Vijayakumar asikan facebook
Life

അനാഥാലയത്തില്‍ നിന്നും അസിസ്റ്റന്റ് പ്രൊഫസറിലേക്ക്; സീറോയില്‍ നിന്ന് തുടങ്ങിയ ജീവിതകഥ - ഹൃദയം തൊടുന്ന കുറിപ്പ്

എന്റെ വിജയകഥ ഇത്ര വിസ്തരിച്ച് ഇവിടെ പറഞ്ഞത് ഇത് വായിക്കുന്ന പിന്നോക്കസാഹചര്യങ്ങള്‍ ഉള്ള കുട്ടികള്‍ക്ക് പ്രചോദനമാകുന്നതിനുവേണ്ടിയാണ്.

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: മാതാപിതാക്കള്‍ ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ ഭാവി എപ്പോഴും ഇരുട്ടിലായിരിക്കും. എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നുപോകുന്ന ബാല്യകാലം. അതിജീവനത്തിനുവേണ്ടിയുള്ള പോരാട്ടമായിരിക്കും ഇത്തരം കുഞ്ഞുങ്ങള്‍ പിന്നീട് നടത്തുക. ചിലതൊക്കെ വിജയം കാണും. ചിലതൊക്കെ കൊഴിഞ്ഞു പോകും. അത്തരം ഒരു അതീജീവനം വിജയിച്ച കഥയാണ് പാലക്കാട് ഗവ.വിക്ടോറിയ കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറായ വിജയകുമാര്‍ അശോകന്റേത്.

അച്ഛനും അമ്മയും ഉപേക്ഷിച്ച വിജയകുമാര്‍ അനാഥാലയത്തില്‍ നിന്ന് പഠിച്ച് അസിസ്റ്റന്റ് പ്രൊഫസറായി. പിന്നാക്ക സാഹചര്യങ്ങള്‍ ഉള്ള കുട്ടികള്‍ക്ക് പ്രചോദനമാകുന്നതിന് വേണ്ടി സ്വന്തം ജീവിത കഥ ഫെയ്‌സ്ബുക്കിലെ കുറിപ്പിലൂടെയാണ് വിജയകുമാര്‍ എല്ലാവരേയും അറിയിച്ചത്. പഠനത്തിലൂടെ എന്തും ജീവിതത്തില്‍ നേടിയെടുക്കാം എന്നാണ് വിജയകുമാര്‍ സ്വന്തം ജീവിതത്തിലൂടെ വരും തലമുറയോട് പറഞ്ഞുവെക്കുന്നത്. സീറോയില്‍ നിന്നും തുടങ്ങിയ എനിക്ക് സര്‍ക്കാര്‍ കോളേജില്‍ ഗസറ്റഡ് റാങ്കിലുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ ജോലി ലഭിച്ചുവെങ്കില്‍ പഠനത്തിലൂടെ ആര്‍ക്കും നേടിയെടുക്കാം. ഏറ്റവും പ്രാഥമികമായി പഠിക്കുക എന്നതാണ് പ്രധാനം. മലയാളത്തിലെ ഏറ്റവും മനോഹരമായ വാക്ക് കരുണയാണ് പലരും പറഞ്ഞുകേട്ടിട്ടുണ്ട്. അത് സത്യമാണെന്നും വിജയകുമാര്‍ പറയുന്നു.

വിജയകുമാറിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

2026 ഫെബ്രുവരി 13 എന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ദിവസമായിരുന്നു. പാലക്കാട് ഗവ. വിക്ടോറിയ കോളേജ് മലയാളവിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലിയില്‍ പ്രവേശിച്ചു. സ്ഥിരമായ സര്‍ക്കാര്‍ ജോലി ലഭിക്കുകയെന്നത് ഏതൊരു വ്യക്തിയെ സംബന്ധിച്ചും അത്യധികം സന്തോഷം ജനിപ്പിക്കുന്ന കാര്യമാണ്. സാമ്പത്തികസുരക്ഷിതത്വം,സാമൂഹികപദവി എന്നിവയൊക്കെ ആ ജോലിയാല്‍ കൈവരുന്നു എന്നതുംകൂടിയാണ് അതിന് പിന്നിലെ കാരണം. ജോലിയില്‍ പ്രവേശിച്ച് രണ്ടാഴ്ച പിന്നിട്ടെങ്കിലും ഈ കുറിപ്പെഴുതാന്‍ ഇപ്പോഴാണ് തോന്നലുണ്ടായത്. എന്നെ സ്‌നേഹിക്കുന്ന, എന്നെ നന്നായി അറിയുന്ന സുഹൃത്തുക്കള്‍, അദ്ധ്യാപകര്‍ എന്നിവരൊക്കെ എന്റെ ഈ കുറിപ്പിനുവേണ്ടി കാത്തിരിക്കുന്നുണ്ടാവും എന്നെനിക്ക് അറിയാം. കാരണം ഈ ജോലി എന്നത് എനിക്ക് അത്രമാത്രം പ്രധാനമായിരുന്നു.

ഒന്നുമില്ലായ്മയില്‍ നിന്നും ജീവിതം തുടങ്ങിയ എനിക്ക് ഇങ്ങനൊരു പദവി കൈവന്നതില്‍ എന്നെക്കാളധികം ആത്മാര്‍ത്ഥമായി സന്തോഷിക്കുന്നവര്‍ ഉണ്ട്. എന്റെ ജീവിതത്തിലെ സന്തോഷത്തെയും ദുഃഖത്തെയും ഏതൊരു വികാരത്തെയും ഞാന്‍ ഒരേ പാറ്റേണിലാണ് പരിഗണിക്കുന്നത്. അധികസന്തോഷത്തിലേക്കോ അധികദുഃഖത്തിലേക്കോ അതിനെ കടക്കാന്‍ ഞാന്‍ അനുവദിക്കാറില്ല. എന്റെ ജീവിതം പലവിധസാഹചര്യങ്ങളില്‍ വൈകാരികമായി ആ നിലയില്‍ പരുവപ്പെട്ടുകഴിഞ്ഞു. മൂന്നാം വയസ്സിലാണ് ഞാന്‍ അനാഥനായത്. മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ട ഞങ്ങള്‍ നാലുമക്കളും എട്ടുവയസ്സുവരെ വല്യമ്മച്ചിയുടെ ( അച്ഛന്റെ അമ്മ) സംരക്ഷണത്തിലായിരുന്നു. എന്നാല്‍ വല്യമ്മച്ചിയുടെ മരണശേഷം എന്റെ അമ്മായി( അച്ഛന്റെ സഹോദരി) ആണ് ഞങ്ങളെ നോക്കിയത്. എന്നാല്‍ അവിടുത്തെ സാഹചര്യങ്ങള്‍ കാരണം പിന്നീട് കോട്ടയം ജില്ലയിലെ ചെങ്ങളം ഈസ്റ്റിലെ ബത് ലെഹേം ബാലഭവന്‍ എന്ന സ്ഥാപനത്തില്‍ ഞങ്ങളെ അമ്മായി കൊണ്ടുപോയി ചേര്‍ത്തു. ആരോരുമില്ലാത്തവര്‍ക്കും സാമ്പത്തികബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്കും അഭയവും അന്നവും അക്ഷരവും നല്‍കിവന്നിരുന്ന ഒരു സ്ഥാപനം. അവിടെയാണ് ഞാന്‍ ഡിഗ്രി വരെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് ( ഡിഗ്രി പാലാ സെന്റ് തോമസ് കോളേജില്‍ ആയിരുന്നു.യൂണിവേഴ്‌സിറ്റി രണ്ടാം റാങ്കോടുകൂടി വിജയിച്ചു). ഇരുപതാമത്തെ വയസ്സില്‍, ബാലഭവനിലെ പതിമൂന്നുവര്‍ഷത്തെ ജീവിതം പൂര്‍ത്തിയാക്കി അവിടുന്ന് ഇറങ്ങി. എനിക്ക് പഠിക്കാനും ജീവിക്കാനും ഉള്ള എല്ലാ സൗകര്യങ്ങളും പ്രോത്സാഹനങ്ങളും ബാലഭവനില്‍ ഞങ്ങളുടെ അച്ചാച്ചന്‍ ചെയ്തുതന്നു.

