ഡോ. സഫീര്‍ Special Arrangement
Life

ഒരു പാത്രം വെള്ളത്തില്‍ റോബോട്ടിന്റെ മസ്തിഷ്‌കം; ഓക്‌സ്‌ഫോര്‍ഡില്‍ ചരിത്രം കുറിച്ച് മലയാളി ശാസ്ത്രജ്ഞന്‍ ഡോ. സഫീര്‍

Author : സമകാലിക മലയാളം ഡെസ്ക്

ലോകമെമ്പാടുമുള്ള വന്‍കിട വിവരസാങ്കേതിക കമ്പനികള്‍ കൃത്രിമബുദ്ധിക്കായി കൂറ്റന്‍ വിവരസംഭരണ കേന്ദ്രങ്ങളും സങ്കീര്‍ണ്ണമായ കംപ്യൂട്ടറുകളും സ്ഥാപിച്ച് വലിയ തോതില്‍ വൈദ്യുതി പാഴാക്കുമ്പോള്‍, തികച്ചും വ്യത്യസ്തമായ വഴിയിലൂടെ വിസ്മയം തീര്‍ത്തിരിക്കുകയാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ മലയാളി ശാസ്ത്രജ്ഞന്‍ ഡോ. സികെ സഫീര്‍. ഒരു പാത്രത്തിലെ വെള്ളത്തിലുണ്ടാകുന്ന ഓളങ്ങളെ മസ്തിഷ്‌കത്തെപ്പോലെ പ്രവര്‍ത്തിപ്പിച്ച്, സ്വന്തമായി സഞ്ചരിക്കുന്ന ഒരു റോബോട്ട് വാഹനത്തെ നിയന്ത്രിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം. രാജ്യാന്തര ശാസ്ത്ര ജേണലായ 'നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സി'ല്‍ പ്രസിദ്ധീകരിച്ച ഈ കണ്ടെത്തല്‍ ആഗോള ശാസ്ത്രലോകത്ത് ചര്‍ച്ചയായിക്കഴിഞ്ഞു.

തലച്ചോറിന്റെ പ്രവര്‍ത്തനം പകര്‍ത്താന്‍ പ്രകൃതിയിലെ തരംഗങ്ങള്‍

ഇന്നത്തെ കൃത്രിമബുദ്ധി സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് മനുഷ്യ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനങ്ങളെ സങ്കീര്‍ണ്ണമായ കണക്കുകൂട്ടലുകളാക്കി മാറ്റി സാധാരണ കംപ്യൂട്ടറുകളില്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടാണ്. എന്നാല്‍ പ്രകൃതിയിലെ തരംഗങ്ങളെ ഉപയോഗിച്ച് തലച്ചോറിന്റെ ശൈലി നേരിട്ട് പകര്‍ത്തുകയാണ് ഇതിന് പരിഹാരമെന്ന് ഡോ. സഫീര്‍ വ്യക്തമാക്കുന്നു. 'ഇപ്പോഴത്തെ കൃത്രിമബുദ്ധി നമ്മുടെ തലച്ചോറിന്റെ ഒരു ഗണിത മാതൃക നിര്‍മ്മിച്ച് സാധാരണ കംപ്യൂട്ടറുകളില്‍ പ്രവര്‍ത്തിപ്പിക്കുകയാണ് ചെയ്യുന്നത്. സങ്കീര്‍ണ്ണമായ കണക്കുകൂട്ടലുകള്‍ ഉള്ളതുകൊണ്ടുതന്നെ, ചാറ്റ് ജിപിടി പോലുള്ള സംവിധാനങ്ങള്‍ക്ക് വലിയ ഡാറ്റാ സെന്ററുകള്‍ ആവശ്യമായി വരുന്നു. അതിനുപകരം നമ്മുടെ തലച്ചോറിനെത്തന്നെ അനുകരിക്കുന്ന രീതിയില്‍ കംപ്യൂട്ടറുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കുമോ എന്നുള്ള ഗവേഷണമാണ് ഞാന്‍ നടത്തുന്നത്' ഡോ. സഫീര്‍ പറയുന്നു.

പ്രകൃതിയിലെ തരംഗങ്ങളുടെ കൂടിച്ചേരലുകള്‍ക്ക് മനുഷ്യ തലച്ചോറിലെ വിനിമയങ്ങളെ അനുകരിക്കാന്‍ സാധിക്കുമെന്ന തിരിച്ചറിവായിരുന്നു ഈ മുന്നേറ്റത്തിന്റെ അടിത്തറയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു: 'പ്രകൃതിയിലെ തരംഗങ്ങളുടെ പ്രതിപ്രവര്‍ത്തനം തലച്ചോറിലെ പ്രവര്‍ത്തനങ്ങളെപ്പോലെ അനുകരിക്കാന്‍ പറ്റുമോ എന്നൊരു ചോദ്യമുണ്ടായിരുന്നു. അതാണ് ഇപ്പോള്‍ തെളിയിക്കപ്പെട്ടിരിക്കുന്നത്.'

