

സായ് പല്ലവിയും ശിവ കാര്‍ത്തികേയനും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് അമരന്‍. മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതകഥയാണ് അമരന്‍ പറഞ്ഞത്. ചിത്രത്തില്‍ സായ് പല്ലവിയുടെ കഥാപാത്രം മലയാളിയായിരുന്നു. സിനിമയും സായ് പല്ലവിയുടെ പ്രകടനവും വലിയ ഹിറ്റായിരുന്നു. എന്നാല്‍ സായ് പല്ലവിയുടെ മുറി മലയാളം കടുത്ത വിമര്‍ശനം നേരിടുകയും ചെയ്തിരുന്നു.
അമരനിലെ മുറി മലയാളത്തിന് കാരണക്കാരന്‍ താനല്ല സംവിധായകന്‍ രാജ്കുമാര്‍ പെരിയസ്വാമിയാണെന്നാണ് സായ് പല്ലവി പറയുന്നത്. പുതിയ ചിത്രം ഓമിന്റെ പ്രീറിലീസ് ഇവന്റില്‍ സംസാരിക്കവെയാണ് സായ് പല്ലവി അമരനെക്കുറിച്ച് സംസാരിച്ചത്.
''അമരന്‍ സിനിമ എല്ലാവരും കണ്ടതാണല്ലോ. അതില്‍ ഞാന്‍ മലയാളിയായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. എനിക്ക് മലയാളം സംസാരിക്കാന്‍ അറിയാം. പക്ഷെ, കുറച്ച് ഭയമുണ്ടെന്ന് മാത്രം. അമരന്റെ സമയത്ത് ഞാന്‍ മലയാളം നന്നായി പഠിച്ച് വരാമെന്ന് സംവിധായകനോട് പറഞ്ഞതാണ്. പക്ഷെ അദ്ദേഹം പറഞ്ഞത് ഇത് തമിഴ് സിനിമയാണ്. മറ്റൊരു നാട്ടില്‍ നിന്നും വന്ന് ഇവിടെ സെറ്റിലായ ഒരാളാണ്. അവള്‍ക്കുണ്ടായ നഷ്ടത്തിന്റെ വേദന ആളുകള്‍ക്ക് ഫീലാകണം.അതിന് തമിഴിലും ബ്രോക്കന്‍ മലയാളത്തിലും സംസാരിച്ചാല്‍ മതിയെന്നായിരുന്നു'' എന്നാണ് സായ് പല്ലവി പറയുന്നത്.
''സിനിമ പുറത്തിറങ്ങിയപ്പോള്‍ എന്തിനാണ് ഇങ്ങനെ മലയാളം സംസാരിക്കുന്നതെന്ന് നിങ്ങളെല്ലാവരും ചോദിച്ചു. അതിന് കാരണക്കാരന്‍ ഞാനല്ല സംവിധായകനാണ്. നിങ്ങളെയൊക്കെ ഇംപ്രസ് ചെയ്യാനും തമിഴ് പ്രേക്ഷകര്‍ക്ക് മനസിലാകാനും വേണ്ടി മാത്രം ചെയ്തതായിരുന്നു. ഉദ്ദേശശുദ്ധി എല്ലാവര്‍ക്കും മനസിലാകുമെന്ന് കരുതുന്നു. എന്നിട്ടും ഒരുപാട് പേര്‍ക്ക് അമരന്‍ ഇഷ്ടപ്പെട്ടു. അതിന് ഒരുപാട് നന്ദി'' എന്നും സായ് പല്ലവി പറയുന്നു.
അതേസമയം രാജ്കുമാര്‍ പെരിയസ്വാമിയും സായ് പല്ലവിയും വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് ഓം. ധനുഷ് നായകനായെത്തുന്ന ചിത്രത്തില്‍ മമ്മൂട്ടിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശ്രീലീലയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നവംബര്‍ 20 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates