൻ സഹായിക്കും.

മെലിഞ്ഞിരിക്കുക എന്നാൽ പൂർണ്ണ ആരോഗ്യവാനായിരിക്കുക എന്നതല്ല അർത്ഥം. ഉള്ളിലുള്ള അവയവങ്ങളുടെ ആരോഗ്യം കൂടി സംരക്ഷിക്കുമ്പോഴേ പൂർണ്ണമായ ആരോഗ്യം കൈവരിക്കാനാകൂ. ഈ ലോക കരൾ ദിനത്തിൽ നമുക്ക് കരളിലെ കൊഴുപ്പിനെതിരെ ജാഗ്രത പാലിക്കാം.

കൃത്യമായ ഭക്ഷണക്രമവും ചിട്ടയായ ജീവിതശൈലിയും കൊണ്ട് ഈ നിശബ്ദ വില്ലനെ പ്രതിരോധിക്കാം. സ്ഥിരമായ ക്ഷീണം, വയറി​ന്റെ വലതുഭാ​ഗത്ത് മുകളിലായുള്ള വേദന തുടങ്ങിയവ അനുഭവപ്പെടുകയാണെങ്കിൽ ഒട്ടും വൈകാതെ തന്നെ ഒരു ​ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റിനെ സമീപിക്കുക.

Dr. Antony Paul

തയ്യാറാക്കിയത്: ഡോ. ആന്റണി പോൾ ചേറ്റുപുഴ സീനിയർ കൺസൾട്ടന്റ് & എച്ച്ഒഡി, ഗ്യാസ്ട്രോഎൻട്രോളജി & ഹെപ്പറ്റോളജി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റൽ, അങ്കമാലി

World liver day: what is lean fatty liver

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണ്ണക്കൊള്ള: മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു

മലപ്പുറത്ത് അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍

ടിക്കറ്റില്ലാ യാത്ര ചോ​ദ്യം ചെയ്തു; മദ്യ ലഹരിയിൽ വനിതാ ടിടിഇയെ മർദ്ദിച്ചു, അസഭ്യം വിളിച്ചു; യുവാവ് പിടിയിൽ

തമിഴ്നാടും ബം​ഗാളും വ്യാഴാഴ്ച പോളിങ് ബൂത്തിലേക്ക്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

അമ്പോ മുംബൈ! ഗുജറാത്തിനെ വെറും 100 റണ്‍സില്‍ പുറത്താക്കി വിജയ വഴിയില്‍

SCROLL FOR NEXT