വെള്ളത്തിലെ ഓളങ്ങള്‍ പഠിച്ച് ചലിക്കുന്ന റോബോട്ട്

ഒരു വട്ടപ്പാത്രത്തിലെ വെള്ളത്തില്‍ രൂപപ്പെടുന്ന അലകളുടെ സവിശേഷതകള്‍ പഠിച്ചുകൊണ്ടാണ് ഈ വിസ്മയ പരീക്ഷണം യാഥാര്‍ത്ഥ്യമാക്കിയത്. റോബോട്ടിന്റെ ചുറ്റുപാടുകളില്‍ നിന്നുള്ള വിവരങ്ങള്‍ ഈ വെള്ളത്തിലേക്ക് എത്തുമ്പോള്‍ അവിടെ പ്രത്യേക തരംഗ പാറ്റേണുകള്‍ രൂപപ്പെടുന്നു. ഈ പാറ്റേണുകള്‍ ഒരു എല്‍ഇഡി വെളിച്ചത്തിന്റെയും കാമറയുടെയും സഹായത്തോടെ നിരീക്ഷിക്കുകയും, അതുവഴി മുന്നിലെ തടസ്സങ്ങള്‍ തിരിച്ചറിഞ്ഞ് റോബോട്ട് വഴിമാറി സഞ്ചരിക്കുകയും ചെയ്യുന്നു.

പരീക്ഷണത്തിന് ഉപയോഗിച്ച രീതിയുടെ ലാളിത്യത്തെക്കുറിച്ച് ഡോ. സഫീര്‍ ഓര്‍ത്തെടുക്കുന്നത് ഇങ്ങനെയാണ്: 'ഈ ആശയത്തേക്കാളും ശ്രദ്ധ നേടിയത് അത് തെളിയിക്കാന്‍ ഉപയോഗിച്ച മാര്‍ഗ്ഗമാണ്. വെറും വെള്ളം ഒരു പാത്രത്തില്‍ ഒഴിച്ച്, അതിലെ തരംഗങ്ങളുടെ പ്രതിപ്രവര്‍ത്തനങ്ങള്‍ പഠിച്ചാണ് ഞങ്ങള്‍ ഇത് സ്ഥാപിച്ചത്. അതിനേക്കാള്‍ വലിയ മുന്നേറ്റമായത് ഞങ്ങള്‍ ഒരു റോബോട്ടിനെ ഈ വെള്ളവുമായി ബന്ധിപ്പിച്ചപ്പോഴാണ്. റോബോട്ടിന്റെ വിവരങ്ങള്‍ വെള്ളത്തില്‍ ഒരു പാറ്റേണ്‍ ഉണ്ടാക്കി; ആ പാറ്റേണ്‍ പഠിച്ച് റോബോട്ട് തനിയെ നീങ്ങാന്‍ തുടങ്ങി. നമ്മുടെ തലച്ചോറിന്റെ പ്രേരണ അനുസരിച്ച് ശരീരം ചലിക്കുന്നത് പോലെ, 'സ്വന്തമായി തലച്ചോറുള്ള ഒരു റോബോട്ട്' എന്ന ആശയത്തിന്റെ ആദ്യ ചുവടുവെപ്പാണ് ഇതിലൂടെ മുന്നോട്ടുവെച്ചത്.'

ഊര്‍ജ്ജക്ഷമതയോടെ തടസ്സങ്ങള്‍ തിരിച്ചറിയുന്ന സാങ്കേതികവിദ്യ

പാതയിലെ തടസ്സങ്ങള്‍ കൃത്യമായി തിരിച്ചറിഞ്ഞ് സ്വയം വഴിമാറി സഞ്ചരിക്കുന്ന പരീക്ഷണത്തില്‍ നൂറ് ശതമാനം വിജയമാണ് ഈ സംവിധാനം കൈവരിച്ചത്. സാധാരണ കൃത്രിമബുദ്ധി ഉപകരണങ്ങള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിച്ച് കൂടുതല്‍ വൈദ്യുതി പാഴാക്കുമ്പോള്‍, ചുറ്റുപാടില്‍ മാറ്റങ്ങള്‍ കാണുമ്പോള്‍ മാത്രം പ്രവര്‍ത്തിക്കുന്ന രീതിയാണ് ഡോ. സഫീറും സംഘവും ഇതില്‍ ഉപയോഗിച്ചത്. ഇത് റോബോട്ടിന്റെ ഊര്‍ജ്ജ ഉപയോഗം ഗണ്യമായി കുറയ്ക്കുന്നു.

വലിയ പണച്ചെലവോ സങ്കീര്‍ണ്ണമായ ഉപകരണങ്ങളോ ഇല്ലാതെ തന്നെ വിപ്ലവകരമായ ശാസ്ത്രനേട്ടങ്ങള്‍ സാധ്യമാകുമെന്നതിന്റെ തെളിവാണ് ഈ പരീക്ഷണത്തിന്റെ ലാളിത്യമെന്ന് പ്രബന്ധത്തിന്റെ സഹരചയിതാവായ ഓക്‌സ്‌ഫോര്‍ഡ് പ്രൊഫസര്‍ തോര്‍സ്റ്റന്‍ ഹെസ്‌ജെദാല്‍ വ്യക്തമാക്കി. അടിസ്ഥാന ഭൗതികശാസ്ത്ര തത്വങ്ങളെ റോബോട്ടിക്‌സുമായി ഇണക്കിച്ചേര്‍ക്കാന്‍ കഴിഞ്ഞതാണ് ഇതിന്റെ പ്രധാന ആകര്‍ഷണം.

ഭാവിയിലെ അതിസൂക്ഷ്മ ചിപ്പുകളിലേക്ക്

വെള്ളത്തിലെ തരംഗങ്ങളിലൂടെ തത്വം തെളിയിച്ചെങ്കിലും, ഈ ആശയം ഉപയോഗിച്ചുള്ള കംപ്യൂട്ടര്‍ ചിപ്പുകള്‍ വികസിപ്പിക്കുന്നതാണ് ഗവേഷകര്‍ ലക്ഷ്യമിടുന്നത്. കാന്തിക തരംഗങ്ങള്‍ ഉപയോഗിച്ച് വിരലിന്റെ തുമ്പിനേക്കാള്‍ ചെറുതായ, അതായത് വെറും നാനോമീറ്റര്‍ മാത്രം വലിപ്പമുള്ള അതിസൂക്ഷ്മ ചിപ്പുകളില്‍ ഇതേ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കാന്‍ സാധിക്കുമെന്ന് സഫീര്‍ നയിക്കുന്ന ഗവേഷക സംഘം തെളിയിച്ചിട്ടുണ്ട്. ഭാവിയില്‍ ഡ്രോണുകളിലും സ്വയംനിയന്ത്രിത വാഹനങ്ങളിലും കൃത്രിമ അവയവങ്ങളിലുമെല്ലാം ഇന്റര്‍നെറ്റിന്റെയോ വലിയ സെര്‍വറുകളുടെയോ സഹായമില്ലാതെ തത്സമയം കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഇത്തരം പുതിയ ചിപ്പുകള്‍ സഹായിക്കും.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിതുറന്നേക്കാവുന്ന ഈ കണ്ടെത്തലിനെ റോബോട്ടിക്‌സ്-ഫിസിക്‌സ് മേഖലകളിലെ നാഴികക്കല്ലായാണ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വിശേഷിപ്പിച്ചത്. കണ്ടെത്തലിന്റെ വാണിജ്യ സാധ്യതകള്‍ മുന്‍നിര്‍ത്തി ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഇന്നൊവേഷന്‍ പേറ്റന്റ് നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ഡോ. സഫീറിനെ കൂടാതെ ജെ. സോഹര്‍, ഡി. പിന്ന, ജി. വാന്‍ ഡെര്‍ ലാന്‍, ടി. ഹെസ്‌ജെദാല്‍ എന്നിവരാണ് ചരിത്രനേട്ടം കുറിച്ച ഗവേഷണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

Rsearchers from Oxford’s Department of Physics are demonstrating a departure from traditional computer chips by using water waves in a metal container to process information and control a robotic vehicle in real-time. Led by Dr. Safeer from Kerala, the team drew inspiration from the brain’s collective dynamics and a framework called reservoir computing

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ജയിലിലെ ആശുപത്രി ഞാന്‍ മെച്ചപ്പെടുത്തി, ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടതില്‍ സന്തോഷം'; തച്ചങ്കരിയെ പരിഹസിച്ച് ആര്‍ ശ്രീലേഖ

എന്‍എന്‍ പിള്ളയോടും കുടുംബത്തോടും എല്ലാവര്‍ക്കും പുച്ഛമായിരുന്നു, ബന്ധുക്കള്‍ പലരും വീട്ടിലേക്ക് വരില്ലായിരുന്നു: വിജയരാഘവന്‍

റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സര്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍; മഹീന്ദ്രയുടെ പുതിയ മോഡല്‍ വിപണിയില്‍, പ്രാരംഭവില 9.39 ലക്ഷം രൂപ

'ആദ്യമായിട്ടായിരിക്കും ഒരു നവാ​ഗത സംവിധായകന്റെ സിനിമയ്ക്ക് ഇത്രയും ആകാംക്ഷയോടെ കാത്തിരിക്കുന്നത്'; ജേസൺ സഞ്ജയ്‌യുടെ 'സി​ഗ്മ' ട്രെയ്‌ലർ

വയറിങ്ങും പോസ്റ്റും ജീവനക്കാര്‍ വക, ബധിരയും മൂകയുമായ വൃദ്ധയുടെ വീട്ടില്‍ വൈദ്യുതി എത്തിച്ച് കെഎസ്ഇബി; കാരുണ്യ ദീപം, കൈയടി