ചെറുപ്പം മുതല്‍ നന്നായി പഠിച്ചു എന്നത് തന്നെയാണ് എന്റെ ഈ വിജയത്തിന്റെ അടിസ്ഥാനമായി ഞാന്‍ കാണുന്നത്. ഡിഗ്രിപഠനത്തിന് ശേഷം പി ജി ചെയ്യാനായി ഞാന്‍ പോയത് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലായിരുന്നു. പ്രവേശനപ്പരീക്ഷയില്‍ മുന്‍നിരയിലുണ്ടായിരുന്നതുകൊണ്ടുതന്നെ കാലടി മുഖ്യകേന്ദ്രത്തില്‍ അഡ്മിഷന്‍ ലഭിച്ചു. കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ ഹയര്‍ എഡ്യുക്കേഷന്‍ സ്‌കോളര്‍ഷിപ്പ് അന്ന് എനിക്ക് ലഭിച്ചിട്ടുണ്ടായിരുന്നു. പി.ജി പൂര്‍ത്തിയാക്കുന്നതിന് മുന്നേ തന്നെ യുജിസി നെറ്റും ജെആര്‍എഫും ഞാന്‍ കരസ്ഥമാക്കി. അതിനുശേഷമാണ് എം.ഫില്‍ ചെയ്യാനായി കേരള സര്‍വ്വകലാശാല കാര്യവട്ടം ക്യാമ്പസിലേക്ക് വരുന്നത്. ഒന്നാം റാങ്കോടുകൂടി എം.ഫില്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് അവിടെ തന്നെ ഡോ.സി.ആര്‍. പ്രസാദ് സാറിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ ജെ.ആര്‍.എഫോടുകൂടി പി.എച്ച്.ഡി യും പൂര്‍ത്തിയാക്കി. പ്രബന്ധസമര്‍പ്പണത്തിനു ശേഷം ഇപ്പോള്‍ ഓപ്പണ്‍ ഡിഫന്‍സിനായി കാത്തിരിക്കുന്നു. പഠനം മാത്രമായിരുന്നു എന്റെ മൂലധനം എന്ന് കാണിക്കാനാണ് ഇത് ഞാന്‍ പറഞ്ഞത്. സാമൂഹികമോ സാമ്പത്തികമോ രാഷ്ട്രീയപരമോ കുടുംബപരമോ ആയ യാതൊരു പ്രിവിലേജുകളും ഇല്ലാതെ ഏറ്റവും സാധാരണമായി, നാട്ടിലെ സര്‍ക്കാര്‍സ്ഥാപനങ്ങളില്‍ പഠിച്ച് മാത്രം നേടിയ വിജയമാണിത്.

