ആലപ്പുഴ: മദ്യലഹരിയിൽ വഴക്കിടുന്നതിനിടെ ഒന്നരവയസുകാരിയായ കുഞ്ഞിനെ അമ്മയുടെ കൈയിൽനിന്ന് പിടിച്ചുവാങ്ങി മുഖം മൂന്ന് തവണ തറയിലടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരം പുറത്ത്. കുഞ്ഞ് കരഞ്ഞതിലുള്ള ദേഷ്യമാണ് ഈ ക്രൂരകൃത്യത്തിന് കാരണമായതെന്ന് പിതാവ് മൊഴി നൽകി. ആലപ്പുഴ മാവേലിക്കര മാങ്കാംകുഴിക്ക് സമീപം വാടകവീട്ടിൽ താമസിച്ചിരുന്ന അസം സ്വദേശികളായ പരിതോഷ് മണ്ഡൽ–റോണ്ട് വാലി ദമ്പതികളുടെ മകൾ ദീപികയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കുട്ടിയുടെ പിതാവെന്ന് അവകാശപ്പെട്ടിരുന്ന പരിതോഷ് മണ്ഡലിനെ (27) കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. മദ്യലഹരിയിൽ വീട്ടിലെത്തിയ പരിതോഷ് റോണ്ട് വാലിയുമായി വഴക്കുണ്ടാക്കി. ഇതിനിടെ അമ്മയുടെ മടിയിലിരുന്ന കുഞ്ഞ് കരഞ്ഞതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. അമ്മയുടെ കൈയിൽനിന്ന് കുഞ്ഞിനെ ബലമായി പിടിച്ചുവാങ്ങിയ പരിതോഷ് കുഞ്ഞിന്റെ മുഖം തറയിൽ മൂന്ന് തവണ ഇടിക്കുകയായിരുന്നുവെന്നാണ് മൊഴി.
ആദ്യത്തെ അടിയിൽ കുഞ്ഞ് കരഞ്ഞെന്നും, രണ്ടാമത്തെ അടിയേറ്റതോടെ അനക്കം നഷ്ടപ്പെട്ടെന്നുമാണ് അമ്മ പൊലീസിനോട് പറഞ്ഞത്. അമ്മയെ ആക്രമിക്കുന്നതിനിടെ ഒക്കത്തിരുന്ന് കുഞ്ഞ് കരഞ്ഞതാണ് തറയിലടിക്കാൻ കാരണം. കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ച റോണ്ട് വാലിയെയും മൂത്തമകൾ ലുധികയെയും പ്രതി ആക്രമിച്ചു. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം മദ്യലഹരിയിൽ വീട്ടിൽത്തന്നെ കിടന്നുറങ്ങുകയാണ് പ്രതി ചെയ്തത്.പിന്നീട് അമ്മയും മൂത്തമകളും ചേർന്നാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ശനിയാഴ്ച രാത്രി പത്തരയോടെ കുട്ടിയെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടി വീണു പരിക്കേറ്റതാണെന്നായിരുന്നു ആശുപത്രിയിൽ ഇവർ ആദ്യം നൽകിയ വിശദീകരണം. എന്നാൽ പരിശോധനയിൽ കുട്ടിയുടെ ശരീരത്തിൽ അസ്വാഭാവികമായ പരിക്കുകൾ കണ്ടെത്തിയ ഡോക്ടർമാർ വിവരം ഉടൻ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. അമ്മയുടെ മൊഴിയും കേസിൽ നിർണായകമായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates