മനുഷ്യരെക്കാൾ മുൻപ് കൃഷി ചെയ്യാൻ തുടങ്ങിയവരാണ് ഉറുമ്പുകൾ. പ്രത്യേക തരം പൂപ്പലുകളാണ് ഇവ കൃഷി ചെയ്യുന്നത്. അവരുടെ കൃഷി സംസ്കാരം ഏതാണ്ട് 66 ദശലക്ഷം വർഷങ്ങൾ നീണ്ടു നിൽക്കുന്നതാണെന്ന് സ്മിത്‌സോണിയൻ നാഷണൽ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലെ ഗവേഷകർ കണ്ടെത്തി. ഛിന്നഗ്രഹത്തിന്റെ ആഘാതത്തെ തുടർന്ന് ഡിനോസറുകൾ ഇല്ലാതായ കാലം മുതലാണത്രേ ഉറുമ്പുകൾ കൃഷി ചെയ്യാന്‍ തുടങ്ങിയത്.
276 ഇനം ഉറുമ്പുകളുടെയും 475 പൂപ്പൽ ഇനങ്ങളുടെയും ജനിതക വിശകലനത്തിലൂടെയാണ് ഗവേഷകർ ഇക്കാര്യം കണ്ടെത്തിയത്. ഉറുമ്പുകൾ ഭക്ഷണമെന്ന തരത്തിലാണ് ഈ പൂപ്പലുകളെ ആശ്രയിക്കുന്നത്. ഉറുമ്പുകളുടെ നീണ്ട കൃഷി സംസ്കാരത്തെ കുറിച്ച് മാത്രമല്ല കാലക്രമേണ ഉറുമ്പുകളും ഈ പൂപ്പലുകളും തമ്മിലുള്ള സഹജീവി ബന്ധം എങ്ങനെ രൂപപ്പെട്ടുവെന്നും ജേണല്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വിശദീകരിക്കുന്നു.
മനുഷ്യനേക്കാൾ വളരെക്കാലം മുൻപു മുതൽ തന്നെ ഉറുമ്പുകൾ കൃഷി ചെയ്യുന്നു. കഴിഞ്ഞ 66 ദശലക്ഷം വർഷങ്ങളിലെ അവരുടെ വിജയം മനുഷ്യൻ്റെ കൃഷിരീതികൾക്ക് വിലപ്പെട്ട പാഠങ്ങൾ നൽകാൻ കഴിയുമെന്ന് പഠനത്തിന് നേതൃത്വം വഹിച്ച ടെഡ് ഷുൾട്സ് പറഞ്ഞു. ഛിന്നഗ്രഹത്തിന്റെ ആഘാതം അഴുകുന്ന സസ്യങ്ങളിൽ പൂപ്പലുകളുടെ വളർച്ചയ്ക്ക് അനുകൂലമായ ഘടകം ഉണ്ടാക്കിയതാണ് ഉറുമ്പുകള്‍ പിന്നീട് കൃഷിയായി രൂപപ്പെടുത്തിയെടുത്തത്.
പിന്നീട് ഏതാണ്ട് 40 ദശലക്ഷം വർഷങ്ങൾക്ക് ശേഷം ചെടികളുടെ ഇല വളം ആയി ഉപയോഗിച്ചു കൊണ്ട് അവർ അവരുടെ കൃഷിരീതിയിൽ വലിയൊരു മാറ്റം കൊണ്ടു വന്നു ഹൈയർ അഗ്രികൾച്ചർ എന്നാണ് ഈ കാലഘട്ടത്തെ വിളിക്കുന്നത്. ഇലവെട്ടുന്ന ഉറമ്പുകളാണ് ഇതിന് തുടക്കം കുറിച്ചത്.
അമേരിക്കൻ, കരീബിയൻ മേഖലയിൽ കണ്ടു വരുന്ന 250-ഓളം ഉറുമ്പു ഇനങ്ങൾ ഇത്തരത്തിൽ പൂപ്പൽ കൃഷി ചെയ്യുന്നുണ്ട്. ആറ്റ ഉറുമ്പുകളാണ് കൃഷിയിൽ കേമന്മാർ. ഇവ ഗോങ്കിലിഡിയ എന്ന പ്രത്യേക ഘടനയുള്ള പൂപ്പലാണ് കൃഷി ചെയ്യുന്നത്. ഇത് അവരുടെ കോളനിയിലേക്ക് ഭക്ഷണമായി ഉപയോഗിക്കുന്നു. ദശലക്ഷക്കണക്കിന് ഉറമ്പുകള്‍ ഇവരുടെ കോളനികളില്‍ കൃഷിപ്പണി ചെയ്യുന്നതിനായി ഉണ്ടാകും. കാര്യമക്ഷതയും നീണ്ടു നിൽക്കുന്നതുമായ ഉറുമ്പുകളുടെ ഈ കൃഷി രീതി ആധുനിക കൃഷിക്കൊരു ഉൾക്കാഴ്ച നൽകുമെന്ന് പഠനം സൂചിപ്പിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates