വര്‍ഷം 1960 ! ആഫ്രിക്കയില്‍ ടാങ്കനിക്ക (ഇന്നത്തെ ടാന്‍സാനിയ) എന്ന തടാക പ്രദേശത്തുള്ള ഗോംബി അരുവിയോടുചേര്‍ന്ന ഒരു നിബിഢ വനത്തിലെ പതിവിലും കൂടുതല്‍ ഇരുട്ടുപടര്‍ന്ന ഒരു രാത്രി! പോരാത്തതിന് കോരിച്ചൊരിയുന്ന മഴയും. അതേ സമയം ആ വനപാതയിലൂടെചിമ്പാന്‍സികളെക്കുറിച്ച് പഠിക്കാന്‍ വന്ന ജെയിന്‍ എന്ന ബ്രിട്ടീഷ് യുവതി ഒന്നിനെയും കൂസാതെ തുമ്പിക്കൈവണ്ണത്തില്‍ പെയ്യുന്ന ആ മഴയില്‍ മലയോരത്തുള്ള തന്റെ ക്യാമ്പിലേക്ക് തിരിച്ചുപോവുകയാണ്. പകല്‍ മുഴുവനലഞ്ഞിട്ടും ഒരു ചിമ്പാന്‍സിയെപ്പോലും കണ്ടില്ലല്ലോ എന്നൊരു വിഷമം അവരെ അലട്ടുന്നുണ്ട്. പെട്ടെന്ന് ഇരുട്ടില്‍ നിന്നും ഒരു വലിയ കറുത്തരൂപം അവരുടെ മുന്നിലേക്കെടുത്ത് ചാടി. ഒന്ന് പകച്ച് പോയെങ്കിലും ജെയിന്‍ സമനില വീണ്ടെടുത്തു. അപ്പോഴതാ തലക്കുമുകളിലൊരനക്കം! നോക്കിയപ്പോള്‍ മറ്റൊരു ചിമ്പാന്‍സി , അതും വളരെ വലിയ ഒന്ന്! ജെയിനിനെ കണ്ടതും വ്രാ..... എന്ന് ഒറ്റ അലര്‍ച്ച. ആ ഇരുളില്‍ ആരുടെയും രക്തം കട്ടപിടിപ്പിക്കാന്‍ കഴിയുന്ന അത്രയും ഭയാനകമായ അലര്‍ച്ച അപകടകാരികളായ മൃഗങ്ങളെ പേടിപ്പിച്ചോടിക്കാന്‍ ചിമ്പാന്‍സികള്‍ ഉപയോഗിക്കുന്ന ഒരുതരം ശബ്ദമായിരുന്നു അത്. വലതു വശത്ത് മരച്ചില്ലകള്‍ ആട്ടിയുലച്ചു കൊണ്ട് മറ്റൊരെണ്ണം കൂടെ ജയിനിനെ നോക്കി അലറി. അതേസമയം തന്നെ പിന്നില്‍ നിന്ന് മറ്റൊരലര്‍ച്ച! വ്രാ..ആ ...ആ .... എല്ലാവശത്തും ചിമ്പാന്‍സികള്‍. ജെയിന്‍ എന്ന ആ ഇരുകാലി ജീവിയെ ചിമ്പാന്‍സിക്കൂട്ടം പൂര്‍ണ്ണമായും വളഞ്ഞുകഴിഞ്ഞു. ആക്രമിക്കാനൊരുങ്ങിയാല്‍ പിന്നെ പിടിച്ചാല്‍ കിട്ടാത്ത കൂട്ടരാണ് ചിമ്പാന്‍സികള്‍. മറ്റൊന്നും ചെയ്യാനില്ലാ എന്നുമനസ്സിലാക്കിയ ജെയിന്‍ അനങ്ങാതെ പാറക്കല്ലുപോലെ നിന്നു.
അല്പനേരത്തെ നിശ്ശബ്ദത അവിടമെങ്ങും പരന്നു, ചിമ്പാന്‍സികളുടെയും ജയിനിന്റെയും നിശ്വാസത്തിന്റെ ശബ്ദം മാത്രം കേള്‍ക്കാം. അല്പം കഴിഞ്ഞ് വന്യമായ ഭീഷണിസ്വരങ്ങളുയര്‍ത്തി താക്കീതു നല്‍കിയശേഷം ചിമ്പാന്‍സികള്‍ ഇരുള്‍ക്കാട്ടിലേക്ക് മറഞ്ഞു. ജെയിന്‍ ജീവനും കൊണ്ട് തന്റെ ക്യാംപിലേക്കും. അവിടെ ഗോംബിയില്‍ ജെയിനിനു കൂട്ടായി എത്തിയ അമ്മയും ഡൊമിനിക് എന്ന കുശിനിക്കാരനും കാത്തിരിപ്പുണ്ടായിരുന്നു. എന്തൊരു രാത്രി! ആവേശകരവും ഉദ്വേഗജനകവും ചിലപ്പോള്‍ അവിശ്വസനീയവും അപകടകരവും എന്നാല്‍ ക്ഷമയോടെ കാത്തിരുന്നുകിട്ടുന്ന പുതിയ അറിവുകള്‍ കൊണ്ട് സമ്പന്നവുമായ ഒരു പുതിയ ഗവേഷണ ജീവിതത്തിന്റെ തുടക്കമായിരുന്നു അത്.
ലോകപ്രശസ്ത പ്രൈമറ്റോളജിസ്റ്റും (വാനരന്മാരെയും നരന്മാരെയും കുറിച്ചുപഠിക്കുന്ന ശാസ്ത്രജ്ഞ) കാലാവസ്ഥാ-ജൈവ വൈവിധ്യ- പ്രകൃതി സംരക്ഷണ ആക്ടിവിസ്റ്റുമായ ഡോക്ടര്‍ ജെയിന്‍ ഗുഡാള്‍ ആയിരുന്നു ആ യുവതി. ചിമ്പാന്‍സികളുടെ ജീവിതരീതികളെപ്പറ്റിയും സ്വഭാവസവിശേഷതകളെക്കുറിച്ചും ആദ്യമായി വ്യവസ്ഥിതമായി പഠിച്ചത് അവരാണ്. 1961 മുതല്‍ 1986 വരെ അവര്‍ നടത്തിയ ഗവേഷണങ്ങളിലെ കണ്ടെത്തലുകള്‍ മനുഷ്യകുലത്തിന്റെതന്നെ പരിണാമത്തെക്കുറിച്ചും സ്വഭാവ സവിശേഷതകളുടെ ഉറവിടത്തെ കുറിച്ചുമുള്ള ധാരണകള്‍ തിരുത്തിക്കുറിച്ചിട്ടുണ്ട്. ഡോ. ജെയിന്‍ ഗുഡാള്‍ ഇന്ന് തൊണ്ണൂറ്റി ഒന്നാം വയസ്സിലും വളരെ ഊര്‍ജസ്വലയായി അഞ്ചു ഭൂഖണ്ഡങ്ങളിലെ 25 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്നു. ജെയിന്‍ ഗുഡാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളും, യുവജനതയ്ക്കു വേണ്ടിയുള്ള റൂട്‌സ് ആന്‍ഡ് ഷൂട്‌സ് എന്ന പദ്ധതിയും കേന്ദ്രീകരിച്ച് ലോകം മുഴുവന്‍ യാത്ര ചെയ്ത് ബോധവല്‍ക്കരണവും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഫണ്ട് റൈസിംഗും നടത്തുന്നു. നാം കടന്നു പോകുന്ന കലുഷകാലത്തില്‍ പ്രതീക്ഷയുടെ വിത്തുകളും തൈകളും പാകിക്കൊണ്ടേയിരിക്കുന്നു. യു എന്‍ പീസ് അംബാസിഡര്‍ (2002 ) ടെംപിള്‍ടണ്‍ പ്രൈസ് (2021) , ശാസ്ത്ര സംവേദനത്തിനുള്ള സ്റ്റീഫന്‍ ഹോക്കിങ് പ്രൈസ് (2022 ), അമേരിക്കയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പ്രെസിഡെന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം (2025 ) തുടങ്ങി നിരവധി അംഗീകാരങ്ങള്‍ അവരെ തേടിവന്നിട്ടുണ്ട്. ഒരു കഥപോലെയും സിനിമപോലെയും തോന്നിപ്പോവുന്ന അവരുടെ ജീവിതം ഇത്തോളജി (ജന്തുക്കളുടെ സ്വഭാവരൂപീകരണത്തെ കുറിച്ചുള്ള പഠനം) യിലെ വിപ്ലവകരമായ കണ്ടുപിടുത്തങ്ങള്‍ക്കൊപ്പം അസാധാരണമായ ക്ഷമയുടെയും, നിശ്ചയ ദാര്‍ഢ്യത്തിന്റെയും , സഹജീവി സ്‌നേഹത്തിന്റെയും ജീവനുള്ള ഏടുകളാണ്.