കേരള പി.എസ്.സി മുഖേന അസിസ്റ്റന്റ് പ്രൊഫസര്‍ ജോലി ലഭിച്ചു എന്നതില്‍ സന്തോഷത്തെക്കാള്‍ എനിക്ക് വളരെയധികം അഭിമാനമുണ്ട്. കാരണം ഒരു കുട്ടിയുടെ വ്യക്തിത്വരൂപീകരണത്തിലും വിദ്യാഭ്യാസത്തിലും കരിയര്‍രൂപീകരണത്തിലും രക്ഷിതാക്കളുടെ പങ്ക് വളരെ വലുതാണ്. സാമൂഹികവും സാമ്പത്തികവും ജോലി/പദവി പരവും സാംസ്‌കാരികവുമായ ഭദ്രതയുള്ള രക്ഷിതാക്കള്‍ക്ക് അവരുടെ മക്കളെ അതിനനുസരിച്ച് പരുവപ്പെടുത്തിയെടുക്കാനും കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനും സാധിക്കും. മക്കള്‍ അത് പ്രയോജനപ്പെടുത്തുകയും ചെയ്യും. മാത്രമല്ല; മേല്‍പ്പറഞ്ഞ തരത്തിലുള്ള ഭദ്രതകള്‍ ഉള്ള കുട്ടികള്‍ക്കാകട്ടെ; ജീവിതത്തിന്റെ യാതൊരു പ്രാരാബ്ധങ്ങളും അറിയേണ്ടിയും വരില്ല. അവര്‍ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് അവര്‍ ആഗ്രഹിക്കുന്നതുപോലെ യാത്രകളൊക്കെ പോയി ഇഷ്ടമുള്ള ജോലികള്‍ കിട്ടുന്നതിനുവേണ്ടി ധാരാളം വര്‍ഷങ്ങള്‍ പ്രയത്‌നിക്കാനൊക്കെ അവസരങ്ങള്‍ ലഭിക്കും. കാരണം അത്തരം കുട്ടികള്‍ക്ക് കുടുംബപരമായ ഭൗതിക സാമ്പത്തിക സാഹചര്യങ്ങള്‍ അടിസ്ഥാനമായി ഉണ്ടാകും. എന്നാല്‍ എന്നെപ്പോലെ സീറോയില്‍ നിന്നും തുടങ്ങുന്ന കുട്ടികള്‍ക്ക് ഇരട്ടി കഠിനാധ്വാനം ആണ് എടുക്കേണ്ടി വരുന്നത്. മാത്രമല്ല കുടുംബപരമായ ബാക്കപ്പ് ഇല്ലാത്തതുകൊണ്ടുതന്നെ മാനസികമായ ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടിവരും. പരീക്ഷകള്‍ക്ക് പഠിച്ചാല്‍ മാത്രം പോരാ; ഇത്തരം സാഹചര്യങ്ങളെക്കൂടി അതീജീവിച്ചാണ് ഞാനടങ്ങുന്ന സാമൂഹിക സാമ്പത്തിക പിന്നാക്കാവസ്ഥയുള്ള ഓരോ വിദ്യാര്‍ത്ഥിയും വളരുന്നത്. ഇതിനിടയില്‍ പ്രായം കടന്നുപൊയ്‌ക്കൊണ്ടിരിക്കും. ജീവിതത്തിന്റേതായ മറ്റു പല സമ്മര്‍ദ്ദങ്ങളും അനുഭവിക്കാന്‍ നിര്‍ബന്ധിതരാകും. ഇന്നത്തെ കാലത്ത് കോളേജില്‍ ഒരു അസിസ്റ്റന്റ് പ്രൊഫസറായി സ്ഥിരജോലി ലഭിക്കുകയെന്നത് വളരെയേറെ ക്ലേശകരമായ കാര്യമാണ്. മേല്‍പ്പറഞ്ഞ തരത്തില്‍ സാമ്പത്തിക സാമൂഹിക സുരക്ഷിതത്വം ഉള്ളവര്‍ക്ക് എയ്ഡഡ് കോളേജുകളില്‍ കാശ് കൊടുത്ത് അത് സാധിച്ചെടുക്കാം. എന്നാല്‍ ജീവിതപിന്നോക്കാവസ്ഥ ഉള്ള ഒരാളെ സംബന്ധിച്ചിടത്തോളം പി.എസ്. സി നടത്തുന്ന പരീക്ഷകള്‍ മാത്രമാണ് ആശ്രയം. അതിന്റെ നിയമനനടപടികള്‍ പൂര്‍ത്തിയാക്കാന്‍ വളരെയേറെ കാലതാമസവും നേരിടേണ്ടിവരും.

പിന്നോക്ക ജീവിതസാഹചര്യങ്ങള്‍ ഉള്ള കുട്ടികളുടെ മാനസികനില പലപ്പോഴും ആരും ചര്‍ച്ചയ്ക്കടുക്കാറില്ല. ഭൗതികവും സാമ്പത്തികവും സാമൂഹികവുമായ പിന്തുണ ഭരണഘടനാ സംവിധാനങ്ങളും സര്‍ക്കാരുകളും ചെയ്യാറുണ്ട്. മറ്റു വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്നതിനെക്കാള്‍ കൂടുതല്‍ മാനസിക പിരിമുറുക്കം ഇവര്‍ അനുഭവിക്കേണ്ടിവരുന്നു. മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം പഠിച്ചാല്‍ മാത്രം മതിയെന്നിരിക്കെ; പിന്നോക്കാവസ്ഥയുള്ള കുട്ടികള്‍ക്ക് പഠിച്ചാല്‍ മാത്രം പോരാ, കുടുംബപരമായും സാമ്പത്തികവുമായ അടിത്തറ രൂപീകരിക്കുന്നതിനുകൂടി സമയം ചെലവാക്കേണ്ടിവരും. വിവിധ മാനസികസംഘര്‍ഷങ്ങളിലൂടെയാണ് ഓരോ വിദ്യാര്‍ത്ഥിയും പഠിച്ചു മുന്നേറുന്നത് എന്ന് സാന്ദര്‍ഭികമായി പറയുന്നു.

എന്റെ വിജയകഥ ഇത്ര വിസ്തരിച്ച് ഇവിടെ പറഞ്ഞത് ഇത് വായിക്കുന്ന പിന്നോക്കസാഹചര്യങ്ങള്‍ ഉള്ള കുട്ടികള്‍ക്ക് പ്രചോദനമാകുന്നതിനുവേണ്ടിയാണ്. സീറോയില്‍ നിന്നും തുടങ്ങിയ എനിക്ക് സര്‍ക്കാര്‍ കോളേജില്‍ ഗസറ്റഡ് റാങ്കിലുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ ജോലി ലഭിച്ചുവെങ്കില്‍ പഠനത്തിലൂടെ ആര്‍ക്കും നേടിയെടുക്കാം. ഏറ്റവും പ്രാഥമികമായി പഠിക്കുക എന്നതാണ് പ്രധാനം. മലയാളത്തിലെ ഏറ്റവും മനോഹരമായ വാക്ക് കരുണയാണ് പലരും പറഞ്ഞുകേട്ടിട്ടുണ്ട്. അത് സത്യവുമാണ്. ബത് ലെഹേം ബാലഭവന്‍ എന്ന സ്ഥാപനം എനിക്ക് നേരെ കരുണയുടെ കരം നീട്ടിയില്ലായിരുന്നുവെങ്കില്‍ ഈ വിജയം സാദ്ധ്യമാകില്ലായിരുന്നു. ഈ ജീവിതകാലത്തിനിടയില്‍ എന്റെ വീഴ്ചകളില്‍ എന്നെ പരിഗണിച്ച ; ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോള്‍ എന്നെ പിന്തുണച്ച എന്നെ ഏറെ സ്‌നേഹിക്കുന്ന ചുരുക്കം ചില വ്യക്തികളുണ്ട്. എല്ലാവര്‍ക്കും ഹൃദയത്തില്‍ നിന്നും ഏറ്റവും അകമഴിഞ്ഞ നന്ദിയും സ്‌നേഹവും. ഈ വിജയം നിങ്ങള്‍ക്കും കൂടി ഉള്ളതാണ്. ജോലി ലഭിച്ചതിനെ തുടര്‍ന്ന് ധാരാളം പേര്‍ നേരിട്ടും ഫോണ്‍ വഴിയും സോഷ്യല്‍ മീഡിയ വഴിയും അഭിനനന്ദങ്ങള്‍ അറിയിച്ചു. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

The life story of a young man from an orphanage to become an assistant professor

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ അന്തര്‍വാഹിനി ആക്രമണം, ഇറാന്‍ യുദ്ധക്കപ്പല്‍ തകര്‍ന്നു; 101 നാവികസേനാ അംഗങ്ങളെ കാണാതായി

ആറാം ക്ലാസ് പാസായവർ മുതൽ ബിരുദധാരികള്‍ വരെ, പി എസ് സി അപേക്ഷ ക്ഷണിച്ചു; ഏപ്രിൽ ഒന്ന് വരെ അപേക്ഷിക്കാം

അപ്പം മാവ് നന്നായി പുളിച്ച് കിട്ടാനുള്ള ട്രിക്കുകൾ

250 കോടി വാ​ഗ്ദാനം ചെയ്തു; വിജയ് - സം​ഗീത വിവാഹമോചനക്കേസ് ഒത്തുതീർപ്പിലേക്ക് ?

'ഒറ്റയ്ക്ക് ജീവിച്ച് മടുത്തു, എന്നെ മനസിലാക്കുന്ന ഒരാളെ വേണം'; കുറിപ്പുമായി രേണു സുധി

SCROLL FOR NEXT