മൃഗങ്ങളോട് സംസാരിക്കുന്ന കുട്ടി
1934 ഏപ്രില്‍ 3 ന് ലണ്ടനിലാണ് ജെയിന്‍ ജനിച്ചത്. മാതാപിതാക്കളും അനുജത്തിയും അടങ്ങുന്ന അവരുടെ കുടുംബം ജെയിനിന് അഞ്ചു വയസ്സുള്ളപ്പോള്‍ ഫ്രാന്‍സിലേക്ക് താമസം മാറ്റി. എന്നാല്‍ അധികം വൈകാതെ രണ്ടാം ലോകമഹായുദ്ധം തുടങ്ങി. അവര്‍ സുരക്ഷിതത്വത്തിനുവേണ്ടി തിരിച്ച് ഇംഗ്ലണ്ടിലേക്കു തന്നെ പോന്നു. ജെയിനിന്റെ കുടുംബം മാറി മാറി താമസിച്ചിരുന്ന അച്ഛന്റെയും അമ്മയുടെയും പൈതൃക ഭവനങ്ങളില്‍ നായ, പൂച്ച, വാത്തുകള്‍, കോഴികള്‍, പശുക്കള്‍ തുടങ്ങിയ വളര്‍ത്തു മൃഗങ്ങളുണ്ടായിരുന്നു. അച്ഛന്റെ സഹോദരന്റെ കുതിരലായവും അടുത്തുതന്നെ. വളരെ കുഞ്ഞുപ്രായത്തില്‍ തന്നെ കൊച്ചു ജെയിന്‍ മൃഗങ്ങളെയും അവയുടെ ഭക്ഷണ,ആശയവിനിമയ രീതികളെയും കുറിച്ച് കൗതുകം പുലര്‍ത്തിയിരുന്നു. അവരുടെ വളര്‍ത്തുകോഴികള്‍, കോഴിക്കൂടുകളിലും ചിലപ്പോള്‍ മരങ്ങള്‍ക്കടിയിലും പൂന്തോട്ടത്തിലും മറ്റും മുട്ടയിട്ടിരുന്നു. മുട്ട പെറുക്കിക്കൊണ്ടു വരേണ്ട ജോലി കുട്ടികള്‍ക്കാണ്. മുട്ട എങ്ങിനെയാണ് കോഴിയില്‍ നിന്ന്പുറത്തു വരുന്നത് എന്ന് കുഞ്ഞു ജെയിന്‍ എല്ലാരോടും ചോദിച്ചു. ആരും പറഞ്ഞു കൊടുത്തില്ല.
അങ്ങിനെയിരിക്കെ ഒരു ദിവസം കുറച്ചു മണിക്കൂറുകളായി കുട്ടിയെ കാണുന്നില്ല. 'അമ്മ പോലീസിനെ വിളിക്കാന്‍ ഒരുങ്ങിയതാണ്. അപ്പോഴതാ ഓടിക്കിതച്ചുവരുന്നു കുട്ടി ! , ''കണ്ടു പിടിച്ചു ! കണ്ടു പിടിച്ചു ! കോഴി മുട്ടയിടുന്നത് കണ്ടുപിടിച്ചു ' ആവേശത്തോടെ കുട്ടി അമ്മയോട് പറഞ്ഞു. കക്ഷി കോഴിക്കൂടിനുള്ളില്‍ കാത്തിരുന്നു നിരീക്ഷിക്കുകയായിരുന്നു. അവളുടെ സന്തോഷം മനസ്സിലാക്കിയ അമ്മ ദേഷ്യപ്പെട്ടില്ല. വീട്ടിലെ നായയെയും ലായത്തിലെ പോണികളെയും നാട്ടുവഴികളില്‍ കാണുന്ന മുയലുകളെയും ഒക്കെ ജെയിനും കൂട്ടരും സാകൂതം നിരീക്ഷിച്ചു. ചിലപ്പോള്‍ അവള്‍ പൂന്തോട്ടത്തില്‍ നിന്ന് മണ്ണിരകളെ പിടിച്ചു കൊണ്ട് വന്ന് അവളുടെ മെത്തയില്‍ വച്ചു. എന്നിട്ട് അമ്മയ്ക്ക് കാണിച്ചു കൊടുത്തു. അപ്പോഴും 'അമ്മ ദേഷ്യപ്പെട്ടില്ല , മണ്ണിരകള്‍ക്ക് അവരുടെ വീട്ടില്‍ ജീവിക്കണം ,അല്ലെങ്കില്‍ ചത്തുപോകും എന്ന് 'അമ്മ പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു , എന്നിട്ട് അവയെ പൂന്തോട്ടത്തില്‍ വിട്ടയക്കാന്‍ കുട്ടിയോടൊപ്പം കൂടി. ജെയിനും അനുജത്തിയും ചിറ്റമ്മമാരുടെ മക്കളും ചേര്‍ന്ന് ഒരു നേച്ചര്‍ ക്ലബ് പോലും ഉണ്ടാക്കി. വീട്ടുവളപ്പിലെ ഒരു പീച്ച് മരത്തിന്റെ ഉയര്‍ന്ന കൊമ്പില്‍ ഇരുന്ന് പക്ഷികളെ നിരീക്ഷിക്കുകയോ പുസ്തകം വായിക്കുകയോ ചെയ്യാന്‍ ജെയിന്‍ ഇഷ്ടപ്പെട്ടിരുന്നു.
മൃഗങ്ങളുടെ ഭാഷ അറിയുന്ന ഡോക്റ്ററുടെയും അദ്ദേഹത്തിന്റെ പ്രിയ മൃഗങ്ങളുടെയും കഥ പറയുന്ന 'ഡോക്റ്റര്‍ ഡൂലിറ്റില്‍ 'എന്ന പുസ്തകവും മനുഷ്യക്കുരങ്ങുകള്‍ വളര്‍ത്തിയ ടാര്‍സനെ പറ്റിയുള്ള 'ടാര്‍സണ്‍ ഓഫ് ദി ഏപ്‌സ്' എന്ന പുസ്തകവും ജെയിന്‍ പലവുരു വായിച്ചു. ആഫ്രിക്കയില്‍ പോവണം, അവിടുത്തെ മൃഗങ്ങളെക്കുറിച്ച് അവിടെ താമസിച്ച് പഠിക്കണം, ധാരാളം പുസ്തകങ്ങള്‍ എഴുതണം എന്നിങ്ങനെ ആ പെണ്‍കുട്ടി ഒരുപാട് മോഹിച്ചു.. 'ഹ!ഹ! പെണ്‍കുട്ടിയായ നീ എങ്ങിനെ ഇതൊക്കെ ചെയ്യാനാണ്' എന്ന് ബന്ധുക്കള്‍ പരിഹസിച്ചെങ്കിലും 'അമ്മ പറഞ്ഞു, ' നിനക്ക് ആഗ്രഹമുള്ള കാര്യങ്ങള്‍ക്കു വേണ്ടി കഠിനപ്രയത്‌നം ചെയ്യുക. നീ വിജയിക്കും'. അമ്മയുടെ സാന്നിധ്യം ജെയിനിന്റെ യാത്രയില്‍ വളരെ പ്രധാനമായിരുന്നു.
ആഫ്രിക്ക എന്ന സ്വപ്നം
നല്ലമാര്‍ക്കോടെ ജെയിന്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.യുദ്ധകാലവും സാമ്പത്തിക അവസ്ഥയും കാരണം കോളേജില്‍ ചേര്‍ന്ന് പഠിക്കാന്‍ അവള്‍ക്കു കഴിഞ്ഞില്ല, പകരം ജോലികിട്ടാന്‍ വേണ്ടി 'സെക്രട്ടറി' ആവാനുള്ള ഡിപ്ലോമ എടുത്തു. ചെറിയ ജോലികളും, റസ്റ്റി എന്ന ബുദ്ധിമാനായ നായയെയും മറ്റു ചില വളര്‍ത്തു മൃഗങ്ങളെയും പരിപാലിക്കലും ഒക്കെയായി മുന്നോട്ടു പോവുമ്പോഴും ആഫ്രിക്കന്‍ സ്വപ്നം ജെയിന്‍ ഉള്ളില്‍ കാത്ത് സൂക്ഷിച്ചിരുന്നു. അങ്ങിനെയിരിക്കെ ഒരു ദിവസം അവളുടെ സ്‌കൂള്‍ സുഹൃത്ത് മറീ ക്ലോഡ് മെയിന്‍ജ് എന്ന ക്‌ളോ ജെയിനിനെ കെനിയയിലേക്കു ക്ഷണിച്ചു! ക്ലോയുടെ മാതാപിതാക്കള്‍ കെനിയയില്‍ ഒരു ഫാം വാങ്ങിയത്രേ. കെനിയ ! ആഫ്രിക്ക ഉറപ്പായും പോവണം എന്ന് നിശ്ചയിച്ച ജെയിന്‍ കുറഞ്ഞ സമയത്തിനുള്ളില്‍ വെയിട്രസ് ആയും സെക്രട്ടറി ആയും ഒക്കെ ജോലി ചെയ്ത് ജലമാര്‍ഗം കെനിയയില്‍ പോയി വരാനുള്ള പണം സമ്പാദിച്ചു! കെനിയ കാസില്‍ എന്ന കപ്പലില്‍ ഗുഡ് ഹോപ് മുനമ്പ് ചുറ്റി ജെയിന്‍ ആദ്യമായി ആഫ്രിക്കയിലേക്ക് പോയി! ഇരുപത്തി ഒന്നാം ദിവസം കെനിയയുടെ തുറമുഖമായ മോംബാസയിലെത്തി. അവിടെ നിന്ന് രണ്ടു നാള്‍ ട്രെയിന്‍ യാത്ര, കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിലേക്ക്.
യാത്രയില്‍ കണ്ട ഓരോ ഭൂദൃശ്യവും ജെയിനിനെ ആഹ്ലാദിപ്പിച്ചു. തന്റെ സ്വപ്നഭൂമിയിലേക്കുള്ള യാത്ര! സുഹൃത്തതായ ക്ലോയോടൊപ്പം കുറച്ചു നാള്‍ കെനിയ ചുറ്റിക്കറങ്ങിയതിനുശേഷം, സ്വന്തം ചിലവുകള്‍ കൈകാര്യം ചെയ്യാന്‍ വേണ്ടി ചെറിയ ജോലി എന്തെങ്കിലും കിട്ടാന്‍ ശ്രമിച്ചു ജെയിന്‍. അങ്ങിനെയിരിക്കെ മൃഗങ്ങളോടുള്ള ജെയിനിന്റെ താല്പര്യം മനസ്സിലാക്കിയ ഒരാള്‍ ഡോക്റ്റര്‍ ലൂയിസ് ലീക്കി എന്ന നരവംശശാസ്ത്രജ്ഞനെ കാണാന്‍ നിര്‍ദ്ദേശിച്ചു. ഒരു പാലിയെന്റോളോജിസ്‌റ് കൂടിയായിരുന്ന അദ്ദേഹം ഉടന്‍ തന്നെ ജെയിനിന് ഒരു ജോലി നല്‍കി! ടു ബി അറ്റ് ദി റൈറ്റ് പ്ലേസ് അറ്റ് ദി റൈറ്റ് ടൈം ! ആഫ്രിക്കന്‍ മൃഗങ്ങളെക്കുറിച്ച് ജെയിനിനുള്ള അറിവും താല്പര്യവും അദ്ദേഹം ശ്രദ്ധിച്ചു. അദ്ദേഹം ജെയിനിനെ നെയ്റോബി നാഷണല്‍ പാര്‍ക്ക് സന്ദര്‍ശിക്കാന്‍ കൊണ്ടുപോയി. അദ്ദേഹത്തിന് ആഫ്രിക്കന്‍ മൃഗങ്ങളെ സംബന്ധിച്ച് ഒരുപാട് വസ്തുതകളും സംഭവകഥകളും അറിയാമായിരുന്നു . അവിടുത്തെ ഗോത്രവര്‍ഗ്ഗത്തിന്റെ ഭാഷയും രീതികളും അറിഞ്ഞ് അവരില്‍ ഒരാളായിട്ടാണ് പ്രൊഫ ലീക്കി വളര്‍ന്നത്. ജെയിനിന്റെ ഉജ്ജ്വലമായ യാത്ര ഇവിടെയാണ് യഥാര്‍ത്ഥത്തില്‍ തുടങ്ങുന്നത്. മാസങ്ങളോളം നരവംശശാസ്ത്ര ഗവേഷണത്തില്‍ പ്രൊഫ ലീക്കിയുടെ സഹായിയായിതുടരുമ്പോഴും ആഫ്രിക്കന്‍ മൃഗങ്ങളെ കുറിച്ച് പഠിക്കണം എന്ന മോഹം ജെയിന്‍ സൂക്ഷിച്ചിരുന്നു. അത് അദ്ദേഹത്തിനറിയുകയും ചെയ്യാമായിരുന്നു. ജെയിനിന്റെ നിരീക്ഷണ , ലേഖന , അനുമാന രീതികള്‍ അദ്ദേഹത്തിന് വളരെ ശരിയായി തോന്നിയിരുന്നു. മാത്രമല്ല നിശ്ചയ ദാര്‍ഢ്യമുള്ള ഒരാള്‍ക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന , ഒരു ചിമ്പാന്‍സി ഗവേഷണ പദ്ധതി അദ്ദേഹം മനസ്സില്‍ കൊണ്ടുനടക്കുന്നുമുണ്ടായിരുന്നു . 'സിദ്ധാന്തങ്ങള്‍ കൊണ്ട് മുന്‍വിധിപ്പെടാത്ത ദൃഷ്ടിയോടെ വേണം നിരീക്ഷണ ഗവേഷണങ്ങള്‍ ചെയ്യുവാന്‍, പ്രത്യേകിച്ച് ചിമ്പാന്‍സികളുടെ സ്വഭാവ രീതികളെ കുറിച്ചുതന്നെ ലോകത്ത് ആദ്യമായുള്ള ഈ പഠനത്തില്‍ ! ഉത്സാഹവും മനസ്സുറപ്പും ഉള്ള, ചിമ്പാന്‍സികളുടെ ഇടയില്‍ താമസിച്ച്, സൂക്ഷ്മനിരീക്ഷണങ്ങള്‍ ശ്രദ്ധാപൂര്‍വം രേഖപ്പെടുത്താന്‍ കഴിയുന്ന , ഒരുപാട് ക്ഷമയുള്ള ഒരാളെയാണ് പ്രൊഫസര്‍ ലീക്കി ഈ ഗവേഷണത്തിന് വേണ്ടി അന്വേഷിച്ചിരുന്നത്.ജെയിന്‍ ഗുഡാള്‍ തന്നെയാണ് അതിന് ഏറ്റവും പറ്റിയ ആള്‍ എന്നതില്‍ പ്രൊഫ ലീക്കിക്ക് സംശയമുണ്ടായില്ല. ജെയിനിന് കോളേജ് ഡിഗ്രി ഇല്ലാത്തത് അദ്ദേഹത്തിനൊരു തടസ്സമായി തോന്നിയുമില്ല. ടാങ്കനിക്ക തടാകക്കരയില്‍ അധിവസിച്ചിരുന്ന ചിമ്പാന്‍സി കൂട്ടത്തെയാണ് പ്രൊഫ ലീക്കി പഠിക്കാന്‍ ആഗ്രഹിച്ചത്. നരവംശശാസ്ത്രജ്ഞനായ അദ്ദേഹം ചിമ്പാന്‍സികളും നമ്മുടെ ശിലായുഗ പൂര്‍വികരും തമ്മിലുള്ള സ്വഭാവ സാമ്യങ്ങളെയും മറ്റും കുറിച്ച് അറിയാന്‍ താല്പര്യപ്പെട്ടു.
പ്രൊഫ ലീക്കി ഗവേഷണത്തിന് വേണ്ട ഫണ്ടുകള്‍ ക്രമീകരിക്കുന്ന സമയം കൊണ്ട് ജെയിന്‍ തിരിച്ച് ഇംഗ്ലണ്ടില്‍ പോയി ചിമ്പാന്‍സികളെക്കുറിച്ച് കൂടുതല്‍ പഠിച്ചുവരാന്‍ തീരുമാനിച്ചു. അടുത്തവര്‍ഷം ഗവേഷണത്തിനുള്ള പണവും , അന്ന് ബ്രിട്ടീഷ് കോളനി ആയിരുന്ന ടാങ്കനിക്കയിലെ ഗോംബി റിസേര്‍വില്‍ ഗവേഷണം നടത്താനുള്ള അനുമതിയും മറ്റും ശരിയായി,ജെയിന്‍ ഗോംബിയിലേക്ക് വരുന്നു. ചെറുപ്പക്കാരിയായ ഗവേഷക ഒറ്റയ്ക്ക് ,വന്യമൃഗങ്ങളുള്ള കാട്ടുപ്രദേശത്ത് ഒറ്റയ്ക്ക് താമസിച്ച് ജോലി ചെയ്യാന്‍ അനുവാദമില്ലാത്തതുകൊണ്ട് കൂട്ടിന് ആളെ കൊണ്ടുവരേണ്ടതുണ്ടായിരുന്നു. ജെയിനിന്റെ ഗവേഷണത്വര നല്ലോണമറിയുന്ന ,അവരുടെ 'അമ്മ തന്നെയാണ് ആദ്യഘട്ടത്തില്‍ കൂട്ടുണ്ടായിരുന്നത്. പിന്നെ തദ്ദേശീയനായ ഡൊമിനിക് എന്ന ഒരു സഹായിയും.
ഗോംബി ഡേയ്‌സ്
അത്യാവശ്യ സാമഗ്രികള്‍ മാത്രമുള്ള ടെന്റുകളിലാണ് അവര്‍ താമസിച്ചത് . ചിമ്പാന്‍സികളെ കണ്ടെത്താനും നിരീക്ഷിക്കാനും എന്നും പുലര്‍ച്ചെ തന്നെ ജെയിനും ലോക്കല്‍ ഗൈഡും പുറപ്പെടും. വൈകുന്നേരം ക്യാമ്പിലേക്കു തിരിച്ചു വരും. അമ്മയും ജെയിനും ആ ദിനത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ കൈമാറും. ആദ്യ ദിനങ്ങളില്‍ ദൂരെ മരങ്ങളില്‍ ചിമ്പുകള്‍ കായ്കളും പഴങ്ങളും കഴിക്കുന്നത് കണ്ടു. മനുഷ്യരെ കണ്ടതോടെ അവ ഇറങ്ങി ഓടിപ്പോയി. പിന്നീടുള്ള കുറേ നാളുകളില്‍ ചിമ്പാന്‍സികളെ കണ്ടതേയില്ല. നടക്കാനോ ഓടിക്കയറാനോ ഒക്കെ ദുര്‍ഘടം പിടിച്ച ആ ഭൂപ്രദേശത്ത് ചിമ്പുകളെക്കുറിച്ചുള്ള ഗവേഷണത്തില്‍ പ്രത്യേകിച്ചൊരു മുന്നേറ്റവുമില്ലാതെ ഒന്ന് രണ്ടുമാസങ്ങള്‍ കടന്നുപോയി. അതിനിടെ ജെയിനിന് മലമ്പനി പോലൊരു അസുഖവും വന്നു. ആയിരത്തി തൊള്ളായിരത്തി അറുപതുകളിലെ ആഫ്രിക്കന്‍ കാടുകളില്‍ ഗവേഷണത്തിന് ഇറങ്ങി പുറപ്പെട്ട ആ യുവതിയോട് ഇത്തരം ഗവേഷണത്തിന് ക്ഷമയും സഹനശക്തിയും വളരെ ആവശ്യമാണെന്ന് എന്ന് പ്രൊഫ ലീക്കി പലവട്ടം പറഞ്ഞതാണ് . കാട്ടുപോത്ത്, പുള്ളിപ്പുലികള്‍, തുടങ്ങിയ വന്യമൃഗങ്ങള്‍ക്കു മുന്നില്‍ പെട്ടുപോയ അവസരങ്ങളുണ്ട്. തേളുകള്‍ ,വിഷമുള്ള വലിയ പഴുതാരകള്‍ , പാമ്പുകള്‍ ഒക്കെ ടെന്റുകളിലേയ്ക്ക് 'സന്ദര്‍ശക'രായെത്തിയിരുന്നു.
ജെയിന്‍ പതിയെ പതിയെ മലമുകളില്‍ നിന്ന് ബൈനോക്കുലര്‍ ഉപയോഗിച്ചും ചിലപ്പോള്‍ കുറച്ചു കൂടി അടുത്ത് നിന്നും മറ്റും ചിമ്പാന്‍സികളുടെ ജീവിതരീതികള്‍ മനസ്സിലാക്കാന്‍ തുടങ്ങി. അവര്‍ നിരീക്ഷിച്ചിരുന്ന ചിമ്പുകളുടെ ചെറു കൂട്ടങ്ങള്‍ അമ്പതു പേരോളമുള്ള ഒരു വലിയ സമൂഹത്തിന്റെ (കമ്മ്യൂണിറ്റി) ഭാഗമായിരുന്നു. നാലഞ്ചുപേരുള്ള സംഘങ്ങളായാണ് അവ നീങ്ങുക. മരച്ചില്ലകളും ഇലകളും കൊണ്ട് 'കിടക്കകള്‍' അഥവാ കൂടുകള്‍ ഉണ്ടാക്കിയിട്ട് അതിലാണ് ചിമ്പുകള്‍ രാവുറങ്ങുന്നത്. മനുഷ്യരെ പോലെ തന്നെ രാത്രി മുതല്‍ രാവിലെ വരെ അവര്‍ ഉറങ്ങും. അമ്മയും കുഞ്ഞും ഒരു കൂട്ടില്‍ ഒരുമിച്ചാണ്, അഞ്ചുവയസ്സോളം കഴിഞ്ഞാല്‍ കുട്ടികള്‍ അവരുടെ സ്വന്തം കൂട് നിര്‍മ്മിക്കുന്നു.
നിലാവുള്ള ചില രാത്രികളില്‍ അത്യാവശ്യം തയ്യാറെടുപ്പോടെ ജെയിന്‍ വനത്തില്‍ തന്നെ കഴിഞ്ഞു. ചിലപ്പോള്‍ പുലിയുടെ മുരളല്‍ കേട്ട് കരിമ്പടം തലവഴിക്കിട്ടു പ്രാര്‍ത്ഥിച്ച് ഇരുട്ടില്‍ ഇരുന്നു വെളുപ്പിനുണര്‍ന്ന് ചിമ്പുകളുടെ കൃത്യങ്ങള്‍ നിരീക്ഷിക്കാന്‍ തുടങ്ങും.
പതിയെ പതിയെ ചിമ്പാന്‍സിക്കൂട്ടങ്ങള്‍ ഈ വെളുത്ത ജീവി തങ്ങള്‍ക്ക് ഉപദ്രവമുണ്ടാക്കില്ല എന്ന് മനസിലാക്കി കുറച്ചു കൂടി അടുത്ത് നിന്ന് അവയെ നിരീക്ഷിക്കാന്‍ അനുവദിച്ചു, അഥവാ അവരുടെ കൃത്യങ്ങള്‍ നിര്‍ബാധം തുടര്‍ന്നു.
ഒരു സംഘത്തിലെ കൂട്ടത്തില്‍ മുതിര്‍ന്ന വെള്ളത്താടിക്കാരന്‍ ചിമ്പാന്‍സിക്ക്, ഡേവിഡ് ഗ്രേ ബിയേര്‍ഡ് (വെള്ളത്താടിക്കാരന്‍ ഡേവിഡ് ) എന്ന് ജെയിന്‍ പേരിട്ടു. ചിമ്പാന്‍സിക്കൂട്ടത്തില്‍ ഡേവിഡാണ് ജെയിനിനോട് പരിചയം കാണിച്ചു തുടങ്ങിയത്. അതും ഗോമ്പിയില്‍ വന്ന് ഒരു വര്‍ഷത്തിന് ശേഷം! ശരിക്കും ഇത്തരം പഠനങ്ങളില്‍ പഠനവിഷയമായ മൃഗങ്ങള്‍ക്ക് പേരിടരുതെന്നാണ് , നമ്പറുകള്‍ വേണം തിരിച്ചറിയാന്‍ ഉപയോഗിക്കേണ്ടത്. ജെയിന്‍ പക്ഷെ സ്വകീയമായ രീതി തുടര്‍ന്നു. ചിമ്പാന്‍സിക്കൂട്ടത്തിലെ പ്രമാണിയായ വെള്ളത്താടിക്കാരന്‍ ഡേവിഡ്, ജെയിനിന്റെ ചങ്ങാത്തം അംഗീകരിച്ചതോടെ ബാക്കി കൂട്ടക്കാരും 'ജെയിന്‍ നമ്മുടെ ആളാണ് ' എന്ന മട്ടിലായി.
ജെയിന്‍ തമ്പടിച്ചിരുന്ന കാക്കോമ്പേ താഴ്വരയ്ക്കടുത്തുള്ള കസ്‌കേല, ലിന്‍ഡ, റുടാങ്ക, മ്‌കെങ്കേ, ന്യാസങ്ക എന്നീ (മനോഹരമായ പേരുകളുള്ള) താഴ്വരകളിലാണ് ചിമ്പാന്‍സി സംഘങ്ങള്‍ വ്യാപരിചിരുന്നത്. കിഗോമ യായിരുന്നു ടാങ്കനിക്ക തടാകത്തിന് ഏറ്റവുമടുത്ത പട്ടണം.
'ഡേവിഡും ഗോലിയാത്തും'
ഒരു നാള്‍ പകലത്തെ അലച്ചില്‍ കഴിഞ്ഞ് ടെന്റിലെത്തിയ ജെയിനിനെ സഹായിയായ ഡൊമിനിക് ആവേശകരമായ ഒരു വാര്‍ത്തയറിയിച്ചു! അവരുടെ ക്യാംപിന്റെ അടുത്തുള്ള എണ്ണപ്പനയുടെ പഴങ്ങള്‍ തിന്നാന്‍ ഒരു ചിമ്പാന്‍സി വന്നിരുന്നു. ആവോളം പഴങ്ങള്‍ കഴിച്ചിട്ട് ടെന്റിലും പരിശോധന നടത്തി, ജെയിനിന്റെ അത്താഴത്തിനുവേണ്ടി ഡൊമിനിക് കരുതിയിരുന്ന വാഴപ്പഴവും ശാപ്പിട്ടിട്ടാണ് ആശാന്‍ പോയത്. പറഞ്ഞ ലക്ഷണങ്ങള്‍ കേട്ട് ജെയിനിന് ആളെ മനസ്സിലായി! വെള്ളത്തടിക്കാരന്‍ ഡേവിഡ്! ഇനിയിപ്പോള്‍ കാട്ടില്‍ പോകേണ്ട, പഠനവിഷയം ടെന്റിലേക്കു വരും, രാവിലെ ഏഴുമണിക്ക്. ജെയിന്‍ പിറ്റേന്ന് കാത്തിരുന്നു. ഡേവിഡ് വന്നു. പനങ്കായ കഴിച്ചിട്ട് വാഴപ്പഴം തേടി ഒരു സംശവുമില്ലാതെ ടെന്റിലേക്കു വന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഭീമകായനായ ഗോലിയാത്ത് , വില്യം ,ഫ്‌ലോ എന്ന പെണ്‍ ചിമ്പാന്‍സി എന്നിങ്ങനെ കൂട്ടുകാരെയും കൂടെ കൊണ്ടുവന്നു. ഒരു ദിവസം ഡേവിഡ് , ജെയിനിന്റെ കയ്യില്‍ നിന്ന് വാഴപ്പഴം വാങ്ങി. ജെയിനിന്റെ നിരീക്ഷണ പഠനങ്ങളിലെ വഴിത്തിരിവായിരുന്നു അത്.
ജെയിനും അമ്മയും സഹായിയും അടങ്ങിയ ഗവേഷണ സംഘത്തിലേക്ക് നിരീക്ഷണങ്ങള്‍ രേഖപ്പെടുത്തുവാന്‍ കൂടുതല്‍ ആളുകള്‍ വേണ്ടി വന്നു. കാരണം കൂടുതല്‍ ചിമ്പാന്‍സികളെയും ചിമ്പ് കുടുംബങ്ങളെയും കുറിച്ചുള്ള അറിവുകളും നിരീക്ഷണങ്ങളും കൂടിക്കൂടി വന്നു. ഇത്തരം ഗവേഷണത്തിന്റെ പ്രത്യേകത, ചിമ്പുകളുടെ ജീവിതരീതിയും വര്‍ഗ്ഗത്തിന്റെ പ്രത്യേകതകളും കുടുംബ താവഴികളും ഒക്കെ അവരുടെ യഥാര്‍ത്ഥ വാസസ്ഥലത്ത്, ബാഹ്യമായ ഇടപെടലുകള്‍ ഇല്ലാതെ മനസ്സിലാക്കി രേഖപ്പെടുത്താന്‍ കഴിയുന്നു എന്നതാണ്.അടുത്തിടപഴകും തോറും നമുക്ക് വ്യതിരിക്തമായി മനസ്സിലാക്കാന്‍ കഴിയുന്ന വ്യക്തിത്വങ്ങള്‍ ഈ ചിമ്പാന്‍സികള്‍ക്കുണ്ടെന്ന് ജെയിന്‍ കണ്ടു. തമ്മില്‍ കൈകള്‍ പിടിക്കുന്നത്, ആലിംഗനം ചെയ്യുന്നത്, ഉമ്മവയ്ക്കുന്നത്, പുറത്തു തട്ടുന്നത് ഒക്കെ മനുഷ്യരെപ്പോലെ തന്നെ, ഏകദേശം അതേ സന്ദര്‍ഭങ്ങളിലും അര്‍ത്ഥത്തിലും. ഫ്‌ലോ എന്ന അമ്മച്ചിമ്പാന്‍സിയെ പെട്ടെന്ന് കണ്ടാലറിയാം. വലിയൊരു മൂക്ക്, അല്പം തൂങ്ങിയ ചെവികള്‍, കൂടെ നാലു മാസം പ്രായമുള്ള ഒരു കുഞ്ഞ് (ഫിഫി), അഞ്ചുവയസ്സോളം പ്രായമുള്ള ഫിഗാന്‍ എന്ന ആണ്‍ ചിമ്പ് , കൗമാരക്കാരനായ ഫേബന്‍ എന്ന ആണ്‍ ചിമ്പ്, മൂവരും ഫ്ളോയുടെ മക്കളാണ്. മൂത്ത മക്കള്‍ ഇളയവരെ നന്നായി സംരക്ഷിക്കുന്നുണ്ട്. ചിമ്പാന്‍സികള്‍ തമ്മിലുള്ള പരസ്പര പരിചരണം അഥവാ ഗ്രൂമിങ് ചേഷ്ടകള്‍ വളരെ കൗതുകകരവും അവര്‍ തമ്മിലുള്ള അടുപ്പത്തെ സൂചിപ്പിക്കുന്നതുമാണ്.
ചിമ്പുകളെ അടുത്ത് നിന്ന്‌നിരീക്ഷിക്കാന്‍ കഴിഞ്ഞതോടെ , ഗവേഷണം സ്‌പോണ്‍സര്‍ ചെയ്തിരുന്ന നാഷണല്‍ ജോഗ്രഫിക്, ഹ്യൂഗോ വാന്‍ ലെവിക് എന്ന ഡച്ച് ഫോട്ടോഗ്രാഫറെ ജെയിനിന്റെ പ്രവര്‍ത്തനങ്ങളും കണ്ടെത്തലുകളും പകര്‍ത്താന്‍ വേണ്ടി ഗോംബിയിലേക്കയച്ചു. ഹ്യൂഗോ മികച്ച വന്യജീവി ഫോട്ടോഗ്രാഫറും ജെയിനിനെ പോലെത്തന്നെ വന്യജീവികളുടെ ജീവിതരീതികളില്‍ ആകൃഷ്ടനും ആയിരുന്നു. നാഷണല്‍ ജോഗ്രഫിക്കിന് വേണ്ടി ജെയിനിന്റെ ഗവേഷണത്തെക്കുറിച്ച് ഹ്യൂഗോ നിര്‍മ്മിച്ച മനോഹരമായ ഡോക്യുമെന്ററി ഫിലിം യു ട്യൂബില്‍ കാണാവുന്നതാണ്. ഒരു വര്‍ഷത്തിന് ശേഷം ഇംഗ്ലണ്ടില്‍ വച്ച് അവര്‍ വിവാഹിതരായി. പിന്നീടുള്ള വര്‍ഷങ്ങളില്‍ ജെയിന്‍ ചിമ്പാന്‍സികളെക്കുറിച്ച് ഒട്ടേറെ പ്രധാനപ്പെട്ട കണ്ടുപിടുത്തങ്ങള്‍ നടത്തുകയുണ്ടായി. വെള്ളത്താടിക്കാരന്‍ ഡേവിഡില്‍ നിന്ന് ജെയിന്‍ അപ്രതീക്ഷിതമായ ഒരു കാര്യം മനസ്സിലാക്കി. ചിതല്‍പ്പുറ്റില്‍ ഒരു പുല്‍ത്തല കടത്തി , ആള്‍ ചിതലുകളെ പിടിച്ച് തിന്നുന്നു! ടൂള്‍സ് അഥവാ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുന്നത് വാനര-നര വര്‍ഗങ്ങളില്‍ മനുഷ്യര്‍ക്ക് മാത്രമാണെന്നാണ് അന്ന് വരെ പ്രകൃതി-പരിണാമ ശാസ്ത്രജ്ഞര്‍ വിശ്വസിച്ചിരുന്നത്. മാത്രമല്ല നമ്മുടെ വെള്ളത്താടിക്കാരന്‍ ഒരു ചുള്ളിക്കമ്പെടുത്ത് ഇലകള്‍ പറിച്ചുകളഞ്ഞ് ചിതല്‍ പിടിക്കാനുള്ള ടൂള്‍ നിര്‍മ്മിക്കുന്നു. ഒരു പ്രകൃതി ശാസ്ത്രജ്ഞയെ സംബന്ധിച്ചിടത്തോളം അത്യന്തം ആവേശകരമായ അറിവാണത്. ജെയിന്‍ ഉടന്‍ തന്നെ പ്രൊഫ; ലീക്കിയെവിളിച്ചു വിവരം അറിയിച്ചു. ചിമ്പാന്‍സികളുടെ ധാരണശക്തിയെ കുറിച്ചും ബുദ്ധിശക്തിയെക്കുറിച്ചും സൂചിപ്പിക്കുന്ന നിരീക്ഷണങ്ങളാണ് ഇവ.
കേംബ്രിഡ്ജില്‍ നിന്ന് ഡോക്ടറേറ്റ്
ഗവേഷണപദ്ധതി വിജയിക്കുന്ന ഘട്ടം ആവുമ്പോഴേക്കും യുണിവേഴ്റ്റിസിറ്റിയില്‍ നിന്ന് ഗവേഷണ ബിരുദമെടുക്കണം എന്ന് പ്രൊഫസര്‍ ലീക്കി ആദ്യമേ ജെയിനിനോട് പറഞ്ഞിരുന്നു. കോളേജ് ബിരുദമില്ലാതെതന്നെ ജെയിനിന് ഗവേഷണത്തിന് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം ലഭിച്ചു. അതിന് മുന്‍പുതന്നെ പുറത്ത് വന്നിരുന്ന ജെയിനിന്റെ ഗവേഷണ പ്രബന്ധങ്ങള്‍ പ്രകൃതിശാസ്ത്രജ്ഞരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആദ്യമൊക്കെ ജെയിനിന്റെ ഗവേഷണ രീതിശാസ്ത്രം പല അക്കാദമിക് വിദഗ്ധര്‍ക്കും സ്വീകാര്യമായില്ലെങ്കിലും, വൈകാതെ അവര്‍ പഠിക്കുന്ന വിഷയത്തിന് ഏറ്റവും അനുയോജ്യവും നൈതികതയുള്ളതുമായ ക്രമപ്രകാരം ജെയിനിന്റെ പ്രബന്ധം ശാസ്ത്രലോകത്ത് വൈകാതെ സ്വീകരിക്കപ്പെട്ടു. ഡോക്ടറേറ്റ് നേടി തിരിച്ചു ഗോംബിയിലേക്കു വന്ന ജെയിന്‍ അതേ ഉത്സാഹത്തോടെ തന്റെ മൗലിക ഗവേഷണം തുടര്‍ന്നു.
വെള്ളത്താടിക്കാരന്‍ ഡേവിഡ് പഠിപ്പിച്ചത്
ഗോംബി തടാകതീരത്തുള്ള ഗെയിം റിസേര്‍വ് പ്രദേശത്ത് ആദ്യകാല ഗവേഷണത്തില്‍ നിന്ന് തന്നെ ജെയിന്‍ മൂന്നു പ്രധാന നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു.
1) ചിമ്പാന്‍സികള്‍ സസ്യഭുക്കുകളല്ല ,മിശ്രഭുക്കുകളാണ് . മാംസത്തിന് വേണ്ടി വേട്ടയാടും.
2) ചിമ്പാന്‍സികള്‍ ,ഉപകരണങ്ങള്‍ അഥവാ 'ടൂള്‍സ് 'ഉപയോഗിക്കുന്നു .
3) അവ ഈ ഉപകരണങ്ങള്‍ തയ്യാറാക്കി എടുക്കുക കൂടി ചെയ്യുന്നു. ടൂള്‍ മേക്കിങ് മനുഷ്യ വംശത്തിന്റെ മാത്രം പ്രത്യേകതയായിട്ടാണ് അന്ന് വരെ കാണണക്കാക്കപ്പെട്ടിരുന്നത്.
കാതലായ ഈ നിരീക്ഷണങ്ങള്‍ക്കൊപ്പം , മൃഗങ്ങളുടെ സ്വഭാവരൂപീകരണ ശാസ്ത്രം അഥവാ ഇത്തോളജി ഗവേഷണത്തില്‍ ജെയിന്‍ അവലംബിച്ച , രീതിശാസ്ത്രം ഗവേഷണ വൃത്തങ്ങളില്‍ പുതിയ തുടക്കം കുറിച്ചു.
നിരീക്ഷണ വിഷയകമായ ചിമ്പാന്‍സികള്‍ക്ക് പേര് നല്‍കി ക്കൊണ്ട് അടയാളപ്പെടുത്തിയതും മറ്റും സാമ്പ്രദായിക ഗവേഷകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും ഇഷ്ടപ്പെട്ടില്ല. പോരാഞ്ഞ് വികാരങ്ങളും വ്യക്തിത്വവും ഉണ്ടെന്നുള്ള കണ്ടെത്തലുകളും അവരെ ചൊടിപ്പിച്ചു. തന്റെ ആദ്യകാല ഗുരുവിലുള്ള ഉറച്ച വിശ്വാസം കാരണമാണ് ഈ എതിര്‍പ്പുകളെ നേരിടാന്‍ കഴിഞ്ഞതെന്ന് പിന്നീട് ജെയിന്‍ പറഞ്ഞിട്ടുണ്ട്. ആരാണ് ആ ഗുരു എന്നല്ലേ , കുട്ടിക്കാലത്ത് കൂടെ ഉണ്ടായിരുന്ന റസ്റ്റി എന്ന ബുദ്ധിശാലിയായ വളര്‍ത്തുനായ! ഇത്തോളജി യിലുള്ള ജെയിനിന്റെ ആദ്യ അറിവുകള്‍ റസ്റ്റിയെ നിരീക്ഷിച്ചതില്‍ നിന്നും അവനോടുള്ള ആശയവിനിമയത്തില്‍ നിന്നും ആയിരുന്നു അടിയുറച്ചത്. ഏതെങ്കിലും ഒരു ഓമന മൃഗത്തെ വളര്‍ത്തിയവര്‍ക്ക് അവയുടെ ചിന്താശക്തി അഥവാ സെന്റിയെന്‍സ് (sentience ) മനസ്സിലാകും.
ജെയിനിന്റെ ഒന്നാമത്തെ പുസ്തകമായ, നാഷണല്‍ ജോഗ്രഫിക് പ്രസിദ്ധീകരിച്ച 'My Friends, The Wild Chimpanzees' എന്ന പുസ്തകം വളരെ ജനപ്രീതിയാര്‍ജ്ജിച്ചു.പിന്നീടുള്ള ഓരോ പുസ്തകങ്ങളും. ലളിതവും ഋജുവും സത്യസന്ധവുമായ അവരുടെ ആഖ്യാനത്തിലൂടെ വര്‍ഷത്തോളം നീണ്ട പ്രകൃതി നിരീക്ഷണ ഗവേഷണ പാഠങ്ങളായി , നാം പ്രകൃതിയില്‍ നിന്ന് വേറിട്ടതല്ല എന്ന ബോധ്യം ലോകത്തിലേക്ക് പകര്‍ന്നു നല്‍കി.
1965 ഇല്‍ പി എച് ഡി നേടിയശേഷം ഇരുപതു വര്‍ഷക്കാലം കൂടി ജെയിന്‍ ഗോംബി യില്‍ ഗവേഷണം തുടര്‍ന്നു. ഗോംബിയിലെ ഗവേഷണകേന്ദ്രം വിപുലപ്പെടുത്താന്‍ ഹ്യൂഗോ കൂടെയുണ്ടായിരുന്നു. 1967 ഇല്‍ മകന്‍ ഗ്രബ് ജനിച്ചു. ഔദ്യോഗിക യാത്രയ്ക്കായി ഹ്യൂഗോ ഗോംബിയില്‍ നിന്ന് പുറത്തേക്കു പോകണമായിരുന്നു .ജെയിനിനു ഗവേഷണം തുടരുകയും വേണം. 1974 ഇല്‍ അവര്‍ വേര്‍പിരിഞ്ഞു. ജെയിന്‍ തുടങ്ങിവച്ച ഗവേഷണം അപ്പോഴേക്കും ഒരു പാട് ഗവേഷകരുള്ള അന്‍പതിലധികം പേര്‍ പി എച് ഡി പൂര്‍ത്തീകരിച്ച വലിയ ഗവേഷണസ്ഥാപനമായി വളര്‍ന്നു. പിന്നീട് ജെയിന്‍ വിവാഹം കഴിച്ച ഡെറിക്ക് ബ്രെസിസണ്‍, ടാന്‍സാനിയന്‍ പൗരനും പാര്‍ലിമെന്റ് അംഗവും ടാന്‍സാനിയന്‍ നാഷണല്‍ പാര്‍ക്ക് സിസ്റ്റത്തിന്റ ഡയറക്ടറുമായിരുന്നു. അമേരിക്കന്‍ വംശജനായ അദ്ദേഹത്തിന്, ഇംഗ്ലീഷ് പോലെ തന്നെ അവിടുത്തെ സ്വാഹിലി ഭാഷയും വശമായിരുന്നു എന്നുമാത്രമല്ല ടാന്‍സാനിയക്കാരുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ സഹായത്തോടെ ജെയിന്റെ പ്രവര്‍ത്തന മേഖലയായ ഗോംബി ഗെയിം റിസേര്‍വ് , ഗോംബി സ്ട്രീം നാഷണല്‍ പാര്‍ക്ക് ആയി സംരക്ഷിക്കപ്പെട്ടത്
'ഫ്‌ളോ'യുടെ താവഴി അഥവാ ചിമ്പാന്‌സികളുടെ കഥ തുടരുന്നു'
അപ്പോഴേക്കും നമ്മുടെ ഫ്‌ലോ എന്ന ചിമ്പാന്‍സിയമ്മയ്ക്ക് ഫ്‌ലിന്റ് എന്ന ഒരു മകന്‍ കൂടി പിറന്നിരുന്നു. നാലോ അഞ്ചോ വര്‍ഷം കൂടുമ്പോഴാണ് പെണ്‍ ചിമ്പാന്‍സികള്‍ ഗര്‍ഭം ധരിക്കുക. ചിമ്പാന്‍സികള്‍ക്ക് പല ഇണകള്‍ ഉണ്ടാകും. ജനിച്ച ശേഷമുള്ള നാലഞ്ച് വര്‍ഷം അമ്മയുടെ കൂടെ തന്നെ നടന്നാണ് കുഞ്ഞ് ജീവനപാഠങ്ങള്‍ പഠിച്ചെടുക്കുന്നത്.. 'ഫ്‌ലോ' യില്‍ നിന്ന് ജെയിന്‍ ചിമ്പുകളെക്കുറിച്ച് വളരെയധികം കാര്യങ്ങള്‍ പഠിച്ചു . 1964 ല്‍ ഫ്‌ലിന്റ് ജനിക്കുമ്പോഴേക്കും അവള്‍ പെണ്‍ ചിമ്പുകളില്‍ പ്രമാണിയായിരുന്നു. എന്നാല്‍ സംഘത്തിന്റെ മേധാവി ആണ്‍ ചിമ്പാന്‍സിതന്നെയാണ് പതിവ് . കുഞ്ഞു ഫ്‌ലിന്റിനെ അവന്റെ സഹോദരങ്ങളായ ഫിഫി, ഫിഗാന്‍ ,പിന്നെ മുതിര്‍ന്നു കഴിഞ്ഞ ഫേബന്‍ ഒക്കെ ചേര്‍ന്ന് കൊഞ്ചിച്ചും കളിപ്പിച്ചും പരിപാലിച്ചു പോന്നു. നാലഞ്ചു വയസ്സായപ്പോള്‍ ഫ്‌ലിന്റിനെ മാറ്റിക്കിടത്താന്‍ 'അമ്മ ഫ്‌ലോ പഠിച്ചപണിയെല്ലാം നോക്കിയിട്ടും സാധിച്ചില്ല.ഫ്‌ലെയിം എന്നുപേരായ അനുജത്തി പിറന്നിട്ടും അവന്‍ തിക്കിത്തിരക്കി അമ്മയോടും കുഞ്ഞിനോടും ഒപ്പം തന്നെ ഉറങ്ങാന്‍ വന്നു. അമ്മനടക്കുമ്പോള്‍ അനിയത്തി വയറ്റില്‍ചുറ്റിപ്പിടിച്ച് കൂടെയുണ്ടെങ്കിലും അവന്‍ അമ്മയുടെ പുറത്ത് കയറി കൂടെപ്പോന്നു. അകറ്റി നിര്‍ത്തും തോറും ഫ്‌ലിന്റിനു വാശി,പിണക്കം,നിരാശ എന്നിവയായി. അസൂയ തോന്നുന്ന ഒരു മനുഷ്യക്കുഞ്ഞിനെ പോലെ തന്നെ. കുറച്ചുനാളില്‍ 'അമ്മ ഫ്ളോയ്ക്ക് ഒരു അസുഖം ബാധിച്ചതിനു ശേഷം ആറുമാസം പ്രായമുള്ള ഫ്‌ലെയിമിനെ കാണാതെയായി .രോഗം പകര്‍ന്നതാകാമെന്ന് ഗവേഷകര്‍ കണക്കാക്കി. രോഗം ഭേദമായി 'അമ്മ ഫ്‌ലോ എണീറ്റ് വന്നപ്പോള്‍ അമ്മയെ തനിക്കായി വീണ്ടും കിട്ടിയതില്‍ ഫ്‌ലിന്റ് സന്തോഷിച്ചു , അവന്‍ വീണ്ടും ഉന്മേഷവാനായി . ഏഴെട്ടു വയസ്സുകഴിഞ്ഞു ,എങ്കിലും അമ്മയെ ചുറ്റിപ്പറ്റി ജീവിച്ചു. അമ്മയ്ക്ക് അപ്പോഴേയ്ക്കും അന്‍പതുവയസ്സോളം പ്രായമായിരുന്നു. കുട്ടിക്കളി മാറാത്ത വലിയ മകനെ എടുത്തുനടക്കാനൊന്നും കഴിഞ്ഞില്ല, പ്രായം കൊണ്ടുള്ള അരിഷ്ടതകളേറി ഒരു നാള്‍ 'അമ്മ ഫ്‌ലോ മരിച്ചുപോയി. അക്കാര്യം വിശ്വാസം വരാതെയും അംഗീകരിക്കാനാവാതെയും, ഫ്‌ലിന്റ് , മരിച്ചു കിടക്കുന്ന അമ്മയുടെ കൈ പിടിച്ചു വലിച്ച് സ്വന്തം കയ്യിലും തലയിലും വച്ച് തന്നെ തലോടാനും ആശ്വസിപ്പിക്കാനും ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു . പിന്നെ കുറെ നാളത്തേക്ക് അവന്‍ ആ സ്ഥലം വിട്ടുപോയതേഇല്ല . മനുഷ്യരെപ്പോലെ ചിമ്പാന്‍സികള്‍ വ്യസനിക്കാറുണ്ട്. അടുത്തവരുടെ വിയോഗം അവരെയും അഗാധ വിഷാദത്തില്‍ തള്ളിയിടാറുണ്ട്. 'അമ്മ മരിച്ച് മൂന്നാഴ്ചയ്ക്ക്‌ശേഷം രോഗബാധിതനായി അവനും മരണപ്പെട്ടു.
ആ വര്‍ഷങ്ങളില്‍ ജെയിന്‍ ഗോംബിയിലെത്തുമ്പോഴെല്ലാം വെളുപ്പിനുണര്‍ന്ന് ഫ്‌ലോയുടെ മകളായ ഫിഫിയെയും മക്കളെയുമെല്ലാം നിരീക്ഷിക്കാന്‍ കാട്ടിലേക്ക് പോകുമായിരുന്നു. ഫിഫിക്ക് നാലഞ്ച് വര്‍ഷം വീതം ഇടവേളയോടെ ഫ്രോയ്ഡ്,ഫ്രോഡോ, ഫാനി,ഫ്‌ലോസി എന്നിങ്ങനെ മക്കളുണ്ടായി. ഇതെല്ലം ജെയിനും കൂട്ടരും കൂടി ചിമ്പുകള്‍ക്ക് സമ്മാനിക്കുന്ന പേരുകളാണ് കേട്ടോ. ചിമ്പുകളെ ഒരുപാടുനേരം പിന്തുടരാന്‍ പ്രയാസമാണ് എന്ന് ജെയിന്‍ ഓര്‍ക്കുന്നു. നിലത്തുകൂടെ വഴികളുണ്ടെങ്കിലും അവര്‍ അവരുടേതായ 'ആകാശ (മരക്കൊമ്പ്) വഴികളിലൂടെ ' സഞ്ചരിക്കും. ടാന്‍സാനിയന്‍ സഹായികള്‍ ചിമ്പുകളെ പിന്തുടരുന്നതില്‍ വിദഗ്ധരായിരുന്നു .
ഗോംബി ഗവേഷണം ഗിന്നസ് ബുക്കില്‍!
2020 ല്‍ ഗോംബിയിലെ ജെയിനിന്റെ ചിമ്പാന്‍സി ഗവേഷണം ഒരായുസ്സോളം വരുന്ന അറുപതു വര്‍ഷം പൂര്‍ത്തിയാക്കി, ഏറ്റവും കൂടുതല്‍ നാള്‍ തുടര്‍ന്ന ഫീല്‍ഡ് സ്റ്റഡിയായി ഗിന്നസ്ബുക്കില്‍ ഇടം നേടി! ഇത്ര നീണ്ട ഒരു ഗവേഷണമാണെങ്കില്‍ ചിമ്പാന്‍സികളെ കുറിച്ചിനി ഒന്നും അറിയാന്‍ ബാക്കിയുണ്ടാവില്ല എന്നാണോ? സങ്കീര്‍ണ്ണമായ സ്വഭാവ രീതികളും സാമൂഹ്യഘടനയും ഉള്ള നമ്മുടെ ഈ അടുത്ത ബന്ധുക്കളെക്കുറിച്ച് അപ്രതീക്ഷിതമായ ഉള്‍ക്കാഴ്ചകള്‍ ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളു. ഉദാഹരണത്തിന് ഗോള്‍ഡന്‍ എന്നും ഗ്ലിറ്റര്‍ എന്നും പേരുള്ള 27 വയസ്സുള്ള ചിമ്പ് ഇരട്ട സഹോദരിമാര്‍ ഇപ്പോള്‍ ഗോംബിയിലുണ്ട്, കുഞ്ഞിലേ മുതല്‍ വ്യത്യസ്ത വ്യക്തിത്വങ്ങളും സ്വഭാവരീതികളും പ്രകടിപ്പിച്ചിരുന്നവര്‍. ഇരട്ടകളെ കുറിച്ചുള്ള പഠനം , ജൈവശാസ്ത്രത്തിലെ പ്രധാന കണ്ടെത്തലുകള്‍ക്ക് കാരണമായിട്ടുണ്ട്. ഇവരെക്കുറിച്ചുള്ള പഠനവും മുന്നേറുന്നു.
മനുഷ്യ ജീവശാസ്ത്രം, പെരുമാറ്റം, വികാരങ്ങള്‍, സാമൂഹിക ജീവിതം എന്നിവയെക്കുറിച്ചുള്ള നിര്‍ണായക ഉള്‍ക്കാഴ്ചകള്‍ നല്‍കിക്കൊണ്ട്, നമ്മുടെ പരിണാമ ഭൂതകാലത്തിലേക്ക് ഒരു സവിശേഷ കണ്ണാടിയായി ചിമ്പാന്‍സികള്‍ വര്‍ത്തിക്കുന്നു. അവയെ പഠിക്കുന്നതിലൂടെ, നമ്മെ മനുഷ്യരാക്കുന്നതിന്റെ വേരുകള്‍ കണ്ടെത്തുക മാത്രമല്ല, ബുദ്ധി വികാസത്തെയും സാമൂഹിക ജീവിവര്‍ഗങ്ങളെയും രൂപപ്പെടുത്തുന്ന വിശാലമായ പരിണാമ ശക്തികളെ കൂടുതല്‍ അറിയാനും സാധിക്കുന്നു.
ഗവേഷണത്തില്‍ നിന്ന് പരിസ്ഥിതി സംരക്ഷണത്തിലേയ്ക്ക്
1986 ഇല്‍ ചിക്കാഗോ അക്കാദമി ഓഫ് സയന്‍സസ് സംഘടിപ്പിച്ച പ്രൈമറ്റോളജി കോണ്‍ഫറന്‍സില്‍ പങ്കെടുത്തതോടെ വനനശീകരണത്തിന്റെ പ്രത്യാഘാതങ്ങള്‍ നേരിട്ട് മനസ്സിലാക്കി ജെയിന്‍ തന്റെ പ്രവര്‍ത്തന മേഖല പരിസ്ഥിതി സംരക്ഷണത്തിലേക്ക് കൂടെ വ്യാപിപ്പിച്ചു. ചിമ്പാന്‍സികളുടെ നഷ്ടപ്പെട്ട ആവാസവ്യവസ്ഥകള്‍ തിരിച്ചുപിടിക്കാനും അനധികൃതമായ വേട്ടയും മൃഗക്കടത്തും നിര്‍ത്താനും പ്രയത്‌നിച്ചു. 'വന്യമൃഗങ്ങള്‍ക്കും അവയുടെ ആവാസവ്യവസ്ഥയ്ക്കും ഏറ്റുകൊണ്ടിരിക്കുന്ന ആപത്ത് നമുക്കും ബാധകമാണ്. ഇപ്പോള്‍ തന്നെ പ്രവര്‍ത്തിച്ചാല്‍ ആഘാതം കുറയ്ക്കാണെങ്കിലും സാധിക്കും' എന്ന സന്ദേശം പ്രവൃത്തിയിലൂടെ തന്നെ എല്ലാവരിലും എത്തിക്കുവാന്‍ വേണ്ടി സ്ഥാപിച്ച ജെയിന്‍ ഗുഡാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ന് ഇരുപത്തഞ്ച് രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്നു.
ഇന്ന്‌തൊണ്ണൂറ്റൊന്നാം വയസ്സിലും ജെയിന്‍ ഗുഡാല്‍ ഊര്‍ജസ്വലതയോടെ ,വന്യമൃഗങ്ങളുടെ , ചിമ്പാന്‍സികളുടെ വാസസ്ഥലങ്ങള്‍ക്കു വേണ്ടി മാത്രമല്ല നമ്മളെല്ലാം പങ്കിടുന്ന മുഴുവന്‍ ഭൂമിക്കും വേണ്ടി ബോധവല്‍ക്കരണം നടത്തുന്നു. ഗവണ്മെന്റുകളോടും വന്‍വ്യവസായ സ്ഥാപനങ്ങളോടും പരിസ്ഥിതിയെ, ആവാസ വ്യവസ്ഥകളെ, ജൈവ വൈവിധ്യത്തെ, നമ്മെത്തന്നെ സംരക്ഷിക്കാന്‍ സഹായമഭ്യര്‍ത്ഥിക്കുന്നു.
അപ്പോള്‍, കാട്ടില്‍ നിന്ന് പിടിക്കപ്പെട്ട ചിമ്പാന്‍സികള്‍ക്ക് എന്ത് സംഭവിക്കുന്നു?
അക്കാലങ്ങളില്‍ വനനശീകരണം കൂടാതെ മറ്റു വെല്ലുവിളികളും ചിമ്പാന്‍സികള്‍ നേരിട്ടു. 'ബുഷ് മീറ്റ് ' എന്ന പേരില്‍ ഉണക്കി പുകകൊള്ളിച്ച മാംസ ഇനം ഉണ്ടാക്കില്‍ വില്‍ക്കാന്‍ വേണ്ടി ധാരാളം ചിമ്പാന്‍സികളെ അനധികൃത വേട്ടക്കാര്‍ കൊന്നിരുന്നു. ചിലവേട്ടക്കാര്‍ കുഞ്ഞു ചിമ്പാന്‍സികളെ പിടിച്ച് ഓമന മൃഗങ്ങളായോ സര്‍ക്കസ്സിനോ വില്‍ക്കാന്‍ വേണ്ടി അവയുടെ അമ്മമാരെ കൊന്നുകളയും. ഈ കുഞ്ഞുങ്ങളുടെ ജീവിതം ദുരിതമയമാണ്. ചെറിയ കൂടുകളില്‍ കഠിനമായ ശിക്ഷയേറ്റ് ഒടുവില്‍ ആരെങ്കിലും വാങ്ങിയാല്‍ നാലഞ്ച് വയസ്സുവരെ വലിയ കുഴപ്പമില്ലാതെ പോകും. ചിമ്പുകള്‍ക്ക് മനുഷ്യരെ പോലെ തന്നെ നീണ്ട ബാല്യമാണ്. അഞ്ചാറു വയസ്സിനപ്പുറം അവര്‍ വളരുന്നതോടെ ഉടമയ്ക്ക് അവരെ നിയന്ത്രിക്കാനാകാതെ വരും, എങ്ങിനെയെങ്കിലും ഒഴിവാക്കും. സര്‍ക്കസ്സിലാണെങ്കില്‍ വല്ലാതെ ഉപദ്രവിച്ചുകൊണ്ടാണ് അവയെ അഭ്യാസങ്ങള്‍ പരിശീലിപ്പിക്കുന്നത്. 'ചാടിക്കളിക്കെടാ കുഞ്ഞിരാമാ' എന്ന് കളികാണുന്ന നമ്മളെന്തെറിയുന്നു. ഒരു പ്രായം കഴിയുമ്പോള്‍ അവിടെ നിന്നും ഒഴിവാക്കും. ഇതുപോലെ തന്നെ കഷ്ടമായിരുന്നു മരുന്നുകള്‍ പരീക്ഷിക്കാന്‍ വേണ്ടി ലാബുകളില്‍ വളര്‍ത്തിയിരിക്കുന്ന ചിമ്പുകളുടെ കാര്യവും. ചിമ്പാന്‍സികളില്‍ മരുന്നുകള്‍ പരീക്ഷിച്ചിരുന്നു പ്രധാന ലബോറട്ടറികള്‍ ജെയിനിന്റെ ഇടപെടല്‍ കൊണ്ട് അവയുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. പിന്നീട് മൃഗങ്ങളെ ഉള്‍പ്പെടുത്തിയിട്ടുള്ള എല്ലാ പരീക്ഷണങ്ങളിലും നൈതികത ഒരു കര്‍ശന മാനദണ്ഡം തന്നെയാക്കിയിട്ടുണ്ട്.
ഒറ്റപ്പെട്ടു പോവുന്ന ചിമ്പാന്‍സികളെ കാട്ടില്‍ വിട്ടാലും മറ്റു ചിമ്പ് സംഘങ്ങള്‍ അടുപ്പിക്കാറില്ല. ഇങ്ങനെ അനാഥരായിപ്പോകുന്ന ചിമ്പാന്‍സി കളെ പുനരധിവസിപ്പിക്കുവാന്‍ വേണ്ടി ജെയിന്‍, പരിശീലനം നല്‍കപ്പെട്ട നാട്ടുകാരുടെ സഹായത്തോടെ 'ചിംപോങ്ക വന്യമൃഗ സംരക്ഷണ കേന്ദ്രം ', ആരംഭിച്ചു. ഇപ്പോഴവിടെ ബുറുണ്ടി, ഉഗാണ്ട, ടാന്‍സാനിയ, മധ്യാഫ്രിക്കയിലെ സയര്‍ എന്നെ രാജ്യങ്ങളില്‍ നിന്ന് കൊണ്ടുവരപ്പെട്ട അനേകം ചിമ്പാന്‍സികള്‍ നന്നായി സംരക്ഷിക്കപ്പെടുന്നു.
ദ ബുക്ക് ഓഫ് ഹോപ്പ് അഥവാ പ്രതീക്ഷയുടെ പുസ്തകം :
ഈ കലുഷകാലത്തില്‍ എങ്ങിനെ പ്രതീക്ഷ നില നിര്‍ത്തുന്നു എന്ന് ജെയിനിനോട് പലരും ചോദിക്കാറുണ്ട്. അതിനുള്ള ഉത്തരങ്ങള്‍ 'ബുക്ക് ഓഫ് ഹോപ്പ് ' എന്ന പുസ്തകത്തില്‍ അവര്‍ പറയുന്നു.
അനുദിനം മോശമാവുന്ന കാലാവസ്ഥ വ്യതിയാനവും നഷ്ടപ്പെടുന്ന ആവാസവ്യവസ്ഥകളും ജൈവ വൈവിധ്യവും കൂടാതെ രാഷ്ട്രീയ കലാപങ്ങളും യുദ്ധങ്ങളും ..എത്രയും വേഗം നമ്മള്‍ ഒന്നിച്ചു നിന്നാലാണ് എല്ലാവര്‍ക്കും രക്ഷ ലഭിക്കുക. അതിനുവേണ്ടി സ്ഥാപിത താല്പര്യക്കാരോടും വന്‍കിട വ്യവസായങ്ങളോടും ഗവണ്മെന്റുകളോടുമെല്ലാം തന്നെ നമുക്ക് ധാരണയുണ്ടാക്കുകയും വേണ്ടിവന്നാല്‍ ഭൂമിക്കായി അക്രമമില്ലാതെ സമരം ചെയ്ത് രക്ഷാമാര്‍ഗ്ഗങ്ങള്‍ ആവിഷ്‌ക്കരിക്കേണ്ടതുണ്ട്. പ്രവര്‍ത്തിക്കുക തന്നെ വേണം. ഭൂമിയിലെ എല്ലാ ജീവജാലങ്ങളോടുമുള്ള കരുതലില്‍ നിന്നാണെന്റെ പ്രവര്‍ത്തനവും അതിനുള്ള ഊര്‍ജ്ജവും.
' മനുഷ്യന്റെ മേധാശക്തിയില്‍ എനിക്ക് പ്രതീക്ഷയുണ്ട്. പ്രകൃതിയുടെ പ്രതിരോധശേഷിയില്‍ എനിക്ക് പ്രതീക്ഷയുണ്ട്. യുവതയുടെ ശക്തിയില്‍ പ്രതീക്ഷയുണ്ട്. മനുഷ്യോത്സഹത്തിന്റെ അജയ്യതയിലും പ്രതീക്ഷയുണ്ട്.
ജെയിനും കൂട്ടരും പരിസ്ഥിതിയെ സംരക്ഷിക്കുന്നത് ഓരോയിടത്തെയും ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ നിറവേറ്റിക്കൊണ്ടു കൂടിയാണ്. ഉത്സാഹത്തോടെയും അര്‍പ്പണത്തോടെയും നടത്തിയിരുന്ന ഗവേഷണങ്ങളില്‍ നിന്ന്, ജൈവവ്യവസ്ഥയുടെ അവസ്ഥ മനസ്സിലാക്കി ജീവിതകാലം മുഴുവന്‍ നമ്മുടെ സുരക്ഷിത ഭാവിക്കു വേണ്ടി പൊരുതിയ പ്രകൃതിശാസ്ത്രജ്ഞയുടെ ഭാഷ അവരുടെ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്. ഭൂമിയില്‍ ജീവിക്കുന്ന ഓരോ ദിവസവും ഓരോ നിമിഷവും നമുക്കേവര്‍ക്കും ഇവിടെ സുസ്ഥിരതയ്ക്കു വേണ്ടിയുള്ള കുഞ്ഞു കുഞ്ഞു കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. (നമ്മുടെ സുഡാനി ഫ്രം നൈജീരിയ സിനിമയില്‍ അനാവശ്യമായി വെള്ളം കളയാന്‍ നേരത്ത് 'സുഡാനി' സാമുവേല്‍ ഉച്ചത്തില്‍ ദേഷ്യപ്പെടുന്നത് ഓര്‍മ്മയുണ്ടോ!)
മേല്‍പ്പറഞ്ഞ ഭൂമികകള്‍ക്കെല്ലാം ഒപ്പം ജെയിന്‍ മികച്ച ഒരു എല്ലാ ശ്രേണിയിലുമുള്ള ജനങ്ങളോട് ഫലപ്രദമായി സംവദിക്കുകയും ചെയ്യുന്ന സാമൂഹ്യപ്രവര്‍ത്തക കൂടിയാണ്. ഗഹനമായ കാര്യങ്ങള്‍ ലളിതമായി വിനിമയം ചെയ്യുന്ന, ചെറു നര്‍മ്മത്തോടെ കുറിക്കു കൊള്ളുന്ന മറുപടികള്‍ പറയുന്ന, വിപ്ലവകരമായ ആശയങ്ങള്‍ ഒട്ടും വെല്ലുവിളിക്കാതെ ബോധ്യപ്പെടുത്തുന്ന ഒരു മനുഷ്യപ്രതിഭാസമാണ് ജെയിന്‍ ഗുഡാള്‍. ജെയിനിന്റെ വാക്കുകള്‍ കേള്‍ക്കൂ
'ഈ ഭൂമിയില്‍ നാം ജീവിക്കുന്ന ഓരോ ദിവസവും നമ്മളോരോരുത്തരും ചെയ്യുന്ന പ്രവൃത്തികള്‍ ഭൂമിയെ ബാധിക്കുന്നുണ്ട്. അത് എങ്ങിനെയുള്ള കര്‍മ്മങ്ങളായിരിക്കണം എന്ന് നമുക്ക് തിരഞ്ഞെടുക്കാവുന്നതാണ് .നിങ്ങള്‍ എന്ത് വാങ്ങുന്നു? അത് എങ്ങിനെയുണ്ടാക്കിയതാണ് ? മൃഗങ്ങളെ ഉപദ്രവിച്ച് നിര്‍മ്മിച്ചതാണോ ? ജോലിക്കാര്‍ക്ക് കുറഞ്ഞ വേതനം കൊടുക്കുന്നത് മൂലം വിലകുറഞ്ഞതാണോ ? അവര്‍ പട്ടിണി കാരണം കിട്ടുന്ന കൂലി വാങ്ങിയതാണോ? .... എന്നിങ്ങനെ നൈതികതയുള്ള തിരഞ്ഞെടുക്കലുകള്‍ നമുക്ക് ചെയ്യാവുന്നതാണ്. പതിയെ ലോകം കുറച്ചു കൂടി നല്ല ഒരു ഇടമായി മാറും. അങ്ങിനെയൊരു ലോകമല്ലേ നമ്മുടെ കുട്ടികള്‍ക്ക് വേണ്ടി നാം ബാക്കി വയ്‌ക്കേണ്ടത് ?''
References:
1)'My Life with the Chimpanzees', Jane Goodall (2002), Byron Preiss Books
2)'The Book of Hope', Jane Goodall and Douglas Abram with Gail Hudosn (2022), Penguin Books
3)'Insights into human evolution from 60 years of research on Chimpanzees at Gombe' Micheal Lawrence Wilosn (2021), Evolutionary Human Sciences, Volume 3
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates